കാടിന്റെ കരളറിഞ്ഞ്, കാട്ട്‌ച്ചെത്തവും ‘കാടകവും’ വേദി പിടിച്ചടക്കി

Web Desk
Posted on June 07, 2019, 5:21 pm

വൈലോപ്പിള്ളി സംസ്‌കൃതി ഭവന്റെ ആഭിമുഖ്യത്തില്‍, ഇടുക്കി ജില്ലയിലെ മറയൂരില്‍ സംഘടിപ്പിച്ച ‘കാട്ട്‌ച്ചെത്തം’ ‘സംസ്‌കൃതി‘യുടെ ഗോത്രാരവത്തിന് വ്യത്യസ്ത കലാപരിപാടികളോടെ പ്രൗഢമായ ഉദ്ഘാടനം നടന്നു.

നാടക പ്രവര്‍ത്തകന്‍ മംഗല്‍ ദാസ്, മോട്ടിവേഷന്‍ ട്രെയിനര്‍ വര്‍ഗീസ് പോള്‍, സാമൂഹ്യപ്രവര്‍ത്തക ഗീതാ ജോണ്‍ എന്നിവര്‍ നേതൃത്വം നല്‍കിയ മൂന്നു ദിവസത്തെ നാടക പരിശീലനം കഴിഞ്ഞ വിവിധ ഗോത്ര കലാകാരന്മാരും കലാകാരികളും ആനുകാലിക പ്രസക്തിയുള്ള ‘സ്ട്രീറ്റ് പ്ലേ’ അവതരിപ്പിച്ച് കാണികളുടെ പ്രശംസ നേടി.

ഗോത്രകലാകാരന്മാരെ ആദരിക്കൽ ചടങ്ങ്

വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍ വൈസ് ചെയര്‍മാന്‍ വിനോദ് വൈശാഖി ആധ്യക്ഷം വഹിച്ച സമ്മേളനത്തില്‍ പങ്കുകൊണ്ട വിശിഷ്ടാതിഥികള്‍ക്ക് വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍ സെക്രട്ടറി എം ആര്‍ ജയഗീത സ്വാഗതം ആശംസിച്ചു. ദേവികുളം എം എല്‍ എ എസ് രാജേന്ദ്രന്‍ പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം നിര്‍വഹിച്ചു. വേദിയില്‍ ഒരുക്കിവച്ചിരുന്ന പന്തത്തിന് പൊങ്ങമ്പള്ളി മൂപ്പനും കുഴല്‍ വാദന വിദഗ്ദ്ധനുമായ പളനി കുണ്ടന്‍ ജ്വാല പകര്‍ന്നു. യുവജനക്ഷേമവകുപ്പ് ഇടുക്കി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സിജിമോന്‍, മറയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ആരോഗ്യദാസ്, മറയൂര്‍ പഞ്ചായത്ത് മെംബര്‍ ജോമോന്‍ തോമസ്, കാന്തല്ലൂര്‍ പഞ്ചായത്ത് മെംബര്‍ ശിവന്‍ രാജ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

കുലവയാട്ടം-1 ഗോത്രകലാരൂപം അവ ദണ്ഡുക്കൊമ്പ് സംഘം

വിവ കള്‍ച്ചറല്‍ ഡവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ ഡയറക്ടര്‍ എസ് എന്‍ സുധീര്‍, പ്രസിഡന്റ് ഗീതാ ജോണ്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. സംസാരിച്ചു. ചിത്രകാരന്‍ ആനന്ദ്, എം എല്‍ എ യുടെ രേഖാചിത്രം തത്സമയ ചിത്രരചനയിലൂടെ പൂര്‍ത്തിയാക്കി അദ്ദേഹത്തിനു സമ്മാനിച്ചു. വിവിധ ഗോത്രങ്ങളിലെ വിശിഷ്ടവ്യക്തിത്വങ്ങള്‍ക്ക് ആദരസമര്‍പ്പണവും വേദിയില്‍ നടന്നു. യോഗത്തില്‍ സംബന്ധിച്ച വിശിഷ്ട സാന്നിധ്യങ്ങള്‍ക്ക് ഗീതാ ജോണ്‍ കൃതജ്ഞത പ്രകടിപ്പിച്ചു.
‘ഗോത്രജീവിതത്തിന്റെ ഹൃദയത്തുടിപ്പ് കാടകങ്ങളില്‍ നിന്നും കണ്ടെടുത്ത് ജീവിതവികാസത്തിന് ഉതകുന്ന തരത്തില്‍ പരിവര്‍ത്തനം ചെയ്യപ്പെടേണ്ടതിന്റെ പ്രാധാന്യം കണക്കിലെടുത്തിട്ടാണ് വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍ അപൂര്‍വ്വമായ ഇത്തരം ഉദ്യമങ്ങള്‍ക്ക് മുന്‍കൈയെടുക്കുന്നത്.

കൃതജ്ഞത ഗീതാ ജോൺ, (പ്രസിഡൻ്റ്, വിവ)

പെരുമല, കീഴാന്തൂര്‍, കാന്തല്ലൂര്‍, മറയൂര്‍, പൊട്ടക്കുടി എന്നീ പ്രദേശങ്ങള്‍ ഉള്‍പ്പെട്ട അഞ്ചുനാടിന്റെ കലാപാരമ്പര്യം ഏറെ മഹത്തരമാണ്. ഓരോ കലയിലും ഉറങ്ങിക്കിടക്കുന്നത്, കാടിന്റെ ആത്മസത്ത തന്നെ. അവ, ‘ഞാനും നീയുമില്ല; നമ്മള്‍ മാത്രമേയുള്ളൂ‘വെന്ന വിശ്വസാഹോദര്യസന്ദേശമാണ് എക്കാലവും ഉയര്‍ത്തിപ്പിടിക്കുന്ന’തെന്ന് സംസ്‌കൃതിഭവന്‍ സെക്രട്ടറി എം ആര്‍ ജയഗീത അഭിപ്രായപ്പെട്ടു. ‘കുന്നുകയറി ഈ മറയൂരിന്റെ മധുരങ്ങളിലേയ്ക്ക് തങ്ങള്‍ ഇനിയും കൂട്ടായി കയറിവരുമെന്നും, നാടറിയാത്ത കാടിന്റെ കലാചൈതന്യങ്ങളെ സഹൃദയസമക്ഷം അവതരിപ്പിക്കുവാനുള്ള ശ്രമങ്ങള്‍ ഇനിയും തുടരുമെന്നും, അധ്യക്ഷപ്രസംഗത്തില്‍ സംസ്‌കൃതിഭവന്‍ വൈസ് ചെയര്‍മാന്‍ വിനോദ് വൈശാഖി പ്രസ്താവിച്ചു.

kattuchetham

യോഗാനന്തരം, ദണ്ഡുക്കൊമ്പ് സംഘം കലാകാരന്മാരും കലാകാരികളും ചേര്‍ന്ന് ഗോത്രകലാരൂപമായ ‘കുലവയാട്ടം’ അവതരിപ്പിച്ചു. തുടര്‍ന്ന് പ്രശസ്ത നാടന്‍പാട്ടു കലാകാരി ചാലക്കുടി പ്രസീതയും സംഘവും ‘ആട്ടക്കളം’ ഗോത്രകലാമേള നിറഞ്ഞ സദസ്സിനു മുന്നില്‍ അവതരിപ്പിച്ചു. അവതരണം തൃശ്ശൂര്‍ പതി ഫോക് അക്കാദമി. മറയൂരിന്റെ മണ്ണില്‍ അപൂര്‍വമായി മാത്രം അവതരിപ്പിക്കപ്പെടാറുള്ള ആത്മപ്രകാശനത്തിനായുള്ള ഇത്തരം കൂട്ടുചേരലുകള്‍ ഇനിയും ആവര്‍ത്തിക്കപ്പെടണമെന്ന് ആവശ്യപ്പെട്ടാണ് കലാസ്വാദകര്‍ യാത്രയായത്.

YOU MAY LIKE THIS VIDEO