10 November 2025, Monday

കേരളം എന്ന വിജ്ഞാനസമൂഹം: മുന്നേറ്റങ്ങളും പ്രതിസന്ധികളും

സച്ചിദാനന്ദൻ
November 2, 2025 6:00 am

കേരളം ഒരു വിജ്ഞാനസമൂഹം എന്ന സ്വപ്നം രൂപപ്പെടുത്തുന്നതും അതിനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കുന്നതും കേരളീയ നവോത്ഥാനം എന്ന് നാം പേരിട്ടു വിളിക്കുന്ന ദാർശനിക- ധൈഷണിക- സാംസ്കാരിക മുന്നേറ്റങ്ങളുടെ കാലത്താണെന്ന് പറയാം. വിജ്ഞാനവും സംസ്കാരവുമൊന്നും അതിനു മുമ്പ് ഉണ്ടായിരുന്നില്ല എന്നല്ല അർത്ഥം. കേരളീയ വൈദ്യശാസ്ത്രത്തെക്കുറിച്ചു ഡോ. കെ എൻ പണിക്കർ മുതലായവർ എഴുതിയിട്ടുണ്ടല്ലോ. പോത്തേരി കുഞ്ഞമ്പുവിന്റെ ‘സരസ്വതീവിജയം’ (1892) പോലെ ഒരു നോവൽ പലപ്പോഴും ഒരു മതപരിവർത്തനാഹ്വാനം എന്ന നിലയിലാണ് വായിക്കപ്പെട്ടിട്ടുള്ളതെങ്കിലും, അതിന്റെ ശരിയായ പ്രമേയം അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും മുകളിലുള്ള വിജ്ഞാനത്തിന്റെ വിജയമാണ്- ‘സരസ്വതി’ അവിടെ ജ്ഞാനം തന്നെയാണ്. ദളിതമോചനത്തിന്നുള്ള ഒരേ ഒരു വഴി ആധുനിക വിദ്യാഭ്യാസമാണ് എന്നാണ് അത് നൽകുന്ന സന്ദേശം. ദളിതനായ മരത്തന് പഠിച്ചുയരാനും ജഡ്ജിയാകാനും കഴിയുന്നത് അയാൾ യേശുദാസനായി മാറി ഒരു ജർമ്മൻ പാതിരിയുടെ പ്രോത്സാഹനത്തിൽ പഠിക്കുന്നത് കൊണ്ടാണെന്നു മാത്രം. അംബേദ്കർ ദളിതരോട് ബുദ്ധമതം സ്വീകരിക്കാൻ ആഹ്വാനം ചെയ്ത അതേ കാരണം കൊണ്ടാണ് കുഞ്ഞമ്പു ദളിതരോടു ക്രിസ്തുമതം സ്വീകരിക്കാൻ പറയാതെ പറയുന്നത്: ജാതിവ്യവസ്ഥ നില നിൽക്കുന്നിടത്തോളം കാലം ദളിതർക്ക് വിജ്ഞാനസമൂഹത്തിൽ അംഗത്വം ലഭിക്കുകയില്ല എന്ന തിരിച്ചറിവിൽ നിന്ന് ഉണ്ടാകുന്നതാണ് രണ്ടും. നിയമജ്ഞാനം നേടുക മാത്രമല്ല യേശുദാസൻ ആയി മാറിയ മരത്തൻ ചെയ്യുന്നത്, തന്റെ കോടതിയിൽ തന്റെ മർദകരെ- താൻ തന്നെ സാക്ഷിയും അനുഭവസ്ഥനുമായിട്ടും — വെറുതെ വിടാനുള്ള കാരുണ്യവും അയാളിൽ ഉണ്ട്. വിജ്ഞാനം ‑ഒപ്പം ക്രിസ്തുവചനങ്ങളും-അയാളിൽ ഒരു പുതിയ സംസ്കാരവും മൂല്യബോധവും ഉണ്ടാക്കുന്നു എന്നർത്ഥം. 

ഒരു ജ്ഞാനസമൂഹം എന്ന നിലയിൽ കേരളത്തെ പുനർനിർമ്മിക്കാനുള്ള ഒരു പ്രധാനശ്രമം നടന്നത് ‘നവോത്ഥാന’ കാലത്തു തന്നെയായിരുന്നു. ഇന്ന് നാം ഏകവചനത്തിൽ അതിനെക്കുറിച്ച് സംസാരിക്കുന്നുവെങ്കിലും അനേകം മണ്ഡലങ്ങളിൽ, സമൂഹത്തിന്റെ അനേകം അടരുകളിൽ, വർഷങ്ങളിലൂടെ നടന്ന പല മുന്നേറ്റങ്ങളെയാണ് ആ വാക്കിൽ നാം ഒതുക്കുന്നത്. കേരളം ഒരു ആധുനികജനാധിപത്യമതേതര സമൂഹമാകാൻ നടത്തിയ പ്രയത്നങ്ങളുടെ ആകെത്തുകയായിരുന്നു ‘നവോത്ഥാനം’ എന്ന പേരിൽ അറിയപ്പെട്ടത്. അത് സമുദായപരിഷ്കരണം, ദേശീയവിമോചനം, സാമൂഹ്യസമത്വം ഇവയെ യഥാക്രമം മുന്നിൽ നിർത്തുന്ന മൂന്നു ഘട്ടങ്ങളിലൂടെ കടന്നു പോയി. കുഞ്ഞാലി മരയ്ക്കാർ, പഴശിരാജ, വേലുത്തമ്പിദളവ തുടങ്ങിയവരുടെ വൈയക്തിക സാഹസികതകളുടെ കാലം പിന്നീട് സാമൂഹ്യപ്രസ്ഥാനങ്ങളുടെ മഹാജാഗ്രതകൾക്കു വഴി മാറി. ബ്രിട്ടീഷുകാർ നാടുവാഴിത്തത്തെ ഏറെയൊന്നും ഇല്ലാതാക്കാൻ ശ്രമിച്ചില്ല; ഇന്ത്യയെ ആധുനികരാഷ്ട്രമാക്കുക എന്നത് അവരുടെ ലക്ഷ്യമായിരുന്നില്ലല്ലോ. സ്വന്തം ആവശ്യത്തിനു വേണ്ടി ഏർപ്പെടുത്തിയ ഇംഗ്ലീഷ് വിദ്യാഭ്യാസവും റെയിൽവേയും മറ്റും ആനുഷംഗികമായി ചില ഗുണങ്ങൾ കൊണ്ടുവന്നു എന്നു മാത്രം. നവോത്ഥാനം കേരളത്തിൽ ആരംഭിക്കുന്നത് സമുദായങ്ങൾക്കകത്തെ പരിഷ്കരണ പ്രസ്ഥാനങ്ങളുടെ രൂപത്തിലാണ് – ഉപജാതികൾ ഇല്ലാതാക്കുക, അനാചാരങ്ങളെ നിരുത്സാഹപ്പെടുത്തുക, കൂട്ടുകുടുംബം, മരുമക്കത്തായം തുടങ്ങിയ സമ്പ്രദായങ്ങൾ പുനഃപരിശോധിക്കുക, വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുക, ശാസ്ത്രീയ വീക്ഷണം വളർത്തുക — ഇവയെല്ലാമായിരുന്നു ഈ പ്രസ്ഥാനങ്ങളുടെ മുഖ്യപരിപാടികൾ. ഇവയെല്ലാം പരസ്പരം ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ആയിരുന്നത് കൊണ്ട് ഒരംശം മാത്രം എടുത്തു പരിശോധിക്കുക ദുഷ്കരം മാത്രമല്ല, അബദ്ധവുമാണ്. ‘വിജ്ഞാനസമൂഹം’ (നോളജ് സൊസൈറ്റി) എന്നത് കൊണ്ട് നാം ഉദ്ദേശിക്കുന്നത് എല്ലാവരും ശാസ്ത്രജ്ഞർ ആകുന്ന ഒരു സമൂഹമോ, ഇന്നത്തേത് പോലുള്ള കേവലം ഒരു വിവരസമൂഹമോ (ഇൻഫൊമേഷൻ സൊസൈറ്റി) അല്ലെന്നു ഞാൻ കരുതുന്നു. മറിച്ച് ശാസ്ത്രീയമായ ജീവിതവീക്ഷണം (ജനാധിപത്യബോധവും, മത‑ജാതി-വംശ- ലിംഗ‑സമത്വബോധവും മതേതരത്വവുമെല്ലാം അതിന്റെ ഭാഗമാണ്) നിലനിൽക്കുന്ന, യുക്തിബോധത്തെ നീതിബോധവും സൗന്ദര്യബോധവുമായി സമന്വയിക്കുന്ന, ശാസ്ത്രവും സംസ്കാരവും നീതിബോധവും അന്വോന്യവിരുദ്ധമല്ല, മറിച്ച് പരസ്പരപൂരകമാണെന്നു തിരിച്ചറിയുന്ന ഒരു സമൂഹമാണ് അത്. നമ്മുടെ നവോത്ഥാന പ്രസ്ഥാനത്തിൽ/ പ്രസ്ഥാനങ്ങളിൽ ഈ തിരിച്ചറിവിന്റെ സൂചനകൾ ധാരാളമായി ഉണ്ടായിരുന്നു. അഹം/പരം എന്ന ദ്വന്ദ്വത്തിന്റെ അവസാനമാണ് ശ്രീനാരായണ ഗുരു തേടിയത്. അതിലൂടെ സേവനം എന്നാ ആശയത്തെ അദ്ദേഹം ആത്മീയതയുമായി ഉദ്ഗ്രഥിച്ചു; പൗരോഹിത്യം, വർണ വ്യവസ്ഥ, ജാതിസമ്പ്രദായം ഇവയെ അനാത്മീയമാക്കി. വിദ്യാഭ്യാസത്തെ ഒരു വിമോചനോപകരണമായി കണ്ടവതരിപ്പിച്ചു; അങ്ങനെ ഒരു ആധുനിക വിജ്ഞാന സമൂഹത്തിനു അടിത്തറയിട്ടു. 

ഹോം റൂൾ, നിസഹകരണ പ്രസ്ഥാനം, ഇവയ്ക്കും കാൽ നൂറ്റാണ്ട് മുൻപ് ശ്രീനാരായണ ഗുരുവിനൊപ്പം തൈക്കാട് അയ്യാവ്, വൈകുണ്ഠസ്വാമികൾ, ആറാട്ടുപുഴ വേലായുധപ്പണിക്കർ, ഡോ. പൽപ്പു, വാഗ്ഭടാനന്ദൻ, സഹോദരൻ അയ്യപ്പൻ, സി കൃഷ്ണൻ, അയ്യങ്കാളി, പണ്ഡിറ്റ് കെ പി കറുപ്പൻ, കുറൂർ ദാമോദരൻ നമ്പൂതിരി, ചട്ടമ്പി സ്വാമികൾ, സി കൃഷ്ണപിള്ള, പ്രേംജി, എംആർബി, ഇഎംഎസ്, പൊയ്കയിൽ യോഹന്നാൻ, കുര്യാക്കോസ് ഏലിയാസ് ചാവറ, മുഹമ്മദ് അബ്ദുറഹ്‌മാൻ, അബ്രഹാം മല്പ്പാൻ തുടങ്ങി ഭിന്നസമുദായങ്ങളിലും മതങ്ങളിലും നിന്നുയർന്നു വന്ന നേതാക്കൾ സാർവത്രികവിദ്യാഭ്യാസം എന്ന ആശയം മുന്നോട്ടു വെച്ചു. ശ്രീനാരായണ ഗുരു, വ്യവഹാരവും അധികാരവും തമ്മിലുള്ള ബന്ധം തിരിച്ചറിയുകയും പീഡകരുടെ പുണ്യഗ്രന്ഥങ്ങളെ മതമുക്തമായി വായിച്ചെടുക്കുകയും അവരുടെ ചിഹ്ന- പ്രതീക പദ്ധതികൾ തിരിച്ചിടുകയും — കണ്ണാടി പ്രതിഷ്ഠയിലും ‘ഈഴവശിവൻ’ മുതലായ പ്രയോഗങ്ങളിലും മറ്റും ഇത് കാണാം- ബ്രാഹ്മണ സഹായം ഇല്ലാതെ തന്നെ ആത്മീയ ജീവിതം സാധ്യമാണ് എന്ന് തെളിയിക്കുകയും സർവമത സാഹോദര്യം, സാമൂഹ്യമായ അന്തസ്, ഭൗതിക ശ്രേയസ് ഇവ തമ്മിൽ വൈരുധ്യം ഉണ്ടാകേണ്ടതില്ലെന്നു തെളിയിക്കുകയും ചെയ്തു. പ്രാദേശികമായ ഒരു ആധുനികതയുടെയും നവീനമായ ഒരു വിജ്ഞാന സമൂഹത്തിന്റെയും ആരംഭം നമുക്ക് നവോത്ഥാനത്തിൽ കാണാം. അദൃശ്യമായിരുന്ന വിഭജന- ചൂഷണ സമ്പ്രദായങ്ങൾ അക്കാലത്തു മറനീക്കി കാണിക്കപ്പെട്ടു. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെയും കെ മാധവൻ നായരെയും കെ പി കേശവമേനോനെയും കെ കേളപ്പനെയും മുഹമ്മദ് അബ്ദുറഹ്മാനെപ്പോലെയുമുള്ള മതേതര പൊതു വ്യക്തിത്വങ്ങളും മാതൃഭൂമി, ഐക്യം, അൽ-അമീൻ തുടങ്ങിയ ദേശാഭിമാനം ഉയർത്തിപ്പിടിച്ച പത്രങ്ങളും സാമ്രാജ്യത്വ വിരുദ്ധ പ്രസ്ഥാനത്തിനു ശക്തി പകർന്നു. അതിൽ നിന്നു തന്നെയാണ് കോൺഗ്രസ് സോഷ്യലിസ്റ്റ്, സോഷ്യലിസ്റ്റ്, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ ഉരുത്തിരിഞ്ഞു വന്നത്. മലയാളിയുടെ ദൈനംദിനം ജനാധിപത്യപരമായ സംഘർഷങ്ങൾക്കും പരിഹാരങ്ങൾക്കുമുള്ള ഒരിടമായി വികസിച്ചു. 

ഒപ്പം സാഹിത്യം പഴയ ചിട്ടകളെ ചോദ്യംചെയ്തു കൊണ്ട് ദൈനംദിനത്തെ പ്രതിനിധാനം ചെയ്യാനുള്ള വേദിയായി മാറി. ഇംഗ്ലീഷ് വിദ്യാഭ്യാസവും, അച്ചടിയുടെ – പ്രിന്റ് ക്യാപ്പിറ്റലിസത്തിന്റെ- വരവും, മിഷനറിമാരിലൂടെ മലയാളം നേടിയ പുതിയ വളർച്ചയും (നിഘണ്ടു, വ്യാകരണം, ബൈബിൾ ഗദ്യം), കേരളവർമ്മ വലിയ കോയിത്തമ്പുരാൻ അധ്യക്ഷനായിരുന്ന പാഠപുസ്തക സമിതിയിലൂടെ നടന്ന ഗദ്യത്തിന്റെ ചിട്ടപ്പെടുത്തലും, സംസ്കൃതത്തിൽ നിന്നും ഇംഗ്ലീഷിൽനിന്നുമുണ്ടായ പരിഭാഷകളിലൂടെ ഉരുത്തിരിഞ്ഞു വന്ന നിരൂപണ മാനദണ്ഡങ്ങളും, കേരളമിത്രം, കേരള പത്രിക, മലയാളി, നസ്രാണി ദീപിക, സത്യനാദ കാഹളം, സ്വദേശാഭിമാനി തുടങ്ങിയ പത്രങ്ങളും, വിദ്യാവിനോദിനി, രസികരഞ്ജിനി, കവനോദയം, ഭാഷാപോഷിണി, വിദ്യാവിലാസിനി, കേസരി, മംഗളോദയം തുടങ്ങിയ വിദ്യാഭ്യാസപരവും സാഹിത്യോന്മുഖവുമായ പ്രസിദ്ധീകരണങ്ങളും ലക്ഷ്മീഭായി, സുജനാനന്ദിനി, മഹിള, മുസ്ലിം വനിത തുടങ്ങിയ സ്ത്രീകേന്ദ്രിതമായ മാസികകളും ഗദ്യത്തിനും സാഹിത്യത്തിനും സ്വാതന്ത്ര്യ വിചാരങ്ങൾക്കും പുതിയ ഇടങ്ങളും മാനങ്ങളും നൽകി. കേരളവർമ്മ, എ ആർ, അപ്പൻ തമ്പുരാൻ, കുഞ്ഞിക്കുട്ടൻ തമ്പുരാൻ, പി ഗോവിന്ദപ്പിള്ള, സി പി അച്യുതമേനോൻ, സി വി രാമൻപിള്ള, മൂലൂർ, സി വി കുഞ്ഞിരാമൻ, പള്ളത്ത് രാമൻ, കെ പി കറുപ്പൻ, മോയിൻകുട്ടി വൈദ്യർ ഇവരെല്ലാം വിവിധ രീതികളിൽ ഈ പൊതു മണ്ഡലത്തിന്റെ വളർച്ചയ്ക്ക് പിന്തുണ നൽകി. മുക്തകങ്ങളുടെ ചിത്രതുല്യമായ നിശ്ചലതയിൽ നിന്ന് ആശാന്റെയും വള്ളത്തോളിന്റെയും കൃതികളുടെ ചലനാത്മകതയിലേക്ക് കവിത നീങ്ങിയപ്പോൾ പുതുതായി കണ്ടെടുക്കപ്പെട്ട ചെറുകഥയും നോവലും, പഴയ മഹാകാവ്യങ്ങളുടെ ഭൂതരതിയുടെ സ്ഥാനത്ത് വർത്തമാനകാലത്തിന്റെ സംഘർഷങ്ങളെ മുന്നോട്ടു കൊണ്ടു വന്നു.
ഈ പരിവർത്തനങ്ങൾ തന്നെയാണ്, പുതിയ രാഷ്ട്രീയ ജാഗ്രതയോടൊപ്പം, മലയാളത്തിലെ ആദ്യത്തെ അവാന്ഗ്- ഗാദ് പ്രസ്ഥാനമായ ജീവത്സാഹിത്യപ്രസ്ഥാനവും സാധ്യമാക്കിയത്. സാഹിത്യത്തെ അത് സമകാലീന സമൂഹത്തിന്നഭിമുഖം നിർത്തി. വിധിവിശ്വാസം കയ്യൊഴിഞ്ഞു, ദാരിദ്ര്യം ചൂഷണത്തിന്റെ ഫലമാണെന്ന് കാണിച്ചു. വർഗ വ്യവസ്ഥ എന്ന യാഥാർത്ഥ്യം അംഗീകരിച്ചു. നാടിവാഴിത്തവും സംഘടിതമതത്തിന്റെ സ്ഥാപിതതാത്പര്യങ്ങളുമായുള്ള രഹസ്യ ബന്ധങ്ങൾ മറ നീക്കിക്കാണിച്ചു. മുൻപ് സാഹിത്യത്തിൽ നിന്ന് ഒഴിച്ചു നിർത്തപ്പെട്ടിരുന്ന വിഭാഗങ്ങൾക്ക്- കർഷകർ, തോട്ടികൾ ഉൾപ്പെടെയുള്ള തൊഴിലാളികൾ, ദളിതർ, ലൈംഗിക തൊഴിലാളികൾ, യാചകർ- അതിൽ സ്ഥാനം നൽകി. സാമാന്യജനതയ്ക്ക് ഒരു ഭാഷ നൽകി, അനേകം പ്രാദേശികവും സാമുദായികവുമായ വാമൊഴിഭേദങ്ങൾ കഥാസാഹിത്യത്തിൽ കടന്നു വന്നു. സാഹിത്യം മതേതരമായി. പരിഭാഷകളിലൂടെ വന്ന ബാഹ്യ സ്വാധീനങ്ങളെ- സോളാ, ബാൽസക്ക്, ഫ്ലോബേർ, മോപ്പസാംഗ്, ചെഹോഫ്, ടോൾസ്റ്റോയ്, ഗോർക്കി, ഷോളഖോഫ്, മയക്കൊവ്സ്കി, നെരൂദ- കേരളീയമായ സന്ദർഭത്തിൽ വച്ച് പുതുക്കി, മലയാളത്തിനു ഒരു റിയലിസ്റ്റ് ശൈലി നിർമ്മിച്ചു. കവിതയിൽ സംസ്കൃത പ്രാഭവം കുറഞ്ഞു. പ്രതിലോമാശയങ്ങളെ എതിർക്കുക, ശാസ്ത്രീയ മനോഭാവം വളർത്തുക, ജീവിതത്തെ നേരായി ചിത്രീകരിക്കുക ഇതെല്ലാം ജീവത്സാഹിത്യത്തിന്റെ ലക്ഷ്യങ്ങഴായി. രൂപം, ഉള്ളടക്കം ഇവയെക്കുറിച്ച് പല വീക്ഷണങ്ങളെയും ഉൾക്കൊള്ളാൻ പ്രസ്ഥാനത്തിന് കഴിഞ്ഞു. പ്രാഥമികമായും ചില മൂല്യങ്ങളെയാണ് പ്രസ്ഥാനം മുന്നോട്ടു വെച്ചത്, ഏതെങ്കിലും രാഷ്ട്രീയകക്ഷിയെ അല്ല. അതുകൊണ്ടാണ് അന്നു ജീവിച്ചിരുന്ന പ്രമുഖസാഹിത്യകാരന്മാരെല്ലാം ജീവത് സാഹിത്യപ്രസ്ഥാനത്തിന്റെ ഭാഗമായത്. പ്രതിരോധതിന്റെ ഈ നൈതികത ഇന്നും നമ്മുടെ സാഹിത്യത്തിൽ നിർണായകമായി തുടരുന്നുവെന്ന് സമകാലീന സാഹിത്യത്തെ ശരിയായി വായിച്ചാൽ കാണാം. സാമൂഹ്യസ്വഭാവമുള്ള രോഷം, ഹാസ്യം, ദുഃഖം എന്നിവ ആധുനികകഥയിലും കവിതയിലും കാണുന്നു. അവയുടെ അടിസ്ഥാനവും ജീവത്സാഹിത്യം മുന്നോട്ടു വെച്ച പുതിയ നൈതികത തന്നെയാണ്. പിന്നീടു വന്ന യുവ എഴുത്തുകാരിൽ കാണുന്ന ദളിത് — സ്ത്രീ, പരിസ്ഥിതി-സംബന്ധമായ ഉത്കണ്ഠകൾ ഇതേ മൂല്യബോധത്തിന്റെ പ്രതിരോധാത്മകമായ തുടർച്ച തന്നെയാണ്. 

എങ്കിലും ഇന്ന് നവോത്ഥാനപാരമ്പര്യത്തെക്കുറിച്ച് സംസാരിക്കുമ്പോൾ, അതിന്റെ നന്മകൾ ഉൾക്കൊണ്ടു കൊണ്ടുതന്നെ നമുക്ക് അല്പം വിമർശനാത്മകമായിക്കൂടി അതിനെ കാണേണ്ടതുണ്ട്. പ്രത്യക്ഷരക്ഷാസഭയുടെയും സാധുപരിപാലന സമാജത്തിന്റെയും അല്പായുസ്, അഹിന്ദു–ദളിത് പരിഷ്കർത്താക്കൾക്ക് വേണ്ടത്ര പ്രാമാണ്യം ലഭിക്കാതെ പോയത്, ശൂദ്രപരിരക്ഷയ്ക്കു പോലും വേദങ്ങളെ കൂട്ടു പിടിക്കുക വഴി അറിയാതെയാണെങ്കിലും വേദാധികാരം ഊട്ടിയുറപ്പിച്ചത്, സ്ത്രീകളുടെ തൊഴിലും അതു വഴിയുള്ള സ്വാതന്ത്ര്യവും എന്ന ആശയത്തിൽ ഊന്നാതെ അവരെ ഇന്ദുലേഖയെപ്പോലെ വിദ്യാസമ്പന്നരും ഭർത്താവുമായി ഒപ്പത്തിനൊപ്പം സല്ലപിക്കാൻ കഴിയുന്നവരുമായ വീട്ടമ്മമാരായി മാത്രം സങ്കൽപ്പിച്ചത്-ഇവ നമുക്ക് പിൻകാഴ്ചയിലൂടെ തിരിച്ചറിയാൻ കഴിയുന്നുണ്ട്. ഇവയൊക്കെ ജാതിവിരുദ്ധപ്രസ്ഥാനം ദുർബ്ബലമായ പില്ക്കാലത്ത് ജാതി രാഷ്ട്രീയത്തിന്റെ വളർച്ചയ്ക്കും മനുഷ്യദൈവങ്ങളുടെ ആഗമനത്തിനും ആചാരനിഷ്ഠമായ അസംസ്കൃതമതബോധത്തിന്റെ വളർച്ചയ്ക്കും ഗുരുവിൻറേത് പോലുള്ള ആത്മീയഹ്യൂമനിസത്തിന്റെ അപചയത്തിനും പുരോഹിതാധികാരത്തിന്റെ വികാസത്തിനും വഴി വച്ചു. ഏകാധിപത്യത്തിൽ നിന്ന് ജനാധിപത്യത്തിലേക്കും, നാടുവാഴിത്തത്തിൽനിന്ന് ദേശീയ ഐക്യബോധത്തിലേക്കും, പ്രാക്തനവിശ്വാസങ്ങളിൽ നിന്ന് യുക്തിചിന്തയിലേക്കുമുള്ള നവോത്ഥാനത്തിന്റെ പ്രയാണം പാതി വഴിക്കു നിലച്ചുപോയി എന്നർത്ഥം.
(അടുത്ത ലക്കത്തില്‍ തുടരും…)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.