കൗശികന് കിട്ടിയ മൂന്നു വരങ്ങള്‍

ബാലയുഗം
സന്തോഷ് പ്രിയന്
ഒരിടത്ത് കൗശികന് എന്നൊരു മരംവെട്ടുകാരനുണ്ടായിരുന്നു. വെറും പാവത്താനായിരുന്നു അയാള്‍. രാവിലെ വീട്ടില്‍ നിന്നും അടുത്തുള്ള വനത്തില്‍ പോയി സന്ധ്യയാകുന്നതുവരെ മരംവെട്ടിയാണ് അയാളും ഭാര്യ സുമംഗലയും കഴിഞ്ഞിരുന്നത്. ഒരുദിവസം കാട്ടില്‍ മരംവെട്ടിക്കൊണ്ടിരുന്നപ്പോള് ഭയങ്കരമായ കാറ്റും മഴയും ഉണ്ടായി. മഴ തോരാനായി കൗശികന് അടുത്തുകണ്ട ഒരു ഗുഹയില്‍ കയറിനിന്നു.
-ഈശ്വരാ ഇന്ന് പട്ടിണിയാകുമല്ലോ. മഴയായതിനാല്‍ വിറക് ചന്തയില്‍ കൊണ്ടുപോയി വില്ക്കാന് കഴിയില്ലല്ലോ- അയാള്‍ ആകെ വിഷമിച്ചു.
അപ്പോഴാണ് വനദേവത അയാള്‍ക്കുമുമ്പില്‍ പ്രത്യക്ഷപ്പെട്ടത്. ‘കൗശികാ, നിന്റെ വിഷമം മനസിലാക്കി വന്നതാ ഞാന്‍. നീ സത്യസന്ധനായതുകൊണ്ട് നിനക്ക് മൂന്നു വരങ്ങള്‍ തരാം. നിനക്ക് ഇഷ്ടമുള്ളപ്പോള്‍ മൂന്നു കാര്യങ്ങള്‍ ആഗ്രഹിക്കും പോലെ നടക്കും.’
ഇതു പറഞ്ഞിട്ട് വനദേവത അപ്രത്യക്ഷമായി. കൗശികന് സന്തോഷമായി. -കുറച്ച് പണം നേടിയിട്ട് ഇപ്പോഴത്തെ പോലെ അധ്വാനിച്ച് ജീവിക്കണം. ഒരു കാളവണ്ടി വാങ്ങിയാല്‍ വിറക് ചന്തയില്‍ കൊണ്ടുപോയി വില്ക്കാന് എളുപ്പമാകും.- അയാള്‍ കരുതി.
വീട്ടിലെത്തിയ കൗശികന് നടന്നതെല്ലാം ഭാര്യ സുമംഗലയോടു പറഞ്ഞു. എന്നാല്‍ ആഡംബരമായി ജീവിക്കണമെന്നായിരുന്നു ഭാര്യയുടെ ആവശ്യം.
‘ആദ്യത്തെ വരത്തിലൂടെ എന്നെ സുന്ദരിയാക്കൂ മനുഷ്യാ’
അവള് അതുപറഞ്ഞ് അയാളെ അലട്ടാന്‍ തുടങ്ങി.
‘സുമംഗലേ, മൂന്നേമൂന്നു വരങ്ങളേ നമുക്ക് വിനിയോഗിക്കാന്‍ കഴിയൂ. നമ്മുടെ കഷ്ടപ്പാട് തീര്‍ക്കാന്‍ എന്തെങ്കിലും വരം നേടുന്നതല്ലേ നല്ലത്.’
എന്നാല്‍ അവളുണ്ടോ അതു കേള്‍ക്കുന്നു. ഒടുവില്‍ മറ്റ് മാര്‍ഗമൊന്നുമില്ലാതെ കൗശികന് ആദ്യത്തെ വരം ഉപയോഗിച്ച് അവളെ സുന്ദരിയാക്കി. അതിസുന്ദരിയായപ്പോള് അവളുടെ അഹങ്കാരം ഇരട്ടിയായി.
‘ഹും, സുന്ദരനല്ലാത്ത നിങ്ങളുടെ കൂടെ അതിസുന്ദരിയായ ഞാന്‍ ഇനി കഴിയുന്നത് ശരിയല്ല, ഞാന്‍ എന്റെ ഗ്രാമത്തിലേക്ക് പോകുന്നു.’
അതുപറഞ്ഞിട്ട് സുംഗല അവളുടെ ഗ്രാമത്തിലേക്ക് പോയി. പാവം കൗശികന്. അയാള്‍ പോകരുതെന്ന് പറഞ്ഞ് അവളുടെ പിറകേ ഓടി. കുറേ ദൂരം ചെന്നപ്പോള്‍ നാടു വാഴുന്ന രാജാവ് ആനപ്പുറത്ത് കയറി പരിവാരങ്ങളുമായി വരുന്നു. വീഥിയിലൂടെ വരുന്ന സുമംഗലയെ രാജാവ് കണ്ടു. ഇത്രയും സുന്ദരിയായ യുവതിയെ രാജാവ് ഇതുവരേയും കണ്ടിട്ടില്ലായിരുന്നു.
ഉടന്‍ രാജാവ് ഭടന്മാരോട് ആജ്ഞാപിച്ചു.
‘ഹേയ്, ആ സുന്ദരിയെ പിടിച്ച് എന്റെ അടുത്തുകൊണ്ടുവാ, അവളെ എന്റെ ഭാര്യയാക്കണം.’
അതുകേട്ട് ഭടന്മാര് അവളെ പിടിച്ച് രാജാവിന്റെ അടുത്തേക്ക് നടന്നു. ഇതുകണ്ട കൗശികന് ആകെ വിഷമിച്ചു. -ഈശ്വരാ എന്തെങ്കിലും ഉടന്‍ ചെയ്തില്ലെങ്കില്‍ ആകെ കുഴപ്പമാകുമല്ലോ-. കൗശികന് രണ്ടാമത്തെ വരം ഉപയോഗിക്കാന്‍ തീരുമാനിച്ചു. താമസിയാതെ അവള് ഒരു കുരങ്ങായിത്തീരട്ടെ എന്ന് മനസില്‍ പറഞ്ഞു. അടുത്ത നിമിഷം സുമംഗല കുരങ്ങായി മാറി. അതി സുന്ദരിയായ യുവതി കുരങ്ങായി മാറിയതുകണ്ട് ഭടന്മാരും രാജാവും അവളെ ഉപേക്ഷിച്ച് പോയി.
കുരങ്ങ് ഓടിവന്ന് കൗശികന്റെ കാല്‍ക്കല്‍വീണ് കരയാന്‍ തുടങ്ങി. ‘അങ്ങ് എന്നോട് പൊറുക്കണേ…എന്നെ വേഗം മനുഷ്യസ്ത്രീയാക്കൂ.’
കുരങ്ങായി മാറിയ സുമംഗലയുടെ കരച്ചില് കണ്ട് കൗശികന് സഹതാപം തോന്നി. മൂന്നാമത്തെ വരം ഉപയോഗിച്ച് അയാള്‍ അവളെ പഴയപോലെ സ്ത്രീയാക്കി മാറ്റി. ഭര്‍ത്താവിന് മുമ്പില്‍ തൊഴുതുകൊണ്ട് അവള് നിന്നു. അപ്പോള്‍ കൗശികന് പറഞ്ഞു.
‘നിന്റെ അത്യാഗ്രവും അഹങ്കാരവുമാണ് ഇതിനൊക്കെ കാരണം. മൂന്നു വരവും കൊണ്ട് നമുക്ക് ഒന്നും നേടാന്‍ കഴിഞ്ഞില്ല. കഷ്ടപ്പാടിനിടെ എന്തെങ്കിലും ഒരു നേട്ടം ഉണ്ടായാല്‍ അഹങ്കരിക്കാതെ യുക്തിപൂര്‍വം ഉപയോഗിച്ചില്ലെങ്കില്‍ ഇങ്ങനെയൊക്കെ സംഭവിക്കും. ഇപ്പോള്‍ സൗന്ദര്യമൊക്കെ പോയി പഴയ സുമംഗലയായല്ലോ നീ, സമാധാനവുമായല്ലോ, വരൂ വീട്ടിലേക്ക് പോകാം.’
അതുകേട്ട് സുമംഗല ലജ്ജിച്ച് തല താഴ്ത്തി നിന്നു. പിന്നെ രണ്ടുപേരും വീട്ടിലേക്കു നടന്നു.