കീം പ്രവേശന പരീക്ഷ നാളെ

Web Desk

തിരുവനന്തപുരം

Posted on July 15, 2020, 9:10 am

2020–21 വര്‍ഷത്തെ എൻജിനീയറിംഗ്/ഫാര്‍മസികോഴ്സ് പ്രവേശന പരീക്ഷയായ (കീം) നാളെ നടക്കും. സംസ്ഥാനത്ത് എല്ലാ ജില്ലകള്‍ക്കും പുറമേ ഡല്‍ഹി, മുംബൈ, ദുബായ് എന്നിവിടങ്ങളിലുമായി 1,10,250 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതും. നേരത്തെ ഏപ്രിൽ 20–21 നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷയാണ് ജൂലൈ 16ലേക്ക് മാറ്റിയിരുന്നത്.

കോവിഡിന്റെ പശ്ചാത്തലത്തിൽ വിദ്യാര്‍ത്ഥികളുടെ പൂര്‍ണ സുരക്ഷ ഉറപ്പാക്കിയും രക്ഷിതാക്കളുടെ ആശങ്കകൾ ലഘൂകരിച്ചുമാണ് പരീക്ഷ നടത്തിപ്പ്. കണ്ടെയ്ന്‍മെന്‍റ് സോണ്‍, ഹോട്ട് സ്പോട്ട് എന്നിവയ്ക്കു പുറമേ ട്രിപ്പിള്‍ ലോക്ഡൗൺ മേഖലകളിലും ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചാണ് പരീക്ഷ ഒരുക്കങ്ങള്‍ നടത്തിയിട്ടുള്ളത്.

തിരുവനന്തപുരം ജില്ലയിലെ തീവ്ര വ്യാപന മേഖലകളില്‍ നിന്നുള്ള 70 വിദ്യാര്‍ത്ഥികള്‍ വലിയതുറ സെന്റ് ആന്റണീസ് എച്ച്എച്ച്എസില്‍ പരീക്ഷയെഴുതും. ഡല്‍ഹിയിലെ പരീക്ഷാകേന്ദ്രത്തിന് അവസാന നിമിഷംവരെ അനുമതി ലഭിക്കാത്ത സാഹചര്യത്തില്‍ ഫരീദാബാദ് ജെ സി ബോസ് യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്റ് ടെക്നോളജി പുതിയ കേന്ദ്രമായി നിശ്ചയിച്ചിട്ടുണ്ട്. അന്യസംസ്ഥാനക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് ഇ‑ജാഗ്രതാ പോര്‍ട്ടല്‍ വഴി ‘ഷോര്‍ട്ട് വിസിറ്റ് പാസ്’ ലഭ്യമാക്കും.

ഇതരസംസ്ഥാനക്കാരായ വിദ്യാര്‍ത്ഥികള്‍ക്കും ക്വാറന്റൈനില്‍ നിന്നെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കും പ്രത്യേക റൂമുകള്‍ സജ്ജീകരിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാസൗകര്യം ലഭ്യമാക്കുന്നതിനായി കെഎസ്ആര്‍ടിസി പ്രത്യേക സര്‍വീസുകൾ നടത്തും. പരീക്ഷാകേന്ദ്രങ്ങളിലേക്ക് വിദ്യാര്‍ത്ഥികളുടെ ആവശ്യപ്രകാരം രാവിലെയും വൈകുന്നേരവും സ്പെഷ്യല്‍ സര്‍വീസ് നടത്തും. കൂടാതെ ‘ബസ് ഓണ്‍ ഡിമാന്‍ഡ്’ പദ്ധതിയും കെഎസ്ആര്‍ടിസി ഒരുക്കിയിട്ടുണ്ട്. പരീക്ഷാകേന്ദ്രങ്ങളിലും ബസ് സ്റ്റോപ്പുകളിലും ഉണ്ടാകാനിടയുള്ള തിരക്ക് ഒഴിവാക്കി സാമൂഹിക അകലം ഉറപ്പാക്കുന്നതിന് പൊലീസ് ക്രമീകരണങ്ങൾ ഒരുക്കും.

Eng­lish sum­ma­ry; keam exam update

You may also like this video;