ബേബി ആലുവ

കൊച്ചി

January 12, 2020, 9:29 pm

വിദ്യാർത്ഥികൾക്ക് ഇരുട്ടടിയായി കേന്ദ്രീയ വിദ്യാലയങ്ങളിലെ ഫീസ് വർദ്ധന

Janayugom Online

വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും മേൽ താങ്ങാനാവാത്ത ഭാരം അടിച്ചേൽപ്പിച്ച് കേന്ദ്രീയ വിദ്യാലയങ്ങളിൽ ഫീസ് വർദ്ധന. ഇതിനെതിരെ രക്ഷിതാക്കൾ സമ്പാദിച്ച സ്റ്റേ സുപ്രീം കോടതി നീക്കിയതോടെ ഫീസിനത്തിൽ വൻ തുക കുടിശിക അടയ്ക്കേണ്ട ഗതികേടിലായി വിദ്യാർത്ഥികൾ.
കേന്ദ്ര സർക്കാർ നിയന്ത്രണത്തിലുള്ള കേന്ദ്രീയ വിദ്യാലയങ്ങളിൽ യാതൊരു മാനദണ്ഡവുമില്ലാതെ പ്രതിമാസ വിദ്യാലയ വികാസ് നിധി (വിവിഎൻ ) ഫീസ് കുത്തനെ കൂട്ടിയത്. 240 രൂപയായിരുന്ന പ്രതിമാസ വിവിഎൻ ഫീസ് 500 രൂപയാക്കിയായിരുന്നു വർദ്ധന.

ഇതിനെതിരെ വിദ്യാർത്ഥികളും രക്ഷിതാക്കളും നൽകിയ പരാതികൾ കേന്ദ്ര സർക്കാർ തള്ളിയതോടെ, ചില രക്ഷിതാക്കൾ സുപ്രീം കോടതിയെ സമീപിക്കുകയും സ്റ്റേ വാങ്ങുകയുമായിരുന്നു. ആ സ്റ്റേയാണ് കഴിഞ്ഞ ദിവസം സുപ്രീം കോടതി അസ്ഥിരപ്പെടുത്തിയത്. ഇതോടെ, വർദ്ധിപ്പിച്ച വിവിഎൻ ഫീസിനത്തിൽ കുടിശികയായ തുക എത്രയും പെട്ടെന്ന് അടയ്ക്കാനുള്ള അറിയിപ്പ് രക്ഷിതാക്കൾക്ക് അധികൃതരിൽ നിന്നു ലഭിച്ചു തുടങ്ങി. മൂന്നു വർഷത്തെ ഫീസ് കുടിശിക ഇപ്പോൾ അടയ്ക്കാനാണ് നിർദ്ദേശം. അതിൽത്തന്നെ മൂന്നു മാസത്തെ ഫീസായ 1500 രൂപ പെട്ടെന്ന് അടച്ചു തീർക്കണം. 2013 അദ്ധ്യയന വർഷം മുതലുള്ള കുടിശിക പിന്നാലെ അടയ്ക്കേണ്ടതായി വരും.

പ്രതിമാസ വിവിഎൻ ഫീസ് 240 രൂപയിൽ നിന്ന് 500 രൂപയാക്കി വർദ്ധിപ്പിച്ചപ്പോൾ ഒരു വിദ്യാർത്ഥി ആ ഇനത്തിൽ മാത്രം ഒരു അദ്ധ്യയന വർഷം 3120 രൂപ കൂടുതലായി അടയ്ക്കണം. പ്രതിമാസ വിവിഎൻ ഫീസിലെ 2013 മുതലുള്ള വർദ്ധന കണക്കാക്കിയാൽ ആറു വർഷത്തെ 18,720 രൂപയാണ് ഒരു വിദ്യാർത്ഥി അടയ്ക്കേണ്ടി വരുന്ന കുടിശിക. സർക്കാരിന്റെ ഈ കൊള്ളയ്ക്കെതിരെ സുപ്രീം കോടതിയിൽ റിവ്യൂ ഹർജി നൽകുന്നതിനുള്ള ആലോചനയിലാണ് പേരന്റ്സ് അസോസിയേഷൻ എന്ന് ഒരു രക്ഷിതാവ് അറിയിച്ചു. കേന്ദ്രീയ വിദ്യാലയത്തിൽ കുട്ടികളെ ചേർത്ത രക്ഷിതാക്കളുടെ കീശ ചോർത്താൻ ഒരു വശത്തൂടെ ശ്രമിക്കുന്നതിനിടയിൽ, മറു വശത്ത് സംഭവിച്ച ഒരു വൻനഷ്ടം സർക്കാരിന് തിരിച്ചടിയായിരിക്കുകയാണ്. വിവിഎൻ ഫീസ് വർദ്ധനയെത്തുടർന്നുള്ള വലിയൊരു കാലയളവിൽ വിഷയം കോടതിയ്ക്കു മുമ്പിലായിരുന്നതിനാൽ, ഇതിനിടയ്ക്ക് കേരളത്തിൽ മാത്രം വർഷത്തിൽ ഏതാണ്ട് 8000 വിദ്യാർത്ഥികൾ എന്ന കണക്കിൽ പതിനായിരക്കണക്കിനു പേർ പഠനം പൂർത്തിയാക്കി കേന്ദ്രീയ വിദ്യാലയങ്ങൾ വിട്ടിരുന്നു. ഇവരിൽ നിന്നു വർദ്ധിപ്പിച്ച ഫീസ് ഈടാക്കാനാവില്ല. നിലവിൽ പഠിക്കുന്നവരിൽ നിന്നു മാത്രമേ വർദ്ധിപ്പിച്ച ഫീസിന്റെ കുടിശിക പിരിക്കാനാകൂ. ആറ് അദ്ധ്യയന വർഷത്തിനുള്ളിൽ പഠിച്ചിറങ്ങിയവരിൽ നിന്നുള്ള ഏതാണ്ട് 15 കോടി രൂപ ഇങ്ങനെ കേന്ദ്ര സർക്കാരിനു നഷ്ടമായി എന്നാണ് വിലയിരുത്തൽ.

Eng­lish Sum­ma­ry: Kendriya Vidyalaya school fees hike

YOU MAY ALSO LIKE THIS VIDEO