കശ്മീര്‍: രൂപയുടെ വില തകരുന്നു, പ്രവാസികള്‍ക്ക് ഉത്സവകാലം

Web Desk
Posted on August 06, 2019, 11:04 pm
ഗള്‍ഫിലെ മണി എക്‌സ്‌ചേഞ്ചുകളിലെ തിരക്ക്

കെ രംഗനാഥ്

ദുബായ്: താന്‍ അധികാരത്തില്‍ വീണ്ടുമെത്തിയാല്‍ രൂപയുടെ മൂല്യം ഉയര്‍ന്ന് രൂപ ലോകത്ത് ഏറ്റവും ശക്തമായ കറന്‍സിയാകുമെന്ന പ്രധാനമന്ത്രി മോഡിയുടെ പ്രഖ്യാപനം അപ്പാടെ പാളുന്നു. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ രൂപയുടെ മൂല്യത്തിലെ ഏറ്റവും വലിയ തകര്‍ച്ചയാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ദൃശ്യമായത്. ഇന്ന് രൂപയുടെ മൂല്യം ഡോളറിന് 70 രൂപ കടന്നു. ഡോളറുമായുള്ള വിനിമയത്തില്‍ ഇന്ന് ഒറ്റ ദിവസം കൊണ്ടുണ്ടായ ഇടിവ് 194 പൈസയായിരുന്നു. തിങ്കളാഴ്ച മുതല്‍ ആരംഭിച്ച തകര്‍ച്ചയ്ക്ക് അടുത്ത ദിവസങ്ങളില്‍ ആക്കം കൂടുമെന്ന് സാമ്പത്തിക വിദഗ്ധര്‍ കണക്കുകൂട്ടുന്നു.

യു എസ് — ചൈന വ്യാപാര യുദ്ധത്തിനിടയിലും ശക്തമാവുന്ന ഡോളര്‍, ഗള്‍ഫിലെ സംഘര്‍ഷാവസ്ഥയും യുദ്ധഭീതിയും കശ്മീര്‍ പുനഃസംഘടനയെത്തുടര്‍ന്ന് ഇന്ത്യയിലുണ്ടാകുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങള്‍, എണ്ണവിലയിലെ സ്തംഭനാവസ്ഥ തുടങ്ങിയ നിരവധി ഘടകങ്ങളാണ് രൂപയുടെ മൂല്യത്തകര്‍ച്ചയ്ക്ക് വഴിമരുന്നിടുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ചൈനീസ് കറന്‍സിയായ യുവാനും 11 വര്‍ഷത്തിന് ശേഷം ഇതാദ്യമായി മൂലത്തകര്‍ച്ച നേരിടുന്നു.
റിസര്‍വ് ബാങ്കിന്റെ ഇന്ന് ചേരുന്ന നയകാര്യ സമിതി യോഗം രൂപയുടെ മൂല്യം പിടിച്ചുനിര്‍ത്താന്‍ എന്തു നടപടി കൈക്കൊള്ളുമെന്നും തിട്ടമില്ല. എന്തു നടപടിയുണ്ടായാലും അടുത്ത ഒരു മാസക്കാലത്തേക്കെങ്കിലും രൂപയുടെ മൂല്യത്തിലെ അധോഗതി തുടരുകതന്നെ ചെയ്യുമെന്ന് എംകേ ഗ്ലോബല്‍ ഫിനാന്‍ഷ്യല്‍ സെന്ററിലെ കറന്‍സികാര്യ വിദഗ്ധന്‍ രാഹുല്‍ ഗുപ്ത പറയുന്നു. അതേസമയം രണ്ടു കോടിയില്‍പ്പരം വരുന്ന വിദേശ ഇന്ത്യക്കാര്‍ക്ക് രൂപയുടെ മൂല്യത്തകര്‍ച്ച ഒരുത്സവകാലമായി. ഏറ്റവും കൂടുതല്‍ പ്രവാസികള്‍ പണിയെടുക്കുന്ന ഗള്‍ഫ് രാജ്യങ്ങളിലെ കറന്‍സികള്‍ക്ക് കടലാസുവിലയുള്ള ഇന്ത്യന്‍ രൂപ കൈനിറയെ ഇന്ത്യക്കാര്‍ക്ക് എണ്ണിവാങ്ങി നാട്ടിലേയ്ക്ക് അയയ്ക്കാം. യുഎഇ ദിര്‍ഹവുമായുള്ള രൂപയുടെ ഇന്നലത്തെ വിനിമയനിരക്ക് 19.41 രൂപയായിരുന്നു. ഈ മൂല്യത്തകര്‍ച്ച ഒരാഴ്ചകൂടി തുടരുമെന്ന് ജോയ് ആലുക്കാസ് എക്‌സ്‌ചേഞ്ച് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആന്റണി ജോസ് പ്രവചിക്കുന്നു.

രൂപയുടെ മൂല്യത്തകര്‍ച്ചയോടെ നാട്ടിലേക്ക് പണം അയയ്ക്കാനെത്തുന്നവരുടെ വന്‍ തിരക്കാണ് ഗള്‍ഫിലെ എല്ലാ വിദേശനാണ്യ വിനിമയ സ്ഥാപനങ്ങളിലും. രണ്ടുമൂന്ന് ദിവസത്തിനുള്ളില്‍ ഈയധികം മൂല്യത്തകര്‍ച്ചയുണ്ടാകുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ലെന്ന് ലുലു എക്‌സ്‌ചേഞ്ചിലെ എം കെ സുഭാഷ് പറയുന്നു.

നാളെ ചേരുന്ന റിസര്‍വ് ബാങ്ക് യോഗം പലിശനിരക്ക് വെട്ടിക്കുറച്ചാല്‍ പോലും ഒരു രൂപയുടെ മൂല്യത്തില്‍ 25 ശതമാനം ഇടിവ് തുടരുമെന്നാണ് സൂചന. പുതിയ കശ്മീര്‍ നയം സൃഷ്ടിച്ച സംഘര്‍ഷങ്ങളും സാമ്പത്തിക മരവിപ്പും മൂലം രൂപയുടെ ആഴങ്ങളിലേയ്ക്കുള്ള പതനം തുടരുകതന്നെ ചെയ്യുമെന്നാണ് കറന്‍സി കാര്യ വിദഗ്ധരുടെ നിഗമനം. അതേസമയം ഇന്ത്യന്‍ ഓഹരി വിപണികളില്‍ നിന്നും രൂപയിലുള്ള നിക്ഷേപങ്ങള്‍ ഡോളറിലേയ്ക്ക് മാറ്റുന്ന ആശങ്കാജനകമായ പ്രവണതയും ശക്തമാവുന്നു. തിങ്കളാഴ്ച മാത്രം മുംബൈ ഓഹരിവിപണിയില്‍ നിന്നു മാത്രം 2016 കോടി രൂപയുടെ നിക്ഷേപമാണ് ഡോളറിലേക്ക് മാറ്റിയത്. ഇന്നലെ അത് 3600 കോടിയിലേറെയായി ഉയര്‍ന്നുവെന്നാണ് സൂചന.

രൂപയുടെ മൂല്യം കുറഞ്ഞെങ്കിലും ഇറക്കുമതിക്ക് ഒരു കുറവുമില്ല. കയറ്റുമതിയാണെങ്കില്‍ താഴേയ്ക്കും. ഇതുമൂലം വ്യാപാരക്കമ്മി വര്‍ധിക്കുകയും വിദേശ നാണ്യ കരുതല്‍ശേഖരം ചോരുകയും ചെയ്യുമെന്നും സാമ്പത്തിക വിദഗ്ധര്‍ പ്രവചിക്കുന്നു. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ ആടിയുലയ്ക്കുന്ന സംഭവവികാസങ്ങള്‍ക്കാണ് കശ്മീര്‍ പുനഃസംഘടനാ തീരുമാനം തിരികൊളുത്തിയിരിക്കുന്നതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.