February 8, 2023 Wednesday

കത്വ ഫണ്ട്‌ തട്ടിപ്പ്‌ ആരോപണം ; മുഈനലി തങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ചീത്തവിളി

Janayugom Webdesk
February 4, 2021 2:32 pm

യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസിനെതിരായ കത്വ ഫണ്ട്‌ തട്ടിപ്പ്‌ ആരോപണത്തിൽ പ്രതികരിച്ച ലീഗ് സംസ്ഥാന അധ്യക്ഷന്‍ ഹൈദരലി തങ്ങളുടെ മകനും യൂത്ത് ലീഗ് ദേശീയ ഉപാധ്യക്ഷനുമായ മുഈനലി തങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ചീത്തവിളി. അലി അബ്ബാസ് എന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് മുഈനലി തങ്ങളെ ദുരന്തമെന്ന് വിശേഷിപ്പിച്ച് രംഗത്തെത്തിയത്. മുസ്ലീംലീഗിന്റേ ഗ്രൂപ്പിലാണ് അലി അബ്ബാസിന്റെ പരാമര്‍ശം.ഏത് കൊമ്പത്തുള്ള തങ്ങളായാലും വേണ്ടിയില്ല ഇവനെ പാര്‍ട്ടി കൂച്ചുവിലങ്ങിടണം. ഇവന്റെ പല പ്രസ്‌താവനകളും അപക്വവും പാര്‍ട്ടി ശത്രുക്കളെ സുഖിപ്പിക്കുന്നതുമാണ്.

പാര്‍ട്ടി പ്രതിസന്ധിയില്‍ അകപ്പെടുമ്പോള്‍ മാത്രം ചാനലില്‍ വന്ന് പാര്‍ട്ടിക്കെതിരെ പറയുന്ന ഒരു ദേശീയ നേതാവാണ് പോലും ഈ ദുരന്തം. പാര്‍ട്ടിയാണ് വലുത്. അല്ലാതെ നേതാക്കളല്ല. ഇവനെ എടുത്ത് പുറത്തിടണം.” മുഈനലി തങ്ങളുടെ ഫോട്ടോ സഹിതമാണ് അലിയുടെ ഈ പരാമര്‍ശം.ഫണ്ട് തട്ടിപ്പ് ആരോപണത്തില്‍ പി കെ ഫിറോസിനെതിരെ മുഈനലി തങ്ങള്‍ രംഗത്തെത്തിയിരുന്നു. യൂത്ത് ലീഗ് ദേശീയസമിതി അംഗം യൂസഫ് പടനിലത്തിന്റെ ആരോപണം ശരിവയ്ക്കുന്നതായിരുന്നു മുഈനലിയുടെ പ്രതികരണം. പീഡനത്തിനിരയായ പെണ്‍കുട്ടികളുടെ കുടുംബത്തെ സഹായിക്കാന്‍ പിരിച്ച പണം സംബന്ധിച്ച കണക്ക് രണ്ടു വര്‍ഷം കഴിഞ്ഞിട്ടും നേതാക്കള്‍ പുറത്തുവിട്ടിട്ടില്ല. ഫണ്ടിന്റെ കണക്ക് ദേശീയസമിതിയില്‍ ആവശ്യപ്പെട്ടിരുന്നു. എത്ര തുക പിരിച്ചെന്ന് നിരവധി തവണ ചോദിച്ചു. എന്നാല്‍ കണക്ക് മാത്രം അവതരിപ്പിച്ചില്ല. ഇനി ഈ പണം കുടുംബങ്ങള്‍ക്ക് കൊടുത്തോ എന്ന കാര്യവും വ്യക്തമാക്കിയിട്ടില്ല. ഇക്കാര്യത്തില്‍ രണ്ടു തവണ ദേശീയ ജനറല്‍ സെക്രട്ടറി കൂടിയായ പി കെ കുഞ്ഞാലിക്കുട്ടിക്ക് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്നും മുഈനലി തങ്ങള്‍ പറഞ്ഞിരുന്നു.യൂത്ത് ലീഗ് പിരിച്ചെടുത്ത പണം ഇതുവരെയും ഇരകള്‍ക്ക് കൈമാറിയില്ലെന്നാണ്‌ യൂസഫ് പടനിലം വെളിപ്പെടുത്തിത്.

48 ലക്ഷം രൂപ പിരിച്ചതില്‍ ഒരു രൂപ പോലും ഇരകളുടെ കുടുംബത്തിന് കൈമാറിയിട്ടില്ല. 2019ല്‍ പി കെ ഫിറോസ് നടത്തിയ യുവജനയാത്രയുടെ കടമുണ്ടെന്ന് പറഞ്ഞ് 15 ലക്ഷം രൂപ വകമാറ്റിയെന്നും യൂസഫ് പടനിലം ആരോപിച്ചു. കേരളത്തിലെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്കുള്‍പ്പെടെ പണം ലഭിച്ചതായി ഇദ്ദേഹം പറയുന്നു. എല്ലാവരും അതിവൈകാരികമായി ഉള്‍ക്കൊണ്ട കത്വ, ഉന്നാവോ ഇരകള്‍ക്കായി പിരിച്ച തുക നല്‍കാതിരിക്കുന്നത് അതീവ ഗുരുതരമായ വിഷയമായി താന്‍ കാണുന്നതായി യൂസഫ് പടനിലം പറഞ്ഞു. പിരിച്ചെടുത്ത പണം സംബന്ധിച്ച യാതൊരു കണക്കുകളും ദേശീയ കമ്മിറ്റിയ്ക്കുമുന്നില്‍ അവതരിപ്പിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കണക്ക് അവതരിപ്പിക്കാന്‍ പലതവണ ആവശ്യപ്പെട്ടിട്ടും ഇതുവരെ കാര്യങ്ങളില്‍ വ്യക്തത വരാത്തതിനാലാണ് പൊതുവിടങ്ങളില്‍ ഇത് പറയേണ്ടിവരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.സാമ്പത്തികക്രമക്കേടുകള്‍ ചോദ്യം ചെയ്‌ത ഹൈദരലി തങ്ങളുടെ മകന്‍ മുഈനലവി തങ്ങളെ പാര്‍ട്ടിയ്ക്കുള്ളില്‍ അപമാനിക്കാന്‍ ശ്രമങ്ങള്‍ നടന്നതായും യൂസഫ് പടനിലം പറഞ്ഞിരുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ടാണ് യൂത്ത് ലീഗ് ദേശീയ പ്രസിഡന്റ് സാബിര്‍ ഗഫാര്‍ രാജിവെച്ചതെന്നും യൂസഫ് പടനിലം വെളിപ്പെടുത്തി. സികെ സുബൈര്‍ ഉത്തരേന്ത്യന്‍ യാത്രകള്‍ നടത്താന്‍ ഈ ഫണ്ട് ഉപയോഗിച്ചെന്നും യൂസഫ് പറഞ്ഞു. കുഞ്ഞാലിക്കുട്ടി അടക്കമുള്ളവര്‍ക്ക് മുന്നില്‍ ഈ വിഷയം അവതരിപ്പിച്ചിരുന്നു. ആറുമാസത്തില്‍ പരിഹരിക്കാമെന്ന് കഴിഞ്ഞവര്‍ഷം പറഞ്ഞിരുന്നു. എന്നാല്‍ ഇതുവരെ പരിഹാരം ഉണ്ടാകാത്ത സാഹചര്യത്തിലാണ് വിഷയം പൊതുജനമധ്യത്തില്‍ വെളിപ്പെടുത്തിയതെന്നും യൂസഫ് പറഞ്ഞിരുന്നു.
eng­lish sum­ma­ry ;Kat­wa fund fraud alle­ga­tion; Muinali is the scape­goat of the Con­gress work­ers against themselves
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.