കശ്മീര്‍: നിരീക്ഷണം നാല് വിഭാഗങ്ങളിലേക്ക്; വീട്ടുതടങ്കല്‍ തുടരുമെന്നും സൂചന

Web Desk
Posted on August 18, 2019, 1:13 pm

ന്യൂഡല്‍ഹി: കശ്മീരില്‍ സമാധാനം നിലനിര്‍ത്തി നിയന്ത്രണം ലഘൂകരിക്കുന്നതിന്റെ ഭാഗമായി നിരീക്ഷണം നാല് വിഭാഗങ്ങളിലേക്ക് കേന്ദ്രീകരിക്കാന്‍ പദ്ധതി തയ്യാറാക്കി സുരക്ഷാ സേന. രാഷ്ട്രീയ നേതാക്കള്‍ അടക്കമുള്ളവരുടെ വീട്ടുതടങ്കല്‍ ഉടന്‍ അവസാനിക്കില്ലെന്നാണ് ഇതുനല്‍കുന്ന സൂചനകള്‍.
കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതിന് പിന്നാലെ കശ്മീരില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഘട്ടംഘട്ടമായി ലഘൂകരിച്ച് വരികയാണെങ്കിലും നാല് പ്രത്യേക ഗ്രൂപ്പുകളെ സുരക്ഷാ ഏജന്‍സികളുടെ നിരീക്ഷണത്തില്‍ വയ്ക്കാനാണ് തീരുമാനം. സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി സുരക്ഷ ഏജന്‍സികള്‍ കശ്മീരിലാകമാനം ഏര്‍പ്പെടുത്തിയ നിരീക്ഷണം ഇപ്പോള്‍ നാല് വിഭാഗങ്ങളിലേക്ക് കേന്ദ്രീകരിക്കുകയായിരുന്നു.
ഹുറിയത്ത് നേതാക്കളും മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും ഉള്‍പ്പെടുന്നവരാണ് ആദ്യത്തെ വിഭാഗം, ചലനം സൃഷ്ടിക്കാന്‍ സാധിക്കുന്നവര്‍ എന്നറിയപ്പെടുന്ന ഇവര്‍ നിരുപദ്രവകാരികളായിട്ടാണ് കാണപ്പെടുന്നതെങ്കിലും ആക്രമണത്തിന് പ്രേരിപ്പിക്കുന്നവരാണെന്ന് സുരക്ഷാ ഏജന്‍സികള്‍ വിലയിരുത്തുന്നു. ബുദ്ധിജീവികള്‍ക്കിടയിലും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കിടയിലും ഇവരുണ്ടെന്നാണ് ഏജന്‍സികള്‍ വ്യക്തമാക്കുന്നത്. വീട്ടുതടങ്കലില്‍ കഴിയുന്നവരില്‍ സര്‍ക്കാരിന് ഉചിതമെന്ന് തോന്നുന്ന ചിലരെ വിട്ടയക്കും, മറ്റുള്ളവരുടെ കരുതല്‍ തടങ്കല്‍ തുടരും.
കല്ലേറുകാരും അക്രമാസക്തരായ പ്രതിഷേധക്കാരുമാണ് രണ്ടാമത്തെ സംഘം. ഇതില്‍ ഭൂരിഭാഗവും കൗമാരക്കാരും യുവാക്കളുമാണ്. സര്‍ക്കാര്‍ നിരീക്ഷണത്തിലുള്ളവരെ കണ്ടെത്തി ഇനി അക്രമസംഭവങ്ങളിലേര്‍പ്പെടില്ലെന്നുള്ള കരാറില്‍ പരിചയക്കാരെയും കുടുംബാംഗങ്ങളെയും കൊണ്ട് ഒപ്പ് രേഖപ്പെടുത്തുന്ന രീതിയാണ് ഇത്. സര്‍ക്കാര്‍ സംശയിക്കുന്ന ആളുകളുമായി അടുപ്പമുള്ള 20 പേരില്‍ നിന്നാണ് ഇത്തരത്തില്‍ ഒപ്പ് ശേഖരിക്കുക.
നിരോധിച്ച തീവ്രവാദ സംഘടനകളിലെ അംഗങ്ങളാണ് അടുത്ത വിഭാഗം. നിയന്ത്രണ രേഖയിലൂടെ പാകിസ്ഥാന്‍ കടത്തിവിടുന്ന തീവ്രവാദികളെയടക്കം ഇത്തരക്കാരെ സ്വതന്ത്രമായി നേരിടാന്‍ സൈന്യത്തിന് പൂര്‍ണ്ണ സ്വതന്ത്ര്യം നല്‍കും. പഞ്ചാബ്, കശ്മീര്‍ അതിര്‍ത്തികളിലെ സുരക്ഷയും സര്‍ക്കാര്‍ വിലയിരുത്തും. മതനേതാക്കളെ പോലെ സമൂഹത്തില്‍ സ്വാധീനമുള്ള ആളുകളാണ് നാലാമത്തെ ഗ്രൂപ്പ്. അക്രമത്തിന് പ്രേരിപ്പിക്കുകയും അശാന്തി പടര്‍ത്തുകയും ചെയ്യുന്ന മതനേതാക്കളെ കണ്ടെത്തി സര്‍ക്കാര്‍ നിരീക്ഷിക്കും. അത്തരം സന്ദര്‍ഭങ്ങളില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇവരെ ഒട്ടും മയമില്ലാതെ നേരിടുകയും ഉടന്‍ അറസ്റ്റ് ചെയ്യുകയും വേണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.