കാടന്‍ നിയമം ഉപയോഗിച്ച് ഫറൂക്ക് അബ്ദുള്ളയെ അറസ്റ്റ് ചെയ്തു

Web Desk
Posted on September 16, 2019, 12:10 pm

ശ്രീനഗര്‍: ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഫറൂക്ക് അബ്ദുള്ളയെ വിചാരണ കൂടാതെ രണ്ടുവര്‍ഷം വരെ തടവില്‍ പാര്‍പ്പിക്കാവുന്ന കാടന്‍ നിയമമായ പൊതു സുരക്ഷാ നിയമപ്രകാരം അറസ്റ്റ് ചെയ്തു. നിലവില്‍ രാജ്യസഭാംഗമാണ് ഫറൂക്ക് അബ്ദുള്ള. എംഡിഎംകെ നേതാവ് വൈക്കോയുടെ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി സുപ്രീംകോടതിയില്‍ വാദം കേള്‍ക്കുന്നതിന്റെ തലേന്ന് രാത്രിയാണ് പൊതു സുരക്ഷാ നിയമം ചുമത്തി ഫറൂക്ക്
അബ്ദുള്ളയെ കസ്റ്റഡിയിലെടുക്കാനുള്ള തീരുമാനം ഉണ്ടായത്. ഇദ്ദേഹത്തെ വിട്ടയക്കണമെന്നാവശ്യപ്പെട്ടുള്ള വൈകോയുടെ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി പരിഗണിക്കുമ്പോള്‍ മതിയായ കാരണങ്ങള്‍ അവതരിപ്പിക്കാന്‍ സാധിക്കില്ലെന്ന് നാണക്കേട് ഒഴിവാക്കുന്നതിനാണ് ധൃതിപിടിച്ചുള്ള അറസ്റ്റെന്നാണ് കരുതുന്നത്.

കള്ളക്കടത്തുകാരെ ഉദ്ദേശിച്ചാണ് 1978 ല്‍ കശ്മീരില്‍ പൊതുസുരക്ഷാ നിയമം പ്രാബല്യത്തില്‍ കൊണ്ടുവന്നത്. രണ്ടുവര്‍ഷം വരെ വിചാരണ കൂടാതെ തടവില്‍ വയ്ക്കാന്‍ നിയമം അനുമതി നല്‍കുന്നു. ഈ കാടന്‍ നിയമം ദുരുപയോഗം ചെയ്‌പ്പെടുന്നത് സംബന്ധിച്ച് ഇക്കാലയളവില്‍ നിരവധി വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. അതുകൊണ്ടുതന്നെ ഇത് റദ്ദാക്കണമെന്ന ആവശ്യവും ശക്തമായിരുന്നു. നിരവധി ചെറുപ്പക്കാരെ പ്രസ്തുത നിയമം വിവേചന രഹിതമായി ഉപയോഗിച്ച് തടവില്‍ പാര്‍പ്പിക്കുകയുണ്ടായി. 2010 ല്‍ നിയമത്തില്‍ ചില ഭേദഗതികള്‍ വരുത്തുകയുണ്ടായി. ആദ്യതവണ അറസ്റ്റ് ചെയ്യുന്നവരെ വിചാരണയില്ലാതെ തടവില്‍ വയ്ക്കാനുള്ള കാലാവധി ആറുമാസമാക്കി കുറയ്ക്കുന്നതായിരുന്നു അതിലൊന്ന്.

ഓഗസ്റ്റ് അഞ്ച് മുതല്‍ ഫറൂക്ക് അബ്ദുള്ള വീട്ടു തടങ്കലില്‍ കഴിയുകയാണ്.
അതിനിടെ വൈകോയുടെ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ സുപ്രീംകോടതി കേന്ദ്രത്തിന് നോട്ടീസ് അയച്ചു. കേസ് വീണ്ടും 30 ന് പരിഗണിക്കും.