കാഴ്ചപ്പാടുകള്‍

Web Desk
Posted on February 10, 2018, 10:01 pm

റേഷന്‍ വിതരണത്തിലെ അപാകതകള്‍ പരിഹരിക്കാനുള്ള ശക്തമായ നീക്കങ്ങളിലാണ് സംസ്ഥാനത്തെ പൊതുവിതരണ വകുപ്പ്. വ്യാജ വിവരങ്ങള്‍ നല്‍കിയും അവശ്യംവേണ്ട വിവരങ്ങള്‍ മറവച്ചും അനധികൃതമായി റേഷന്‍ വിഹിതം വാങ്ങുന്നവരെ കണ്ടെത്തി റേഷന്‍ കാര്‍ഡുകള്‍ പിന്‍വലിക്കാനും അവര്‍ക്ക് ഇതുവരെ നല്‍കിയ റേഷന്‍ വിഹിതത്തിന്റെ വിലയും പിഴയും ഈടാക്കാനും നടപടി തുടങ്ങിയിരിക്കയാണ് സര്‍ക്കാര്‍. നാട്ടില്‍ നടമാടുന്ന അഴിമതികളില്‍ മഹാഭൂരിപക്ഷവും രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥരും ഉള്‍പ്പെട്ടതാണെങ്കിലും പൊതുജനങ്ങള്‍ ഏറ്റവും കൂടുതലായി നേരിട്ടിടപെടുന്ന അഴിമതിയായി റേഷന്‍ കാര്‍ഡുകള്‍ മാറിയിട്ടുണ്ട്.

ആധാറിനെച്ചൊല്ലി പ്രധാനമന്ത്രിയുടെ അവകാശവാദം കേട്ട് കോണ്‍ഗ്രസ് എം പി രേണുക ചൗധരി അവരുടെ സഹജശൈലിയില്‍ അലറിച്ചിരിക്കുന്നു. രാജ്യസഭ അധ്യക്ഷന്‍ വെങ്കയ്യ നായിഡു അവരെ ഗുണദോഷിക്കുന്നു. എന്നാല്‍, പ്രധാനമന്ത്രി മോഡി രേണുക ചൗധരിയെ രാമായണ സീരിയലിലെ കഥാപാത്രത്തോടുപമിക്കുന്നു. അതോടെ പ്രതിപക്ഷം പ്രകോപിതരാകുന്നു. രാഷ്ട്രപതിയുടെ പ്രസംഗത്തിന് നന്ദിപറയുന്ന പ്രമേയത്തിന്മേല്‍ നരേന്ദ്രമോഡി ചെയ്ത പ്രസംഗങ്ങളിലെ താരതമ്യേന നിര്‍ദോഷമെന്നു പറയാവുന്ന അനൗചിത്യം ഇതായിരുന്നെന്നു തോന്നുന്നു. പാര്‍ലമെന്ററി സംവാദങ്ങളുടെ നിലവാരം കാത്തുസൂക്ഷിക്കാന്‍ ബാധ്യതപ്പെട്ടവര്‍തന്നെ അതിനെ ഇടിച്ചുതാഴ്ത്തുന്നത് ഗൗരവത്തോടെ കാണേണ്ടിയിരിക്കുന്നു — അതിന് നേതൃത്വം നല്‍കുന്നത് പ്രധാനമന്ത്രിയാകുമ്പോള്‍ പ്രത്യേകിച്ചും.

കഠിന വേനലിന്റെ രൂക്ഷത ഓര്‍മ്മിപ്പിച്ചുകൊണ്ട് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ഇപ്പോഴേ ജലക്ഷാമം അനുഭവപ്പെട്ടുതുടങ്ങി. കഴിഞ്ഞ വേനലിലെ തിക്താനുഭവങ്ങള്‍ ആരും മറന്നിട്ടില്ല. തുലാവര്‍ഷം കാര്യമായി അനുഗ്രഹിച്ചതിനാല്‍ ഈ വര്‍ഷം കുടിനീര്‍ ക്ഷാമമുണ്ടാകില്ലെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ ജനുവരി കഴിഞ്ഞപ്പോള്‍ത്തന്നെ നദികള്‍ വല്ലാതെ വരളാന്‍ തുടങ്ങുകയും ജലനിരപ്പ് ഭീതിദമാം വണ്ണം കുറയാന്‍ തുടങ്ങുകയും ചെയ്തു. നദികളെ ആശ്രയിച്ച് നടക്കുന്ന ശുദ്ധജല വിതരണ പദ്ധതികളുടെ പ്രവര്‍ത്തനത്തില്‍ ഇപ്പോഴേ നിയന്ത്രണമേര്‍പ്പെടുത്തേണ്ട സ്ഥിതി പലേടത്തും ഉണ്ടായിട്ടുണ്ട്. ഇക്കണക്കിന് പോയാല്‍ കാലവര്‍ഷത്തിന് മുമ്പുള്ള നാലഞ്ചു മാസങ്ങള്‍ മുന്‍വര്‍ഷത്തെപ്പോലെ കഠിനമായിത്തീരാനാണ് സാധ്യത.

സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളില്‍ പ്ലസ് വണ്‍ പ്രവേശനത്തിന് ഏകജാലക സംവിധാനം ഏര്‍പ്പെടുത്തിയിട്ട് ഒരു ദശകം പിന്നിടുന്നു. ഈ പ്രവേശനത്തിലെ അനഭിലഷണീയ പ്രവണതകള്‍ക്ക് ഏറെക്കുറെ വിരാമമിട്ട നടപടിയായിരുന്നു ഇത്. സുതാര്യത ഉറപ്പുവരുത്തിയും അഴിമതിയില്ലാതെയും യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിച്ചും സ്‌കൂളുകളില്‍ ഇതോടെ പ്രവേശനം യാഥാര്‍ത്ഥ്യമായി. പ്രശംസനീയമായ രീതിയില്‍ ഈ സമ്പ്രദായം ഇപ്പോഴും തുടരുന്നു. പത്തു വര്‍ഷത്തിനുശേഷം ഇപ്പോള്‍ അണ്‍ എയ്ഡഡ് മേഖലയിലേക്കും ഇത് വ്യാപിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് സ്വാഗതാര്‍ഹമാണ്. പ്ലസ് വണ്‍ പ്രവേശനം പൂര്‍ണമായും സുതാര്യമാവുന്നതിനുള്ള ചുവടുവെപ്പാവുമിത്.

ധനമന്ത്രിയായിരിക്കെ, എയര്‍സെല്‍ മാക്‌സിസ് ഇടപാടില്‍ ചിദംബരം നടത്തിയ അനധികൃത ഇടപെടലുകള്‍ വ്യക്തമാക്കുന്നതാണ് 2018 ജനുവരി 23ന് സിബിഐ സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട്.
അരുതാത്തതാണ് സംഭവിച്ചത്. അതാണ് തുടരുന്നത്. കേന്ദ്രഭരണാധികാരം കൈയാളുന്നവര്‍ക്ക് സ്വന്തം അഴിമതികള്‍ മൂടിവച്ച് നിയമത്തിന്റെ കരങ്ങളില്‍ നിന്ന് രക്ഷപ്പെടാനും രാഷ്ട്രീയ എതിരാളികളെ വകവരുത്താനുമുള്ളതാണ് സിബിഐയും മറ്റ് ഏജന്‍സികളും എന്നത് ജനാധിപത്യത്തിന്റെയും നീതിനിര്‍വഹണത്തിന്റെയും ശവപ്പെട്ടി പണിയല്‍തന്നെയാണ്. കോണ്‍ഗ്രസായാലും ബിജെപിയായാലും സിബിഐയെ ക്വട്ടേഷന്‍സംഘമായി കണക്കാക്കുന്നു.

2016 സെപ്റ്റംബറിലാണ് എന്‍ഡിഎ സര്‍ക്കാര്‍ 36 റഫേല്‍ വിമാനങ്ങള്‍ വാങ്ങുന്നതിന് കരാര്‍ ഒപ്പുവച്ചത്. യുപിഎ സര്‍ക്കാര്‍ ഒപ്പുവച്ച കരാറിലുള്ളതിലും കൂടിയ തുകയ്ക്കാണ് വാങ്ങുന്നതെന്ന വിവരം മാത്രമാണ് പുറത്തുള്ളത്.
സുതാര്യതയും കൂടിയാലോചനകളുമൊന്നുമില്ലാതെ പ്രധാനമന്ത്രി നേരിട്ടു നടത്തിയതാണ് റഫേല്‍ ഇടപാട് എന്ന പരാതി അന്നുതന്നെ ഉയര്‍ന്നിരുന്നു. കാര്‍ ഒപ്പുവയ്ക്കുമ്പോള്‍ റിലയന്‍സ് ഉടമ മുകേഷ് അംബാനിയുടെ സാന്നിധ്യമുണ്ടായിരുന്നു. പ്രതിരോധ ഇടപാടുമായി ബന്ധപ്പെട്ട് നിലവിലുള്ള ചട്ടങ്ങളും വ്യവസ്ഥകളുമൊന്നും പാലിക്കാതെ കേന്ദ്രമന്ത്രിസഭയുടെ സുരക്ഷാസമിതിയില്‍ പോലും ചര്‍ച്ച ചെയ്യാതെയാണ് കരാര്‍ സംബന്ധിച്ച് മോഡി തീരുമാനമെടുത്തത്.

സുപ്രഭാതം

രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന്മേല്‍ കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ നടന്ന പ്രമേയചര്‍ച്ചയില്‍ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോഡി നടത്തിയ പ്രസംഗം നാളിതുവരെ ഒരു പ്രധാനമന്ത്രിയില്‍ നിന്നുണ്ടാവാത്ത രീതിയിലാണ്. വസ്തുതകളും ചരിത്രത്തിന്റെ പിന്‍ബലവുമില്ലാത്ത കുറേ ആരോപണങ്ങള്‍ നിരത്തിയതല്ലാതെ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളില്‍ തന്റെ സര്‍ക്കാര്‍ എന്തെല്ലാം നിറവേറ്റിയെന്ന് ബോധ്യപ്പെടുത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല.

എന്താണ് റഫേല്‍ വിമാനക്കമ്പനിയുമായുള്ള ഇടപാടില്‍ മോഡി സര്‍ക്കാരിന് മറച്ചുവയ്ക്കാനുള്ളത്? ഇത് സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്നാണ് സമാജ്‌വാദി പാര്‍ട്ടി നേതാവ് നരേഷ് അഗര്‍വാളിന്റെ ചോദ്യത്തിനുള്ള മറുപടിയായി പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍ പറഞ്ഞത്. ഇടപാടിന്റെ വിശദാംശങ്ങള്‍ കരാറിന്റെ പത്താം വ്യവസ്ഥ പ്രകാരം രഹസ്യസ്വഭാവമുള്ളതായതിനാലാണ് വെളിപ്പെടുത്താത്തതെന്നും മന്ത്രി പറയുന്നു. അതേസമയം കരാര്‍ സുതാര്യമാണ്, അതിന്റെ വിവരങ്ങളും കണക്കുകളും വെളിപ്പെടുത്തുന്നതില്‍ സര്‍ക്കാരിന് വിമുഖതയില്ലെന്നായിരുന്നു മൂന്ന് മാസം മുമ്പ് ഇതേ മന്ത്രി പറഞ്ഞത്. അന്നില്ലാത്ത എന്ത് രഹസ്യസ്വഭാവമാണ് കരാറിന് പിന്നീട് കൈവന്നത്?

റഫേല്‍ ആയുധ ഇടപാടിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ തയ്യാറാവാത്ത പ്രധാനമന്ത്രി നരേന്ദ്രമോഡി താന്‍ നേരിട്ടുനടത്തിയ അഴിമതി മറച്ചുപിടിക്കാന്‍ ശ്രമിക്കുകയാണ്. എത്ര രൂപയാണ് വിമാനത്തിന്റെ വിലയെന്ന് വെളിപ്പെടുത്താന്‍ പ്രതിരോധമന്ത്രാലയം മടിക്കുന്നത് മടിശീലയില്‍ കനമുള്ളതുകൊണ്ടാണ്. ആയുധ ഇടപാടിലെ അഴിമതിയെക്കുറിച്ച് പറയുമ്പോള്‍ അവരെ രാജ്യദ്രോഹികളായി ചിത്രീകരിക്കുകയാണ് കേന്ദ്രസര്‍ക്കാരും ബിജെപിയും ചെയ്തുകൊണ്ടിരിക്കുന്നത്. ഇത് വിചിത്രമായൊരു കാര്യമാണ്. യുപിഎ ഭരണകാലത്ത് ഒപ്പുവച്ച കരാര്‍ റദ്ദാക്കി വില മൂന്നിരട്ടിയായി വര്‍ധിപ്പിച്ചുകൊണ്ടാണ് നരേന്ദ്രമോഡി പുതിയ കരാറുണ്ടാക്കിയത്. സൈനിക മേധാവികള്‍ക്കോ പ്രതിരോധ മന്ത്രിക്കോ പങ്കില്ലാത്തതരത്തില്‍ മോഡി തന്നെ ആയുധക്കച്ചവടത്തിന് നേരിട്ടിറങ്ങുകയായിരുന്നു.

കേരളത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളുടെയും യാത്രാസൗകര്യം നിര്‍വഹിക്കുന്ന കെഎസ്ആര്‍ടിസി ഇപ്പോള്‍ ഇടതുപക്ഷ സര്‍ക്കാരിന്റെ നിരന്തര അവഗണനയില്‍ നശിച്ചുകൊണ്ടിരിക്കുകയാണ്. കോര്‍പ്പറേഷനില്‍ നിന്ന് വിരമിച്ച ജീവനക്കാര്‍ക്ക് യഥാസമയം പെന്‍ഷന്‍ നല്‍കുന്നതില്‍ സര്‍ക്കാര്‍ അക്ഷന്തവ്യമായ അനാസ്ഥയാണ് തുടരുന്നത്. പെന്‍ഷന്‍ യഥാസമയം ലഭിക്കാത്തതിനെത്തുടര്‍ന്ന് ചികിത്സയ്ക്കും മറ്റും ബുദ്ധിമുട്ടിലായ മുന്‍ ജീവനക്കാര്‍ അവസാനം ആത്മഹത്യയില്‍ അഭയം തേടുകയാണ്. ഇതോടെ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനുശേഷം സംസ്ഥാനത്ത് ആത്മഹത്യ ചെയ്ത ജീവനക്കാരുടെ എണ്ണം 15 ആയി എന്നത് കേരള മനഃസാക്ഷിയെ ഞെട്ടിക്കുന്നതാണ്.