Web Desk

തിരുവനന്തപുരം

January 28, 2020, 12:18 pm

കാട്ടാക്കട കൊലപാതകം: പ്രതി കീഴടങ്ങി, ഇതോടെ അറസ്റ്റിലായവരുടെ എണ്ണം എട്ടായി

Janayugom Online

കാട്ടാക്കടയില്‍ ഭൂവുടമയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി കീഴടങ്ങി. സംഭവത്തില്‍ പിടികൂടാനുണ്ടായിരുന്ന പ്രതി ബൈജുവാണ് ഇന്ന് രാവിലെ കാട്ടാക്കട പൊലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങിയത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം എട്ടായി.

മണ്ണെടുപ്പ് തടയാന്‍ ശ്രമിച്ച സംഗീതിനെ കൊലപ്പെടുത്തിയവരെല്ലാം മണ്ണു മാഫിയ അംഗങ്ങളാണ്. മണ്ണുമാന്തി യന്ത്രം ഉടമ സജു, ടിപ്പര്‍ ഉടമ ഉത്തമന്‍ എന്നിവരും ഉള്‍പ്പെടെ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത അഞ്ച് പേരും അറസ്റ്റിലായി. പ്രതികളെ സഹായിച്ച ഉണ്ണി, വിനീഷ് എന്നിവരും ടിപ്പര്‍ ഡ്രൈവര്‍ വിജിനും നേരത്തെ അറസ്റ്റിലായിരുന്നു.

കൊലപാതകം നടന്ന രാത്രി സംഗീതിന്റെ പുരയിടത്തില്‍ രണ്ട് ടിപ്പറും മണ്ണുമാന്തിയുമായി എത്തിയ സംഘം അഞ്ച് ലോഡ് മണല്‍ കടത്തി. വീട്ടിലില്ലാതിരുന്ന സംഗീത് ഇതറിഞ്ഞ് എത്തി തടയുകയും പോലീസിനെ വിവരം അറിയിക്കുകയും ചെയ്തു. ഇതോടെ ആക്രമണം തുടങ്ങിയ സംഘം ആദ്യം ടിപ്പര്‍ കൊണ്ടിടിച്ച് സംഗീതിനെ നിലത്തിട്ടു. വീണ്ടും എഴുന്നേല്‍ക്കാന്‍ ശ്രമിച്ചതോടെ മണ്ണുമാന്തിയുടെ കൈകൊണ്ട് അടിച്ച് കൊല്ലുകയായിരുന്നു.

അതേസമയം കാട്ടാക്കട കൊലപാതകത്തില്‍ പൊലീസിന് വീഴ്ച്ച സംഭവിച്ചതായി സ്പെഷ്യല്‍ ബ്രാഞ്ചിന്റെ റിപ്പോര്‍ട്ട്. പൊലീസ് എത്താന്‍ ഒന്നര മണിക്കൂര്‍ വൈകിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തെ കുറിച്ച് നെടുമങ്ങാട് ഡിവൈഎസ്പി അന്വേഷണം തുടങ്ങി.

YOU MAY ALSO LIKE THIS VIDEO