Tuesday
22 Oct 2019

ദേശീയ വിദ്യാഭ്യാസ നയം: എതിര്‍പ്പുമായി സിബിഎസ്ഇയും സംസ്ഥാനങ്ങളും

By: Web Desk | Saturday 21 September 2019 11:55 PM IST


ന്യൂഡല്‍ഹി: ദേശീയ വിദ്യാഭ്യാസ നയത്തിലെ നിര്‍ദ്ദേശങ്ങള്‍ക്കെതിരെ വിവിധ സംസ്ഥാനങ്ങളും സിബിഎസ്ഇയും രംഗത്ത്. ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതാകണം ദേശീയ വിദ്യാഭ്യാസ നയത്തിന്റെ കാതലെന്ന് കേരളം ആവശ്യപ്പെട്ടു.
ന്യൂഡല്‍ഹി വിജ്ഞാന്‍ ഭവനില്‍ കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം വിളിച്ചുചേര്‍ത്ത സംസ്ഥാന വിദ്യാഭ്യാസ മന്ത്രിമാരുടെ ആദ്യ യോഗത്തിലാണ് കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ എതിര്‍പ്പ് അറിയിച്ചത്. അക്കാദമിക വര്‍ഷത്തില്‍ ഒന്നില്‍കൂടുതല്‍ ബോര്‍ഡ് പരീക്ഷകള്‍ നടത്താനുള്ള വിദ്യാഭ്യാസ നയത്തിലെ ശുപാര്‍ശ പ്രായോഗികമല്ലെന്ന് സിബിഎസ്ഇ വിമര്‍ശനം ഉന്നയിച്ചു.
സ്‌കൂള്‍ തലത്തില്‍ സെമിസ്റ്റര്‍ സംവിധാനം ഏര്‍പ്പെടുത്താനുള്ള തീരുമാനത്തെ ഭൂരിഭാഗം സംസ്ഥാനങ്ങളും എതിര്‍ത്തു. തമിഴ്‌നാട്, പശ്ചിമ ബംഗാള്‍, കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളാണ് സെമിസ്റ്റര്‍ സംവിധാനത്തെ എതിര്‍ത്തത്. അങ്കണവാഡികളെ വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ കൊണ്ടുവരാനുള്ള വിദ്യാഭ്യാസ നയത്തിലെ നിര്‍ദ്ദേശം അംഗീകരിക്കാന്‍ കഴിയില്ലെന്നും സംസ്ഥാനങ്ങള്‍ വ്യക്തമാക്കി. ത്രിഭാഷ സംവിധാനം നടപ്പാക്കാനുള്ള ശുപാര്‍ശക്കെതിരെ ശക്തമായ വിയോജിപ്പാണ് സംസ്ഥാനങ്ങള്‍ പ്രകടിപ്പിച്ചത്.
സംസ്ഥാനങ്ങളുടെ സാമൂഹിക സാമ്പത്തിക സാംസ്‌കാരിക വിദ്യാഭ്യാസ ആവശ്യങ്ങള്‍ നിറവേറ്റുന്ന വിധം ഫെഡറല്‍ തത്വങ്ങളില്‍ അധിഷ്ഠിതമായിരിക്കണം വിദ്യാഭ്യാസ നയം. പൊതു വിദ്യാഭ്യാസ യജ്ഞം പോലെ കേരളത്തില്‍ വിജയിച്ച വിദ്യാഭ്യാസ മാതൃകകള്‍ നിലനിര്‍ത്താന്‍ കഴിയണം. കരട് നയത്തിലെ വിദ്യാഭ്യാസത്തിന്റെ ഘടന സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ ഇതിന് പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നതാണെന്ന് കേരളം ചൂണ്ടിക്കാട്ടി.
കഴിഞ്ഞ മൂന്നുവര്‍ഷങ്ങളിലായി കേരളത്തില്‍ അഞ്ചുലക്ഷത്തിലധികം വിദ്യാര്‍ത്ഥികളാണ് സ്വകാര്യ മേഖലയില്‍ നിന്നും പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് എത്തിയത്. പാഠപുസ്തങ്ങള്‍ കേന്ദ്രീകൃതമായി പ്രസാധനം ചെയ്യുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ സ്വീകാര്യമല്ല. പാഠ്യപദ്ധതിയും പാഠപുസ്തകവും ആവാസ വ്യവസ്ഥയില്‍ കേന്ദ്രീകൃതമായിരിക്കണം. സംസ്ഥാനങ്ങളുടെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് അനുസൃതമായി പാഠപുസ്തകങ്ങള്‍ രൂപപ്പെടുത്താന്‍ കഴിയണം.
1968 മുതല്‍ 1992 വരെയുള്ള വിദ്യാഭ്യാസ നയങ്ങള്‍ പരിശോധിച്ച് വിദ്യാഭ്യാസ രംഗത്തെ വിജയ പരാജയങ്ങള്‍ വിലയിരുത്തിവേണം പുതിയ വിദ്യാഭ്യാസ നയം രൂപപ്പെടുത്താന്‍, ഇതിനായി പ്രാഥമിക തലം മുതല്‍ കരട് നയം വിശദമായ ചര്‍ച്ചക്ക് വിധേയമാക്കണം. ഇക്കാര്യത്തില്‍ വ്യാപകമായ ചര്‍ച്ച നടക്കുന്നതിന് ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിലുള്ള 22 ഭാഷകളിലും കരട് വിദ്യാഭ്യാസ നയം പ്രസിധീകരിക്കണമെന്നും കേരളം ആവശ്യപ്പെട്ടു. വിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്, ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി ഡോ. കെ ടി ജലീല്‍ എന്നിവരാണ് കേരളത്തെ പ്രതിനിധീകരിച്ചത്. ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഉഷ ടൈറ്റസ്, പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ സ്‌പെഷല്‍ പ്രൈവറ്റ് സെക്രട്ടറി കെ എ മണിറാം എന്നിവരും പങ്കെടുത്തു.
കേന്ദ്ര മനുഷ്യവിഭവ വികസന വകുപ്പ് മന്ത്രി രമേഷ് പൊഖ്രിയാല്‍ നിഷാംഗിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മന്ത്രിമാരായ സഞ്ജയ് ധോത്രെ, കിരണ്‍ റിജിജു, പ്രഹഌദ് സിംഗ് പട്ടേല്‍ തുടങ്ങിയവരും പങ്കെടുത്തു.