യുപിയില്‍ കശ്മീരികള്‍ക്ക് നേരെ ആക്രമണം

Web Desk
Posted on March 07, 2019, 10:43 pm

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ലഖ്‌നൗവില്‍ കശ്മീരി തെരുവ് കച്ചവടക്കാര്‍ക്ക് നേരെ ആക്രമണം. രണ്ട് പേര്‍ക്ക് നേരെയാണ് സംഘം ചേര്‍ന്ന് ആക്രമണമുണ്ടായത്.ബുധനാഴ്ചയാണ് സംഭവം നടന്നത്. കശ്മീരില്‍ നിന്ന് പഴക്കച്ചവടത്തിനെത്തിയവരാണ് ക്രൂരമായ ആക്രമണത്തിനിരയായത്. ലഖ്‌നൗവിലെ തിരക്കേറിയ പൊതുനിരത്തിലാണ് സംഭവം.

കച്ചവടക്കാരെ കാവി വസ്ത്രമണിഞ്ഞെത്തിയ സംഘം ലാത്തി പോലെയുള്ള വടി ഉപയോഗിച്ച് തല്ലുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് ബജ്‌രംഗ് സോങ്കര്‍ എന്ന വിശ്വഹിന്ദു ദള്‍സംഘടനാ പ്രവര്‍ത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു.
വടി ഉപയോഗിച്ച് തല്ലുന്നതും തുടര്‍ന്ന് അതിലൊരാള്‍ മുഖം മറച്ച് സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുന്നതും വീഡിയോ ദൃശ്യങ്ങളിലുണ്ട്. അവിടെ നിന്ന മറ്റെയാളോട് തിരിച്ചറിയല്‍ കാര്‍ഡ് ആവശ്യപ്പെടുന്നതും വീഡിയോയില്‍ കാണാം. കശ്മീരികളായതു കൊണ്ടാണ് തല്ലുന്നതെന്ന് അക്രമികള്‍ പറയുന്നതും വീഡിയോയിലുണ്ട്. നാട്ടുകാര്‍ ഇടപെട്ടതിനെത്തുടര്‍ന്ന് ഇവര്‍ മര്‍ദ്ദനം അവസാനിപ്പിച്ചു.

സംഭവത്തിലെ പ്രധാനിയായ വിശ്വഹിന്ദു ദളിന്റെ അധ്യക്ഷനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടില്ല. തന്റെ ഫെയ്‌സ് ബുക്ക് പേജില്‍ വ്യാപാരികളെ ആക്രമിച്ചതിന്റെ വീഡിയോ ഇയാള്‍ ഷെയര്‍ ചെയ്യുകയും പിന്നീട് നീക്കം ചെയ്യുകയും ചെയ്തിരുന്നു.
അക്രമത്തെ അപലപിച്ച് നിരവധി പേര്‍ രംഗത്തെത്തി. നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള പ്രധാനമന്ത്രി നരേന്ദ്രമോഡിയെ ടാഗ് ചെയ്ത് ആക്രമണത്തിന്റെ വീഡിയോ ട്വീറ്റ് ചെയ്തു. താങ്കളുടെ മുഖ്യമന്ത്രിയുടെ കൈയിലല്ലേ ഭരണം, ഇതിനെതിരെ എന്തെങ്കിലും നടപടി പ്രതീക്ഷിക്കാമോ എന്ന് ഒമര്‍ അബ്ദുള്ള ട്വീറ്റില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

കോണ്‍ഗ്രസ്, ആംആദ്മി തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടികളും ആക്രമണത്തിനെതിരെ പ്രതിഷേധം പ്രകടിപ്പിച്ചിട്ടുണ്ട്. പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തിന് ശേഷം കശ്മീരികള്‍ക്കെതിരെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
മറ്റൊരു സംഭവത്തില്‍ മുസഫര്‍നഗറിലും മോഡിസര്‍ക്കാരിനെ വിമര്‍ശിച്ചതിന്റെ പേരില്‍ യുവാവിന് മര്‍ദ്ദനമേറ്റു. രാജ്യത്തെ തൊഴിലില്ലായ്മ ചോദ്യം ചെയ്തതിനാണ് മുസ്‌ലിം യുവാവിന് ബിജെപി പ്രവര്‍ത്തകരുടെ മര്‍ദ്ദനം ഏല്‍ക്കേണ്ടിവന്നത്. മുസഫര്‍നഗറില്‍ സ്വകാര്യ ടെലിവിഷന്‍ ചാനല്‍ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് ചര്‍ച്ചയിലാണ് മോഡി സര്‍ക്കാര്‍ ഭരണത്തില്‍ തൊഴിലില്ലായ്മ വര്‍ധിച്ചുവെന്ന് അദ്‌നന്‍ എന്ന യുവാവ് വ്യക്തമാക്കിയത്.

രാജ്യത്ത് പ്രത്യേകിച്ചും ഉത്തര്‍പ്രദേശിലെ ക്രമസമാധാന പ്രശ്‌നങ്ങള്‍ സംബന്ധിച്ച ചോദ്യങ്ങളും അദ്‌നന്‍ ഉന്നയിച്ചു. കൂടാതെ മോഡി സര്‍ക്കാരിന്റെ തൊഴില്‍ നയങ്ങളെ അദ്‌നന്‍ രൂക്ഷമായി വിമര്‍ശിച്ചു. ഇതില്‍ ക്ഷുഭിതരായാണ് ബിജെപി പ്രവര്‍ത്തകര്‍ അദ്‌നനെ ക്രൂരമായി മര്‍ദ്ദിച്ചത്. യുവാവിനെ തീവ്രവാദി എന്നു വിളിച്ചാണ് ആക്രമിച്ചതെന്ന് ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തിയ മാധ്യമ പ്രവര്‍ത്തകന്‍ അമില്‍ ഭട്‌നഗര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ വ്യക്തമാക്കി.