6 October 2024, Sunday
KSFE Galaxy Chits Banner 2

കെജ്‌രിവാളിന്റെ ജാമ്യം:നരേന്ദ്ര മോഡിക്കേറ്റ പ്രഹരം

Janayugom Webdesk
September 14, 2024 5:00 am

മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് സിബിഐ രജിസ്റ്റർ ചെയ്ത കേസിലും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചിരിക്കുന്നു. അദ്ദേഹത്തെ ദീർഘകാലം ജയിലിൽ അടയ്ക്കാമെന്ന വ്യാമോഹത്തിന് തടയിട്ടാണ് ഉപാധികളോടെയാണെങ്കിലും ചില ഉപാധികൾ ജാമ്യവും വ്യക്തിസ്വാതന്ത്ര്യവും സംബന്ധിച്ച നിർവചനങ്ങളിൽ വൈരുധ്യമുള്ളതാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ഡൽഹി മദ്യനയക്കേസ് അന്വേഷിച്ചിരുന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മാർച്ച് 21നാണ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്യുന്നത്. ഈ കേസിൽ തെരഞ്ഞെടുപ്പിന്റെ ഭാഗമായി മേയ് പത്തിന് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ജൂൺ രണ്ടുവരെയുള്ള കാലാവധി കഴിഞ്ഞ് വീണ്ടും ജയിലിലായ അദ്ദേഹത്തിന്റെ സ്ഥിര ജാമ്യത്തിനുള്ള ഹർജി കോടതിയുടെ പരിഗണനയിലിരിക്കെയാണ് സിബിഐ പൊടുന്നനെ അറസ്റ്റ് ചെയ്യുന്നത്. സ്ഥിരജാമ്യത്തിനുള്ള സാധ്യത മുൻകൂട്ടി കണ്ട് ജയിലിലായിരിക്കെ ജൂൺ 26ന് സിബിഐ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പ്രതീക്ഷിച്ചതുപോലെ ഇഡി കേസിൽ ജൂലൈ 12ന് സ്ഥിരജാമ്യമനുവദിച്ചെങ്കിലും സിബിഐ കേസിൽ അദ്ദേഹത്തിന്റെ ജയിൽവാസം നീണ്ടുപോയി. ഇതിലാണ് ഇന്നലെ പരമോന്നത കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചിരിക്കുന്നത്. ഡൽഹി മദ്യനയക്കേസിൽക്കുടുക്കി കേന്ദ്ര സർക്കാരിന്റെ അന്വേഷണ ഏജൻസികൾ കെജ്‌രിവാളിന് പുറമേ എഎപി നേതാക്കളായ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, സഞ്ജയ് സിങ്, വിജയ് നായർ, ബിആർഎസ് നേതാവ് കെ കവിത എന്നിവരെയും ജയിലിലിട്ടു. കെജ്‌രിവാൾ ഒഴികെയുള്ളവർക്ക് നേരത്തേതന്നെ ജാമ്യം ലഭിക്കുകയും ചെയ്തു. 

ഇഡി കേസിൽ കെജ്‌രിവാളിനും സിസോദിയ, കെ കവിത, മറ്റൊരു കേസിൽ ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സൊരേൻ എന്നിവർക്കും ജാമ്യം അനുവദിക്കുന്ന വേളയിൽ രൂക്ഷമായ വിമർശനങ്ങൾ കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരെ കോടതിയിൽ നിന്നുണ്ടായിരുന്നു. കള്ളപ്പണ നിരോധന നിയമത്തിലെ (പിഎംഎൽഎ) വകുപ്പുപ്രകാരം കേസന്വേഷണത്തിന്റെ ഭാഗമായി മാത്രം ആരെയും അറസ്റ്റ് ചെയ്യരുതെന്നും തെളിവുകളുടെയും മൊഴികളുടെയും അടിസ്ഥാനത്തിൽ സംശയിക്കത്തക്ക കാരണങ്ങൾ ഉണ്ടെന്ന് ഉത്തമമായി ബോധ്യപ്പെട്ടാൽ മാത്രമേ അറസ്റ്റ് പാടുള്ളൂവെന്നും ഇഡി കേസിൽ കെജ്‌രിവാളിന് ജാമ്യം നൽകിയുള്ള ഉത്തരവിലുണ്ടായിരുന്നു. ഡൽഹി മദ്യനയക്കേസിൽ സിസോദിയയ്ക്കും കവിതയ്ക്കും ജാമ്യം അനുവദിച്ച വേളയിൽ അന്വേഷണം പൂർത്തിയാകുകയും കുറ്റപത്രം സമർപ്പിക്കുകയും ചെയ്യുന്നതുവരെ ചോദ്യം ചെയ്യലിനായി കുറ്റാരോപിതരെ ജയിലിൽ പാർപ്പിക്കുന്ന സമീപനത്തെയും വിമർശിച്ചിരുന്നു. കേസിലെ കൂട്ടുപ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഒരാളെ അറസ്റ്റ് ചെയ്യുകയും അതേ വ്യക്തിയെ പിന്നീട് മാപ്പുസാക്ഷിയാക്കുകയും ചെയ്ത നടപടിയും വിമർശിക്കപ്പെട്ടു. ഇതുൾപ്പെടെ പല കേസുകളിലും കേന്ദ്ര സർക്കാരിന്റെ കോടാലിക്കൈ ആയാണ് എല്ലാ അന്വേഷണ ഏജൻസികളും പ്രവർത്തിക്കുന്നത് എന്നതിന്റെ വ്യക്തമായ തെളിവുകളാണ് കോടതികളുടെ ഓരോ പരാമർശങ്ങളും. ഇന്നലെ ജാമ്യം അനുവദിക്കുമ്പോഴും ഇത് വ്യക്തമാക്കുന്ന പരാമർശങ്ങൾ സുപ്രീം കോടതിയിൽ നിന്നുണ്ടായി. 2023 മാർച്ചിൽ കെജ്‌രിവാളിനെ ചോദ്യം ചെയ്തെങ്കിലും അറസ്റ്റ് ചെയ്യണമെന്ന് സിബിഐക്ക് തോന്നിയില്ലെന്ന് പറഞ്ഞ കോടതി 22 മാസത്തിലധികം അറസ്റ്റ് ആവശ്യമില്ലാതിരുന്നവർ അതിനുശേഷമാണ് കസ്റ്റഡിയിൽ വാങ്ങിയതെന്ന് കുറ്റപ്പെടുത്തുന്നു. അതിനാൽ സിബിഐയുടെ ഇത്തരം നടപടി അറസ്റ്റിന്റെ സമയത്തെക്കുറിച്ച് ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തുന്നുവെന്നും അത്തരമൊരു അറസ്റ്റ് ഇഡി കേസിൽ അനുവദിച്ച ജാമ്യം തടയാൻ മാത്രമായിരുന്നുവെന്നുമുള്ള ജസ്റ്റിസ് ഉജ്ജൽകെജ്‌രിവാളിന്റെ ജാമ്യം:നരേന്ദ്ര മോഡിക്കേറ്റ പ്രഹരം ഭുയാന്റെ വിധിന്യായത്തിൽ എല്ലാം അടങ്ങിയിട്ടുണ്ട്. കൂട്ടിലടച്ച തത്തയാണെന്ന ധാരണ സിബിഐ തിരുത്തുകയും കൂട്ടിലടച്ചതല്ലെന്ന് തെളിയിക്കുകയും ചെയ്യണമെന്നും
സിബിഐ സീസറുടെ ഭാര്യയെപ്പോലെ സംശയത്തിന് അതീതമായിരിക്കണമെന്നും അദ്ദേഹം പറഞ്ഞുവയ്ക്കുന്നുണ്ട്. 

സിബിഐ, ഇഡി, ദേശീയ അന്വേഷണ ഏജൻസി (എൻഐഎ), ആദായ നികുതി (ഐടി) വകുപ്പ് തുടങ്ങിയ കേന്ദ്ര അന്വേഷണ ഏജൻസികൾ നിലവിലെ ഭരണാധികാരികൾക്ക് എതിരാളികളെ വേട്ടയാടുന്നതിനുള്ള ഉപകരണങ്ങളാണെന്ന പരാതി നേരത്തെ ഉള്ളതാണെങ്കിലും 2014ൽ ബിജെപി അധികാരത്തിലെത്തിയതിനുശേഷമാണ് അത് വേട്ടപ്പട്ടികളുടെ ശൗര്യവും യജമാന ഭക്തിയുടെ വീര്യവും പ്രകടിപ്പിച്ചു തുടങ്ങിയത്. അതിന്റെ ഫലമായി പ്രതിപക്ഷപാർട്ടി നേതാക്കൾ, ബിജെപി ഇതര സംസ്ഥാന മുഖ്യമന്ത്രിമാർ ഉൾപ്പെടെ ഭരണാധികാരികൾ, ബിജെപിക്കും കേന്ദ്ര സർക്കാരിനുമെതിരെ അഭിപ്രായം പറയുന്നവർ എന്നിങ്ങനെ എല്ലാവരും ഈ ഏജൻസികളുടെ ശൗര്യവും വീര്യവും നേരിട്ട് ജയിലുകളിലും കേസുകളിൽപ്പെട്ട് കോടതികളിലുമായി സമയം ചെലവഴിക്കേണ്ട സ്ഥിതിയുണ്ടായി. അതേസമയം ചിലരെങ്കിലും കൂറുമാറി ബിജെപി പക്ഷത്തെത്തിയാൽ കുറ്റവിമുക്തരാക്കപ്പെടുന്നതും നമ്മുടെ അനുഭവമാണ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തെ ആശയപരമായി നിരായുധമാക്കുന്നതിന് സാധിക്കില്ലെന്ന് ബോധ്യപ്പെട്ട ബിജെപി ഇത്തരം ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷത്തെ രണ്ടു ഡസനോളം പ്രമുഖ നേതാക്കളെയാണ് ജയിലിലിട്ടത്. അതിൽ പ്രമുഖനായിരുന്നു കെജ്‌രിവാൾ. അദ്ദേഹത്തിന് ഇന്നലെ സുപ്രീം കോടതി ജാമ്യം അനുവദിച്ച് നടത്തിയ പരാമർശങ്ങൾ സിബിഐ എന്ന ഏജൻസിക്ക് മാത്രം എതിരെയുള്ളതല്ല. അവയെ തങ്ങളുടെ ഇംഗിതത്തിനുപയോഗിക്കുന്ന നരേന്ദ്രമോഡിക്കും കേന്ദ്ര സർക്കാരിനുമെതിരാണ്. അതുകൊണ്ട് സുപ്രീം കോടതിയുടെ ഈ പ്രഹരം മോഡിയുടെ നെഞ്ചിൻകൂടിനു നേരെയാണ് പതിക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.