കേരള ബാങ്ക് വരാന്‍ ഇനിയും വൈകുമോ?

Web Desk
Posted on July 31, 2018, 10:08 pm

കെ ജി ശിവാനന്ദന്‍

കേരള ബാങ്കിന്റെ വരവ് ഉറപ്പിച്ചുകൊണ്ട് സംസ്ഥാന സഹകരണ വകുപ്പുമന്ത്രിയുടെ പ്രഖ്യാപനം വീണ്ടും വന്നിരിക്കുകയാണ്. ഈ വര്‍ഷത്തെ ഓണസമ്മാനമായി സര്‍ക്കാര്‍ മലയാളികള്‍ക്കു നല്‍കുന്നത് കേരള ബാങ്ക് എന്ന വിശിഷ്ടസമ്മാനമായിരിക്കുമെന്നത് മന്ത്രിയുടെ വാക്കുകള്‍ വ്യക്തമാക്കുന്നു. സഹകരണപ്രസ്ഥാനത്തെ സ്‌നേഹിക്കുന്ന ഏതൊരാള്‍ക്കും പ്രതീക്ഷയും അഭിമാനവും നല്‍കുന്ന പ്രഖ്യാപനമാണിത്. എല്‍ഡിഎഫിന്റെ പ്രകടനപത്രികയിലെ വാഗ്ദാനം കൂടിയാണിത്.

കാത്തിരിപ്പിനു വിരാമമിടാന്‍ തക്കവിധത്തില്‍ സംസ്ഥാന സഹകരണ വകുപ്പ് ഒരുക്കങ്ങള്‍ പൂര്‍ത്തീകരിച്ചുവെന്നാണ് വെബ്‌സൈറ്റിലൂടെ വെളിപ്പെടുത്തിയിട്ടുള്ളത്. നിര്‍ദ്ദിഷ്ട കേരള ബാങ്ക് നിലവില്‍ വരുന്നതോടുകൂടി 103 വയസ് പ്രായമുള്ള കേരള സംസ്ഥാന സഹകരണ ബാങ്ക് ഇല്ലാതാകുന്നില്ലായെന്നതാണ് അതിന്റെ പ്രതേ്യകത. ഇവിടെ നടക്കാന്‍പോകുന്നത് ലയന പ്രക്രിയയായിരിക്കും. സംസ്ഥാനത്തെ 14 ജില്ലാ സഹകരണബാങ്കുകള്‍ ഇല്ലാതാകുകയും, അതെല്ലാം ചേര്‍ന്ന് സംസ്ഥാന സഹകരണ ബാങ്കില്‍ ലയിച്ച് കേരള സഹകരണബാങ്ക് അഥവാ കേരള ബാങ്ക് രൂപം കൊള്ളുകയും ചെയ്യും എന്നതാണ് സര്‍ക്കാര്‍ ഭാഷ്യം.

ഇങ്ങനെ സംഭവിക്കുന്നതിലൂടെ ഉണ്ടാകുന്ന നേട്ടങ്ങളും കോട്ടങ്ങളും അക്കമിട്ട് നിരത്തുന്നുണ്ട് സഹകരണവകുപ്പ്. കേരളമുള്‍പ്പെടെ 19 സംസ്ഥാനങ്ങളിലാണ് സഹകരണ മേഖലയില്‍ ത്രിതലസംവിധാനമുള്ളത്. കേരള ബാങ്ക് സ്ഥാപിതമാകുന്നതോടുകൂടി ദ്വിതലസംവിധാനത്തിലേക്ക് പ്രവേശിക്കും. അടുത്തകാലത്ത് ഝാര്‍ഖണ്ഡ് സംസ്ഥാനത്തിന് ദ്വിതലസംവിധാനം അനുവദിക്കുകയുണ്ടായി. ആശങ്കകള്‍ അകറ്റുന്നതും, പ്രതീക്ഷകള്‍ ഉണര്‍ത്തുന്നതുമായ ഉറപ്പുകളാണ് സര്‍ക്കാരില്‍ നിന്ന് ഉണ്ടായിട്ടുള്ളത്.

ശ്രീറാം കമ്മിറ്റി ശാഖകളുടെ എണ്ണം കുറയ്ക്കണമെന്ന് നിര്‍ദ്ദേശിക്കുന്നുണ്ടെങ്കിലും ആ ആശങ്കയ്ക്ക് വകയില്ലായെന്ന് മന്ത്രി പറയുന്നു. ശാഖകള്‍ പൂട്ടുന്ന കാര്യം ഇപ്പോള്‍ പറയാനാകില്ല, ആ കാര്യം കേരള ബാങ്കിന്റെ ഭരണസമിതി തീരുമാനമെടുക്കും. എന്നാല്‍ സംസ്ഥാന സഹകരണബാങ്കിലും 14 ജില്ലാ ബാങ്കുകളിലും ജോലി ചെയ്തുകൊണ്ടിരിക്കുന്ന ഒരാള്‍ക്കുപോലും തൊഴില്‍ നഷ്ടപ്പെടില്ല. രണ്ട് തലത്തിലേക്കുള്ള ഘടനാമാറ്റത്തില്‍ പ്രാഥമിക സഹകരണബാങ്കുകള്‍ക്ക് വര്‍ദ്ധമാനമായ തോതില്‍ പുരോഗതി ഉണ്ടാകും. താഴെ തട്ടിലേക്ക് ബാങ്കിംങ്ങ് സംവിധാനം ഇറങ്ങി വരുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് വേഗത്തിലും കുറഞ്ഞ ചെലവിലും ബാങ്കിങ് സൗകര്യം ലഭ്യമാകും. എല്ലാവിധ ആധുനിക സംവിധാനത്തോടെയായിരിക്കും കേരള ബാങ്ക് രൂപം കൊള്ളുക. സാങ്കേതിക വിദ്യ മെച്ചപ്പെട്ടതായിരിക്കുന്നതോടൊപ്പം ഭരണസംവിധാനത്തില്‍ മാറ്റവും ഉണ്ടാകും.
ജില്ലാ ബാങ്കുകളില്‍ ഇന്നുള്ള പ്രാഥമിക സഹകരണബാങ്കുകളുടെ ഓഹരികളെല്ലാം കേരളബാങ്കിലേക്ക് കൈമാറും. എ ക്ലാസ് അംഗങ്ങളായ പിഎസിഎസുകള്‍ക്ക് ഡയറക്ടര്‍ ബോര്‍ഡില്‍ അര്‍ഹമായ പ്രാതിനിധ്യം ഉണ്ടാകും. ഇതുമൂലം നയരൂപീകരണത്തിലും ഘടന മാറ്റത്തിലും നിര്‍ണ്ണായകമായ പങ്ക് നിര്‍വ്വഹിക്കാന്‍ കഴിയും. മറ്റ് സംഘങ്ങള്‍ക്ക് അപ്പക്‌സ് സംഘങ്ങള്‍ വഴി അംഗങ്ങളാകാന്‍ കഴിയും. അല്ലാത്തപക്ഷം നോമിനല്‍ അംഗങ്ങളാകാം. ഇപ്പോള്‍ ജില്ലാ ബാങ്കുകളില്‍ നിന്ന് ലഭിക്കുന്ന എല്ലാ സൗകര്യങ്ങളും ലഭിക്കുന്നതായിരിക്കും. മൊബൈല്‍ ബാങ്കിംങ്, നെറ്റ് ബാങ്കിംഗ്, എ ഡി കാറ്റഗറി ലൈസന്‍സ് ഉള്‍പ്പെടെ ആധുനിക സേവനങ്ങളെല്ലാം ലഭ്യമാകും. ലയനം പൂര്‍ത്തിയാകുന്നതോടെ 1000 കോടി രൂപ ആസ്തിയുള്ള സ്ഥാപനമായി മാറും. ഇത് സഹകരണമേഖലയിലുണ്ടാക്കാന്‍ പോകുന്ന പുരോഗതി അനിതരസാധാരണമായിരിക്കും. ഇതൊക്കെയാണ് സര്‍ക്കാര്‍ മുന്നോട്ട് വയ്ക്കുന്ന കാര്യങ്ങള്‍.
ഇത്തരത്തില്‍ നൂതനവും സമഗ്രവുമായ മാറ്റങ്ങള്‍ വിഭാവനം ചെയ്യുന്ന കേരളബാങ്ക് യാഥാര്‍ത്ഥ്യമാക്കുന്നതിന് നബാര്‍ഡും റിസര്‍വ്വ് ബാങ്കും എടുക്കുന്ന നിലപാടുകള്‍ നിര്‍ണ്ണായകമായിരിക്കും. സംസ്ഥാനത്തെ നിര്‍ദ്ദിഷ്ട കേരള ബാങ്കിന്റെ കാര്യത്തില്‍ റിസര്‍വ് ബാങ്ക് ക്രിയാത്മക സമീപനമാണ് സ്വീകരിച്ചിട്ടുള്ളത് എന്നത് പ്രതീക്ഷയ്ക്ക് വക നല്‍കുന്നുണ്ട്. ജില്ലാ ബാങ്കുകളും സംസ്ഥാന സഹകരണ ബാങ്കും തമ്മില്‍ ലയനം നടക്കണം. അതിന് റിസര്‍വ്വ് ബാങ്കിന്റെ അനുമതി ഇനിയും ലഭിച്ചിട്ടില്ല. 14 ജില്ലാ ബാങ്കുകള്‍ സംസ്ഥാനസഹകരണ ബാങ്കില്‍ ലയിക്കണം. തങ്ങളുടെ ലൈസന്‍സ് തിരിച്ചേല്‍പ്പിക്കുകയും ചെയ്യണം. അധീകരിച്ച കിട്ടാകടവും കടവും സംസ്ഥാന സഹകരണബാങ്കിന്റെ അറ്റ നഷ്ടവും തന്നെയാണ് പ്രധാനതടസ്സമായി നില്‍ക്കുന്നത്. മോഡി സര്‍ക്കാരിന്റെ തലതിരിഞ്ഞ സാമ്പത്തികനയവും കോര്‍പ്പറേറ്റ് പ്രീണനവും മൂലം രാജ്യത്ത് പൊതുമേഖല ബാങ്കുകളുള്‍പ്പെടെ 12 വാണിജ്യ ബാങ്കുകള്‍ നഷ്ടത്തിലായിരിക്കുകയാണ്. ഈ ബാങ്കുകളെല്ലാം പ്രവര്‍ത്തനലാഭത്തിലാണെങ്കിലും അറ്റനഷ്ടത്തിലാണ്. ഇത് റിസര്‍വ്വ് ബാങ്കിനെ ഞെട്ടിപ്പിച്ച സംഗതിയാണ്. നിഷ്‌ക്രിയ ആസ്തി, തിരിച്ചടവ് മുടങ്ങുന്ന വായ്പകള്‍ എന്നിവമൂലം തുക വകയിരുത്തേണ്ടി വന്ന, നഷ്ടത്തിലായ വാണിജ്യബാങ്കുകള്‍ക്കുമേല്‍ കടുത്ത നിയന്ത്രണമേര്‍പ്പെടുത്താന്‍ ആര്‍.ബി.ഐ. നിര്‍ബന്ധിതമായിരിക്കുകയാണ്.

സംസ്ഥാനസഹകരണ ബാങ്കിന്റെയും സ്ഥിതി സമാനമാണ്. കഴിഞ്ഞ മൂന്ന് വര്‍ഷമായി ബാങ്ക് പ്രവര്‍ത്തന ലാഭത്തിലാണ്. നഷ്ടം കുറച്ചുവരാനും കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ആര്‍ബിഐ യുടെ മാനദണ്ഡമനുസരിച്ച് ലാഭത്തിലുള്ള ബാങ്കുകള്‍ നഷ്ടത്തിലിരിക്കുന്ന ബാങ്കില്‍ ലയിക്കുകയെന്നത് ഉചിതമായ കാര്യമല്ല. 14 ജില്ലാ ബാങ്കുകളില്‍ തിരുവനന്തപുരം ജില്ലാ ബാങ്ക് മാത്രമാണ് നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്നത്. പൊതുവേ പരിശോധിക്കുമ്പോള്‍ കേരളത്തിലെ നിഷ്‌ക്രിയാസ്തിയുടെ തോത് ആര്‍ബിഐ നിര്‍ദ്ദേശിക്കുന്ന നിരക്കിനേക്കാള്‍ ഉയര്‍ന്നതാണ്. മൊത്തം കിട്ടാക്കടം 10 ശതമാനത്തില്‍ താഴെയും അറ്റ കിട്ടാക്കടം 5 ശതമാനത്തില്‍ താഴെയും എത്തിക്കണമെന്നുള്ളതാണ് റിസര്‍വ്വ് ബാങ്കിന്റെ നയം. തിരുവനന്തപുരം, എറണാകുളം ജില്ലാ ബാങ്കുകളുടെ കിട്ടാക്കടം 20 ശതമാനത്തിലും കൂടുതലാണ്. അതേപോലെ പ്രയാസമുണ്ടാക്കുന്ന കാര്യമാണ് ഓഡിറ്റിലുള്ള അവ്യക്തത. കേരള ബാങ്കിന് അനുമതി നല്‍കുന്നതിന് സഹകരണവകുപ്പിന്റെ ഓഡിറ്റ് മാത്രം പരിഗണിച്ചാല്‍ മതിയാകില്ലെന്നാണ് ആര്‍ബിഐ നിലപാട്. റിസര്‍വ്വ് ബാങ്കിന്റെ പാനലില്‍ ഉള്‍പ്പെട്ട ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് കമ്പനി നല്‍കുന്ന സ്റ്റാറ്റ്യൂട്ടറി ഓഡിറ്റ് റിപ്പോര്‍ട്ട് കൂടി വേണം.

ഇതോടൊപ്പം പാര്‍ലമെന്റ് പാസാക്കാനിരിക്കുന്ന എഫ്ആര്‍ഡിഐ ബില്ലിലെ വ്യവസ്ഥകളെക്കുറിച്ചും ധാരണ ഉണ്ടാകേണ്ടതുണ്ട്. ആര്‍.ബി.ഐ. ഈ കാര്യം മുന്‍കൂട്ടിക്കാണുന്നുവെന്നു വേണം കരുതാന്‍. കേരള ബാങ്ക്, ആര്‍ബിഐയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാവുമെന്നതിനാല്‍ എഫ്.ആഇ.ഡി.ഐ ബില്ലിലെ വ്യവസ്ഥകള്‍ സഹകരണമേഖലയെ പ്രത്യക്ഷത്തില്‍ ബാധിക്കുന്ന സ്ഥിതിയുണ്ടാകും. ഈ ബില്ലിലെ സെയില്‍ ഇന്‍ ക്ലോസ് എന്ന വ്യവസ്ഥയാണ് ഏറ്റവും ദോഷകരം. ബാങ്കിംങ്ങ് സ്ഥാപനം പ്രതിസന്ധിയിലായാല്‍ നിക്ഷേപതുക ഉപയോഗിച്ച് അത് പരിഹരിക്കാമെന്നതാണ് ഈ വ്യവസ്ഥയുടെ അന്ത:സത്ത. നിക്ഷേപത്തെ ഓഹരിയാക്കി മാറ്റാനാകും. റസലൂഷന്‍ കോര്‍പ്പറേഷന്‍ എന്ന പുതിയ സ്ഥാപനമായിരിക്കും പ്രതിസന്ധിയിലായ സ്ഥാപനത്തിന്റെ ഉത്തരവാദിതങ്ങള്‍ നിര്‍വ്വഹിക്കുക. എഫ്ആര്‍ഡിഐബില്‍ നിയമമായി പ്രാബല്യത്തില്‍ വന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ അനുമതി ഇല്ലാതെ റിസര്‍വ്വ് ബാങ്കിന്റെ നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കുകളെ ലിക്വിഡേറ്റ് ചെയ്യാനാകും. സംസ്ഥാനത്തിന് നിയന്ത്രണമുള്ള ഒരു സഹകരണസ്ഥാപനം ആര്‍ബിഐയുടെ കൈകളിലേക്ക് മാറുകയും ചെയ്യും.
കേരളബാങ്കിന് അനുമതി നല്‍കുന്ന കാര്യത്തില്‍ പച്ചക്കൊടി വീശിയിട്ടില്ലെങ്കിലും, കടുത്ത നിലപാട് ആര്‍ബിഐ സ്വീകരിച്ചിട്ടില്ലെന്നാണ് പരിശോധനയില്‍ നിന്ന് അറിയാന്‍ കഴിയുന്നത്. കേരള ബാങ്ക് രൂപവത്ക്കരണത്തിന് സംസ്ഥാനം ചെയ്യേണ്ടതായ നടപടികളെക്കുറിച്ച് നിര്‍ദ്ദേശിക്കാന്‍ നബാര്‍ഡിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്.

നബാര്‍ഡിന്റെ 23 ഉപാധികളില്‍ അധികവും കേരള ബാങ്കിന്റെ വരവിന് വഴിയൊരുക്കാന്‍ പ്രയാസമുണ്ടാക്കുന്നവയാണ്. ലയനത്തിനെതിരെ കോടതി ഉത്തരവുകളോ, തല്‍സ്ഥിതി തുടരണമെന്ന നിര്‍ദ്ദേശമോ ഉണ്ടായിരിക്കരുതെന്നാണ് ഒന്നാമതായി പറയുന്നത്. ലയനത്തിനായി ഏതൊക്കെ അധികാരികളില്‍ നിന്ന് അനുമതി വാങ്ങേണ്ടതുണ്ടോ, അതെല്ലാം സംസ്ഥാന സഹകരണബാങ്ക് വാങ്ങിയിരിക്കണം. 14 ജില്ലാ ബാങ്കുകളും അവരുടെ ബാങ്കിങ്ങ് ലൈസന്‍സ് ആര്‍ഡിഐയ്ക്ക് തിരിച്ച് നല്‍കണം. ലയനത്തിനു മുമ്പായി എല്ലാ ബാങ്കുകളുടെയും സാമ്പത്തിക സ്ഥിതിയും പ്രതിസന്ധിയും തരണം ചെയ്യാനുള്ള നീക്കിയിരിപ്പിനെക്കുറിച്ച് നബാര്‍ഡ് സൂക്ഷ്മപരിശോധന നടത്തും. ലയനശേഷം സംസ്ഥാനസഹകരണ ബാങ്ക് ഡെപ്പോസിറ്റ് ഇന്‍ഷൂറന്‍സ് ആന്റ് ക്രെഡിറ്റ് ഗ്യാരന്റി കോര്‍പ്പറേഷന് നല്‍കേണ്ടതായ വിഹിതം നിശ്ചയിച്ചിരിക്കണം. സംസ്ഥാന‑ജില്ലാ ബാങ്കുകളുടെ പലിശ നിരക്കില്‍ വ്യത്യാസം ഉണ്ടെങ്കില്‍ ജില്ലാ ബാങ്കുകളുടെ ഇടപാടുകള്‍ക്കെല്ലാം സംസ്ഥാനസഹകരണ ബാങ്ക് നിശ്ചിത ദിവസത്തിന് മുമ്പായി നോട്ടീസ് നല്‍കണം. ലയന വിശദാംശങ്ങള്‍ ഇടപാടുകാരെ നോട്ടിസിലൂടെ അറിയിക്കുകയും വേണം. ജില്ലാ ബാങ്കുകളുടെ ശാഖകള്‍ കേരള ബാങ്കിന്റേതാക്കി മാറ്റണമെങ്കില്‍ ബാങ്കിങ്ങ് റെഗുലേഷന്‍ ആക്ട് പാലിച്ചിരിക്കണം. ലയന ശേഷം ആറ് മാസത്തിനുള്ളില്‍ എല്ലാ ഇടപാടുകാര്‍ക്കും കെവൈസി ഉറപ്പു വരുത്തണം. കിട്ടാക്കടം തിരിച്ചു പിടിക്കല്‍ ഉള്‍പ്പെടെയുള്ള ജില്ലാ ബാങ്കുകളിലെ എല്ലാ റിക്കവറി നടപടികളും സംസ്ഥാന സഹകരണബാങ്ക് ഏറ്റെടുക്കണം. ജില്ലാ ബാങ്കുകളിലെ ഭരണസമിതി അംഗങ്ങള്‍, ജീവനക്കാര്‍, മറ്റ് വ്യക്തികള്‍ എന്നിവരുടെ പേരുകളിലുള്ള കേസുകളുടെ വിവരം സംസ്ഥാനസഹകരണ ബാങ്ക്, ആര്‍ബിഐ യ്ക്ക് റിപ്പോര്‍ട്ട് ചെയ്യണം. ജില്ലാ ബാങ്കുകളില്‍ നിന്ന് ഏറ്റെടുക്കുന്ന ബാങ്കിംഗ് ഇതര ആസ്തികള്‍ ലയനത്തിനുശേഷം ഏഴ് വര്‍ഷത്തിനുള്ളില്‍ ഒഴിവാക്കണം. ജില്ലാ ബാങ്കുകളിലെ ചെക്ക് ക്ലിയറിങ്ങ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ റിസര്‍വ്വ് ബാങ്കിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ട് സംസ്ഥാന സഹകരണബാങ്ക് വ്യക്തത വരുത്തണം. ഭരണസമിതി അംഗങ്ങള്‍, സിഇഒ, പ്രൊഫഷണല്‍ ഡയറക്ടര്‍മാര്‍ എന്നിവരെ നിയമിക്കുന്നതിന് നബാര്‍ഡിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ട് മാനദണ്ഡമുണ്ടാക്കണം. ജീവനക്കാരുടെ നിയമനത്തിന് റിക്രൂട്ട്‌മെന്റ് പോളിസി ഉണ്ടാക്കണം. ലയനത്തിന് മുമ്പും ശേഷവുമുണ്ടാക്കുന്ന ഓഹരിവിലയിലെ മാറ്റം അംഗങ്ങളെ അറിയിക്കണം. സംസ്ഥാന സഹകരണബാങ്ക് പൂര്‍ണ്ണമായ കോര്‍ബാങ്കിങ്ങ് സംവിധാനത്തിലാകണം. സൈബര്‍ സുരക്ഷ ഉറപ്പു വരുത്തുകയും വേണം. ലയനത്തിന് മുമ്പും ശേഷവും ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റിന്റെ ഓഡിറ്റ് പരിശോധന സമയബന്ധിതമായി നടത്തണം. ഇതാണ് നബാര്‍ഡിന്റെ ഉപാധികളില്‍ പ്രധാനമായിട്ടുള്ളത്. ഇതെല്ലാം നടപ്പില്‍ വരുത്തിയാല്‍ മാത്രമേ ജില്ല‑സംസ്ഥാന സഹകരണബാങ്കുകളുടെ ലയനത്തിലൂടെ കേരള ബാങ്കിന് പിറവിയെടുക്കാനാകൂ. അത്തരത്തില്‍ സൂതികര്‍മ്മിണി ദൗത്യം സംസ്ഥാനസര്‍ക്കാരില്‍ നിന്നും സഹകരണവകുപ്പില്‍ നിന്നും പ്രതീക്ഷിക്കാം. അങ്ങിനെ ആ ഓണസമ്മാനത്തെ വരവേല്‍ക്കാം.