നീല വസ്ത്രം ധരിച്ച് നിവേദും അബ്ദുല്‍ റഹീമും വിവാഹിതരായി, ഇവർ കേരളത്തിലെ രണ്ടാമത്തെ ഗേ ദമ്പതികൾ- വീഡിയോ കാണാം

Web Desk
Posted on December 30, 2019, 12:11 pm

ഒരുപാട് അവഗണനകളും കുറ്റപ്പെടുത്തലുകളുമൊക്കെ മറിക്കടന്ന് കേരള ചരിത്രത്തിൽ മറ്റൊരു ഗേ വിവാഹം കൂടി നടന്നു. കേരളത്തിലെ രണ്ടാമത്തെ ഗേ ദമ്പതികളായി നിവേദും അബ്ദുല്‍ റഹീമും ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് വിവാഹിതരായത്. ബ്ലാംഗ്ലൂരിലെ ചിന്നപനഹള്ളി ലേക്കില്‍ വെച്ചായിരുന്നു ഇരുവരും വിവാഹിതരായത്. നികേഷും സോനുവുമാണ് കേരളത്തിൽ ആദ്യമായി ഇത്തരത്തിൽ വിവാഹം കഴിച്ചത്. വിവാഹത്തിന്റെ ചിത്രങ്ങള്‍ നിവേദും അബ്ദുല്‍ റഹീമും തന്നെ ഫേസ്ബുക്കിലൂടെ പങ്കുവെയ്ക്കുകയായിരുന്നു. നേരത്തെ  ഇവരുടെ പ്രീവെഡ്ഡിങ് ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങള്‍ ഇവർ തന്നെ പങ്കു വെച്ചിരുന്നു. ഇത് ഏറെ വിമർശനങ്ങള്‍ക്കും ചർച്ചകൾക്കും വഴിതെളിയ്ക്കുകയും ചെയ്തിരുന്നു.

പാശ്ചാത്യ രീതിയിലുള്ള വിവാഹത്തിൽ നീല നിറത്തിലുളള വസ്ത്രങ്ങളാണ്  ഇരുവരും ധരിച്ചത്. അടുത്ത സുഹൃത്തുക്കൾ മാത്രമായിരുന്നു ചടങ്ങിനുണ്ടായിരുന്നത്. ‘സോഷ്യല്‍ മീഡിയയിലൂടെ വിമര്‍ശിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ…ഞങ്ങള്‍ നിങ്ങളുടെ ചിലവില്‍ അല്ല ജീവിക്കുന്നത്. ഞങ്ങളും മനുഷ്യരാണ്. ഞങ്ങള്‍ക്കും ഇവിടെ ജീവിക്കാനുളള അവകാശമുണ്ട്. പിന്നെ ചുംബിക്കുന്ന ചിത്രങ്ങളെ വിമര്‍ശിക്കുന്നവരോട് പറയാനുളളത് ഇത് കിസ്സ് ഓഫ് ലവാണ്’- നിവേദ് പറഞ്ഞു. കൊച്ചി സ്വദേശിയായ നിവേദും ആലപ്പുഴ സ്വദേശിയായ റഹീമും അഞ്ച് വർഷങ്ങൾക്ക് മുമ്പ് ഫേസ്ബുക്കിലൂടെയാണ് പരിചയപ്പെട്ടത്. സൗഹൃദം പിന്നീട് പ്രണയമായി മാറുകയായിരുന്നു. വിദേശത്തേയ്ക്ക് പോകാനായിരുന്ന റഹീം പോകുന്നതിന് മുമ്പ് തന്നോട് പ്രണയാഭ്യർത്ഥന നടത്തുകയായിരുന്നുവെന്നും നിവേദ് വ്യക്തമാക്കി.

‘വാടക ഗര്‍ഭധാരണത്തിലൂടെ ഒരു കുഞ്ഞ് വേണം. എന്റെ ഒരു പെണ്‍സുഹൃത്ത് അതിന് തയ്യാറുമാണ്. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഐവിഎഫ് വഴി ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. വീട്ടുകാരോട് സെക്ഷ്വാലിറ്റിയെ കുറിച്ച് പല തവണ സൂചന നല്‍കിയിരുന്നെങ്കിലും ഗേയാണ് എന്നകാര്യം കഴിഞ്ഞ വര്‍ഷമാണ് വീട്ടുക്കാരോട് തുറന്നുപറഞ്ഞത്. അവര്‍ക്ക് ഇപ്പോഴും അത് അംഗീകരിക്കാനായിട്ടില്ല. അച്ഛനും അമ്മക്കും മാത്രമല്ല, ഐടി കമ്പനിയില്‍ ജോലി ചെയ്യുന്ന സഹോദരിക്ക് പോലും ഇക്കാര്യം അംഗീകരിക്കാന്‍ കഴിയുന്നില്ല. റഹീമിന്‍റെ വീട്ടിലെ സ്ഥിതിയും ഇതുപോലെ തന്നെയാണ്. മറ്റൊരു മതത്തില്‍പ്പെട്ടയാള്‍ കൂടിയായതിനാല്‍ അവര്‍ക്ക് ഒട്ടും ഇത് അംഗീകരിക്കാന്‍ കഴിയുന്നില്ല.

ഇത് ഇങ്ങനെ പൊതുസമൂഹത്തെ അറിയിക്കാതെ നിങ്ങളില്‍ തന്നെ ഒതുക്കികൂടെയെന്നാണ് ബന്ധുക്കള്‍ പലരും അദ്ദേഹത്തിന് അയക്കുന്ന സന്ദേശങ്ങള്‍ എന്നും നിവേദ് വെളിപ്പടുത്തി. ഞാന്‍ എന്താണോ അങ്ങനെ തന്നെ ജീവിക്കാനാണ് എനിക്കിഷ്ടം. എന്റെ സെക്ഷ്വാലിറ്റി ഞാന്‍ മുന്‍പേ തുറന്നുപറഞ്ഞയാളാണ്. ഡിഗ്രിയ്ക്ക് പഠിക്കുമ്പോഴാണ് ഇത് തിരിച്ചറിയുന്നത് എന്നും നിവേദ് പറയുന്നു. അതിന് മുമ്പ് എനിക്ക് ഒരു പെണ്‍കുട്ടിയുമായി പ്രണയമുണ്ടായിരുന്നു. പരസ്പരധാരണയിലാണ് ഞങ്ങള്‍ വേര്‍പിരിഞ്ഞത്. അവള്‍ ഇപ്പോഴും എന്റെ നല്ലൊരു സുഹൃത്താണ് എന്നും നിവേദ് കൂട്ടിച്ചേര്‍ത്തു. ബാംഗ്ലൂരിലെ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ക്ലയിന്റ് കോർഡിനേറ്ററായി ജോലി ചെയ്യുകയാണ് നിവേദ്. റഹീം യുഎഇയില്‍ ആണ് ജോലി ചെയ്യുന്നത്.

വീഡിയോ കാണാം;

e

Eng­lish Sum­ma­ry: Nivedh and Abdul Raheem got mar­ried in blue dress, this is the sec­ond gay cou­ple in Ker­ala — watch the video