സ്ലീപ്പിംഗ് ബ്യൂട്ടി

Web Desk
Posted on November 18, 2017, 11:18 pm

അനില്‍ നീണ്ടകര

ഒന്ന്
ദൈവങ്ങളെക്കാള്‍
നീയെന്നെ വിശ്വസിച്ചു.

മുന്നറിയിപ്പില്ലാതെ
വാഹനങ്ങള്‍
പണിമുടക്കിയ രാത്രിയില്‍
ദേവാലയങ്ങള്‍ ഉപേക്ഷിച്ച്
ഈ മുറിയില്‍ അഭയം തേടി.

കുളിച്ച് ,
പുതുവസ്ത്രം ധരിച്ച്
ശിശുവിനെപ്പോലെ നിര്‍ഭയം
നീയുറങ്ങുന്നത് നോക്കിനില്ക്കുമ്പോള്‍
എന്റെ കണ്ണുകളും
അടഞ്ഞുപോകുന്നു .

നീലസമുദ്രത്തിനടിയില്‍
മയങ്ങുന്ന
പവിഴപ്പുറ്റുകള്‍,
സ്വര്‍ണ്ണമത്സ്യങ്ങള്‍.

രണ്ട്
പുലര്‍ച്ചയ്ക്ക്,
വെളിച്ചത്തിലേക്ക്
ചൂളംവിളിക്കുന്ന വണ്ടിയില്‍
അവള്‍ കൈവീശി മറയുന്നു.
‘അപൂര്‍വ്വ സുഹൃത്തേ
നിനക്കു നന്ദി’.

മൂന്ന്
മോഹഭംഗത്തോടെ
നോക്കുന്ന ആസ്വാദകാ ,
സൗന്ദര്യബോധമുള്ളവന്
ബലാത്സംഗം അസാധ്യമാണ്.