കെനിയയിലെ നെഹ്‌റുവില്‍ വിനോദ യാത്രാ സംഘം സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ടു മരിച്ച അഞ്ച് മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു. ഇന്നലെ രാവിലെ ഒമ്പതരയോടെ ഖത്തര്‍ എയര്‍വെയ്‌സ് വിമാനത്തിലാണ് മൃതദേഹങ്ങള്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കൊണ്ടുവന്നത്.
മൂവാറ്റുപുഴ സ്വദേശിനി ജസ്‌ന (29), മകള്‍ റൂഹി മെഹ്‌റിന്‍ (ഒന്നര വയസ്), മാവേലിക്കര ചെറുകോല്‍ സ്വദേശിനി ഗീത ഷോജി ഐസക്ക് (58), പാലക്കാട് മണ്ണൂര്‍ സ്വദേശിനി റിയ ആന്‍ (41), മകള്‍ ടൈറ റോഡ്രിഗസ്(7) എന്നിവരുടെ മൃതദേഹങ്ങളാണ് എത്തിച്ചത്. സംസ്ഥാന സര്‍ക്കാരിന് വേണ്ടി മന്ത്രി പി രാജീവ് മൃതദേഹങ്ങള്‍ ഏറ്റുവാങ്ങി പിന്നീട് അന്തിമോപചാരം അര്‍പ്പിച്ചു. മരിച്ച ജസ്‌നയുടെ ഭര്‍ത്താവ് മുഹമ്മദ് ഹനീഫ, റിയയുടെ ഭര്‍ത്താവ് ജോയല്‍ മകന്‍ ട്രാവീസ് എന്നിവര്‍ക്കും അപകടത്തില്‍ പരിക്കേറ്റിരുന്നു. ഭൗതികശരീരങ്ങള്‍ക്കൊപ്പം നാട്ടിലേക്ക് എത്തിയ ഇവരെ തുടര്‍ചികിത്സയ്ക്കായി ആശുപത്രികളിലേക്ക് മാറ്റുന്നതിന് ആംബുലന്‍സുകള്‍ അടക്കമുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയിരുന്നു. മൃതദേഹങ്ങള്‍ ബന്ധുക്കള്‍ ഏറ്റുവാങ്ങി അഞ്ച് ആംബുലന്‍സുകളിലായി വീടുകളിലേക്ക് കൊണ്ട് പോയി. ജസ്‌ന, മകള്‍ റൂഹി മെഹ്‌റിന്‍, റിയ മകന്‍ ടൈറ റോഡ്രിഗസ് എന്നിവരുടെ മൃതദേഹങ്ങള്‍ അവരവരുടെ നാട്ടിലെത്തിച്ച് സംസ്‌കരിച്ചു. മാവേലിക്കര സ്വദേശി ഗീതയുടെ മൃതദേഹം എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ജൂണ്‍ ഒന്‍പതിനാണ് വിനോദസഞ്ചാരത്തിനെത്തിയ 28 പേരടങ്ങുന്ന ഇന്ത്യന്‍സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് അപകടത്തില്‍ പെട്ടത്. ഖത്തറില്‍ നിന്നും വിനോദസഞ്ചാരത്തിനായി എത്തിയതായിരുന്നു ഇവര്‍. നെയ്‌റോബിയില്‍ നിന്നും 150 കിലോമീറ്റര്‍ അകലെ നെഹ്‌റുവിലായിരുന്നു അപകടം. ബസ് താഴ്ചയിലേയ്ക്ക് കീഴ്‌മേല്‍ മറിയുകയായിരുന്നു. ഇന്ത്യന്‍ എംബസി, കെനിയന്‍, ഖത്തര്‍ പ്രവാസി അസോസിയേഷന്‍, നോര്‍ക്ക റൂട്ട്‌സ് എന്നിവരുടെ ഇടപെടലിലൂടെ ആണ് മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ കഴിഞ്ഞത്. യെല്ലോ ഫീവര്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമാണെന്ന നിബന്ധന ഭൗതിക ശരീരങ്ങള്‍ വേഗത്തില്‍ നാട്ടിലേക്ക് എത്തിക്കുന്നതിന് അവസാനം നിമിഷം പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അതിവേഗ ഇടപെടലിനെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ യെല്ലോ ഫിവര്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന പ്രത്യേക സാഹചര്യം പരിഗണിച്ച് ഒഴിവാക്കി നല്‍കുകയായിരുന്നു. നോര്‍ക്ക് റൂട്ട്‌സ് ജനറല്‍ മാനേജര്‍ ടി രശ്മി, എയര്‍പോര്‍ട്ട് ഡയറക്ടര്‍ ജി മനു, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും അന്ത്യോപചാരം അര്‍പ്പിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.