Wednesday
20 Mar 2019

കത്വ: കേസ് ചന്ദീഗഢിലേക്ക് മാറ്റണമെന്ന് സുപീം കോടതിയിൽ പിതാവ്

By: Web Desk | Monday 16 April 2018 9:36 PM IST


Katwa accused Sanji Ram produced in court

കത്വ കേസിലെ മുഖ്യ പ്രതി പൂജാരി സഞ്ചി റാം കോടതിയിൽ ഹാജരാക്കപ്പെട്ടപ്പോൾ 

കത്വ പെൺകുട്ടിയെ മാനഭംഗം ചെയ്തു കൊലപ്പെടുത്തിയ കേസിന്റെ വിചാരണ കത്വയിൽ നിന്നും ചന്ദീഗഢിലേക്ക് മാറ്റണമെന്നപിതാവിന്റെ ആവശ്യത്തിന്മേൽ ജമ്മു കാശ്മീർ സർക്കാരിന് സുപീം കോടതി നോട്ടീസ് അയച്ചു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് കേസ് ഏപ്രിൽ 27 നു വാദം കേൾക്കാനായി മാറ്റിവച്ചു. കത്വ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കുറ്റപത്രത്തിന്മേൽ വാദം കേൾക്കാൻ കേസ് വച്ചിരിക്കുന്നതിന്റെ തൊട്ടു തലേ ദിവസമാണിത്.

എട്ടു വയസ്സുള്ള പെൺകുട്ടി കൊല്ലപ്പെട്ട കേസ് നീതിപൂർവം നടക്കുന്നുവെന്നതിലാണ് കോടതിയുടെ പൂർണ ശ്രദ്ധയെന്നു വ്യക്തമാക്കിയ സുപ്രീം കോടതി, താൽക്കാലിക നടപടി എന്ന നിലയിൽ കുടുംബത്തിനും കേസ് നടത്തുന്ന അഭിഭാഷക ദീപിക സിംഗ് രെജാവത്തിനും ഔദ്യോഗിക വേഷത്തിലല്ലാതെയുള്ള പോലീസ് സംരക്ഷണം ഉറപ്പാക്കാൻ ഉത്തരവിട്ടു. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകലും മാനഭംഗവും കൊലപാതകവും കാടത്തമായെന്നു കോടതി വിശേഷിപ്പിച്ചു. 

രണ്ടു വിഭാഗമായി ഇക്കാര്യത്തിൽ ഭിന്നിച്ചു നിൽക്കുന്നതിനാൽ സ്വതന്ത്രമായ വിചാരണ കത്വയിൽ അസാധ്യമാണെന്ന് പിതാവിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷക ഇന്ദിര ജയ്‌സിംഗ് കോടതിയോട് പറഞ്ഞു.  “സംസ്ഥാന സർക്കാർ അങ്ങേയറ്റം സഹായകരമാണ്, കാശ്മീർ പോലീസ് സമർത്ഥമായി കേസ് അന്വേഷിച്ചു, എല്ലാ പ്രതികളെയും ഫോറൻസിക് ആയും ശാരീരികമായും തിരിച്ചറിഞ്ഞു, ഇങ്ങനെ ഒരു അന്വേഷണമാണ് അവർ അട്ടിമറിക്കാൻ ശ്രമിക്കുന്നത്”. സ്വതന്ത്ര അന്വേഷണമാണ് ആ കുടുംബത്തിന് വേണ്ടത്, നഷ്ടപരിഹാരമല്ല, അവർ കോടതിയിൽ പറഞ്ഞു.

അഞ്ചു പോലീസുകാർ ഇപ്പോൾ മലകളിലൂടെ നീങ്ങിക്കൊണ്ടിരിക്കുന്ന കുടുംബത്തോടൊപ്പം ഉണ്ടെന്നു സംസ്ഥാന കോൺസൽ സോയെബ് അലാം പറഞ്ഞു. കുടുംബത്തിനും അഭിഭാഷകയ്ക്കും മതിയായ സംരക്ഷണം നൽകാൻ സംസ്ഥാനത്തിന് ബുദ്ധിമുട്ടില്ല.

കേസിലെ കൗമാരക്കാരനായ പ്രതിക്ക് വേണ്ട സംരക്ഷണം ഉറപ്പാക്കാനും കോടതി നിർദേശം നൽകി. ഇപ്പോൾ ശിശു ക്ഷേമ കേന്ദ്രത്തിലാണ് കുട്ടി. ഇയാളുടെ സംരക്ഷണം  തങ്ങൾ ആവശ്യപ്പെടുന്നത് കേസ് നിർണായക വഴിത്തിരിവിൽ എത്തിച്ച മൊഴി നൽകിയതു ഈ കുട്ടിയായതുകൊണ്ടാണെന്ന്  ഇന്ദിര പറഞ്ഞു. കേസ് തടയാൻ കത്വ അഭിഭാഷകർ ശ്രമിച്ചതിനെ തുടർന്ന് സുപ്രീം കോടതി കഴിഞ്ഞ ആഴ്ച സ്വയം കേസ് എടുക്കുകയായിരുന്നു. കുറ്റപത്രം സമർപ്പിക്കുന്നതിനെതിരെ ജമ്മുവിലെ ഹൈ കോർട്  ബാർ അസോസിയേഷനും പണിമുടക്കി സമരം ചെയ്തിരുന്നു. നീതി തേടുന്നവനെ സഹായിക്കുന്നതാണ് അഭിഭാഷകന്റെ ധർമമെന്നും അത് തടയുന്നത് നീതി നിർവഹണം തടയലാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.

ജനുവരി 10 മുതൽ കാണാതായ പെൺകുട്ടിയെ 17 നാണു മരിച്ച നിലയിൽ കണ്ടെത്തിയത്.  മുസ്ലിം നാടോടി വിഭാഗമായ ഇവരെ നാട്ടിൽ നിന്നും ഓടിക്കാനായി ബോധപൂർവം അസൂത്രണം ചെയ്തതാണ് പെൺകുട്ടിക്ക് നേരെയുള്ള അതിക്രമമെന്നു കുറ്റപത്രം പറയുന്നു. പെൺകുട്ടിയുടെ മൃതദേഹം രസന ഗ്രാമത്തിൽ സംസ്കരിക്കാൻ  അവിടുള്ളവർ സമ്മതിച്ചില്ല.

അതേസമയം ഈ കേസിലെ എട്ടു പ്രതികളും തങ്ങൾ നിരപരാധികളാണെന്നും നുണ പരിശോധനക്ക് തങ്ങളെ വിധേയരാക്കണമെന്നും കത്വ ജില്ലാ സെഷൻസ് കോടതിയിൽ കേസ് വിചാരണ തുടങ്ങിയപ്പോൾ ബോധിപ്പിച്ചു. കേസ് ഏപ്രിൽ 28 ലേക്ക് കേൾക്കാനായി മാറ്റിവച്ചു. കത്വ അഭിഭാഷകരുടെ പെരുമാറ്റത്തെക്കുറിച്ചു ബാർ കൗൺസിൽ ഓഫ് ഇന്ത്യ അന്വേഷണത്തിന് തീരുമാനിച്ചു. ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് തരുൺ അഗർവാലയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുക.

Related News