Saturday
16 Nov 2019

കഠ്‌വ വിധിയും കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളും

By: Web Desk | Wednesday 12 June 2019 10:03 AM IST


രാജ്യ മനഃസാക്ഷിയെ നടുക്കിയതു മാത്രമല്ല ലോകത്തിന് മുന്നില്‍ നാണം കെടുത്തിയ സംഭവം കൂടിയായിരുന്നു കശ്മീരിലെ കഠ്‌വയില്‍ നടന്ന കൂട്ടബലാത്സംഗം. പല തരത്തിലും അത്യപൂര്‍വമായ ഒരു സംഭവം കൂടിയായിരുന്നു അത്. പ്രസ്തുത കേസില്‍ കഴിഞ്ഞ ദിവസം വിധി പ്രഖ്യാപനമുണ്ടായിരിക്കുന്നു.  മുഖ്യപ്രതി ക്ഷേത്രപൂജാരിയും ഗ്രാമത്തലവനുമായ സഞ്ജി റാം, പര്‍വേഷ് കുമാര്‍, ദീപക് ഖജൂരിയ എന്നിവര്‍ക്ക് ജീവപര്യന്തം ശിഷയ്ക്ക് പുറമേ കൂട്ടബലാത്സംഗ കുറ്റത്തിന് 25 വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ വീതം പിഴയും വിധിച്ചിട്ടുണ്ട്. ആനന്ദ് ദത്ത, സുരേന്ദര്‍ വര്‍മ, തിലക്‌രാജ് എന്നിവര്‍ക്ക് തെളിവ് നശിപ്പിച്ചുവെന്ന കുറ്റത്തിന് അഞ്ചു വര്‍ഷം കഠിന തടവും 50,000 രൂപ വീതം പിഴയും വിധിച്ചു. പത്താന്‍കോട്ട് ജില്ലാ സെഷന്‍സ് കോടതിയാണ് പ്രതികള്‍ക്കെതിരെ ശിക്ഷ വിധിച്ചത്. ഏഴ് പ്രതികളുള്ള കേസില്‍ ഒരാളെ കോടതി വെറുതെ വിട്ടു. സഞ്ജി റാമിന്റെ മകന്‍ വിശാലിനെയാണ് സംശയത്തിന്റെ ആനുകൂല്യത്തില്‍ വെറുതെവിട്ടത്. കേസില്‍ ആകെ എട്ട് പ്രതികളാണുണ്ടായിരുന്നത്. ഇതില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്തയാളാണ് എന്നതുസംബന്ധിച്ച തര്‍ക്കം ഹൈക്കോടതിയുടെ പരിഗണനയിലായതിനാല്‍ വിചാരണ ആരംഭിച്ചിട്ടില്ല.

യഥാര്‍ത്ഥത്തില്‍ രാജ്യം ഞെട്ടിയ സംഭവം എന്നതോടൊപ്പം കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ക്ക് ഏറ്റവും ഉയര്‍ന്ന ശിക്ഷ നല്‍കണമെന്ന പൊതു ആവശ്യം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് കഠ്‌വ കേസിലെ വിധിയെ സമീപിക്കേണ്ടത്. കൂടാതെ ഇത്തരം അതിക്രമങ്ങള്‍ നടത്തുന്നവര്‍ക്ക് വധശിക്ഷ ഉറപ്പാക്കുന്ന നിയമം രാജ്യത്ത് പ്രാബല്യത്തില്‍ വരികയും ചെയ്തിട്ടുണ്ട്.  നാള്‍ക്കുനാള്‍ രാജ്യത്ത് സ്ത്രീകള്‍ക്കെതിരായ പ്രത്യേകിച്ച് കുട്ടികള്‍ക്കെതിരായ ലൈംഗിക പീഡനങ്ങളും അതിക്രമങ്ങളും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. സ്ത്രീസുരക്ഷയുടെ കാര്യത്തില്‍ ഏറ്റവും അപകടം പിടിച്ച രാജ്യമെന്ന ആഗോള സര്‍വേ ഫലത്തിന്റെ അടിസ്ഥാനത്തില്‍ ലോകത്തിന് മുന്നില്‍ തല കുനിച്ചുനില്‍ക്കുന്ന രാജ്യമാണ് ഇന്ത്യ. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി ഇത്തരം സംഭവങ്ങള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയുമാണ്. ഇതുമായി ബന്ധപ്പെട്ട കണക്കുകള്‍ ഞെട്ടിപ്പിക്കുന്നതുമാണ്. കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച ദേശീയ ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം 2010ല്‍ 22,172 ബലാത്സംഗക്കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

2014 ല്‍ അത് 65 ശതമാനം വര്‍ധിച്ച് 36,735 ആയി ഉയര്‍ന്നു. ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏറ്റവും മുന്നില്‍നില്‍ക്കുന്ന രണ്ട് സംസ്ഥാനങ്ങള്‍ മധ്യപ്രദേശും ഉത്തര്‍പ്രദേശുമാണ്. 2016ല്‍ മധ്യപ്രദേശില്‍ സ്ത്രീകള്‍ക്കെതിരായി നടന്ന അതിക്രമങ്ങളുടെ എണ്ണം 4,882 ആയിരുന്നുവെങ്കില്‍ 2,479 സംഭവങ്ങളിലും ഇരകളായത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളായിരുന്നു. ഇതില്‍തന്നെ കുറേയധികം പേര്‍ ഇളംപ്രായത്തിലുള്ളവരും. 2015 ല്‍ 10,934 പെണ്‍കുട്ടികള്‍ ബലാത്സംഗത്തിനിരയായപ്പോള്‍ അടുത്തവര്‍ഷത്തെ വര്‍ധനവ് നാനൂറ് ശതമാനത്തിലധികം ഉയര്‍ന്ന് 20,000 കേസുകളായി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഈ രണ്ട് സംസ്ഥാനങ്ങളില്‍ നിന്ന് മാത്രമായി കുട്ടികള്‍ ബലാത്സംഗത്തിനിരയാകുകയും കൊല്ലപ്പെടുകയും ബലാല്‍ക്കാരം ചെയ്യപ്പെടുകയും ചെയ്ത അരഡസനിലധികം കേസുകളാണ് പുറത്തുവന്നിരിക്കുന്നത്. അവയെല്ലാം തന്നെ വിവരണാതീതമായ കൊടുംക്രൂരതകളുടെ അനന്തരഫലം കൂടിയായിരുന്നു.

ബലാത്സംഗം ചെയ്യുക, കൊല്ലുക, അതിനുതന്നെ തീയിടുക, കഴുത്ത് ഞെരിക്കുക, തല തല്ലിപ്പൊളിക്കുക എന്നിങ്ങനെ മൃഗീയമെന്ന വാക്കിനുപോലും സമാനമല്ലാത്ത കൊടും ചെയ്തികളായിരുന്നു നടത്തിയത്. മാതാപിതാക്കള്‍ കടം വാങ്ങിയ പതിനായിരം രൂപ നല്‍കാത്തതിന് പിടിച്ചുകൊണ്ടുപോയി പിഞ്ചുകുഞ്ഞിനെ ബലാത്സംഗം ചെയ്ത് കൊന്നു തള്ളിയതായിരുന്നു അതിലൊന്ന്. മാലിന്യമൊഴുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിന് പ്രതികാരമായി പിടിച്ചുകൊണ്ടുപോയി ബലാല്‍ക്കാരം ചെയ്തതും ലൈംഗികാതിക്രമത്തിന് ശേഷം പെണ്‍കുട്ടിയെ ഓടയിലുപേക്ഷിച്ച സംഭവങ്ങളും ഇതില്‍പ്പെടും. ഇത്തരം കൊടും ക്രൂരതകള്‍ ആവര്‍ത്തിക്കുന്നത് തടയുന്നതിന് ഏറ്റവും ഫലപ്രദമായ മാര്‍ഗം ഇപ്പോഴത്തെ സാഹചര്യത്തില്‍ കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷ ലഭ്യമാക്കുകയെന്നത് തന്നെയാണ്.
അത്തരം ഒരു പശ്ചാത്തലത്തില്‍ നീതിപീഠത്തിനുള്ള പരിമിതികള്‍ എത്രയാണെന്ന് ബോധ്യപ്പെടുത്തുന്നതായിരുന്നു കഠ്‌വ കേസിലെ പ്രതികള്‍ക്ക് നല്‍കപ്പെട്ടിരിക്കുന്ന ശിക്ഷ. ഒരുപക്ഷേ സാധാരണക്കാരനെ സംബന്ധിച്ച് നീതിന്യായ വ്യവസ്ഥയോടുള്ള വിശ്വാസക്കുറവിന് പോലും ഈ വിധി കാരണമായെന്നിരിക്കും.

ഈ കേസിന് മറ്റൊരു പ്രത്യേകത കൂടിയുള്ളത് ഇതിലെ പ്രതികളെ രക്ഷിക്കുന്നതിനുള്ള രാഷ്ട്രീയമായ ഇടപെടലുകളുണ്ടായിരുന്നുവെന്നതാണ്. അധികാരത്തിന്റെ തണലുപയോഗിച്ചും ഉദ്യോഗസ്ഥരെ ദുരുപയോഗിച്ചും കേസ് തേച്ച് മായ്ചുകളയുന്നതിനുള്ള ശ്രമങ്ങളുമുണ്ടായിരുന്നു. പ്രതികള്‍ക്കെതിരായ നടപടികള്‍ ചോദ്യം ചെയ്ത് നടന്ന പ്രതിഷേധത്തില്‍ മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കളും പങ്കെടുത്തിരുന്നു. അങ്ങനെ വിവാദമായി തീര്‍ന്ന ഒരു കേസുകൂടിയായിരുന്നു ഇത്. ഇതെല്ലാംകൊണ്ടുതന്നെ കഠ്‌വ കേസിലെ വിധി ആശ്വാസം നല്‍കുന്നുവെന്നല്ലാതെ നിറഞ്ഞ മനസോടെ സ്വാഗതം ചെയ്യുന്നുവെന്ന് പറയാന്‍ സാധിക്കുന്ന ഒന്നല്ല