കശ്മീരില്‍ വീണ്ടും പ്രതിഷേധം; കര്‍ഫ്യൂ പുനസ്ഥാപിച്ചു

Web Desk
Posted on August 18, 2019, 1:32 pm

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ വീണ്ടും പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടതായി റിപ്പോര്‍ട്ട്. ഇതോടെ കേന്ദ്ര സര്‍ക്കാര്‍ വീണ്ടും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായും മുതിര്‍ന്ന ഉദ്യോഗസ്ഥരെയും ദൃക്‌സാക്ഷികളെയും ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ശ്രീനഗറില്‍ മാത്രം രണ്ടു ഡസന്‍ ഇടങ്ങളില്‍ പ്രതിഷേധക്കാര്‍ സുരക്ഷാ സേനയ്ക്കു നേരെ കല്ലെറിഞ്ഞു.
ശ്രീനഗറിന്റെ വിവിധ ഭാഗങ്ങളില്‍ ഞായറാഴ്ച നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ശനിയാഴ്ച പകലും രാത്രിയുമായി കേന്ദ്രത്തിനെതിരേ നിരവധി പ്രതിഷേധങ്ങള്‍ നടന്നിരുന്നു. ശനിയാഴ്ചയാണ് മേഖലയില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ക്ക് സര്‍ക്കാര്‍ കുറച്ചെങ്കിലും ഇളവ് വരുത്താന്‍ ആരംഭിച്ചതോടെ പ്രതിഷേധം ശക്തമാവുകയായിരുന്നു.
ഇന്ന് രാവിലെ മുതല്‍ നിരവധി സ്ഥലങ്ങളില്‍ ആളുകളെ സുരക്ഷാ സേന വഴിതടഞ്ഞ് മടക്കി അയച്ചു. ശനിയാഴ്ച രാത്രി ശ്രീനഗറിലുണ്ടായ പ്രതിഷേധത്തിനു നേരെ സുരക്ഷാ സേന നടത്തിയ പെല്ലറ്റ് വെടിവയ്പില്‍ പരിക്കേറ്റ് രണ്ടു ഡസനില്‍ അധികം ആളുകള്‍ ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്. റെയ്‌നവാരി, നൗഹെട്ട, ഗോജ്വാര എന്നിവിടങ്ങളിലും പ്രതിഷേധങ്ങള്‍ നടക്കുന്നുണ്ട്. ഇവിടെ പ്രതിഷേധക്കാര്‍ക്കു നേരെ സുരക്ഷാ സേന കണ്ണീര്‍വാതകം, ചില്ലി ഗ്രനേഡുകള്‍, പെല്ലറ്റുകള്‍ എന്നിവ പ്രയോഗിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.