Web Desk

നെടുങ്കണ്ടം

June 13, 2021, 4:08 pm

കട്ടപ്പന കൊലപാതകം: ഭര്‍ത്താവിനെ നുണപരിശോധനയ്ക്ക് വിധേയമാക്കുവാന്‍ കോടതി അനുമതി

Janayugom Online

പൊലീസിനെ കുഴപ്പിച്ച കട്ടപ്പന വീട്ടമ്മയുടെ കൊലപാതകത്തില്‍ ഭര്‍ത്താവിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാന്‍ കോടതി അനുമതി. കട്ടപ്പന കൊച്ചുതോവാള എസ്എന്‍ ജംഗ്ഷനില്‍ കൊച്ചുപുരയക്കല്‍ താഴത്ത് ചിന്നമ്മ(63)യുടെ മരണം സംഭവിച്ച ദിവസം മുതല്‍ ഏറ്റവും കൂടുതല്‍ സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്ന വ്യക്തിയാണ് ഭര്‍ത്താവായ കെ.പി ജോര്‍ജ്ജ്. കേസ് തെളിയിക്കുന്ന ഭാഗമായി ജോര്‍ജ്ജിനെ നുണപരിശോധനയ്ക്ക് വിധേയനാക്കുവാന്‍ കട്ടപ്പന ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ പൊലീസ് അപേക്ഷ നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് ജോര്‍ജ്ജിനെ നുണപരിശോധന നടത്തുവാന്‍ അനുമതി നല്‍കിയത്. തൃശൂര്‍ റീജണല്‍ ഫോറന്‍സിക് സയന്‍സ് ലാബില്‍ എത്തിച്ച് ജോര്‍ജ്ജിനെ നുണ പരിശോധനയ്ക്ക് വിധേയമാക്കും. ലോക് ഡൗണും കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതാണ് അനുമതി ലഭിച്ചതിന് ശേഷവും നുണപരിശോധനയ്ക്കായി തൃശൂരില്‍ എത്തിക്കുന്നതില്‍ താമസിക്കുന്നതെന്ന് അന്വേഷണ ചുമതലയുള്ള കട്ടപ്പന ഡിവൈഎസ്പി  ജെ. സന്തോഷ്‌കുമാര്‍ പറഞ്ഞു.

പോസ്റ്റമോര്‍ട്ടത്തില്‍ ചിന്നമ്മയെ ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്നും വ്യക്തമായി. എന്നാല്‍ തുടര്‍ന്ന് കട്ടപ്പന പൊലീസ് നടത്തിയ പരിശോധനയില്‍ പ്രതിയെ കണ്ടെത്തുവാനോ, കൊലപാതകത്തിലേയ്ക്ക് നയിക്കുന്ന യാതൊരു തെളിവുകളോ, സൂചനകളോ കണ്ടെത്തുവാനോ കഴിഞ്ഞില്ല. ഇതിനെ തുടര്‍ന്നാണ്  ഭര്‍ത്താവ് ജോര്‍ജ്ജിനെ നുണപരിശോധനയ്ക്കു വിധേയനാക്കാന്‍ പൊലീസ് നടപടി ആരംഭിച്ചത്. നുണ പരിശോധനയ്ക്കു വിധേയനാകാന്‍ സന്നദ്ധനാണെന്നു ജോര്‍ജ് രേഖാമൂലം അന്വേഷണ സംഘത്ത അറിയിച്ചിരുന്നു.

ഏപ്രില്‍ 8ന് പുലര്‍ച്ചെ നാലുമണിയോടെ ജോര്‍ജജിന്റെ വീടിന്റെ താഴത്തെനിലയിലെ കിടപ്പുമുറിയില്‍ കട്ടിലില്‍ നിന്നു വീണ നിലയില്‍ ചിന്നമ്മയെ കണ്ടെത്തിയത്. വീടിന്റെ മുകളിലത്തെ മുറിയില്‍ കിടന്നുറങ്ങിയ ജോര്‍ജ്ജ് രാവിലെ നാല് മണിയോടെ താഴെ മുറിയില്‍ എത്തിയപ്പോഴാണ്  വായില്‍ തുണി കടിച്ചുപിടിച്ച് കമിഴ്ന്ന് കിടക്കുന്ന നിലയിലാണ് ചിന്നമ്മയെ കണ്ടതെന്നും ചിന്നമ്മയുടെ ശരീരത്തുള്ള നാല് പവന്റെ സ്വര്‍ണ്ണാഭരണങ്ങള്‍ നഷ്ടമായിട്ടുണ്ടെന്നുമാണ് ഭര്‍ത്താവ് ജോര്‍ജ്ജിന്റെ മൊഴി. ഇതിന്റെ അടിസ്ഥാനത്തില്‍ നിരവിധി ആളുകളെ പൊലീസ് ചോദ്യം ചെയ്തിരുന്നുവെങ്കിലും യാതൊരു തെളിവും ലഭിക്കാതെ വന്നതിനെ തുടര്‍ന്നാണ് ഏറ്റവും കൂടുതല്‍ സംശയം ആരോപിക്കുന്ന ഭര്‍ത്താവ് ജോര്‍ജ്ജിലേയ്ക്ക് അന്വേഷണം പൊലീസ് തിരിച്ച് വിട്ടത്.