കേരള കോണ്‍ഗ്രസില്‍ കസേരകളി തുടരുന്നു

Web Desk
Posted on May 27, 2019, 10:55 pm

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് (എം) നേതാക്കള്‍ തമ്മിലുള്ള അധികാരത്തര്‍ക്കം നിയമസഭയിലും തുടരുന്നു. പതിറ്റാണ്ടുകളായി നിയമസഭയില്‍ കെ എം മാണി ഇരുന്ന മുന്‍നിര സീറ്റിലും പാര്‍ട്ടിയുടെ അമരത്തും എത്താനുള്ള പി ജെ ജോസഫിന്റെയും ജോസ് കെ മാണിയുടെയും മത്സരം നിയമസഭയ്ക്ക് ഉള്ളിലും പുറത്തും തുടരുകയാണ്.
നിയമസഭയുടെ പതിനഞ്ചാം സമ്മേളനത്തിന്റ ആദ്യദിനമായ ഇന്നലെ, കെ എം മാണിയുടെ അനുസ്മരണത്തിനായാണ് മാറ്റിവച്ചത്. കേരള കോണ്‍ഗ്രസ് (എം) രൂപംകൊണ്ടശേഷം സഭയുടെ പാര്‍ലമെന്ററി നേതാക്കന്മാരുടെ മുന്‍നിര സീറ്റില്‍ ഇരുന്നത് കെ എം മാണിയായിരുന്നു. അദ്ദേഹത്തിന്റെ നിര്യാണത്തിന് ശേഷം ആദ്യമായി സഭ ചേര്‍ന്നപ്പോള്‍ മുന്‍നിര സീറ്റ് പി ജെ ജോസഫ് പിടിച്ചുവാങ്ങി. അനുസ്മരണ സമ്മേളനത്തിനിടെ, മാണി കഴിഞ്ഞാല്‍ പാര്‍ട്ടിയില്‍ സീനിയോറിറ്റി തനിക്കാണെന്ന് പ്രഖ്യാപനവും ജോസഫ് നടത്തി. എന്നാല്‍ ആദ്യം ചെയര്‍മാനെ തെരഞ്ഞെടുക്കട്ടെയെന്ന് ജോസ് കെ മാണി നിയമസഭയ്ക്ക് പുറത്ത് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജോസഫ്, ജോസ് കെ മാണി വിഭാഗങ്ങള്‍ സ്പീക്കര്‍ക്ക് കഴിഞ്ഞദിവസം കത്ത് നല്‍കിയിരുന്നു. തര്‍ക്കം രൂക്ഷമായതോടെ, ജൂണ്‍ ഒന്‍പതിനകം പാര്‍ട്ടി തീരുമാനം അറിയിക്കണമെന്നാണ് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ നിര്‍ദേശം നല്‍കിയിട്ടുള്ളത്. ഡെപ്യൂട്ടി ലീഡര്‍ എന്ന നിലയില്‍ മുന്‍നിര സീറ്റില്‍ ജോസഫിന് ഇരിക്കാന്‍ തല്‍ക്കാലത്തേക്ക് സ്പീക്കര്‍ അനുമതി നല്‍കിയതോടെ പോരും മുറുകിയിട്ടുണ്ട്.
മുന്‍നിര സീറ്റ് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് (എം) വര്‍ക്കിംഗ് ചെയര്‍മാന്‍ എന്ന നിലയില്‍ പി ജെ ജോസഫ് നിയമസഭ ചേരുന്നതിന് മുന്‍പേ സ്പീക്കറുടെ ഓഫീസിനെ സമീപിച്ചിരുന്നു. പിന്നാലെ, പാര്‍ലമെന്ററി പാര്‍ട്ടി ലീഡറെ തെരഞ്ഞെടുക്കാന്‍ സമയം വേണമെന്നും അതുവരെ, മാണിയുടെ ഇരിപ്പിടം ജോസഫിന് നല്‍കണമെന്നും ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ വിശ്വസ്തനായ മോന്‍സ് ജോസഫ് സ്പീക്കര്‍ക്ക് കത്ത് നല്‍കി. അപകടം മണത്ത ജോസ് കെ മാണി, തന്റെ വിശ്വസ്തനായ റോഷി അഗസ്റ്റിനിലൂടെ സ്പീക്കര്‍ക്ക് മറ്റൊരു കത്ത് നല്‍കി. പാര്‍ലമെന്ററി പാര്‍ട്ടി ലീഡറെ തെരഞ്ഞെടുത്തിട്ടില്ലെന്നും പാര്‍ട്ടി ചെയര്‍മാനെ തീരുമാനിച്ച ശേഷം അദ്ദേഹത്തിന്റെ അധ്യക്ഷതയിലാണ് ലീഡറെ തെരഞ്ഞെടുക്കേണ്ടതെന്നുമായിരുന്നു കത്തിലെ ഉള്ളടക്കം. രണ്ടു കത്തുകളും പരിശോധിച്ചാണ് ജൂണ്‍ ഒന്‍പതിനകം തീരുമാനമെടുക്കണമെന്ന് സ്പീക്കര്‍ നിര്‍ദേശിച്ചത്.

കത്ത് വിവാദത്തിന് പിന്നാലെ ജോസ് കെ മാണി പരസ്യ നിലപാടുമായി രംഗത്തുവന്നു. പാര്‍ട്ടിയോട് ആലോചിക്കാതെയാണ് മോന്‍സ് ജോസഫ് സ്പീക്കര്‍ക്ക് കത്ത് നല്‍കിയതെന്ന് പാര്‍ട്ടി വിപ്പുകൂടിയായ റോഷി അഗസ്റ്റിന്‍ എംഎല്‍എയും പറഞ്ഞു. തെറ്റിദ്ധാരണ കൊണ്ടാണ് റോഷി അഗസ്റ്റിന്‍ കത്ത് നല്‍കിയതെന്നായിരുന്നു ജോസഫ് പിന്നീട് മാധ്യമങ്ങളോട് പറഞ്ഞത്. സമവായത്തിലൂടെ തീരുമാനം വേണമെന്ന് ജോസഫ് ആവശ്യപ്പെടുമ്പോള്‍ സംസ്ഥാന സമിതി വിളിച്ചുചേര്‍ക്കണമെന്നാണ് ജോസ് കെ മാണിയുടെ നിലപാട്. സംസ്ഥാന സമിതിയാണ് ചെയര്‍മാനെ തെരഞ്ഞെടുക്കേണ്ടത്. അദ്ദേഹത്തിന്റെ അധ്യക്ഷതയിലാണ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡറെ നിശ്ചയിക്കേണ്ടതെന്നും ജോസ് കെ മാണിയും വ്യക്തമാക്കി.
സംസ്ഥാന സമിതിയില്‍ മാണി ഗ്രൂപ്പിന് ഭൂരിപക്ഷമുള്ളതിനാല്‍ ജോസ് കെ മാണിയുടെ നിലപാടുകള്‍ക്കായിരിക്കും മുന്‍തൂക്കം. അതേസമയം, ഇന്നലെ ചേര്‍ന്ന യുഡിഎഫ് നേതൃയോഗം കേരള കോണ്‍ഗ്രസ് എമ്മിലെ വിഷയങ്ങള്‍ ഉടന്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു.