വിദേശ വലതുപക്ഷ എംപിമാരുടെ കശ്മീർ സന്ദർശനം

Web Desk
Posted on October 29, 2019, 10:24 pm

 ഓഗസ്റ്റ് അഞ്ചിന് ഭരണഘടനയുടെ അനുച്ഛേദം 370 റദ്ദാക്കിയതിന് ശേഷം ഇതുവരെ പ്രമുഖരായ ആരെയും കശ്മീർ സന്ദർശിക്കുന്നതിന് കേന്ദ്ര സർക്കാർ അനുവദിച്ചിരുന്നില്ല. എന്നാൽ യൂറോപ്യൻ യൂണിയനിൽ നിന്നുള്ള 23 എംപിമാർക്ക് കശ്മീർ സന്ദർശിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോഡി നേരിട്ട് അനുമതി നൽകിയിരിക്കുകയാണ്. കശ്മീരിന്റെ മുൻ മുഖ്യമന്ത്രി കൂടിയായ ഗുലാം നബി ആസാദിനെ പോലും തിരിച്ചയച്ച സാഹചര്യമുണ്ടായിരുന്നു. സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, സിപിഐ(എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി എന്നിവരെയും പിന്നീട് ഇവരുൾപ്പെടെയുള്ള പ്രതിപക്ഷപാർട്ടി നേതാക്കളെയും ശ്രീനഗറിൽ വച്ച് തിരിച്ചയക്കുകയും ചെയ്തിരുന്നു. സംസ്ഥാനത്തെ എംഎൽഎയായ സിപിഐ(എം) നേതാവ് മുഹമ്മദ് യൂസഫ് തരിഗാമിയെ രോഗാവസ്ഥയിലായിട്ടും സന്ദർശിക്കാൻ ആരെയും അനുവദിച്ചിരുന്നില്ല. തുടർന്ന് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സിപിഐ(എം) നേതാക്കൾക്ക് സന്ദർശനാനുമതി ലഭിച്ചത്.

എന്നാൽ യൂറോപ്യൻ യൂണിയനിലെ വിവിധ രാജ്യങ്ങളിൽ നിന്ന് സന്ദർശനത്തിനെത്തിയ 27 ൽ 23 പേർക്ക് കശ്മീർ സന്ദർശനത്തിന് അനുമതി നൽകുന്നതിന് ഒരു മടിയും സർക്കാർ കാട്ടിയില്ല. ഡൽഹിയിലെത്തിയ സംഘവുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. സ്വകാര്യസന്ദർശനത്തിനെത്തിയവരായിരുന്നു യൂറോപ്യൻ യൂണിയനിലെ എംപിമാർ. എന്നാൽ സംഘത്തിലെ നാലുപേർ ഒഴിവാകുകയും സ്വദേശത്തേയ്ക്ക് തിരിച്ചുപോകുകയും ചെയ്തിരിക്കുകയാണ്. അവർക്ക് സന്ദർശനാനുമതി നൽകുമ്പോൾ എന്ത് ഉപാധികളാണ് വച്ചതെന്നും എന്തുകൊണ്ടാണ് നാലുപേർ പിരിഞ്ഞുപോയതെന്നും അറിയാനുള്ള അവകാശം ഇന്ത്യക്കാർക്കുണ്ട്. സന്ദർശനം കഴിഞ്ഞ് തിരിച്ചെത്തി കശ്മീർ സമാധാനപൂർണ്ണമാണെന്നായിരിക്കും യൂറോപ്യൻ യൂണിയൻ എംപിമാർ പറയാൻ പോകുന്നതെന്നാണ് സംശയിക്കേണ്ടിയിരിക്കുന്നത്. മോഡിയും കൂട്ടരും കെട്ടുകാഴ്ചകളൊരുക്കുന്നതിൽ അതിവിദഗ്ധരാണെന്നതുതന്നെ കാരണം. ഇന്നലെ പുറത്തുവന്ന മറ്റൊരു വാർത്ത അതിന്റെ ഉദാഹരണമായെടുക്കാവുന്നതാണ്. ഈ മാസം ഏഴിന് കശ്മീർ സന്ദർശിക്കുന്നതിന് അനുമതി ലഭിച്ചുവെന്നും മൂന്നാം ദിവസം അത് പിൻവലിച്ചുവെന്നുമാണ് ഇംഗ്ലണ്ടിൽ നിന്നുള്ള പാ­ർ­ലമെന്റംഗമായ ക്രിസ് ഡേവിസ് പറയുന്നത്. സു­രക്ഷാ സംവിധാനങ്ങളില്ലാതെ കശ്മീരിൽ സഞ്ചരിക്കാൻ കഴിയണമെന്നും എല്ലാവരോടും സംസാരിക്കുന്നതിന് അവസരമുണ്ടാകണമെന്നും താൻ ആവശ്യപ്പെട്ടതിനാൽ സന്ദർശനാനുമതി പിൻവലിച്ചുവെന്നാണ് ഇന്നലെ അദ്ദേഹം പറഞ്ഞിരിക്കുന്നത്. ഇപ്പോഴത്തെ എംപിമാരുടെ സന്ദർശനത്തിന് അനുമതി നൽകിയതിന് പിന്നിലെ ഉദ്ദേശ്യമെന്തെന്ന് ഇതിലൂടെ തന്നെ ബോധ്യമാകുന്നതാണ്. തങ്ങൾക്കുവേണ്ടതുമാത്രം പറയുന്നവർ കശ്മീരിൽ പോയാൽ മതിയെന്ന ഈ നിലപാട് ഏകാധിപത്യത്തിന്റേതുകൂടിയാണ്.

അനുമതി ലഭ്യമായ 23 പേർ അതാത് രാജ്യങ്ങളിലെ കടുത്ത വലതുപക്ഷ പാർട്ടികളുടെ പ്രതിനിധികളാണെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഫ്രാൻസിൽ നിന്നുള്ള ആറുപേരും വലതുപക്ഷ നാഷണൽ റാലിയുടെ പ്രതിനിധികളാണ്. പോളണ്ടിൽ നിന്നുള്ള ആറുപേർ അവിടെയുള്ള വലതുപക്ഷ യാഥാസ്ഥിതിക പാർട്ടിയായ ലോ ആന്റ് ജസ്റ്റിസിന്റെ പ്രതിനിധികളും. ബ്രിട്ടനിൽ നിന്നുള്ള അഞ്ചുപേരും ജർമ്മനി, ഇറ്റലി, ചെക് റിപ്പബ്ലിക്, സ്ലോവാക്യ എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികളുമെല്ലാം കടുത്ത വലതുപക്ഷവാദ പാർട്ടികളുടെ പ്രതിനിധികളും നേതാക്കളുമാണെന്നാണ് പുറത്തുവന്നിരിക്കുന്ന വിവരങ്ങൾ.

കശ്മീരിൽ കാര്യങ്ങളൊന്നും സർക്കാർ അവകാശപ്പെടുന്നതുപോലെയല്ലെന്ന് ഓരോ ദിവസവും അവിടെ നിന്നു പുറത്തുവരുന്ന വാർത്തകൾ വ്യക്തമാക്കുന്നുണ്ട്. പതിനായിരം കോടി രൂപയുടെ സാമ്പത്തിക നഷ്ടം താഴ്‌വരയിലെ വ്യാപാര മേഖലയ്ക്കുണ്ടായെന്ന വ്യാപാരി സംഘടനയുടെ പ്രസ്താവന കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. വിനോദസഞ്ചാരികൾ പ്രവഹിക്കുന്നുവെന്ന് അവകാശപ്പെടുന്നുവെങ്കിലും അതിനൊരു മറുപുറമാണുള്ളതെന്നും വാർത്തകളെത്തിയിട്ടുണ്ട്. കുറച്ച് തീർഥാടകരെത്തുന്നുവെന്നല്ലാതെ വിനോദസഞ്ചാരികളാരുമെത്തിയില്ലെന്നാണ് ഔദ്യോഗിക കണക്കുകൾ തന്നെ പരിശോധിച്ചാൽ വ്യക്തമാകുന്നത്. ഇതിനെല്ലാം പുറമേ യുഎസ് ഉൾപ്പെടെയുള്ള രാജ്യങ്ങൾ കശ്മീരിലെ സ്ഥിതിഗതികളിൽ ആശങ്ക രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയിൽ നിന്നുള്ളവരെ മാത്രമല്ല വിദേശ മാധ്യമപ്രതിനിധികളെയോ നയതന്ത്രജ്ഞരെയോ കശ്മീരിലേക്ക് പോകാൻ അനുവദിച്ചിരുന്നുമില്ല. അതിനിടയിലാണ് ഒരുപറ്റം വലതുപക്ഷവാദികളും യാഥാസ്ഥിതികരുമായ എംപിമാരെ കശ്മീർ സന്ദർശനത്തിന് മോഡി അനുവദിച്ചിരിക്കുന്നത്. കശ്മീരിൽ കാര്യങ്ങളെല്ലാം മികച്ചതാണെന്ന് പറയിക്കാൻ കുറച്ച് പേരെ കൊണ്ടുവന്ന് സന്ദർശനാനുമതി നൽകിയതിലൂടെ യഥാർഥത്തിൽ മോഡി സ്വയം പരിഹാസ്യനാവുക കൂടിയാണ് ചെയ്തിരിക്കുന്നത്.

നരേന്ദ്രമോഡി സർക്കാരിൽ നിന്നുണ്ടായിരിക്കുന്ന ഏകപക്ഷീയമായ ഈ നടപടി ഇന്ത്യയ്ക്കാകെ അപമാനകരമാണ്. ഇവിടെ തെരഞ്ഞെടുക്കപ്പെട്ട ലോക്‌സഭാംഗങ്ങൾക്കോ ജനപ്രതിനിധികൾക്കോ കശ്മീരിൽ പോകുന്നതിന് അനുമതി നൽകുന്നില്ല. അങ്ങനെയൊരു സാഹചര്യം നിലനിൽക്കേയാണ് വിദേശ രാജ്യങ്ങളിലെ വലതുപക്ഷ എംപിമാർക്ക് സന്ദർശനാനുമതി നൽകിയിരിക്കുന്നത്. ഇത് യഥാർഥത്തിൽ ഇന്ത്യൻ ജനാധിപത്യത്തെ അവഹേളിക്കുന്നതിന് തുല്യവുമാണ്.