ഭീതിയുടെ ഭരണഘടനാ വിഭജനം

Web Desk
Posted on August 05, 2019, 11:07 pm

ണ്ടാം മോഡി സര്‍ക്കാര്‍ രണ്ട് മാസം പിന്നിട്ടത് കരുതി തന്നെയായിരുന്നു. മണ്ണപ്പം ചുടുന്ന ലാഘവത്തില്‍ നിരവധി ജനവിരുദ്ധ ബില്ലുകള്‍ പാസാക്കിയെടുത്തു. രാജ്യത്തിന്റെ വൈകാരികതയെ ചോദ്യം ചെയ്ത് കശ്മീരിനെ വെട്ടിമുറിച്ചുള്ള വിജ്ഞാപനവും ഇറക്കി. ജനാധിപത്യ രീതിയില്‍ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരെ വിലകല്‍പ്പിക്കാതെയായിരുന്നു ഇത്. പാര്‍ലമെന്റിന്റെ പിന്നാമ്പുറ വാതിലിലൂടെ പ്രമേയമായി അവതരിപ്പിക്കുകയായിരുന്നു. ഭീതിയുടെ ജനാധിപത്യ, ഭരണഘടനാ വിഭജനമാണ് രാജ്യസഭയില്‍ നടന്നത്. ഇനിയുള്ള നീക്കങ്ങളും സമാനമായ അജണ്ടകള്‍ നടപ്പിലാക്കല്‍ തന്നെയാവും.
ഒരു സംസ്ഥാനത്തെ കീറിമുറിച്ച് രണ്ട് കേന്ദ്രഭരണപ്രദേശങ്ങളായി മാറ്റുന്നത് ഇന്ത്യന്‍ ചരിത്രത്തിലാദ്യമായാണ്. ഇതൊരു കറുത്ത ദിനമാണെന്ന് കശ്മീര്‍ ജനത ഒന്നടങ്കം പറയുന്നതും അതുകൊണ്ടുതന്നെ. മനുഷ്യന്റെ തീന്‍മേശമുതല്‍ സകലതും തങ്ങള്‍ നിശ്ചയിക്കും പോലെ ആവണമെന്ന സംഘപരിവാര്‍ താല്‍പര്യം കശ്മീരിന്റെ സൈ്വരജീവിതത്തിന്റെ കാര്യത്തിലും ഉണ്ടായിരിക്കുന്നു. അതിനായി ഭരണഘടനയുടെ 370-ാം ആര്‍ട്ടിക്കിള്‍ എടുത്തുമാറ്റുകയാണ് ചെയ്തത്. ഇതോടെ കശ്മീരിനുണ്ടായിരുന്ന സവിശേഷ പദവി ഇല്ലാതായി. കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി നരേന്ദ്രമോഡി സര്‍ക്കാരും ആര്‍എസ്എസും കശ്മീര്‍ വിഭജനത്തിനായി ഉന്നം വയ്ക്കുകയായിരുന്നു. സര്‍ക്കാരിന് തുടര്‍ച്ച ലഭിച്ചതോടെ ഈ അജണ്ട വേഗത്തില്‍ നടപ്പിലാക്കി. ഒരാഴ്ചയായി ഇതിനുള്ള ആസൂത്രണങ്ങളിലായിരുന്നു മോഡിയും അമിത്ഷായും. ഹൈന്ദവതയും വിശ്വാസവും ഉയര്‍ത്തിക്കാട്ടുന്ന ആര്‍എസ്എസും കേന്ദ്രസര്‍ക്കാരും ഈയൊരു ലക്ഷ്യത്തിനായി പ്രസിദ്ധമായ അമര്‍നാഥ് തീര്‍ഥാടനം പോലും അട്ടിമറിച്ചു.
2018 സെപ്റ്റംബറില്‍ തുടങ്ങിയതാണ് കശ്മീരില്‍ നിന്ന് ലഡാക്കിനെ വേര്‍തിരിക്കാനുള്ള മോഡി സര്‍ക്കാരിന്റെ നീക്കം. ലഡാക്ക് ഓട്ടോണമസ് ഹില്‍ ഡവലപ്പ്‌മെന്റ് കൗണ്‍സിലിന് നികുതി പിരിവ് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കൂടുതല്‍ അധികാരങ്ങള്‍ നല്‍കി. കേന്ദ്ര ഫണ്ടുകള്‍ നേരിട്ട് എത്തിച്ചു. പ്രത്യേക ലഡാക്ക് ഡിവിഷന്‍ രൂപീകരിച്ച് ഡിവിഷണല്‍ കമ്മിഷണറെയും നിയമിച്ചു. ക്രമസമാധാന ചുമതല ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥനും നല്‍കി. നിയമസഭാ തെരഞ്ഞെടുപ്പിലൂടെ കശ്മീര്‍ ഭരണം പിടിച്ചെടുക്കാനുള്ള ഭീകരാന്തരീക്ഷം ഇപ്പോഴേ സൃഷ്ടിക്കപ്പെട്ടും കഴിഞ്ഞു.
ഭൂമിയില്‍ ഒരു സ്വര്‍ഗം ഉണ്ടെങ്കില്‍ അത് ഇതാണ് എന്ന കശ്മീരിനെ കുറിച്ചുള്ള ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ അഭിപ്രായത്തെയും നെഹ്‌റുവിനെയും തള്ളിപ്പറഞ്ഞാണ് രാജ്യത്തിന്റെ ആഭ്യന്തരമന്ത്രി അമിത്ഷാ നീക്കം തുടങ്ങിയത്. അരലക്ഷത്തിലേറെ അര്‍ധസൈനികരെ ആദ്യം വിന്യസിച്ചു. അമര്‍നാഥ് തീര്‍ഥാടനത്തിനുണ്ടായ ‘തീവ്രവാദ ആക്രമണ ഭീഷണി‘യുടെ പശ്ചാത്തലം പറഞ്ഞ് വീണ്ടും സൈന്യത്തെ വിട്ടു. തീര്‍ഥാടനത്തിനെത്തിയവരെ സംസ്ഥാന സര്‍ക്കാരിനെക്കൊണ്ട് മടക്കി അയപ്പിച്ചു. പരമാധികാരം ഇല്ലാതാക്കുന്നതു സംബന്ധിച്ച് നിയമോപദേശം തേടി. ഒറ്റ രാത്രിയില്‍ മുന്‍ മുഖ്യമന്ത്രിമാരടക്കം കശ്മീരിലെ രാഷ്ട്രീയ‑സംഘടനാ നേതാക്കളെയാകെ വീട്ടുതടങ്കലിലാക്കി. ടെലഫോണ്‍, ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ നിശ്ചലമാക്കി. കശ്മീരിനെ തീര്‍ത്തും ഒറ്റപ്പെടുത്തി. എല്ലാം അതീവരഹസ്യമായിത്തന്നെ. എന്തിനാണ് ഇത്രയും സൈനികരെ വിന്യസിക്കുന്നതെന്ന് കശ്മീരിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ കേന്ദ്രത്തോട് ചോദിച്ചിരുന്നു. എന്നാല്‍ വ്യക്തമായ ഉത്തരം നല്‍കിയിരുന്നുമില്ല.
കശ്മീര്‍ നേതാക്കളെല്ലാം വീട്ടുതടങ്കലിലാണെന്ന് അര്‍ധരാത്രിയോടെയാണ് ലോകം അറിഞ്ഞത്. അതുവരെ ദേശീയ മാധ്യമങ്ങളെല്ലാം മോഡി, അമിത്ഷാ തന്ത്രങ്ങളെ മറച്ചുവച്ചു. തീവ്രവാദി ആക്രമണ ഭീഷണിയെന്ന ഒറ്റക്കാര്യം പ്രചരിപ്പിച്ച് തെരഞ്ഞെടുപ്പുകാലത്തേതിനു സമാനമായ സഹായങ്ങളാണ് കശ്മീര്‍ വിഷയത്തില്‍ ഒട്ടുമിക്ക ദേശീയ കോര്‍പറേറ്റ് മാധ്യമങ്ങളും ബിജെപി സര്‍ക്കാരിന് നല്‍കിയത്. രാവിലെ പതിവ് തെറ്റിച്ച് പ്രധാനമന്ത്രിയുടെ വസതിയില്‍ പ്രത്യേക മന്ത്രിസഭ ചേര്‍ന്നു. ബില്ലിനുപകരം പ്രത്യേക വിജ്ഞാപനത്തില്‍ രാഷ്ട്രപതിയുടെ ഒപ്പിടുവിച്ചു. തുടര്‍ന്നാണ് ബിജെപിക്ക് ഭൂരിപക്ഷമില്ലാത്ത രാജ്യസഭയില്‍ അമിത്ഷാ അവതരണം നടത്തിയത്.
പ്രതിപക്ഷത്തെന്ന് അവകാശപ്പെടുന്ന ചില കക്ഷികളിലും കോണ്‍ഗ്രസിലും വിള്ളലുണ്ടാക്കി ഒപ്പം നിര്‍ത്തിയും കശ്മീരില്‍ നിന്നുള്ള പിഡിപി അംഗങ്ങളെ പുറത്താക്കിയുമാണ് വിജ്ഞാപനം അവതരിപ്പിച്ചത്. ഇതോടെ ഭീകരവാദത്തിന് അന്ത്യമാകുമെന്നാണ് അമിത്ഷായുടെ അവകാശവാദം. എന്നാല്‍, കശ്മീരിനുമേലുള്ള ഈ സര്‍ജിക്കല്‍ അറ്റാക്ക് രണ്ടാം മോഡി സര്‍ക്കാരിലൂടെ സംഘപരിവാര്‍ തുടരുന്ന ജനാധിപത്യ ഹത്യയാണ്.
കേന്ദ്ര നടപടി നിയമപരമായി ചോദ്യം ചെയ്യപ്പെടാവുന്ന ഒന്നാണ്. കശ്മീര്‍ നിയമസഭയുടെ ശുപാര്‍ശയില്ലാതെ രാഷ്ട്രപതിക്ക് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാനാവില്ലെന്നതാണ് ഈയൊരു നിഗമനത്തിനാധാരം. ‘നിയമസഭ പിരിച്ചുവിട്ടാലും 370 ലെ നിലപാടുകള്‍ പിന്‍വലിച്ചുവെന്നല്ല’ എന്ന സുപ്രീംകോടതിയുടെ മുന്‍കാല വിധി ശ്രദ്ധേയമാണ്. രാഷ്ട്രപതി നേരത്തെ തന്നെ ഒപ്പുവെച്ച ഉത്തരവാണ് അമിത് ഷാ ബില്ലായി അവതരിപ്പിച്ചതെന്ന അസാധാരണ നടപടിക്രമങ്ങളും ചോദ്യം ചെയ്യപ്പെട്ടേക്കാം. രാഷ്ട്രപതിയുടെ വിവേചനാധികാരം ഉപയോഗിച്ച് ബില്‍ അവതരിപ്പിക്കാനുണ്ടായ സാഹചര്യങ്ങള്‍ കേന്ദ്ര സര്‍ക്കാരിന് വ്യക്തമാക്കേണ്ടിവരും. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനൊപ്പം രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കിയതിനു പിന്നിലെ ചേതോവികാരവും സംശയകരമാണ്.