കേരള ബാങ്ക് യാഥാർത്ഥ്യമാകുന്നു: ഹൈക്കോടതി അനുമതി ലഭിച്ചു

Web Desk
Posted on November 29, 2019, 5:09 pm

കൊച്ചി: കേരള ബാങ്ക് യാഥാർത്ഥ്യമാക്കാൻ ഹൈക്കോടതി അനുമതി. ബാങ്ക് രൂപീകരിക്കാന്‍ സര്‍ക്കാരിന് വിജ്ഞാപനം ഇറക്കാമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. മലപ്പുറം ജില്ലാ സഹകരണ ബാങ്കും ചില സഹകരണ ബാങ്കുകളും നല്‍കിയ 21 ഹര്‍ജികള്‍ തള്ളിയാണ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖിന്റെ ഉത്തരവ്. ഇതോടെ കേരള ബാങ്ക് യാഥാര്‍ത്ഥ്യമാകുന്നതിന്റെ അവസാന തടസ്സവും നീങ്ങിയിരിക്കുകയാണ്. തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ ഇടതുമുന്നണിയുടെ വാഗ്ദാനമായിരുന്നു കേരള ബാങ്ക്.

ബാങ്കുകളുടെ ലയനവും സഹകരണ നിയമത്തിലെ വകുപ്പ് 14 (എ)യുടെ ഭേദഗതിയുമായി ബന്ധപ്പെട്ട് നിലവിലുണ്ടായിരുന്ന കേസുകളിലും ഹൈക്കോടതിയില്‍ നിന്ന് അനുകൂല ഉത്തരവ് വന്നു. ഹൈക്കോടതിയില്‍ നിലവിലുള്ള കേസുകളില്‍ വേഗത്തില്‍ തീര്‍പ്പുകല്‍പ്പിക്കാന്‍ സര്‍ക്കാര്‍ അപേക്ഷ നല്‍കിയിരുന്നു. തുടര്‍ന്നാണ് കേസില്‍ വാദം പൂര്‍ത്തിയാക്കി തീര്‍പ്പുകല്‍പ്പിച്ചത്. ഇനി കേരള ബാങ്ക് രൂപീകരിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന‑ജില്ലാ സഹകരണ ബാങ്കുകളുടെ സയോജന നടപടി പൂര്‍ത്തിയാക്കാന്‍ സര്‍ക്കാരിന് കഴിയും. മാര്‍ച്ച്‌ 31നകം ലയന നടപടികള്‍ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കണമെന്ന് റിസര്‍വ് ബാങ്ക് നിര്‍ദ്ദേശിച്ചിട്ടുണ്ട്.