കെം ചോ ട്രംപ് അല്ല, ഇനി നമസ്തേ ട്രംപ്

Web Desk

ന്യൂഡൽഹി

Posted on February 16, 2020, 7:55 pm

രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിൽ എത്തുന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പരിപാടിയുടെ പേര് മാറ്റി. ഗുജറാത്തിലെ അഹമ്മദാബാദിൽ ട്രംപ് പങ്കെടുക്കുന്ന പരിപാടിക്ക് കെം ചോ ട്രംപ് എന്നാണ് പേര് നൽകിയിരുന്നത്. എന്നാൽ ഇത് ’ നമസ്തേ പ്രസിഡന്റ് ട്രംപ് എന്നാണ് മാറ്റിയിരിക്കുന്നത്.

സെപ്റ്റംബറിൽ ഹൂസ്റ്റണിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി പങ്കെടുത്ത പരിപാടിക്ക് ‘ഹൗഡി മോഡി’ എന്ന പേര് നൽകിയതിന് സമാനമായാണ് ട്രംപിന്റെ പരിപാടിക്ക് കെം ചോ ട്രംപ് എന്ന് പേരിട്ടത്. എന്നാൽ കേന്ദ്ര സർക്കാരിന്റെ നിർദ്ദേശ പ്രകാരം പരിപാടിയുടെ പേര് മാറ്റുകയായിരുന്നു. കെം ചോ എന്ന ഗുജറാത്ത് വാക്കാണ് നമസ്തേ എന്നു മാറ്റിയിരിക്കുന്നത്. പരിപാടിക്ക് ദേശീയ പ്രാധാന്യം കൊണ്ടുവരുന്നതിനാണ് പേരുമാറ്റം എന്നാണ് റിപ്പോർട്ട്.

ട്രംപിന്റെ ആദ്യത്തെ ഇന്ത്യ സന്ദർശനത്തിന് ഗുജറാത്ത് ലേബൽ നൽകുന്നത് ശരിയല്ലെന്ന അഭിപ്രായവും ഉയർന്നിരുന്നു. ഫെബ്രുവരി 24 നാണ് ട്രംപ് അഹമ്മദാബാദിലെത്തുന്നത്. വെറും മൂന്നു മണിക്കൂർ മാത്രം അവിടെ ചെലവഴിക്കുന്ന ട്രംപിനായി ഗുജറാത്ത് സർക്കാർ 100 കോടിയാണ് ചെലവഴിക്കുന്നത്. നേരത്തെ ട്രംപിന്റെ സന്ദർശനത്തിനോടനുബന്ധിച്ച് ഗുജറാത്തിലെ ചേരികൾ മതിലുകെട്ടി മറയ്ക്കുന്നുവെന്ന വാർത്തയും വിവാദമായിരുന്നു.

ട്രംപിന്റെ സന്ദർശനത്തിനോടനുബന്ധിച്ച് സുരക്ഷയ്ക്കും മറ്റ് കാര്യങ്ങൾക്കുമായി മൂന്ന് ഐഎഎസ്, 18 ഐപിഎസ് ഉദ്യോഗസ്ഥരെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. സ്റ്റേജിന്റെ ചുമതലകൾ വരെ ഐഎഎസ് ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുണ്ടെന്നാണ് സൂചന. സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം നടക്കുന്ന വേദിയിൽ പാർക്കിംഗ് ഭാഗത്തെ ജോലി നൽകിയിരിക്കുന്നതും ഒരു ഐഎഎസ് ഉദ്യോഗസ്ഥനാണ്. അതേസമയം ട്രംപിന്റെ സുരക്ഷയ്ക്കായി 10, 000 പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കാനാണ് ഗുജറാത്ത് സർക്കാരിന്റെ നിർദ്ദേശം.

Eng­lish Sum­ma­ry; Kem Chho’ Out, ‘Namaste’ In: Trump’s Gujarat Event Renamed