കയർ വ്യവസായത്തെ നാടുകടത്താനുള്ളതല്ല

Web Desk
Posted on December 06, 2019, 10:59 pm

പി എസ് ഹരിദാസ്

കേരളത്തിലെ പരമ്പരാഗത വ്യവസായത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ജോലി ചെയ്തിരുന്നത് കയര്‍ വ്യവസായത്തിലാണ്. തൊണ്ട് ശേഖരിക്കുന്നതു മുതല്‍ കയര്‍ ഉല്‍പ്പന്നമാക്കി കയറ്റി അയക്കുന്നതുവരെയുള്ള വിവിധ മേഖലകളിലാണ് മനുഷ്യപ്രയത്നം. ഈ വ്യവസായത്തില്‍ നിന്ന് വിദേശികള്‍ പോയതോടെ കയര്‍ മേഖല വികേന്ദ്രീകരിക്കപ്പെട്ടു. ആലപ്പുഴ പട്ടണത്തിലെ കയര്‍ ഫാക്ടറികളില്‍ ഒരു കാലഘട്ടത്തില്‍ 50000‑ത്തില്‍പരം തൊഴിലാളികളാണ് പണിയെടുത്തിരുന്നത്. പിന്നീട് അവിടെ നിന്ന് പിരിച്ചുവിടപ്പെട്ട തൊഴിലാളികളാണ് ഭൂരിപക്ഷവും ചെറുകിട കയര്‍ ഫാക്ടറി ഉടമകളായതും. അവരവരുടെ വീടുകളില്‍ കേന്ദ്രീകരിച്ച് ഒന്നു മുതല്‍ 10 തറികള്‍ വരെയുള്ള ഷെഡുകളില്‍ കുടുംബസമേതം പണിയെടുത്താണ് ജീവിച്ചിരുന്നത്. ഈ രംഗത്ത് കേരളത്തില്‍ അഞ്ച് ലക്ഷത്തില്‍പരം ആളുകള്‍ വിവിധ മേഖലകളില്‍ പണിയെടുത്തിരുന്നു.

ഇവരെ യഥാര്‍ത്ഥത്തില്‍ വിദേശ, സ്വദേശ കയറ്റുമതിക്കാര്‍ ചൂഷണം ചെയ്തിരുന്നു. ശരിയായ വില ഉല്പന്നങ്ങള്‍ക്ക് കിട്ടാതെയും തീരുമാനിക്കപ്പെട്ട കൂലി കൊടുക്കാതെയും ചെറുകിട കയര്‍ ഫാക്ടറി ഉടമകളും അതില്‍ പണിയെടുത്തിരുന്ന തൊഴിലാളികളും അര്‍ധപട്ടിണിക്കാരായാണ് ജീവിച്ചുവന്നത്. കയര്‍പിരി മേഖലയിലെയും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. അമ്പലപ്പുഴ, ചേര്‍ത്തല, കാര്‍ത്തികപ്പള്ളി താലൂക്കുകളിലും കൊല്ലം, തിരുവനന്തപുരം തീര മേഖലകളിലും തൊണ്ടുതല്ലുന്നതും കയര്‍പിരിക്കുന്നതും പൂര്‍ണമായും മനുഷ്യാധ്വാനത്തിലാണ്. ഈരംഗത്ത് കൂടുതലും സ്ത്രീതൊഴിലാളികളാണ് പണിയെടുത്തിരുന്നത്. ആരോഗ്യ, വിദ്യാഭ്യാസ, സാമ്പത്തിക രംഗങ്ങളില്‍ തൊഴിലാളികളുടെ സ്ഥിതി ദയനീയമായിരുന്നു. തൊഴിലാളികളുടെ ആവശ്യങ്ങള്‍ നേടിയെടുക്കുവാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നിരവധി സമരങ്ങള്‍ നടന്നിരുന്നു. 1967ലെ ഇഎംഎസ് മന്ത്രിസഭയില്‍ ടി വി തോമസ് വ്യവസായ മന്ത്രിയായതോടെയാണ് കയര്‍ വ്യവസായ രംഗത്ത് വമ്പിച്ച പുരോഗതി കെെവരിക്കുന്നത്.

കയര്‍ പിരി മേഖലയില്‍ വ്യാപകമായി കയര്‍ സഹകരണ സംഘങ്ങള്‍ രൂപീകരിക്കുകയും തൊഴിലാളികള്‍ക്ക് പണിയെടുക്കുവാന്‍ ആവശ്യമായ തൊണ്ട് നിയമംമൂലം സംഭരിക്കാന്‍ കഴിഞ്ഞതും കയര്‍ പിരിക്കുന്ന തൊഴിലാളികള്‍ക്ക് ന്യായമായ കൂലി ഉറപ്പുവരുത്തി. വെെയ്ക്കം, ആറാട്ടുപുഴ, അഷ്ടമുടി, അഞ്ചുതെങ്ങ് കയറുകള്‍ സൊസെെറ്റി മുഖാന്തരം ശേഖരിക്കുകയും കൊല്ലം, ആലപ്പുഴ, കൊച്ചി കേന്ദ്രീകരിച്ച് സെന്‍ട്രല്‍ കയര്‍ സഹകരണ സംഘങ്ങള്‍ രൂപീകൃതമായതോടെ ന്യായമായ വിലയ്ക്ക് ചെറുകിട സംഘങ്ങളില്‍ നിന്ന് മേല്‍പ്പറഞ്ഞ കയറുകള്‍ വലിയ തോതില്‍ ശേഖരിക്കുവാന്‍ കഴിഞ്ഞു. ചെറുകിട കയര്‍ ഫാക്ടറികള്‍ക്കും, കയര്‍ മാറ്റിങ് സൊസെെറ്റികള്‍ക്കും ഗുണനിലവാരമുള്ള കയറുകള്‍ വിതരണം ചെയ്യുവാനും കഴിഞ്ഞു. ചൂഷണത്തിന് ഇരയായ ചെറുകിട കയര്‍ ഫാക്ടറി ഉടമകളെയും തൊഴിലാളികളെയും രക്ഷിക്കുന്നതിനായി ടി വി തോമസ് തന്നെ 1969ല്‍ കൊണ്ടുവന്ന കേരള കയര്‍ കോര്‍പ്പറേഷന്‍ മുഖേന ചെറുകിട കയര്‍ ഫാക്ടറി ഉടമകളില്‍ നിന്നും, മാറ്റ്സ് ആന്റ് മാറ്റിങ്സ് സൊസെെറ്റികളില്‍ നിന്നും അവര്‍ ഉല്‍പ്പാദിപ്പിക്കുന്ന കയര്‍ ഉല്‍പ്പന്നങ്ങള്‍ കയര്‍ബോഡിന്റെ ക്വാളിറ്റി കണ്‍ട്രോള്‍ നിയമമനുസരിച്ച് സര്‍ക്കാര്‍ നിശ്ചയിച്ച ന്യായവിലയ്ക്ക് വാങ്ങുകയും കയര്‍ കോര്‍പ്പറേഷന്‍ മുഖേന വിദേശത്ത് കയറ്റുമതി ചെയ്യുകയും ചെയ്തു.

മൂന്ന് പതിറ്റാണ്ടായി കയര്‍ വ്യവസായം കേരളത്തില്‍ നിന്ന് മറ്റു സംസ്ഥാനങ്ങളിലേയ്ക്കാണ് പോകുന്നത്. തമിഴ്‌നാട്, കര്‍ണ്ണാടക, ആന്ധ്ര മുതലായ സംസ്ഥാനങ്ങളില്‍ വ്യവസായം തഴച്ചുവളരുന്നു. ഇന്ന് കയറ്റുമതിയുടെ 70 ശതമാനവും ഇപ്പറഞ്ഞ സംസ്ഥാനങ്ങളില്‍ നിന്നാണ്. കയര്‍ ബോര്‍ഡിന്റെ നേതൃത്വത്തില്‍ വ്യവസായത്തില്‍ പുതിയ മാറ്റങ്ങള്‍ വരുത്താന്‍ പരിശ്രമിക്കുന്നുവെങ്കിലും വേണ്ടത്ര വിജയിച്ചിട്ടില്ല. കയറിന്റെ യഥാര്‍ത്ഥ നിറത്തില്‍ നിന്ന് നല്ല വെള്ള നിറത്തിലേക്ക് മാറ്റുന്ന കെമിക്കല്‍ ബ്ലീച്ചിങ് സമ്പ്രദായമാണ് കയര്‍ബോര്‍ഡ് കൊണ്ടുവന്ന ഏക മാറ്റം. കേരളത്തില്‍ നിന്ന് വ്യവസായത്തെ മറ്റു സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ കയര്‍ബോര്‍ഡും കേന്ദ്ര ഗവണ്‍മെന്റും പരമാവധി പരിശ്രമിക്കുന്നുണ്ട്. കേരളത്തില്‍ മാറിമാറി വരുന്ന സര്‍ക്കാരുകള്‍ കയര്‍ കോര്‍പ്പറേഷനും കയര്‍ഫെഡിനും ഉല്പന്നങ്ങള്‍ സംഭരിക്കുവാന്‍ സാമ്പത്തിക സഹായം നല്‍കുന്നതൊഴിച്ചാല്‍ കാര്യമായ പുരോഗതി ഉണ്ടാകുന്നില്ല.

ഇന്ത്യയിലെ ആഭ്യന്തര കമ്പോളത്തില്‍ 800 കോടി രൂപയുടെ കയര്‍ ഉല്പന്നങ്ങള്‍ ഒരുകാലത്ത് വില്‍പ്പന നടത്തിയിരുന്നു. ഇന്ന് അതിന്റെ 10 ശതമാനം പോലും വിറ്റഴിക്കുന്നില്ല. ചെെനയില്‍ നിന്നും കൊറിയയില്‍ നിന്നും വരുന്ന ഉല്‍പ്പന്നങ്ങളാണ് വിപണി കീഴടക്കിയിരിക്കുന്നത്. ആയത് സിന്തറ്റിക്ക് ആണുതാനും. ഇന്ത്യയില്‍ നിന്ന് 1990 വരെ സോവിയറ്റ് യൂണിയനും ഇറാഖും കയര്‍ ഉല്പന്നങ്ങള്‍ വാങ്ങിയിരുന്നു. സോവിയറ്റ് യൂണിയന്റെ പതനവും ഇറാഖിലെ പ്രശ്നങ്ങളും കാരണം ആ വിപണികളും നമുക്ക് നഷ്ടപ്പെട്ടു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍ കയര്‍ സംഭരിക്കുന്നു എന്ന് കയര്‍ഫെഡും കയര്‍ ഭൂവസ്ത്രം (Geo Tex) കയര്‍ കോര്‍പ്പറേഷന്‍ ശേഖരിച്ച് പഞ്ചായത്തുകള്‍ക്ക് വിതരണം ചെയ്യുന്നു എന്ന് പറയുന്നുണ്ടെങ്കിലും ഈ വ്യവസായത്തിലെ ചെറിയ ഒരു വിഭാഗത്തിന് മാത്രമാണ് പ്രയോജനം ലഭിക്കുന്നത്.

കഴിഞ്ഞ യുപിഎ ഗവണ്‍മെന്റിന്റെ കാലത്ത് കേന്ദ്ര ഗവണ്‍മെന്റ് നടപ്പിലാക്കിയ ക്ലസ്റ്റര്‍ പദ്ധതിയും ബാങ്കുകളുടെ അഞ്ച് ലക്ഷം വരെ ചെറുകിടക്കാര്‍ക്ക് കയര്‍ഫെഡും തറികളും ഉണ്ടാക്കാനുള്ള വായ്പാ പദ്ധതിയും നടപ്പാക്കിയിരുന്നു. കുറെ ചെറുകിട കയര്‍ ഫാക്ടറി ഉടമകള്‍ പദ്ധതിയില്‍ ഉള്‍പ്പെട്ടുവെങ്കിലും തിരിച്ചടയ്ക്കാന്‍ കഴിയാതെ ഇപ്പോള്‍ ജപ്തി നടപടി നേരിടുകയാണ്. വ്യവസായത്തിന്റെ അഭിവൃദ്ധിക്കായി ചില നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നു. 1. വ്യവസായത്തിനു ആവശ്യമായ ചകിരി കേരളത്തില്‍ നിന്നുതന്നെ പരമാവധി കണ്ടെത്തുക. 2. നല്ല നിലവാരമുള്ള കയറുകള്‍ ഉല്‍പ്പാദിപ്പിക്കുക. 3. നല്ലയിനം ചകിരിയും ജൂട്ടും സെെസലും കയറും ഉപയോഗിച്ച് വെെവിധ്യമാര്‍ന്ന കയര്‍ തടുക്കുകളും പരവതാനിയും നിര്‍മ്മിച്ചാല്‍ നല്ല ആഭ്യന്തര വിപണിയും വിദേശ കയറ്റുമതിയും വര്‍ധിപ്പിക്കാന്‍ കഴിയും. 3. ആവശ്യമുള്ള മേഖലകളില്‍ യന്ത്രവത്കരണം നടപ്പാക്കുക. ഇന്ന് ആലപ്പുഴയില്‍ മാത്രം 90 ശതമാനം ചെറുകിട കയര്‍ ഫാക്ടറികളുടെ പ്രവര്‍ത്തനം നിലച്ച് അടഞ്ഞുകിടക്കുന്നു. ഓരോ പഞ്ചായത്തിലും ഒരുകാലത്ത് ലക്ഷക്കണക്കിന് രൂപ തൊഴിലാളികള്‍ കൂലി വാങ്ങിയിരുന്നു. എന്നാലിന്ന് എല്ലാം അനാഥമായ സ്ഥിതിയിലാണ്.