ഒരേ തൂവല്‍ പക്ഷികളുടെ ചിലയ്ക്കല്‍

Web Desk
Posted on December 03, 2018, 11:21 pm

യു  വിക്രമൻ   

തിരനോട്ടം 

സെക്രട്ടേറിയറ്റിന് മുന്നില്‍ ബിജെപിയുടെ ഉണ്ണാവ്രതം. നിയമസഭാ കവാടത്തില്‍ യുഡിഎഫ് എംഎല്‍എമാരുടെ സത്യഗ്രഹം. വിഷയം ശബരിമല തന്നെ. ഒരേ തൂവല്‍പക്ഷികളുടെ ആഭാസ സമരത്തിനാണ് തലസ്ഥാനം ഇന്നലെ സാക്ഷ്യംവഹിച്ചത്. നിയമസഭാ സമ്മേളനം തുടര്‍ച്ചയായ നാലാം ദിനത്തിലും തടസപ്പെട്ടു. പ്രതിപക്ഷാംഗങ്ങള്‍ നടുത്തളത്തിലിറങ്ങി ബഹളം വച്ചതോടെ നടപടികള്‍ പൂര്‍ത്തിയാക്കി 21 മിനിട്ടു കൊണ്ട് സഭ പിരിഞ്ഞു.
രാവിലെ 9ന് സഭ തുടങ്ങിയ ഉടന്‍ മൂന്ന് എംഎല്‍എമാര്‍ സഭാകവാടത്തില്‍ സത്യഗ്രഹം ആരംഭിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് അറിയിച്ചു. സഭാനടപടികളുമായി സഹകരിക്കുമെന്നും പ്രതിഷേധം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രി കെ ടി ജലീലുമായി ബന്ധപ്പെട്ട ബന്ധു നിയമന വിഷയമായിരുന്നു പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസിന് കാരണമാക്കിയത്. പ്രതിപക്ഷ നേതാവിന്റെ പരാമര്‍ശങ്ങള്‍ക്ക് മറുപടി പറഞ്ഞ മുഖ്യമന്ത്രി സെക്രട്ടേറിയറ്റിന് മുന്നില്‍ ബിജെപിയും സഭാകവാടത്തില്‍ യുഡിഎഫും സത്യഗ്രഹം തുടങ്ങുന്നതിലെ ഒത്തുകളി വ്യക്തമാണെന്ന് പറഞ്ഞു. ശബരിമലയില്‍ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. അവിടെ അക്രമം നടക്കുന്ന സാഹചര്യത്തിലാണ് 144 തുടരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയോട് ചോദിച്ച് തങ്ങള്‍ക്ക് സമരം നടത്താനാവില്ലെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് ശബരിമലയില്‍ ആര്‍എസ്എസ് ആക്രമണത്തിന് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയാണെന്ന് ആരോപിച്ചു. രാഹുല്‍ ഗാന്ധിയാണോ അമിത് ഷായാണോ കോണ്‍ഗ്രസിന്റെ നേതാവെന്ന് മുഖ്യമന്ത്രി തിരിച്ചു ചോദിച്ചു. അടിയന്തരപ്രമേയ നോട്ടീസിലെ വിഷയങ്ങളെല്ലാം മാറ്റിവച്ച് ശബരിമല വിഷയമുയര്‍ത്തി നടുത്തളത്തിലിറങ്ങാനാണ് പ്രതിപക്ഷം മുതിര്‍ന്നത്. നിരന്തരം ചെയറിനോട് പ്രതിപക്ഷം മോശമായി പെരുമാറുകയാണെന്നും നിരവധിയായ പ്രശ്‌നം ചര്‍ച്ചചെയ്യാനുണ്ടെന്നും സ്പീക്കര്‍ പലവട്ടം പറഞ്ഞു. പ്രതിപക്ഷ നേതാവിന് പറയാനുള്ളത് അദ്ദേഹവും മുഖ്യമന്ത്രിക്ക് പറയാനുള്ളത് അദ്ദേഹവും പറഞ്ഞു കഴിഞ്ഞു. ചോദ്യോത്തരവേളയില്‍ ഇനി പ്രതിപക്ഷ നേതാവിനെ സംസാരിക്കാന്‍ അനുവദിക്കാനാവില്ലെന്ന് സ്പീക്കര്‍ വ്യക്തമാക്കി. ആദ്യചോദ്യത്തിന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ മറുപടി പറയാന്‍ എണീക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ മറുപടി മുഴുവന്‍ പ്രതിപക്ഷ ബഹളത്തില്‍ മുങ്ങി. പ്രതിപക്ഷ അംഗങ്ങള്‍ സീറ്റുകളിലേക്ക് മടങ്ങിയാല്‍ സഭാനടപടികള്‍ സുഗമമായി നടത്താമെന്ന് സ്പീക്കര്‍ പറഞ്ഞു.
പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിട്ടും സീറ്റുകളിലേക്ക് മടങ്ങാതെ പ്രതിപക്ഷാംഗങ്ങള്‍ മുദ്രാവാക്യം വിളി തുടരവെ മറ്റു നടപടികളിലേക്ക് കടക്കുകയാണെന്ന് സ്പീക്കര്‍ അറിയിച്ചു. ചോദ്യോത്തരവേളയും ശ്രദ്ധക്ഷണിക്കലുകളും ഉപക്ഷേപങ്ങളും റദ്ദാക്കി നിയമനിര്‍മാണകാര്യത്തിലേക്ക് സ്പീക്കര്‍ കടന്നു. 2018ലെ കേരളാ സ്‌പോര്‍ട്‌സ് ഭേദഗതി ബില്‍ മന്ത്രി ഇ പി ജയരാജനും 2018ലെ കേരള മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മിഷന്‍ ഭേദഗതി ബില്‍ മന്ത്രി ജെ മേഴ്‌സിക്കുട്ടി അമ്മയും അവതരിപ്പിച്ചു. ബില്ലുകള്‍ ചര്‍ച്ചകൂടാതെ സബ്ജക്ട് കമ്മിറ്റിക്ക് അയച്ചു.
സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലുകളുടെയും രൂപീകരണവും പ്രവര്‍ത്തനവും കൂടുതല്‍ ജനാധിപത്യപരമാകാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ളതാണ് സ്‌പോര്‍ട്‌സ് ഭേദഗതി ബില്‍. കായികരംഗത്ത് പ്രവര്‍ത്തിക്കുന്ന വിവിധ സംഘടനകളുടെ പ്രവര്‍ത്തനം ഏകീകൃതവും സുതാര്യവുമാക്കുന്നതിനും കൂടി വേണ്ടിയാണ് ഭേദഗതി. സ്‌പോര്‍ട്‌സ് കൗണ്‍സിലുകളുടെയും മറ്റ് കായിക സംഘടനകളുടെയും ഭാരവാഹികളായി കായികരംഗത്തുള്ളവരെ കൊണ്ടുവരുന്നതിനും ഈ ഭേദഗതിയിലൂടെ ഉദ്ദേശിക്കുന്നു.
മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മിഷന്‍ നല്‍കുന്ന ധനസഹായങ്ങള്‍ കൂടുതല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കുന്നതിന് വ്യവസ്ഥ ചെയ്യുന്നതാണ് മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മിഷന്‍ ഭേദഗതി ബില്‍. വര്‍ഷങ്ങളായി വാങ്ങിയ കടം, പലിശ സഹിതം തിരിച്ചടയ്ക്കാന്‍ ആകാത്തവിധം വര്‍ധിച്ച് കടക്കെണിയില്‍ അകപ്പെട്ട മത്സ്യത്തൊഴിലാളികളെ സംരക്ഷിക്കാനും ബില്ല് വ്യവസ്ഥ ചെയ്യുന്നു. ഓര്‍ഡിനന്‍സുകള്‍ക്ക് പകരമുള്ളതാണ് രണ്ട് ബില്ലുകളും. സഭ പിരിഞ്ഞ ശേഷം മുദ്രാവാക്യം വിളികളുമായി പുറത്തിറങ്ങിയ പ്രതിപക്ഷം വി എസ് ശിവകുമാര്‍, പാറയ്ക്കല്‍ അബ്ദുള്ള, ഡോ. എന്‍ ജയരാജ് എന്നിവരെ അനിശ്ചിതകാല സത്യഗ്രഹമിരുത്തി സമരത്തിന് തുടക്കമിട്ടു.