കശ്മീരി ഗായകനെ വാടക വീട്ടില്‍ നിന്നും ഇറക്കിവിട്ടു

Web Desk
Posted on September 11, 2019, 5:05 pm

മുംബൈ: യുവ ഗായകനെ കശ്മീരിയെന്ന കാരണം കാട്ടി വാടക വീട്ടില്‍ നിന്നും ഒഴിപ്പിച്ചു. കശ്മീരിലെ ബന്ദിപോര്‍ സ്വദേശിയായ ആദില്‍ ഗുറേസിയെയാണ് രണ്ട് ബ്രോക്കര്‍മാര്‍ ചേര്‍ന്ന് ഒഴിപ്പിച്ചത്. ഇയാള്‍ ഒരു വര്‍ഷമായി ഇവിടെ താമസിച്ചു വരികയായിരുന്നു. സംഭവത്തില്‍ മുംബൈ പൊലീസ് ഇടപെടുകയും ഗായകനു വേണ്ട നിയമ സഹായങ്ങള്‍ ഉറപ്പാക്കുകയും ചെയ്തു.
സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധേയനായ ഗായകനാണ് ഗുറേസി. ഈ മാസം മൂന്നിനാണ് വീടൊഴിയണമെന്ന് ഗുറേസിയോട് ആവശ്യപ്പെട്ടത്. ഓഗസ്റ്റ് ഒന്നിന് ഗുറേസി കശ്മീരിലായിരുന്നു. ഓഗസ്റ്റ് അഞ്ചിന് മോഡി ഗവണ്‍മെന്റ് ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് താഴ്‌വരയെ മുഴുവന്‍ പ്രതിസന്ധിയിലാക്കിയതിനാല്‍ ഗുറേസിയും ഒരു മാസമായി കശ്മീരില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. തിരികെ മുംബൈയിലെത്തിയപ്പോഴാകട്ടെ വാടക വീട് നഷ്ടപ്പെട്ട അവസ്ഥ, അതും താന്‍ കശ്മീരിയെന്ന കാരണം കൊണ്ട്.
ഒരുപാടു പേര്‍ തന്നെ സഹായിക്കാനായി രംഗത്തെത്തിയെന്നും താമസ സൗകര്യങ്ങളൊരുക്കാന്‍ സന്നദ്ധരായെന്നും ഗുറേസി പറയുന്നു. പരിചിതരല്ലാത്തവര്‍ പോലും നല്‍കിയ മാനുഷിക പരിഗണനയെ ഗുറേസി എടുത്തു പറയുന്നു. ‘കേന്ദ്രനയം ഉണ്ടാക്കിയ ദുരിതത്തില്‍ വലഞ്ഞുപോയപ്പോഴും മനുഷ്യത്വം മരവിക്കാത്ത ചില മനസുകള്‍ നല്‍കിയ പിന്തുണയിലാണ് താന്‍ പിടിച്ചു നിന്നത്. അവരില്‍ തന്റെ ആരാധകര്‍ മാത്രമല്ല നിരവധി സാധാരണക്കാര്‍ മുതല്‍ സമൂഹത്തിലെ ഉയര്‍ന്ന തലങ്ങളിലുള്ളവര്‍ വരെയുണ്ടെന്നും’ ഗുറേസി പറഞ്ഞു. സംഭവത്തില്‍ പ്രതികരിച്ച മുംബൈ കമ്മിഷണര്‍ സഞ്ജയ് ബര്‍വേ പൗരാവകാശങ്ങളെ സംരക്ഷിക്കുമെന്നും ഗുറേസിക്ക് ആവശ്യമായ നടപടികളുമായി പൊലീസ് കൂടെയുണ്ടെന്നും അറിയിച്ചു. പൗരന്മാര്‍ക്കിടയില്‍ ഇത്തരം വിവേചന ചിന്തകള്‍ക്ക് സ്ഥാനമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഗുറേസിയെ വീട്ടില്‍ നിന്നും ഒഴിപ്പിച്ചുകൊണ്ടുള്ള ബ്രോക്കര്‍മാരുടെ നടപടി വീട്ടുടമയുടെ അറിവോടെയല്ലെന്നാണ് പൊലീസ് റിപ്പോര്‍ട്ട്.