March 21, 2023 Tuesday

കെജ്‌രിവാൾ നടപ്പാക്കുന്നത് ബിജെപിയുടെ അജണ്ട

അരുൺ ശ്രീവാസ്തവ
March 3, 2020 5:30 am

ജെഎൻയു വിദ്യാർത്ഥി യൂണിയൻ മുൻ പ്രസിഡന്റ് കനയ്യ കുമാറിനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിയ കെജ്‌രിവാൾ സർക്കാരിന്റെ നടപടി തികച്ചും ആസൂത്രിതമായ ഒന്നാണ്. യുവനേതാവിന്റെ രാഷ്ട്രീയവും അക്കാദമികവുമായ ഭാവിയെ നശിപ്പിക്കാനുള്ള ബിജെപി നേതൃത്വത്തിന്റെ ഗൂഢപദ്ധതിയാണിത്.

കെജ്‌രിവാൾ സർക്കാരിന്റെ നടപടി പൊടുന്നനെ ഉണ്ടായതല്ല. മറിച്ച് ദീർഘനാളത്തെ തയ്യാറെടുപ്പിന്റെ ഫലമാണ്. പദ്ധതി നടപ്പാക്കാനുള്ള അനുയോജ്യമായ സന്ദർഭം കാത്തിരിക്കുകയായിരുന്നു അവർ. രാജ്യദ്രോഹ കുറ്റത്തിന് പരമാവധി ജീവപര്യന്തവും കുറഞ്ഞത് മൂന്ന് വർഷംവരെ തടവ്ശിക്ഷയും ലഭിക്കാം. ശിക്ഷിക്കപ്പെട്ടാൽ ആറു വർഷം തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല. മികച്ച ഒരു തൊഴിൽപോലും ലഭിക്കില്ല. സ്വതസിദ്ധമായ ശൈലിയിൽ കെജ്‌രിവാൾ ഇക്കാര്യത്തിലും നടപടി സ്വീകരിച്ചുവെന്നാണ് രാഷ്ട്രീയ വൃത്തങ്ങൾ പൊതുവേ വിലയിരുത്തുന്നത്. കനയ്യ കുമാറിനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിയതിലൂടെ കെജ്‌രിവാൾ മോഡി സർക്കാരിനോട് വിലപേശുകയാണ്. ഒപ്പം കനയ്യകുമാറിനെ ബലിയാടാക്കി കേന്ദ്ര സർക്കാരുമായി സമാധാനത്തിന്റെ ദല്ലാളാകാനും ശ്രമിക്കുകയാണ് ഡൽഹി മുഖ്യമന്ത്രി.

കനയ്യ കുമാറിനെ കേസിൽപ്പെടുത്തുക എന്നത് ബിജെപിയെ സംബന്ധിച്ചിടത്തോളം അനിവാര്യമായ കാര്യമാണ്. അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ പരാജയപ്പെട്ട ബിജെപി ബിഹാർ, ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ പരീക്ഷണങ്ങൾക്ക് തയ്യാറല്ല. ബിഹാർ രാഷ്ട്രീയത്തിൽ ഏറെ മേൽക്കൈ പുലർത്തുന്ന കനയ്യ കുമാറിനെ ഒഴിവാക്കിയില്ലെങ്കിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വിജയിക്കാൻ കഴിയില്ല. ഈ സാഹചര്യത്തിൽ കനയ്യ കുമാറിനെ കേസിൽപ്പെടുത്തി ജയിലിൽ അയയ്ക്കുക എന്നത് ബിജെപിക്ക് അത്യന്താപേക്ഷിതമാണ്. കനയ്യ കുമാർ ഏറെ സ്വാധീനം ചെലുത്തുന്ന നേതാവാണെന്ന് ബിജെപി-ജെഡിയു നേതൃത്വത്തിന് ബോധ്യപ്പെടുത്തിയത് തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോറാണ്. കനയ്യ കുമാറിനെ ദേശദ്രോഹിയാക്കി അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രതിച്ഛായയെ തകർത്ത് തെരഞ്ഞെടുപ്പിൽ വിജയിക്കാനുള്ള തന്ത്രമാണ് ബിജെപി ഒരുക്കുന്നത്.

തെരഞ്ഞെടുപ്പിൽ വിജയിക്കാനായി ഇത്രമാത്രം തരംതാണ വിധത്തിൽ ഏറെ രാഷ്ട്രീയഭാവിയുള്ള ഒരു യുവ നേതാവിനെതിരെ ഗൂഢാലോചന നടത്തുന്നത് ബിജെപിയുടെ നാണംകെട്ട പ്രവൃത്തിയാണ്. പാർലമെന്റ് ആക്രമണ കേസിലെ മുഖ്യപ്രതിയായ അഫ്‌സൽ ഗുരുവിനെ തൂക്കിലേറ്റിയതിന്റെ വാർഷികവുമായി ബന്ധപ്പെട്ട പ്രകടനത്തിനിടെ കനയ്യ കുമാർ രാജ്യദ്രോഹ മുദ്രാവാക്യം മുഴക്കിയെന്നാണ് കേസ്. കനയ്യ കുമാർ ഉൾപ്പെടെയുള്ളവർക്കെതിരെ 2019 ജനുവരിയിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. 2016 ഫെബ്രുവരി 12 ന് രാജ്യദ്രോഹ കുറ്റം ചുമത്തി കനയ്യ കുമാറിനെ അറസ്റ്റ് ചെയ്തു. തൊട്ടടുത്ത മാസം കോടതി ജാമ്യം അനുവദിച്ചു. അപ്പോഴും കനയ്യക്കെതിരെ ചുമത്തിയ കുറ്റം കോടതിക്ക് ബോധ്യപ്പെട്ടില്ല.

എന്നാൽ കനയ്യ കുമാറിനെ തകർക്കുക എന്ന ലക്ഷ്യത്തോടെ ബിജെപി കരുക്കൾ നീക്കി. കോടതിയിൽ കുറ്റം നിലനിൽക്കില്ലെന്ന് ബോധ്യപ്പെട്ടെങ്കിലും ബിജെപി അദ്ദേഹത്തെ വേട്ടയാടുന്നു. കനയ്യ കുമാറിനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകേണ്ടെന്ന നിയമോപദേശമാണ് ഡൽഹി ആഭ്യന്തര വകുപ്പിന് ലഭിച്ചത്. മുദ്രാവാക്യം മുഴക്കുന്ന വീഡിയോ ദൃശ്യങ്ങൾ പലതും വ്യാജമാണെന്ന് ജില്ലാ മജിസ്ട്രേട്ട് ഉൾപ്പെടെയുള്ളവർ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. കൂടാതെ കുറ്റാരോപിതർ ദേശദ്രോഹ മുദ്രാവാക്യം മുഴക്കിയതിന് തെളിവുമില്ല. കനയ്യ കുമാറിനെതിരെയുള്ള രാജ്യദ്രോഹ കുറ്റവും ഇതുമായി ബന്ധപ്പെട്ട വീഡിയോ ദൃശ്യങ്ങളും വ്യാജമാണെന്ന നിലപാടാണ് കെജ്‌രിവാൾ ആദ്യം സ്വീകരിച്ചത്. മോഡി- അമിത് ഷാ എന്നിവരുടെ രാഷ്ട്രീയ സമ്മർദ്ദങ്ങൾക്കു മുന്നിൽ കെജ്‌രിവാൾ കീഴടങ്ങി എന്നത് ഇതിലൂടെ വ്യക്തമാകുന്നു. തന്നെ പ്രോസിക്യൂട്ട് ചെയ്യാൻ കെജ്‌രിവാൾ അനുമതി നൽകിയതിനോട് ശക്തമായ നിലപാടാണ് കനയ്യ കുമാർ സ്വീകരിച്ചത്. ബിജെപി മേലാളൻമാരുടെ ഇംഗിതങ്ങൾക്ക് വഴങ്ങുന്ന ആളായി കെജ്‌രിവാൾ അധഃപതിച്ചുവെന്നാണ് കനയ്യ കുമാർ പ്രതികരിച്ചത്. രാജ്യത്ത് നിലവിലുള്ള രാജ്യദ്രോഹ കുറ്റം എത്രമാത്രം ദുരുപയോഗം ചെയ്യുന്നുവെന്നത് ജനങ്ങൾക്ക് ബോധ്യമാകാൻ അതിവേഗ കോടതിയിൽ കേസ് വിചാരണ ചെയ്യണം. രാജ്യത്തിന്റെ ശ്രദ്ധ അടിസ്ഥാന പ്രശ്നങ്ങളിൽ നിന്നും മാറ്റി രാഷ്ട്രീയ നേട്ടങ്ങൾക്കായി രാജ്യദ്രോഹ നിയമത്തെ ദുരുപയോഗം ചെയ്യുന്നത് ജനങ്ങൾക്ക് ബോധ്യമാകും.

2016ൽ 35 കേസുകളാണ് രാജ്യദ്രോഹ കുറ്റം ചുമത്തി രജിസ്റ്റർ ചെയ്തതെന്ന് ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുകൾ പറയുന്നു. 2018ൽ ഇത് 70 ആയി വർധിച്ചു. എന്നാൽ കുറ്റാരോപിതർക്കെതിരെ ചുമത്തിയിട്ടുള്ള കുറ്റങ്ങൾ തെളിയിക്കാൻ കഴിഞ്ഞിട്ടില്ല. രാഷ്ട്രീയ എതിരാളികളെ തേജോവധം ചെയ്യാനാണ് മോഡി സർക്കാർ ഈ നിയമത്തെ ഉപയോഗിക്കുന്നത്. 2018ൽ നിയമകമ്മിഷൻ പ്രസിദ്ധീകരിച്ച രേഖകളിലും രാജ്യദ്രോഹ കുറ്റത്തിനെതിരെയുള്ള നിയമത്തിന്റെ ദുരുപയോഗം സംബന്ധിച്ച് പറയുന്നു. വിമർശനങ്ങൾ രാജ്യദ്രോഹ കുറ്റത്തിൽ ഉൾപ്പെടില്ലെന്നും നിയമ കമ്മിഷൻ പറയുന്നു. രാജ്യത്തെ ഭൂരിഭാഗം നിയമ വിദഗ്ധരും സമാന നിലപാടാണ് സ്വീകരിക്കുന്നത്. ബംഗളൂരുവിലെ ഒരു വിദ്യാർത്ഥിക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയതിനെതിരെയും ശക്തമായ വിമർശനങ്ങളാണ് ഉയരുന്നത്. രാജ്യദ്രോഹ കുറ്റ നിയമത്തിന്റെ വ്യക്തമായ ദുരുപയോഗമാണ് ഇക്കാര്യത്തിൽ ഉണ്ടായതെന്ന് സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ് ബി സുദർശൻ റെഡ്ഡി പ്രതികരിച്ചു. രാജ്യദ്രോഹ കുറ്റത്തിനെതിരെയുള്ള നിയമങ്ങൾ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന് ഡൽഹി ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് എ പി ഷായും പറഞ്ഞു. ഇന്ദിരാഗാന്ധിയുടെ വധത്തിന് മണിക്കൂറുകൾക്ക് ശേഷം ഖാലിസ്ഥാൻ സിന്ദാബാദ് മുഴക്കിയ രണ്ടുപേരെ ബൽവന്ത് സിങ് വേഴ്സസ് സ്റ്റേറ്റ് പഞ്ചാബ് കേസിൽ കോടതി വെറുതെ വിട്ടിരുന്നു. അഭിപ്രായ ഭിന്നത പ്രകടിപ്പിക്കുന്നവരെ അടിച്ചമർത്താനുള്ള ഉപാധിയായി രാജ്യദ്രോഹ കുറ്റത്തെ മോഡി സർക്കാർ ഉപയോഗിക്കുന്നു. ഈ നിയമത്തിന്റെ ദുരുപയോഗം തടയുന്നതിന് സുപ്രീംകോടതിയുടെ മാർഗനിർദ്ദേശങ്ങളുണ്ട്. എന്നാൽ ഇവ പലപ്പോഴും അവഗണിക്കപ്പെടുന്നു.

സർക്കാർ, കരസേന, നീതിന്യായ സംവിധാനം എന്നിവയെ വിമർശിക്കുന്നത് രാജ്യദ്രോഹ കുറ്റമല്ല. ഇത്തരത്തിൽ വിമർശനം ഉന്നയിക്കുന്നവർക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയാൽ അത് ജനാധിപത്യത്തിന് പകരം പൊലീസ് രാജാകുമെന്ന് സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ദീപക് മിശ്ര അടുത്തിടെ ഒരു ശില്പശാലയിൽ പറഞ്ഞിരുന്നു. രാജ്യത്തെ പൗരൻമാർക്ക് സർക്കാരിനെ വിമർശിക്കാൻ അവകാശമുണ്ട്. ഈ വിമർശനങ്ങളെ രാജ്യദ്രോഹമായി കാണാൻ കഴിയില്ലെന്നുമാണ് ദീപക് മിശ്ര പറഞ്ഞത്. ബിജെപിയുടെ ഇംഗിതങ്ങൾക്ക് അനുസരിച്ചാണ് കെജ്‌രിവാൾ പ്രവർത്തിക്കുന്നതിന് തെളിവാണ് ബിജെപി ഡൽഹി ഘടകം അധ്യക്ഷൻ മനോജ് തിവാരിയുടെ വാക്കുകൾ. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യങ്ങൾ കണക്കിലെടുത്താണ് കനയ്യ കുമാറിനെ പ്രോസിക്യൂട്ട് ചെയ്യാൻ കെജ്‌രിവാൾ അനുമതി നൽകിയതെന്നാണ് മനോജ് തിവാരി പറഞ്ഞത്. ഈ തീരുമാനം സ്വാഗതം ചെയ്യുന്നു. ഇക്കാര്യം നേരത്തെ ആവശ്യപ്പെട്ടിരുന്നു- ഇതായിരുന്നു തിവാരിയുടെ വാക്കുകൾ. കനയ്യ കുമാറിനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകുന്നതിന് കേജരിവാൾ സർക്കാരിന് നിർദ്ദേശം നൽകണമെന്ന ആവശ്യപ്പെട്ടുള്ള ഹർജി 2019 ഡിസംബർ നാലിന് ഹൈക്കോടതി തള്ളിയിരുന്നു.

ഇക്കാര്യത്തിൽ നിർദ്ദേശം നൽകാൻ കഴിയില്ലെന്നും നിലവിലുള്ള നിയമങ്ങൾ അനുസരിച്ച് ഡൽഹി സർക്കാർ യുക്തമായ തീരുമാനമെടുക്കുമെന്നുമാണ് ചീഫ് ജസ്റ്റിസ് ഡി എൻ പട്ടേൽ, ജസ്റ്റിസ് സി ഹരിശങ്കർ എന്നിവർ ഉൾപ്പെട്ട ബെ‍‌‍ഞ്ച് നിരീക്ഷിച്ചത്. രാജ്യത്തെ പൊലീസ് രാജാക്കുമെന്ന സുപ്രീം കോടതി ജഡ്ജി ഉൾപ്പെടെയുള്ളവരുടെ നിരീക്ഷണങ്ങളെ അവഗണിച്ചാണ് കനയ്യ കുമാറിനെ പ്രോസിക്യൂട്ട് ചെയ്യാൻ കെജ്‌രിവാൾ സർക്കാർ അനുമതി നൽകിയിരിക്കുന്നത്. (കടപ്പാട്: ഐപിഎ)

ENGLISH SUMMARY: Kejari­w­al is imple­ment­ing BJP’s agenda

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.