കശ്മീര്‍: ഭരണഘടനാ ബെഞ്ച് പരിഗണിക്കും: കേന്ദ്രത്തിന് നോട്ടീസ്

Web Desk
Posted on August 28, 2019, 11:48 am

ന്യൂഡല്‍ഹി: കശ്മീര്‍ പുനസംഘടനയ്ക്ക് എതിരായ ഹര്‍ജികള്‍ സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് പരിഗണിക്കും. കശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കിയതും പുനസംഘടനയും ചോദ്യംചെയ്യുന്ന എട്ട് ഹര്‍ജികളാണ് ഭരണഘടനാ ബെഞ്ച് പരിഗണിക്കുന്നത്. വിഷയത്തില്‍ ഏഴ് ദിവസത്തിനകം കേന്ദ്രസര്‍ക്കാരും ജമ്മുകശ്മീര്‍ ഭരണകൂടവും സത്യവാങ്മൂലം സമര്‍പ്പിക്കണം.
കശ്മീരില്‍ തടങ്കലില്‍ കഴിയുന്ന സിപിഎം കേന്ദ്ര കമ്മിറ്റി അംഗം മുഹമ്മദ് യൂസഫ് തരിഗാമിയെ കാണാന്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് സുപ്രീം കോടതി അനുമതി നല്‍കിയിരുന്നു.
രാജ്യത്തെ ഒരു പൗരന് സഹപ്രവര്‍ത്തനെ കാണാനുള്ള അവകാശം തടയാനാവില്ലെന്നു വ്യക്തമാക്കിക്കൊണ്ടാണ് സുപ്രീം കോടതിയുടെ ഉത്തരവ്. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ എതിര്‍പ്പ് പരമോന്നത കോടതി തള്ളി.
കശ്മീരിലെ കേന്ദ്ര നടപടികളുടെ പശ്ചാത്തലത്തില്‍ തരിഗാമിയെക്കുറിച്ച് വിവരമൊന്നുമില്ലാത്ത പശ്ചാത്തലത്തില്‍ സീതാറാം യെച്ചൂരി ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയുമായി സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. കഴിഞ്ഞ നാലിന് തരിഗാമിയുമായി ഫോണില്‍ സംസാരിച്ചെന്നും അതിനു ശേഷം വിവരമൊന്നുമില്ലെന്നും യെച്ചൂരി ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ബെഞ്ചിനെ അറിയിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ ആശങ്കയുണ്ടെന്നും യെച്ചൂരി പറഞ്ഞു.
തരിഗാമിക്കു സെഡ് കാറ്റഗറി സുരക്ഷയുണ്ടെന്നു ചൂണ്ടിക്കാട്ടിയ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത യെച്ചൂരിയുടെ സന്ദര്‍ശനത്തെ എതിര്‍ത്തു. ഏതു കാറ്റഗറി സുരക്ഷയുണ്ടായാലും രാജ്യത്തെ ഒരു പൗരന് സഹപ്രവര്‍ത്തകനെ കാണാനുള്ള അവകാശത്തെ എങ്ങനെയാണ് തടയാനാവുകയെന്ന് കോടതി ചോദിച്ചു. യെച്ചൂരിക്കു തരിഗാമിയെ സന്ദര്‍ശിക്കാമെന്നും എന്നാല്‍ അതു രാഷ്ട്രീയ സന്ദര്‍ശനമാക്കി മാറ്റരുതെന്നും കോടതി നിര്‍ദേശിച്ചു.
യെച്ചൂരിയെ കശ്മീരിലേക്ക് കേന്ദ്ര പ്രതിനിധി അനുഗമിക്കാമെന്ന തുഷാര്‍ മേത്തയുടെ നിര്‍ദേശവും കോടതി അംഗീകരിച്ചില്ല. യെച്ചൂരി സ്വന്തം നിലയ്ക്കു തന്നെ കശ്മീരിലേക്കു പൊയ്‌ക്കൊള്ളുമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് പറഞ്ഞു.