കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ദേശീയ എക്സിക്യൂട്ടീവ് അംഗവും ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ മുന്‍ പ്രസിഡന്റുമായ കനയ്യ കുമാറും ഉമര്‍ ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ എന്നിവരും ഉള്‍പ്പെട്ട രാജ്യദ്രോഹക്കുറ്റ കേസില്‍ മുന്നോട്ടു പോകാന്‍ അരവിന്ദ് കെജ്‌രിവാള്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത് ആരെയും അമ്പരപ്പിക്കുന്ന നടപടിയാണ്. 2016 ഫെബ്രുവരി ഒമ്പതിന് ജെഎന്‍യു കാമ്പസില്‍ നടന്ന ഒരു പ്രകടനത്തില്‍ ദേശവിരുദ്ധ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയെന്ന് ആരോപിച്ചാണ് ഡല്‍ഹി പൊലീസ് രാജ്യദ്രോഹ കുറ്റത്തിന് കേസ് എടുത്തത്. പാര്‍ലമെന്റ് ആക്രമണ കേസില്‍ കുറ്റവാളിയെന്ന് കണ്ടെത്തി വധശിക്ഷയ്ക്ക് വിധേയനായ അഫ്സല്‍ ഗുരുവിനെ തൂക്കിലേറ്റിയതിന്റെ വാര്‍ഷികാചരണണത്തിലായിരുന്നു ആരോപണ വിധേയമായ സംഭവം. അതുസംബന്ധിച്ച് മോഡി അനുകൂല ദൃശ്യമാധ്യമങ്ങള്‍ പുറത്തുവിട്ട വീഡിയോ ദൃശ്യങ്ങള്‍ വ്യാജമാണെന്ന് തെളിയിക്കപ്പെട്ടിരുന്നു.
കനയ്യ കുമാറിനും സഹപ്രവര്‍ത്തകര്‍ക്കും എതിരായ കേസ് അടിസ്ഥാനരഹിതമാണെന്ന നിലപാട് കെജ്‌രിവാള്‍ പരസ്യമായി രേഖപ്പെടുത്തി. രാജ്യദ്രോഹ കുറ്റത്തിന് കേസെടുക്കുന്നതിനെതിരെ ഡല്‍ഹി സര്‍ക്കാരിന് നിയമോപദേശം ലഭിച്ചിരുന്നു. ആരോപണം അടിസ്ഥാനരഹിതമാണെന്നും അതിന്റെ പേരില്‍ വിചാരണാ നടപടികള്‍ ആവശ്യമില്ലെന്നും സംസ്ഥാന ആഭ്യന്തര വകുപ്പും നിര്‍ദ്ദേശം നല്‍കിയിരുന്നു. അത്തരം നിയമോപദേശങ്ങള്‍ അപ്പാടെ അവഗണിച്ചാണ് കെജ്‌രിവാള്‍ ഗവണ്‍മെന്റ് പ്രോസിക്യൂഷന് ഇപ്പോള്‍ അനുമതി നല്‍കിയിരിക്കുന്നത്. ജുഡിഷ്യല്‍ വിഷയങ്ങളില്‍ ഇടപെടേണ്ടതില്ലെന്ന തന്റെ സര്‍ക്കാരിന്റെ നിലപാടിന്റെ അടിസ്ഥാനത്തിലാണ് അനുമതി നല്‍കിയതെന്നാണ് കെജ്‌രിവാള്‍ നല്‍കുന്ന ന്യായീകരണം. ഈ നിലപാട് ഏറ്റവും മിതമായ ഭാഷയില്‍ ജനാധിപത്യ ഭരണകൂടത്തെയാണ് അപഹാസ്യമാക്കി മാറ്റിയിരിക്കുന്നത്.
രാജ്യദ്രോഹ കുറ്റം സംബന്ധിച്ച് പ്രമുഖ ന്യായാധിപന്മാര്‍ തങ്ങളുടെ അഭിപ്രായം പലപ്പോഴായി രേഖപ്പെടുത്തിയിട്ടുള്ളതാണ്. അവയെല്ലാം തന്നെ കോളനിവാഴ്ചക്കാലത്തെ ഈ കരിനിയമത്തിന്റെ പ്രസക്തി ചോദ്യം ചെയ്യുന്നവയാണ്. ഈ പശ്ചാത്തലത്തില്‍ വേണം തികച്ചും പക്ഷപാതപരമായി ഭരണകൂട പ്രീണനത്തിന് കുപ്രസിദ്ധിയാര്‍ജിച്ച ഡല്‍ഹി പൊലീസ് കെട്ടിച്ചമച്ച കേസ് തുടരാന്‍ ഡല്‍ഹി സര്‍ക്കാര്‍ നല്‍കിയ അനുമതി വിലയിരുത്തപ്പെടേണ്ടത്. രാജ്യദ്രോഹ കുറ്റമടക്കം പല കരിനിയമങ്ങളും ഭരണകൂടങ്ങള്‍ വൈരനിര്യാതന ബുദ്ധിയോടെ ദുരുപയോഗം ചെയ്യുന്നത് ഇന്ത്യയില്‍ ഒട്ടും പുതുമയുള്ള കാര്യമല്ല. മോഡി ഭരണത്തില്‍ അതിന്റെ എണ്ണവും വ്യാപ്തിയും എല്ലാ അതിരുകളും ലംഘിച്ച് ഉയരുകയാണ്. ഡല്‍ഹി പൊലീസിനുമേല്‍ സംസ്ഥാന സര്‍ക്കാരിനു യാതൊരു നിയന്ത്രണവും ഇല്ല. അതേപ്പറ്റി കെജ്‌രിവാള്‍ തന്നെ നിരന്തരം വിലപിക്കുന്നുമുണ്ട്. ഇത്തരം കരിനിയമങ്ങള്‍ അടിസ്ഥാനരഹിതമായും പക്ഷപാതപരമായും പ്രയോഗിക്കുന്നത് പൊലീസ് സേന പതിവാക്കിയിരിക്കുന്നു. അത് മിക്കപ്പോഴും ഭരണകൂട പ്രേരണയോടെ ആണു താനും.
കനയ്യ കുമാറും ജെഎന്‍യു വിദ്യാര്‍ത്ഥികളും മോഡി സര്‍ക്കാരിന്റെയും സംഘ്പരിവാര്‍ ശക്തികളുടെയും പ്രഖ്യാപിത ശത്രുക്കളാണ്. അത്തരം സാഹചര്യങ്ങളില്‍ പൊലീസ് നടപടി ജനാധിപത്യ ഗവണ്‍മെന്റിന്റെ വിവേചനാധികാരത്തിന് വിധേയമാക്കിയിരിക്കുന്നത് പൊലീസിന്റെ അമിതാധികാര പ്രവണത തടയുക എന്ന ലക്ഷ്യത്തോടെയാണ്. അവിടെയാണ് കെജ്‌രിവാള്‍ സര്‍ക്കാര്‍ തങ്ങളുടെ ഉത്തരവാദിത്വത്തില്‍ നിന്ന് കൈകഴുകി ഡല്‍ഹി പൊലീസിന് തന്നിഷ്ടം പോലെ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. ഡല്‍ഹി സര്‍ക്കാരിന്റെ തീരുമാനം കെജ്‌രിവാളിന്റെ രാഷ്ട്രീയ വിശ്വാസ്യതയെയാണ് ചോദ്യം ചെയ്യുന്നത്.
കെജ്‌രിവാളിന്റെ ഈ തീരുമാനം അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുകളെയും അവസരവാദപരമായ ചാഞ്ചാട്ടസ്വഭാവത്തെയുമാണ് തുറന്നുകാട്ടുന്നത്. അണ്ണാഹസാരയുടെ അഴിമതിവിരുദ്ധ പോരാട്ടത്തിലൂടെ രാഷ്ട്രീയ മണ്ഡലത്തിലേക്ക് വിക്ഷേപിക്കപ്പെട്ട കെജ്‌രിവാള്‍ ഹസാരയുടെ നിലപാടുകളെ വഞ്ചിച്ചാണ് ഡല്‍ഹി രാഷ്ട്രീയത്തില്‍ നിലയുറപ്പിച്ചത്. നിലവിലുള്ള രാഷ്ട്രീയ സംസ്കാരത്തിന് എതിരായി രംഗപ്രവേശം ചെയ്ത കെജ്‌രിവാള്‍ അവസരവാദ രാഷ്ട്രീയത്തിന്റെ മികവുറ്റ പ്രയോക്താവായി മാറുന്നതാണ് രാജ്യം കണ്ടത്. ചില ജനകീയ നടപടികളിലൂടെ ഡല്‍ഹി തെരഞ്ഞെടുപ്പില്‍ വിജയം കൈവരിക്കുമ്പോഴും അടിസ്ഥാന പ്രശ്നങ്ങളില്‍ എത്രത്തോളം അവസരവാദിയാകാമെന്നതിനും ജനാധിപത്യ മൂല്യങ്ങള്‍ നിരാകരിക്കാനാവുമെന്നും കെജ്‌രിവാള്‍ കാട്ടിത്തരുന്നു. ഭരണഘടനയെ അട്ടിമറിച്ച് അനുച്ഛേദം 370 അസാധുവാക്കിയ നടപടിയെ കെജ്‌രിവാള്‍ പിന്തുണച്ചു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച ജെഎന്‍യു, ജാമിയ വിദ്യാര്‍ത്ഥികള്‍ക്കെതിരായ ആര്‍എസ്എസ്, പൊലീസ് അതിക്രമങ്ങളെ അപലപിക്കാന്‍ അദ്ദേഹം വിസമ്മതിച്ചു. ഷഹീന്‍ബാഗ് സമരത്തിന് പിന്തുണ നല്‍കാനോ അവരുമായി ചര്‍ച്ചയ്ക്കോ പോലും വിസമ്മതിച്ചു. നാല്പത്തേഴ് മനുഷ്യ ജീവന്‍ അപഹരിക്കുകയും നൂറുകണക്കിന് ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും അനേകായിരങ്ങളെ വഴിയാധാരമാക്കുകയും ചെയ്ത ഡല്‍ഹിയിലെ വര്‍ഗീയ കലാപത്തെ അപലപിക്കാനോ കോടതി ഇടപെടും മുമ്പ് കലാപബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനോ കെജ്‌രിവാളും അദ്ദേഹത്തിന്റെ പാര്‍ട്ടി എംഎല്‍എമാരും തയാറായില്ല. അതെല്ലാം നല്‍കുന്ന സന്ദേശം വ്യക്തമാണ്. കെജ്‌രിവാള്‍ ജനങ്ങള്‍ക്ക് ഒപ്പമല്ല, ജനാധിപത്യ സംസ്കാരത്തിനും ഒപ്പമല്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.