സുരേഷ് എടപ്പാൾ

മലപ്പുറം

November 21, 2021, 10:11 am

കാടാമ്പുഴ മൂസഹാജി റേഷൻ കട സ്മാർട്ടാക്കി; അഭിനന്ദിക്കാൻ മന്ത്രിയെത്തി

Janayugom Online

ആറുപതിറ്റാണ്ടുകാലത്തോളം നീണ്ട റേഷൻ കട നടത്തിപ്പിനിടയിൽ കാടാമ്പുഴ മൂസഹാജിയുടെ ഏറ്റവും വലിയ മോഹം തന്റെ കട ഏവരാലും ശ്രദ്ധിക്കുന്ന ഒരു ജനകീയ സ്ഥാപനം ആകണമെന്നായിരുന്നു. കാടാമ്പുഴ ടൗണിലെ 168 നമ്പർ കട അടിയന്തിരാവസ്ഥ കാലത്തുപോലും സുഗമമായി പ്രവർത്തിച്ച നാട്ടിലെ ഏക സ്ഥാപനമായിരുന്നു. ഇപ്പോൾ പഴയ റേഷൻ കടയുടെ രൂപവും രീതിയുമൊക്കെ മാറി.

സംസ്ഥാനത്തെ തന്നെ സ്മാർട്ട് പൊതുവിതരണ കേന്ദ്രമായി മാറിയിരിക്കയാണ് മൂസക്കയുടെ റേഷൻ കട. സ്വന്തമായി പണം ചെലവിട്ടാണ് പൊതുസേവകൻ കൂടിയായ മൂസഹാജി തന്റെ റേഷൻ കട നവീകരിച്ചിരിക്കുന്നത്. ബില്ല് അടിക്കാനും തൂക്കി നൽകാനും സാധനസാമഗ്രികൾ സ്റ്റോക്ക് ചെയ്യാനുമുള്ള കുടുസ്സു മുറിയിലുള്ള റേഷൻ കടയില്ലിത്; ആരു കണ്ടാലും വിസ്മയിക്കുന്ന ഇടിവെട്ട് റേഷൻ കട.

അളവിലും തൂക്കത്തിലും കൃത്യത ഉറപ്പാക്കുന്നതിന് പ്രാമുഖ്യം നൽകികൊണ്ടാണ് കടയുടെ നവീകരണം. എല്ലാം ഡിജിറ്റൽ ആക്കിയതോടെ മൊബൈൽ ഫോൺ വഴി വാങ്ങിയ സാധനങ്ങളുടെ വില നൽകാനും ഇവിടെ കഴിയും. സെൻസർ ഘടിപ്പിച്ചിട്ടുള്ള സാനിറ്റൈസർ മെഷിനാണ് റേഷൻ വാങ്ങാനെത്തുന്നവരെ ആദ്യം തന്നെ സ്വീകരിക്കുക. നാലായിരം ചതുരശ്ര അടിയിൽ നവീകരിച്ചിട്ടുള്ള ഈ റേഷൻ കടയിൽ കമ്പ്യൂട്ടർ സംവിധാനത്തോടെയുള്ള ബില്ലിംഗ് സംവിധാനം പ്രവർത്തിക്കുന്നു. വിലനിലവാരം രേഖപ്പെടുത്തിയ ഡിജിറ്റൽ സ്ക്രീൻ ബോർഡ് റേഷൻ കടയിലെ സാധനങ്ങളുടെ സ്റ്റോക്കും വിലയും മനസ്സിലാക്കാൻ സഹായിക്കുന്നു. റേഷൻ വാങ്ങാൻ എത്തുന്നവർക്ക് നല്ല സൗകര്യങ്ങളോടെയുള്ള വിശ്രമസ്ഥലവും ഇവിടെ ഒരുക്കിയിട്ടുണ്ട്. സെൻസർ ഘടിപ്പിച്ച സംവിധാനത്തിൽ റേഷൻ കാർഡ് ഉടമ ഒന്നു വിരൽവെക്കുകയേ വേണ്ടൂ.അനുവദിച്ചിട്ടുള്ള മണ്ണെണ്ണ അയാളുടെ കന്നാസിലോ കുപ്പിയിലോ നിറഞ്ഞിട്ടുണ്ടാകും.

ആധുനിക രീതിയിൽ സജ്ജീകരിച്ച സംസ്ഥാനത്തെ ആദ്യത്തെ റേഷൻ കട ഉദ്ഘാടനം ചെയ്യാൻ മന്ത്രി ഭക്ഷ്യസിവിൽ സപ്ലെസ് മന്ത്രി ജി ആർ അനിൽ തന്നെ നേരിട്ടെത്തിയപ്പോള്‍ കാടാമ്പുഴയ്ക്കത് ആഘോഷമായി. കാടാമ്പുഴയുടെ മാതൃകയിൽ സംസ്ഥാനത്തെ മുഴുവൻ റേഷൻ ഷാപ്പുകളും നവീകരിക്കുക എന്നത് സർക്കാറിന്റെ ലക്ഷ്യമാണെന്നും മന്ത്രി വ്യക്തമാക്കി. ഉദ്ഘാടന ചടങ്ങിൽ ആബിദ് ഹുസൈൻ തങ്ങള്‍ എംഎൽഎ അധ്യക്ഷനായി. ഹൈടെക്ക് റേഷൻകടയുടെ ആർക്കിടെക്റ്റ് അബൂബക്കർ സിദ്ധീഖിന് മന്ത്രി ഉപഹാരം നൽകി.

eng­lish summary;Katampuzha Moosa­ha­ji ration shop made smart

you may also like this video;