സ്വാതന്ത്ര്യ ലബ്ദിക്കുശേഷമുള്ള ഏറ്റവും ഐതിഹാസികമായ തൊഴിലാളി സമരമാണ് ജനുവരി എട്ടിന് രാജ്യത്ത് അരങ്ങേറിയത്. സമ്പദ് വ്യവസ്ഥയുടെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന 25 കോടി തൊഴിലാളികളാണ് പണിമുടക്കിൽ പങ്കെടുത്തത്. കോർപ്പറേറ്റ് കൊള്ളക്കാരുടെ താളത്തിന് തുള്ളുന്ന സംഘപരിവാർ നിയന്ത്രിത മോഡി സർക്കാരിന് ഇത് സംബന്ധിച്ച നോട്ടീസ് നൽകിയിരുന്നു. നരേന്ദ്ര മോഡി സർക്കാർ അധികാരത്തിൽ എത്തിയശേഷമുള്ള അഞ്ചാമത്തെ ദേശീയ പൊതുപണിമുടക്കാണിത്. കപടമായ സ്വദേശിവാദം പറഞ്ഞ് രാജ്യത്തിന്റെ പൊതുസ്വത്ത് കോർപ്പറേറ്റുകൾക്ക് തീറെഴുതുന്ന സമീപനമാണ് മോഡി സർക്കാർ സ്വീകരിക്കുന്നത്. രാജ്യത്തെ തൊഴിലാളി വർഗത്തിന്റെ സംഘടനാ ശക്തിയെ തകർക്കുന്ന നിലപാടുകളും സർക്കാർ സ്വീകരിക്കുന്നു.
തൊഴിലാളികളുടെ പ്രതിഷേധിക്കാനുള്ള അവകാശം പോലും കവർന്നെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് തൊഴിൽ നിയമങ്ങളിൽ മോഡി സർക്കാർ ഭേദഗതി വരുത്തിയത്. ലേബർ കോഡുകൾ എന്ന പേരിലാണ് ഭേദഗതി. എന്നാൽ ഈ കോഡുകൾ തികച്ചും തൊഴിലാളി വിരുദ്ധമാണെന്നതാണ് വസ്തുത. തങ്ങളുടെ സംഘടനാ ശക്തിയേയും ഐക്യത്തേയും തകർക്കാൻ ഒരു നിയമ ഭേദഗതിക്കും കഴിയില്ലെന്നതാണ് കോടിക്കണക്കിന് തൊഴിലാളികൾ പങ്കെടുത്ത സമരം സർക്കാരിന് നൽകുന്ന സന്ദേശം. തൊഴിലാളികൾ പണിമുടക്കിയ അതേദിവസം രാജ്യത്തെ വിവിധ കർഷക സംഘടനകളുടെ ആഭിമുഖ്യത്തിൽ ഗ്രാമീണ ബന്ദും സംഘടിപ്പിച്ചു. രാജ്യത്തെ കാർഷിക മേഖല നേരിടുന്ന ഗുരുതരമായ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഭാരത് ഗ്രാമീൺ ഹർത്താലിന് ആഹ്വാനം ചെയ്തത്. സാമൂഹ്യ പുരോഗതി, വിമോചനം എന്നിവയ്ക്കായുള്ള തൊഴിലാളികളുടെ സമരം ഒരു പുതിയ അധ്യായമാകും ചരിത്രത്തിൽ എഴുതിചേർക്കുന്നത്. സമകാലീന ഇന്ത്യൻ ചരിത്രത്തിൽ ഒരു നാഴികക്കല്ലാകും തൊഴിലാളികൾ ഈ മാസം എട്ടിന് നടത്തിയ പണിമുടക്ക്. രാജ്യത്തെ സർവകലാശാല കാമ്പസുകളിൽ നടക്കുന്ന പൊലീസ് അതിക്രമങ്ങൾ ഈ സാഹചര്യത്തിൽ വിലയിരുത്തേണ്ടത് അനിവാര്യമാണ്. സ്വാതന്ത്ര്യ സമര പോരാട്ടങ്ങളെ ഓർമ്മിപ്പിക്കുന്ന വിധത്തിലുള്ള ധീരമായ പ്രതിഷേധ സമരങ്ങളാണ് രാജ്യത്തെ യുവജനങ്ങൾ പ്രത്യേകിച്ചും വിദ്യാർഥികൾ മോഡി സർക്കാരിനെതിരെ നടത്തുന്നത്. രാജ്യത്തെ ഭരണഘടനയുടെ സംരക്ഷണത്തിനായി യുവജനങ്ങൾ ഉണർന്നു പ്രവർത്തിക്കുന്നുവെന്നാണ് ദേശീയ പൗരത്വ ഭേദഗതി നിയമം, ദേശീയ പൗരത്വ രജിസ്റ്റർ, ദേശീയ ജനസംഖ്യാ രജിസ്റ്റർ എന്നിവയ്ക്കെതിരെയുള്ള പ്രതിഷേധങ്ങൾ വ്യക്തമാക്കുന്നത്.
ചരിത്രത്തിന്റെ ആക സ്മികമായ ഉരുത്തിരിയലാണ് നടക്കുന്നത് . സ്വതന്ത്ര ഇന്ത്യ ലക്ഷ്യമിട്ട എല്ലാ ആശയങ്ങളുടേയും മൂർത്തിമത് ഭാവമാണ് ഇന്ത്യൻ ഭരണഘടന. പരാമാധികാരമുള്ള, ജനാധിപത്യ, മതേതര, സോഷ്യലിസ്റ്റ് രാജ്യമെന്ന ആശയമാണ് ഭരണഘടനയുടെ ആമുഖത്തിൽ പറയുന്നത്. ഈ വികാരമാണ് ഇപ്പോൾ രാജ്യത്ത് അലയടിക്കുന്നത്. ഇതിൽ ഭീതി പൂണ്ട സർക്കാർ തികച്ചും അക്രമാസക്തമായ മാർഗങ്ങളാണ് സർവകലാശാല കാമ്പസുകളിലും ഹോസ്റ്റലുകളിലും തുടരുന്നത്. രാജ്യത്തെ ബുദ്ധിജീവികൾ, സാംസ്കാരിക നേതാക്കൾ, കലാകാരൻമാർ, പ്രൊഫഷണലുകൾ എന്നിവർ പിന്തുണയുമായി എത്തിയതോടെ വിദ്യാർഥി പ്രക്ഷോഭത്തിന് പുതിയ മാനവും ശക്തിയും കൈവന്നു. ഇപ്പോൾ രാജ്യത്തെ തൊഴിലാളികളും കർഷകരും സമരമുഖത്തെത്തി. രാജ്യത്തെ കർഷകർ നേരിടുന്ന പ്രശ്നങ്ങൾ, ഇതിന് കാരണമായ സാമ്പത്തിക നയങ്ങൾ എന്നിവയ്ക്കെതിരെ പ്രതികരിക്കുന്നതിനൊപ്പം സിഎഎ, എൻആർസി, എൻപിആർ എന്നിയ്ക്കെതിരെയുള്ള തങ്ങളുടെ രോഷവും ഇവർ പ്രകടപ്പിക്കുന്നു. അത് ഇപ്പോഴത്തെ ജനകീയ പ്രതിഷേധങ്ങൾക്ക് പുത്തൻ മാനം നൽകുന്നു. കർഷക, തൊഴിലാളി സംഘടനകൾ ഒരുമിച്ചിരുന്ന് ഭാവിപരിപാടികൾ തീരുമാനിക്കും. ഇപ്പോഴുള്ള പ്രശ്നങ്ങൾക്ക് യുക്തിസഹമായ പരിഹാരം കാണാത്തപക്ഷം കൂടുതൽ തീവ്രമായ സമരമായിരിക്കും ഉണ്ടാകുന്നത്. ഇതിൽ തൊഴിലാളികൾ, കർഷകർ, കർഷകത്തൊഴിലാളികൾ, വിദ്യാർത്ഥികൾ, ബുദ്ധിജീവികൾ തുടങ്ങിയവർ പങ്കെടുക്കും. ജനാധിപത്യ അവകാശം, സാമ്പത്തികമായ പുനക്രമീകരണം എന്നീവയ്ക്കുവേണ്ടിയുള്ള പോരാട്ടങ്ങൾ ഒരു നൂതനമായ രാഷ്ട്രീയ മാനം കൈവരിക്കും. കമ്മ്യൂണിസ്റ്റുകാരും ഇടത് പാർട്ടികളും അവസരത്തിനൊത്ത് ഉയർന്ന് രാജ്യത്ത് പുത്തൻ വാതായനങ്ങൾ തുറന്നിടുന്നതിനായി ഐക്യത്തോടെയുള്ള പോരാട്ടങ്ങളുടെ നേതൃത്വം ഏറ്റെടുക്കേണ്ടതുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.