ലാഭക്കൊതി മാത്രമുള്ള ബാങ്കുകൾക്കെതിരായ സഹകരണ ബദലാണ് കേരള ബാങ്കെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള ബാങ്കിന്റെ ലോഗോ പ്രകാശനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെയാകെ ബാങ്കിംഗ് ആവശ്യങ്ങൾ നിറവേറ്റാൻ പര്യാപ്തമാണ് കേരളബാങ്ക് ശൃംഖല. കേരളത്തിലെ ഒന്നാമത്തെ ബാങ്കാകാൻ കേരളബാങ്കിന് അധികകാലം വേണ്ടിവരില്ല. നിലവിൽ രണ്ടാമത്തെ വലിയ ബാങ്കാണിത്. 1216 ശാഖകളും 1,53,000 കോടി നിക്ഷേപവുമുള്ള എസ്ബിഐയാണ് ഒന്നാമത്.
കേരളബാങ്കിന് ആദ്യഘട്ടം 825 ശാഖകളും 65,000 കോടിയുടെ നിക്ഷേപവുമുണ്ട്. ഇതിനുപുറമേ പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾക്ക് 1625 ഉം ലൈസൻസ്ഡ് അർബൻ ബാങ്കുകൾക്ക് 60 ഉം ശാഖകളുണ്ട്. ഇവയെല്ലാം കൂടിയുള്ളതാണ് കേരള ബാങ്കിന്റെ അംഗത്വം. അടുത്ത മൂന്നുവർഷം കൊണ്ട് മൂന്നു ലക്ഷം കോടി രൂപയുടെ നിക്ഷേപം യാഥാർഥ്യമാക്കുക എന്നത് അതിരുകവിഞ്ഞ സ്വപ്നമല്ല. കാർഷികവായ്പ പടിപിടിയായി ഉയർത്തുകയും കേരള ബാങ്കിന്റെ ലക്ഷ്യമാണ്. നാടിന്റെ സമ്പത്ത് നാട്ടിൽത്തന്നെ വിനിയോഗിക്കുന്നു എന്നത് സഹകരണ ബാങ്കിംഗ് മേഖലയുടെ പ്രത്യേകതയാണ്. നാടിന്റെ നൻമയ്ക്കുതകുന്ന ഏതുതരം സമീപനവും സ്വീകരിക്കാനാകണം. കേരള ബാങ്ക് രൂപീകരിക്കുമ്പോൾ ക്രെഡിറ്റ് മേഖലയുടെ സഹകരണസ്വഭാവം നഷ്ടപ്പെടുമെന്ന വാദം ശരിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന സഹകരണ ബാങ്കിനുൾപ്പെടെ നിലവിൽ ആർബിഐ നിയന്ത്രണം ഉള്ളതിനാൽ കേരളബാങ്കിനുള്ള ആർബിഐ നിയന്ത്രണത്തെ പ്രശ്നമായി കാണേണ്ടതില്ല. അദ്ദേഹം പറഞ്ഞു.
ദേശീയപ്രസ്ഥാന കാലഘട്ടം മുതൽ സഹകരണമേഖല ശക്തമായിരുന്നു. സഹകരണമേഖലയെ തകർക്കാനുള്ള നീക്കങ്ങളുണ്ടായപ്പോൾ ഒത്തൊരുമയോടെ നേരിടാനായതാണ് അതിജീവനത്തിന് കാരണമെന്നും അദ്ദേഹം പറഞ്ഞു. കേരള ബാങ്കിന്റെ ലോഗോ രൂപകല്പന ചെയ്ത സ്ഥാപനമായ ബിആർ ആന്റ് ഐ യ്ക്ക് വേണ്ടി ബെന്നിച്ചൻ മാനുവൽ മുഖ്യമന്ത്രിയിൽനിന്ന് മെമന്റോ ഏറ്റുവാങ്ങി. കേരള ബാങ്കിന്റെ ബ്രാന്റ് മൂല്യം ഉയർത്താനും ജനങ്ങൾക്കത് അനുഭവവേദ്യമാകാനും എല്ലാ കാര്യങ്ങളിലും നാം ഒന്നാംസ്ഥാനത്തെത്തണമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച സഹകരണടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ജില്ലാ ബാങ്കുകളിൽ നിന്ന് ലഭിച്ചിരുന്ന എല്ലാസേവനങ്ങളും കേരള ബാങ്കിലും ലഭിക്കും. പ്രവാസി നിക്ഷേപവും കൂടുതൽ ആകർഷിക്കാനാകണം.
അദ്ദേഹം പറഞ്ഞു. തുറമുഖ, പുരാരേഖപുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, വി ജോയ് എംഎൽഎ, ധനകാര്യ എക്സ്പെൻഡിച്ചർ സെക്രട്ടറി സഞ്ജയ് കൗൾ, സഹകരണ സംഘം രജിസ്ട്രാർ ഡോ. പികെ ജയശ്രീ എന്നിവർ സംബന്ധിച്ചു. സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി സ്വാഗതവും സംസ്ഥാന സഹകരണ ബാങ്ക് എംഡി റാണി ജോർജ് നന്ദിയും പറഞ്ഞു. സംസ്ഥാന സഹകരണ ബാങ്ക് വിശേഷാൽ പൊതുയോഗവും ഇന്നലെ നടന്നു.
English summary: Kerala bank is an alternative for greedy banks
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.