കശ്മീര്‍: ഡല്‍ഹിയില്‍ വന്‍പ്രതിഷേധറാലി

Web Desk
Posted on August 22, 2019, 4:50 pm

ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ തടങ്കലിലാക്കിയ മുഴുവന്‍ രാഷ്ട്രീയ — സാമൂഹ്യപ്രവര്‍ത്തകരെയും വിട്ടയക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധമാര്‍ച്ച് നടത്തി. സിപിഐ, സിപിഐ(എം), കോണ്‍ഗ്രസ്, ഡിഎംകെ, ടിഎംസി, ആര്‍ജെഡി, എന്‍സിപി, സമാജ്‌വാദി പാര്‍ട്ടി, നാഷണല്‍ കോണ്‍ഫ്രന്‍സ് തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടികളും വിദ്യാര്‍ഥികളും അധ്യാപകരും പ്രതിഷേധത്തില്‍ പങ്കെടുത്തു. നൂറുകണക്കിനാളുകള്‍ പ്രകടനത്തില്‍ അണിനിരന്നു.

തുടര്‍ന്ന് ജന്തര്‍മന്ദറില്‍ നടന്ന യോഗത്തില്‍ സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ, സിപിഐ(എം) ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ഗുലാംനബി ആസാദ് (കോണ്‍ഗ്രസ്), ടി ആര്‍ ബാലു (ഡിഎംകെ), മനോജ് ഝാ എംപി (ആര്‍ജെഡി), രാംഗോപാല്‍ യാദവ് (എസ്പി), മുഹമ്മദ് അക്ബര്‍ (നാഷണല്‍ കോണ്‍ഫ്രന്‍സ്) തുടങ്ങിയവര്‍ സംസാരിച്ചു. സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗങ്ങളായ ബിനോയ് വിശ്വം എംപി, അതുല്‍കുമാര്‍ അഞ്ജാന്‍, സെല്‍വരാജ് എംപി, സിപിഐ(എം) പൊളിറ്റ്ബ്യൂറോ അംഗം ബൃന്ദാകാരാട്ട്, മനീഷ് തിവാരി, ശരത്‌യാദവ്, എ രാജ തുടങ്ങി പ്രമുഖനേതാക്കള്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു.

കശ്മീര്‍ സംബന്ധിച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനം ജനങ്ങള്‍ക്കിടയിലെ ഭീതി വര്‍ധിപ്പിച്ചിരിക്കുകയാണെന്ന് യോഗത്തില്‍ സംസാരിച്ച നേതാക്കള്‍ അഭിപ്രായപ്പെട്ടു. ജനാധിപത്യക്രമങ്ങളെല്ലാം കാറ്റില്‍ പറത്തിയാണ് കേന്ദ്രതീരുമാനം ഉണ്ടായത്. രാജ്യത്തെ പ്രതിപക്ഷപാര്‍ട്ടികളെയോ കശ്മീരി ജനതയെയോ വിശ്വാസത്തിലെടുക്കാതെയുള്ള തീരുമാനം കശ്മീര്‍ താഴ്‌വരയില്‍ മാത്രമല്ല രാജ്യത്തെയാകെ അശാന്തിയുടെ താഴ്‌വരയാക്കുകയാണെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.