പ്രതിഷേധത്തിനിടെ ശ്രീനഗറില്‍ മാത്രം പരിക്കേറ്റത് 152 പേര്‍ക്ക്

Web Desk
Posted on August 23, 2019, 2:57 pm

ശ്രീനഗര്‍: കശ്മീരില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ കണ്ണീര്‍ വാതകവും പെല്ലറ്റുകളും പ്രയോഗിച്ചതിനെ തുടര്‍ന്ന് പരിക്കേറ്റ് രണ്ട് ആശുപത്രികളില്‍ മാത്രം ചികിത്സയ്‌ക്കെത്തിയത് 152 പേര്‍. കശ്മീര്‍ സമാധാനപരമാണെന്ന സര്‍ക്കാര്‍ അവകാശവാദത്തിനിടെയാണ് ശ്രീനഗറിലെ ഷെര്‍ ഇ കശ്മീര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, ശ്രീമഹാരാജ് ഹരി സിങ് ആശുപത്രി എന്നിവിടങ്ങളില്‍ മാത്രം ഇത്രയും പേര്‍ മാരക പരിക്കുകളേറ്റ് ചികിത്സയ്‌ക്കെത്തിയതെന്ന്
വാര്‍ത്താ ഏജന്‍സിയായ റോയിറ്റേഴ്‌സ് കണ്ടെത്തിയിരിക്കുന്നത്.

കശ്മീര്‍ സംബന്ധിച്ച കേന്ദ്ര തീരുമാനമുണ്ടായ ഓഗസ്റ്റ് അഞ്ചിന് ശേഷം 21 വരെയുള്ള ദിവസങ്ങളില്‍ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയവരുടെ കണക്കുകളാണിത്. കശ്മീരില്‍ ഒരു പ്രതിഷേധവും നടക്കുന്നില്ലെന്നായിരുന്നു സര്‍ക്കാര്‍ അവകാശപ്പെട്ടിരുന്നത്. എന്നാല്‍ വന്‍പ്രതിഷേധത്തിന്റെ വാര്‍ത്തകളും ചിത്രങ്ങളും ചില ദേശീയ — വിദേശ മധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്നപ്പോള്‍ ചെറിയ തോതിലുള്ള പ്രതിഷേധം നടന്നുവെന്നും കാര്യമായെടുക്കേണ്ടാത്തവയാണ് അതെന്നുമായിരുന്നു കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ വിശദീകരണം. വെള്ളിയാഴ്ചകളില്‍ പ്രാര്‍ഥനക്കെത്തുന്നവരുടെ പ്രതിഷേധമെന്ന വര്‍ഗീയചുവയുള്ള വിശദീകരണവുമുണ്ടായിരുന്നു.

എന്നാല്‍ സാധാരണ ദിവസങ്ങളിലും തുടര്‍ച്ചയായ പ്രതിഷേധങ്ങള്‍ നടക്കുന്നുവെന്നാണ് വാര്‍ത്താ ഏജന്‍സി വിശദീകരിക്കുന്നത്. വെള്ളിയാഴ്ചകളിലും ഈദ് ദിനത്തിലും ശക്തമായ പ്രതിഷേധങ്ങള്‍ നടന്നിരുന്നു. അതിന് പുറമേ നല്ല ശതമാനം ചെറുപ്പക്കാര്‍ അണിനിരക്കുന്ന പ്രകടനങ്ങള്‍ എല്ലാ ദിവസവും നടക്കുന്നുണ്ട്.  രണ്ട് ആശുപത്രികളില്‍ പരിക്കേറ്റ് എത്തിയവരുടെ മാത്രം കണക്കാണിതെന്നും എണ്ണം ഇതിനെക്കാള്‍ കൂടുതലാണെന്നും ഉദ്യോഗസ്ഥതലത്തില്‍ സമ്മതിച്ചുവെന്ന് വാര്‍ത്തയിലുണ്ട്. ഭയംകാരണം പ്രാഥമിക ചികിത്സ തേടി പോയവരുടെ എണ്ണം ഇതില്‍ ഉള്‍പ്പെടാനിടയില്ലെന്ന് പേരുപറയരുതെന്ന ഉപാധിയില്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞതായും വാര്‍ത്തയിലുണ്ട്.

you may also like this vidoe