26 March 2025, Wednesday
KSFE Galaxy Chits Banner 2

കവിയും കാമുകനുമായ നോബെല്‍

വലിയശാല രാജു
December 15, 2024 7:15 am

സ്ഫോടക വസ്തുക്കളുടെ നിർമ്മാണവും കച്ചവടവുമായി ലോകത്തെമ്പാടും അലഞ്ഞു നടന്ന ആളാണ് ആൽഫ്രഡ്. സമ്പാദിച്ച ശതകോടികൾക്ക് നടുവിൽ കിടന്നുറങ്ങുമ്പോഴും ഉള്ള് കൊണ്ട് ഏകാകിയായിരുന്നു അയാൾ. എഴുത്തിനെ ജീവന് തുല്യം സ്നേഹിച്ചയാൾ. മൂന്ന് നോവലുകൾ ആൽഫ്രർഡ് നൊബേൽ എഴുതിട്ടുണ്ട്.

മാനവരാശി കണ്ട വിനാശകാരിയായ കണ്ടെത്തൽ നടത്തിയപ്പോഴും ലോക സമാധാനത്തിനു വേണ്ടി നിലകൊണ്ട മനുഷ്യസ്നേഹിയായിരുന്നു അദ്ദേഹം. ഒരേ സമയം നായകനായും പ്രതിനായകനായും ചരിത്രത്തിൽ പ്രതിഷ്ഠിക്കപ്പെട്ട വ്യക്തി. പാപക്കറ പേറുന്ന സ്വന്തം ജീവിതത്തോടുള്ള അദ്ദേഹത്തിന്റെ തിരിച്ചറിവോടെയുള്ള പ്രായശ്ചിത്തമായിരുന്നു നൊബേൽ പുരസ്‌കാരം.

ജീവിത സായാഹ്നത്തിൽ ഇറ്റലിയിലെ അക്കാലത്തെ ഏറ്റവും വലിയ മണിമാളികയായ ‘വില്ല നോബലി‘ൽ ഏകാകിയായി, ലോകം ‘മരണത്തിന്റെ മൊത്ത വ്യാപാരി’ എന്ന് വിളിക്കുന്നത് കേട്ടിരിക്കേണ്ടി വന്ന ഹതഭാഗ്യൻ. പല പെൺകുട്ടികളേയും പ്രണയിച്ചെങ്കിലും ജീവിത പന്തയത്തിലെ നിലക്കാത്ത ഓട്ടത്തിനിടയിൽ എല്ലാം മറന്ന് അവിവാഹിതനായി ശിഷ്ട ജീവിതം ജീവിച്ചു തീർക്കേണ്ടി വന്നു അയാൾക്ക്.

വേദനിക്കുന്ന കോടീശ്വരൻ
***************************
‘വേദനിക്കുന്ന കോടീശ്വര’നായിരുന്നു ആൽഫ്രഡ് നൊബേല്‍. കുട്ടിക്കാലത്ത് ദാരിദ്ര്യം നന്നായി അനുഭവിച്ചു. സ്വീഡനിലെ പാവപ്പെട്ട കുട്ടികൾ പഠിക്കുന്ന സർക്കാർ സ്കൂളിലാണ് പ്രൈമറി വിദ്യാഭ്യാസം പൂർത്തിയാക്കിയത്. അളവറ്റ പണം സമ്പാദിച്ചിട്ടും തൃപ്തനാകാതെ അജ്ഞാതമായതെന്തൊക്കെയോ തിരഞ്ഞു നടന്ന മനുഷ്യനായിരുന്നു ആൽഫ്രഡ്. സാഹിത്യത്തെ മനസിന്റെ കോണിൽ എന്നും സൂക്ഷിച്ചിരുന്നെങ്കിലും ഒരു സാഹിത്യകാരനാകാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല.

ആരോഗ്യ പ്രശ്നങ്ങൾ ഏറെ വലച്ച ബാല്യകാലമായിരുന്നു നൊബെലിന്റേത്. കുട്ടി ജനിച്ചപ്പോൾ തന്നെ ജീവിച്ചിരിക്കുമെന്ന് മാതാപിതാക്കൾ കരുതിയില്ല. എട്ട് കുട്ടികളായിരുന്നു ആ ദമ്പതികൾക്ക്. നാല് പേരും ബാല്യത്തിൽ മരിച്ചു. ആൽഫ്രഡിന്റെയും വിധി അതായിരിക്കുമെന്ന് അവർ കരുതി. ഏത് നിമിഷവും ജീവൻ നഷ്ടപ്പെടാവുന്ന അവസ്ഥ. സമപ്രായക്കാരായ കുട്ടികൾ ആർത്തുല്ലസിച്ച് കളിച്ച് നടക്കുമ്പോൾ അത് നോക്കി വിഷാദത്തോടെ അവനിരിക്കും. ഞരമ്പുകളെ ബാധിക്കുന്ന ഏതോ രോഗമായിരുന്നു. പക്ഷെ ശരീരത്തിന്റെ ക്ഷീണം ബുദ്ധിയെ ബാധിച്ചില്ല. പുസ്തകങ്ങൾ വായിക്കുകയായിരുന്നു അക്കാലത്തെ ഏക ആശ്വാസം. വല്ലാത്ത ഏകാന്തതയിൽ നിന്നും നൊബെലിനെ കരകയറാൻ സഹായിച്ചത് വായനയായിരുന്നു. ബാല്യം മുതൽ തുടങ്ങിയ ഏകാന്തതയും ശൂന്യതാബോധവും മരണം വരെയും ആൽഫ്രഡിനെ വേർപിരിയാതെ ഒരു വേട്ടക്കാരനെ പോലെ പിന്തുടർന്നിരുന്നു. 

ഇറ്റലിയിലെ സാൻ റെമോയിൽ നൊബേൽ പണി കഴിപ്പിച്ച മണിമാളികയായ ‘നൊബേൽവില്ല’യിൽ എന്ത് ആജ്ഞയ്ക്കും കാതോർത്തു നിൽക്കുന്ന പരിചാരകരുടെ നടുവിൽ കഴിയുന്ന കാലം. 1896 ലെ തണുത്ത പ്രഭാതം. വീട്ട് ജോലിക്കാർ വന്ന് നോക്കുമ്പോൾ ആൽഫ്രഡ് തന്റെ പഠന മേശയിൽ തല കമിഴ്ത്തി വച്ച് കിടക്കുകയായിരുന്നു. ഒരു കൈ അപ്പോഴും താൻ കണ്ടെത്തിയ ആയുധങ്ങളുടെ വിവരങ്ങൾ അടങ്ങിയ കടലാസുകെട്ടിൽ അമർന്നിരിക്കുകയായിരുന്നു. അപ്പോഴേക്കും ആൽഫ്രഡ് ലോകത്തോട് വിട പറഞ്ഞിട്ട് മണിക്കൂറുകൾ കഴിഞ്ഞിരുന്നു. വെറും 63വർഷം ഭൂമിയിൽ ജീവിച്ച ആ മഹാപ്രതിഭ വിട്ട് പിരിയുമ്പോഴും ഏകനായിരുന്നു. ജനനം മുതൽ വിട്ട് പിരിയാത്ത ഞരമ്പിനെ ബാധിച്ചിരുന്ന രോഗം തന്നെയായിരുന്നു മരണ കാരണം. അവസാനം അത് പക്ഷാഘാതത്തിലേക്ക് എത്തി.

നടക്കാതെ പോയ എഴുത്ത് ജീവിതവും കുടുംബ ജീവിതവും 
*****************************************
പഠിക്കാൻ മിടുക്കനും അന്തർമുഖനുമായിരുന്ന ആൽഫ്രഡ്ന് വളരെ ചെറുപ്പം മുതലേ സാഹിത്യത്തിൽ വലിയ കമ്പമായിരുന്നു. ലോർഡ് ബൈറൽ, പി ബി ഷെല്ലി, വേർഡ്സ് വർത്ത് എന്നിവരായിരുന്നു പ്രിയപ്പെട്ട കവികൾ. ഷേക്സ്പിയർ നാടകങ്ങൾ ആർത്തിയോടെയാണ് വായിച്ചത്. താൻ ഭാവിയിൽ വലിയൊരു എഴുത്തുകരനാകുമെന്ന് ആൽഫ്രഡ് പറയുമായിരുന്നു. അപ്പോൾ അയാൾക്ക്‌ പ്രായം 16. പതിനെട്ടാമത്തെ വയസിൽ എഴുതിയ ആത്മകഥാംശം അടങ്ങിയ ഒരു മുഴുനീള കവിത തുടങ്ങുന്നത് തന്നെ ഇങ്ങനെയാണ്, ‘നീ പറയും ഞാനൊരു കടങ്കഥയാണെന്ന്…’ പിന്നീട് വ്യവസായിയായ പിതാവ് ഇമ്മനുവേൽ നൊബെലിനോടൊപ്പം കച്ചവടത്തിന് ഇറങ്ങിയപ്പോൾ തന്റെ സർഗവാസനകൾ മനസിന്റെ മൂലയിൽ ഒതുക്കി വച്ചു. ഗവേഷണവും കച്ചവടവുമായി ലോകം മുഴുവൻ തിരക്ക് പിടിച്ചു നടക്കുന്ന കാലത്തും സാഹിത്യം പക്ഷെ, ആൽഫ്രഡ് നൊബെൽ കൈ വിട്ടിരുന്നില്ല. ഇടക്ക് വ്യവസായ രംഗത്ത് തുടർച്ചയായ തിരിച്ചടികൾ നേരിട്ടപ്പോൾ പൂർണമായി സാഹിത്യത്തിലേക്ക് തിരിഞ്ഞാലോയെന്നുവരെ അദ്ദേഹം ആലോചിച്ചിരുന്നു. തിരക്കേറിയ ജീവിതത്തിൽ പുസ്തക വായന മാത്രമായിരുന്നു ഏക ആശ്വാസം. പിൽകാലത്തു ആൽഫ്രഡ്ന്റെ സാഹിത്യ വാസനകളെ പ്രചോദിപ്പിച്ചത് പ്രധാനമായും രണ്ട് സ്ത്രീകളായിരുന്നു. എഴുത്ത്കാരികളായ ഓസ്‌ട്രിയക്കാരി ബെർത്ത വോൺ കിൻസ്കിയും, ജൂലിയറ്റ് ആദം ലാംബറും. സമാധാന പ്രവർത്തക കൂടിയായിരുന്ന ബെർത്ത ആൽഫ്രഡ്ന്റെ സെക്രട്ടറിയും കൂടിയായിരുന്നു അവർ. ബെർത്ത എഴുതിയ പ്രശസ്ത യുദ്ധവിരുദ്ധ നോവൽ lady down your arms എഴുതാൻ കാരണം ആൽഫ്രഡ് നൽകിയ പിന്തുണയായിരുന്നു. തന്റെ സെക്രട്ടറിയുടെ യുദ്ധത്തിനെതിരെ സന്ദേശം നൽകുന്ന നോവൽ പുറത്തിറങ്ങുമ്പോഴും ആൽഫ്രഡ് നോബെൽ സ്ഫോടക വസ്തുക്കൾ നിർമ്മിച്ചു രാജ്യങ്ങൾക്ക് നൽകിക്കൊണ്ടിരിക്കുകയായിരുന്നു എന്നതാണ് ഏറ്റവും വലിയ വൈരുധ്യം. നൊബെൽ പ്രൈസ് എന്ന ആശയത്തിലേക്ക് ആൽഫ്രഡ് എത്താൻ കാരണവും ബെർത്തയായിരുന്നു.

ജൂലിയറ്റ്മായുള്ള ബന്ധമാണ് അക്കാലത്തെ സാഹിത്യകാരൻമാരുമായി ഇടപെടാൻ ആൽഫ്രഡിനെ സഹായിച്ചത്. വിശ്വസാഹിത്യത്തിലെ മുടിചൂടാമന്നനായ വിക്ടർ യുഗോയെ നൊബെൽ പരിചയപ്പെട്ടത് ജൂലിയറ്റിന്റെ വീട്ടിൽ വച്ചാണ്. പിന്നീടിത് വലിയ സൗഹൃദമായി വളർന്നു. ലോകത്തിലെ ഏറ്റവും ധനികനായ നാടോടി എന്നാണ് വിക്റ്റർ യൂഗോ ആൽഫ്രഡിനെ വിശേഷിപ്പിച്ചത്. പല ഭാഷകളിലുള്ള മികച്ച പുസ്തങ്ങളുടെ വലിയൊരു ലൈബ്രറിയും നൊബെലിന്റെ വസതിയിൽ ഉണ്ടായിരുന്നു. ജൂലിയറ്റായിരുന്നു അതിന് സഹായിച്ചത്. ഈ രണ്ട് സ്ത്രീകളിൽ ആരെയെങ്കിലും ജീവിതപങ്കാളിയാക്കണമെന്ന് ആൽഫ്രഡ് നൊബെൽ ആത്മാർത്ഥമായി ആഗ്രഹിച്ചിരുന്നു. പ്രണയിച്ചിരുന്നു എന്നതും വാസ്തവമാണ്. പക്ഷെ, പല കാരണങ്ങളാൽ അത് നടന്നില്ല. 

റഷ്യയിൽ കഴിയുന്ന കാലത്താണ് സാമൂഹ്യ വിമർശനമുള്ള ‘ഇൻ ബ്രെയിറ്റൻ ആഫ്രിക്ക’ എന്ന നോവൽ ആൽഫ്രഡ് എഴുതുന്നത്. പിന്നീട് 1891ൽ ആരോഗ്യം നശിച്ചു അവശനായി തന്റെ കൂറ്റൻ എസ്റ്റേറ്റ് ബഗ്ലാവിലെ ഏകാന്തവാസ കാലത്ത് എഴുതിയതാണ് ‘ദി സിസ്റ്റേഴ്സ് ’ എന്ന നോവൽ. വിശ്വാസവും വിജ്ഞാനവുമാണ് ഇതിലെ പ്രമേയം. മരണത്തിന് മുൻപ് 1995ൽ ‘ദി പേറ്റന്റ് ബാസിലസ് ‘എന്ന കൃതി രചിച്ചു. ബ്രിട്ടീഷ് ഉദ്യോഗസ്ഥവർഗത്തെ പരിഹസിക്കുന്നതായിരുന്നു ഇത്. തീരെ അവശനായപ്പോൾ രോഗക്കിടക്കയിൽ കിടന്നുകൊണ്ട് അദ്ദേഹം ഒരു നാടകം എഴുതി. ‘നെമിസിസ് ’ എന്നായിരുന്നു അതിന്റെ പേര്. ട്രാജഡിയായിരുന്നു അത് മുഴുവൻ. മാതൃഭാഷയായ സ്വിഡിഷിലായിരുന്നു ഈ കൃതി എഴുതിയത്. ഒട്ടനവധി കവിതകൾ എഴുതി. സാഹിത്യത്തിൽ പല ശ്രമങ്ങളും ആൽഫ്രെഡ് നടത്തിയെങ്കിലും അതൊന്നും പ്രസിദ്ധികരിക്കപ്പെട്ടില്ല. പ്രസിദ്ധീകരിക്കപ്പെട്ടവ തന്നെ അദ്ദേഹത്തിന്റെ മരണശേഷം ബന്ധുക്കൾ പലതും നശിപ്പിക്കുകയാണ് ചെയ്തത്.
ആൽഫ്രഡ് നൊബേൽ നിരന്തമായി മറ്റുള്ളവർക്ക് കത്തെഴുതുന്ന ശീലമുള്ള ആളായിരുന്നു. ഒരു ദിവസം ഇരുപതോളം കത്തുകൾ അദ്ദേഹം എഴുതുമായിരുന്നു. ഈ കത്തുകളിലെ പരാമർശങ്ങളിൽ നിന്നാണ് യഥാർത്ഥ നൊബെലിനെക്കുറിച്ചും അദ്ദേഹത്തിന്റെ അന്തസംഘർഷങ്ങളെക്കുറിച്ചും പുറം ലോകം അറിയുന്നത്. 

മരണശേഷം തന്റെ ശരീരം ആസിഡ് ഉപയോഗിച്ച് ചെടികൾക്ക് വളമാക്കി മാറ്റണമെന്നായിരുന്നു ആൽഫ്രഡ് നൊബെലിന്റെ ആഗ്രഹം. പക്ഷെ, അത് നടന്നില്ല. ദഹിപ്പിക്കുകയാണ് ചെയ്തത്. ചിതാഭസ്മം സ്റ്റോക്ഹോമിലെ നോർത്തേൺ സെമിത്തെരിയിൽ അടക്കം ചെയ്തു. എല്ലാവർഷവും ഡിസംബർ പത്തിന് അദ്ദേഹത്തിന്റെ മരണ ദിവസം നൊബേൽ പ്രൈസ് തിരഞ്ഞെടുക്കപ്പെട്ട പ്രതിഭകൾക്ക് വിതരണം ചെയ്യും.

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

March 26, 2025
March 26, 2025
March 26, 2025
March 26, 2025
March 26, 2025
March 25, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.