19 April 2024, Friday

Related news

February 9, 2024
January 7, 2024
November 8, 2023
October 29, 2023
October 10, 2023
September 9, 2023
September 7, 2023
August 19, 2023
August 19, 2023
July 20, 2023

കാട്ടാക്കട ജലസമൃദ്ധി രണ്ടാംഘട്ടത്തിലേക്ക്: ലക്ഷ്യം കാർഷിക സ്വയം പര്യാപ്തത

Janayugom Webdesk
കാട്ടാക്കട
September 7, 2021 10:07 pm

കാട്ടാക്കട മണ്ഡലത്തിൽ നടപ്പിലാക്കി വരുന്ന അന്താരാഷ്ട്ര പ്രശസ്തി നേടിയ ജലസമൃദ്ധി പദ്ധതി രണ്ടാം ഘട്ടത്തിലേക്ക്. കഴിഞ്ഞ അഞ്ച് വർഷക്കാലം ജല സംരക്ഷണത്തിന് ഊന്നൽ നൽകിയുള്ള പ്രവർത്തനങ്ങൾക്കാണ് പ്രാമുഖ്യം കൊടുത്ത് നടപ്പിലാക്കി വന്നത്. ജലസമൃദ്ധിയിലൂടെ കാർഷിക പുനരുജ്ജീവനമാണ് രണ്ടാം ഘട്ടത്തിൽ പ്രധാനമായും ഊന്നൽ നൽകുന്നത്. രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ തുടക്കമെന്ന നിലയിൽ മുൻ ധനകാര്യ വകുപ്പ് മന്ത്രി തോമസ് ഐസക്കിന്റെ നേതൃത്വത്തിൽ വിദഗ്ധ സംഘം മണ്ഡലത്തിലെ ആറ് പഞ്ചായത്തുകളിലേയും പദ്ധതി പ്രദേശങ്ങൾ സന്ദർശിച്ചു. ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളുമായി സംവദിച്ച് പദ്ധതി രൂപരേഖ തയ്യാറാക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടു.

ഒരു ദിവസം രണ്ട് പഞ്ചായത്തുകൾ എന്ന നിലയിൽ മൂന്നു ദിവസംകൊണ്ട് മണ്ഡലത്തിലെ പ്രധാന പദ്ധതി പ്രദേശങ്ങൾ സംഘം സന്ദർശിച്ച് ജനപ്രതിനിധികളുമായി സംവദിക്കും. ഇതിന്റെ ഭാഗമായി കാട്ടാക്കട, വിളവൂർക്കൽ പഞ്ചായത്തുകളിൽ സംഘം ഇന്നലെ സന്ദർശനം നടത്തി. രാവിലെ കാട്ടാക്കട മണ്ഡലത്തിലെ കൊല്ലോട് തോടും അനുബന്ധമായി നിർമ്മിച്ചിട്ടുള്ള തടയണകളും സംഘം സന്ദർശിച്ചു.

തുടർന്ന് കാട്ടാക്കട മണ്ഡലത്തെ തിരുവനന്തപുരം ജില്ലയുടെ നെല്ലറയാക്കുക എന്ന ലക്ഷ്യവുമായി വീണ്ടെടുക്കാനിരിക്കുന്ന നാഞ്ചല്ലൂർ ഏലായും ഏലായ്ക്ക് ജലലഭ്യത ഉറപ്പുവരുത്തുന്നതിനായി വിഭാവനം ചെയ്ത ആമച്ചൽ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയും സംഘം സന്ദർശിച്ചു. കാട്ടാക്കട പഞ്ചായത്തിലെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമായി സംവദിച്ചു. ഐ ബി സതീഷ് എംഎൽഎ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെബർ രാധിക ടീച്ചർ, വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ, സുനിത വി ജെ, സരള, ശ്രീക്കുട്ടി, ഭൂവിനിയോഗ ബോർഡ് കമ്മിഷ‌ണർ എ നിസാമുദ്ദിൻ, ഗ്രാമ പഞ്ചായത്തംഗങ്ങൾ,ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവർ സംവാദത്തിൽ പങ്കെടുത്തു.

ഉച്ചയ്ക്ക് ശേഷം വിളവൂർക്കൽ പഞ്ചായത്തിലെ മലയം തോടും അനുബന്ധമായി നിർമ്മിച്ച തടയണകളും സംഘം സന്ദർശിച്ചു. തുടർന്ന് വിളവൂർക്കൽ പഞ്ചായത്തിലെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും കർഷകരുമായി സംവദിച്ചു. ഇന്ന് വിളപ്പിൽ, മലയിൻകീഴ് പഞ്ചായത്തുകളിൽ സംഘം സന്ദർശനം നടത്തും. സന്ദർശനം നടത്തിയ പഞ്ചായത്തുകളിലെ ജനപ്രതിനിധികളുമായി ചർച്ച ചെയ്ത് മനസിലാക്കിയ ആവശ്യകതകൾ ഉൾപ്പെടുത്തി വിശദമായ പദ്ധതി രൂപരേഖ തയാറാക്കുമെന്നും അതിന്റെ അടിസ്ഥാനത്തിൽ ഇവിടങ്ങളിലെ നീർത്തടാധിഷ്ഠിത കാർഷിക മേഖലയുടെ പുനരുജ്ജീവനം സാധ്യമാക്കുന്നതിനുള്ള തുടർപദ്ധതികൾ ആവിഷ്കരിക്കുമെന്നും ഡോ. തോമസ് ഐസക്ക് പറഞ്ഞു. ഈ അഞ്ച് വർഷക്കാലയളവിനുള്ളിൽ കാർഷിക സ്വയം പര്യാപ്തത അതിന്റെ പൂർണ അർത്ഥത്തിൽ കൈവരിക്കുക എന്ന ലക്ഷ്യമാണ് ജലസമൃദ്ധി പദ്ധതിയുടെ രണ്ടാം ഘട്ടത്തിലൂടെ ലക്ഷ്യമിടുന്നതെന്നും അതിന് മണ്ഡലത്തിലെ ആബാലവൃദ്ധം ജനങ്ങളും ഒരുമിച്ചിറങ്ങണമെന്നും ഐ ബി സതീഷ് എംഎൽഎ അഭ്യർത്ഥിച്ചു.

ENGLISH SUMMARY:Kattakada Water Abun­dance to Phase II: Aim for Agri­cul­tur­al Self-Sufficiency
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.