മെഡിക്കല്‍ കോളജിലേക്ക് ഇനി 20 മിനിറ്റ് ഇടവിട്ട് കെഎസ്ആര്‍ടിസി ബസുകള്‍

Web Desk
Posted on June 14, 2019, 3:40 pm

കാവാലം: കാവാലത്തു നിന്ന് കൈനടി വഴി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് ഇനി 20 മിനിറ്റ് ഇടവിട്ട് കെ എസ് ആര്‍ ടി സി ഓര്‍ഡിനറി സര്‍വീസ്. ആദ്യ ഘട്ടമായി ആറ് ബസുകള്‍ ഓടി തുടങ്ങി. നാല് ബസുകള്‍ കൂടി വരും ദിവസങ്ങളില്‍ സര്‍വീസ് നടത്തി തുടങ്ങും. രാവിലെ 5.30 നാണ് കാവാലത്ത് നിന്ന് ആദ്യ സര്‍വീസ്.

കോട്ടയത്ത് നിന്ന് രാവിലെ 5.50ന് സര്‍വീസ് തുടങ്ങും. രാത്രി പത്തിന് പതിവായുള്ള സ്‌റ്റേ ബസ് തുടരും. കാവാലത്ത് നിന്ന് പുറപ്പെട്ട് നീലംപേരൂര്‍, കുറിച്ചി, എം.സി റോഡ് വഴി കോട്ടയത്ത് എത്തിയശേഷം ചുങ്കം, കുടയംപടി റൂട്ടിലൂടെ ബസ് മെഡിക്കല്‍ കോളജ് സ്റ്റാന്‍ഡിലെത്തും. ഉള്‍പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് ഏറെ പ്രയോജനകരമാകുന്ന തരത്തിലാണ് ചെയിന്‍ സര്‍വീസ് നടത്തുകയെന്ന് കെ എസ് ആര്‍ ടി സി കോട്ടയം ഡിപ്പോ അധികൃതര്‍ പറഞ്ഞു. ഒന്നരപതിറ്റാണ്ടു മുമ്പ് കാവാലത്തേക്ക് സ്വകാര്യബസുകള്‍ക്ക് പെര്‍മിറ്റ് അനുവദിച്ചപ്പോള്‍ നാട്ടുകാര്‍ എതിര്‍ത്തു. തുടര്‍ന്നുണ്ടായ ജനകീയ സമരത്തെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി സര്‍വീസ് മാത്രമായി നടത്തിവരികയായിരുന്നു. എന്നാല്‍ ബസ് സര്‍വീസുകള്‍ പലപ്പോഴായി വെട്ടികുറയ്ക്കപ്പെട്ടതോടെ ജനങ്ങള്‍ പ്രതിഷേധത്തിലുമായിരുന്നു.

കോട്ടയത്ത് നിന്ന് കൈനടി വരെ 14 ഓളം സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. സേവനം മെച്ചപ്പെടുത്തിയാല്‍ ഈ മേഖലയില്‍ നിന്ന് കൂടി കൂടുതല്‍ യാത്രക്കാരെ ലഭിക്കുമെന്നാണ് കെ എസ് ആര്‍ ടി സിയുടെ പ്രതീക്ഷ. മാത്രമല്ല നിര്‍മ്മാണം അവസാന ഘട്ടത്തിലേക്ക് കടന്ന മങ്കൊമ്പ് സിവില്‍ സ്‌റ്റേഷന്‍ പാലം ഗതാഗതത്തിന് തുറന്നു കൊടുക്കുന്നതോടെ ആലപ്പുഴയില്‍ നിന്ന് മങ്കൊമ്പ് വഴി കാവാലം തട്ടാശേരിയിലേക്ക് കെ.എസ്.ആര്‍.ടി.സി സര്‍വീസ് സാധ്യമാകും. കാവാലത്തും പാലം നിര്‍മ്മാണത്തിനായുള്ള നടപടികള്‍ നടന്നു വരികയാണ്. പാലം നിര്‍മ്മിക്കുന്ന കാവാലംതട്ടാശേരി കടവില്‍ ഇപ്പോള്‍ യന്ത്രവത്കൃത ജങ്കാറുണ്ട്. ഇത് ഉപയോഗപ്പെടുത്തി കോട്ടയത്തു നിന്ന് കാവാലം വഴി ആലപ്പുഴ സര്‍വീസിനും സാധ്യതയേറെയാണ്. ചെയിന്‍ സര്‍വീസ് ആരംഭിച്ച നടപടിയെ കാവാലം സൂര്യയുവജന ക്ഷേമകേന്ദ്രവും കെ എസ് ആര്‍ ടി സി സര്‍വീസ് സംരക്ഷണ സമിതിയും സ്വാഗതം ചെയ്തു. സമയക്രമം തെറ്റിച്ചും കെ എസ് ആര്‍ ടി സി ബസുകള്‍ക്ക് സൈഡ് നല്‍കാതെയും കൈനടി കോട്ടയം റൂട്ടില്‍ ഓടുന്ന സ്വകാര്യബസുകള്‍ക്കെതിരെ പോലീസും മോട്ടോര്‍ വാഹന വകുപ്പും കര്‍ശന നടപടി സ്വീകരിക്കണമെന്നും സ്വകാര്യ ബസ് ലോബി സംഘടിതമായി കെ എസ് ആര്‍ ടി സി സര്‍വീസുകളുടെ കളക്ഷന്‍ കുറയ്ക്കാന്‍ നടത്തുന്ന നീക്കങ്ങള്‍ തടയണമെന്നും ഇരു സംഘടനകളും ആവശ്യപ്പെട്ടു.