Thursday
23 May 2019

കേരള ബാങ്കിന്റെ വരവ് വിശേഷമാകണം

By: Web Desk | Wednesday 13 March 2019 9:58 PM IST


Kerala Bank- Janayugom

ഒടുവില്‍ കാത്തിരിപ്പിന്റെ അകലം കുറയുകയാണ്; കേരള ബാങ്ക് വൈകാതെ പ്രാവര്‍ത്തികമാവും. തടസങ്ങളെല്ലാം തീര്‍ത്ത് റിസര്‍വ് ബാങ്കും നബാര്‍ഡും പച്ചക്കൊടി കാട്ടിയിരിക്കുന്നു. ലോകത്തിന് മാതൃകയായ സംസ്ഥാനത്തെ സഹകരണ പ്രസ്ഥാനത്തിന്റെ അഭിമാനമാകും കേരള ബാങ്ക് എന്ന കാര്യത്തില്‍ സംശയമില്ല.
സംസ്ഥാനത്തെ 13 ജില്ലാ ബാങ്കുകള്‍ സംസ്ഥാന സഹകരണ ബാങ്കില്‍ ലയിച്ച് കേരള സഹകരണ ബാങ്ക് എന്ന കേരള ബാങ്ക് രൂപപ്പെടുന്നു എന്നതാണ് പ്രക്രിയ. മലപ്പുറം ജില്ലാ ബാങ്കിനെ കൂടി കേരള ബാങ്കില്‍ ചേര്‍ക്കുന്നതിനുള്ള ഇടപെടലുകള്‍ തുടരുന്നുണ്ട്. ലയനത്തിന്റെ നേട്ടങ്ങളും കോട്ടങ്ങളും കേരളം വ്യാപകമായി ചര്‍ച്ച ചെയ്തിരുന്നു. ഗ്രാമീണ തലത്തിലും ടൗണുകള്‍ കേന്ദ്രീകരിച്ചും പ്രാഥമിക സഹകരണ സ്ഥാപനങ്ങളും ജില്ലാ ആസ്ഥാനമായി മറ്റൊന്നും മേല്‍ത്തട്ടില്‍ സംസ്ഥാന സഹകരണ ബാങ്കും ഉള്‍പ്പെടുന്ന ത്രിതല സംവിധാനമാണ് നിലവിലേത്. ഇത് ദ്വിതല സംവിധാനത്തിലേക്ക് മാറും. ഘടനയിലെ ഈ മാറ്റത്തോടെ ഏറ്റവും പുരോഗതി ഉണ്ടാവുന്നത് പ്രാഥമിക സഹകരണ ബാങ്കുകള്‍ക്കാണെന്നാണ് വിലയിരുത്തല്‍. കൂടുതല്‍ ബാങ്കിങ് സൗകര്യം കുറഞ്ഞ ചെലവില്‍ ലഭിക്കുമെന്നതും ശ്രദ്ധേയമാണ്.
ശാഖകളുടെ എണ്ണത്തില്‍ കുറവു വരുത്തേണ്ടിവരുമോ, ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടമാകുമോ എന്ന ആശങ്ക ഉയര്‍ന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് ശ്രീറാം കമ്മിറ്റിയുടെ നിര്‍ദ്ദേശമാണ് ജീവനക്കാരില്‍ ആശങ്കയുണ്ടാക്കിയത്. എന്നാല്‍, കേരള ബാങ്ക് നിലവില്‍ വരുന്നതോടെ ആരുടെയും തൊഴില്‍ നഷ്ടപ്പെടില്ലെന്ന് സഹകരണ മന്ത്രിതന്നെ വ്യക്തമാക്കി കഴിഞ്ഞു. എ ക്ലാസ് അംഗങ്ങളായ സംഘങ്ങള്‍ക്ക് ഡയറക്ടര്‍ ബോര്‍ഡിലും പ്രാതിനിധ്യം ഉണ്ടാകും. നയരൂപീകരണത്തിലും ഘടനാ മാറ്റത്തിലും നിര്‍ണായക പങ്കുവഹിക്കാന്‍ വലിയ തോതില്‍ ഓഹരികള്‍ കൈമാറി വരുന്ന സംഘങ്ങള്‍ക്കും സാധിക്കുമെന്നത് സഹകാരികളിലെ ആശങ്കയ്ക്കും ഏറെക്കുറെ അറുതി വരുത്തുന്നുണ്ട്.
ഇടതുപക്ഷ ജനാധിപത്യ മുന്നണി നിയമസഭാ തെരഞ്ഞെടുപ്പില്‍ നല്‍കിയ വാഗ്ദാനങ്ങളില്‍ പ്രധാനമാണ് കേരള ബാങ്ക്. സഹകരണ നയം പ്രഖ്യാപിച്ച് മുന്നോട്ടു പോകുന്ന സംസ്ഥാന സര്‍ക്കാര്‍ കേരള ബാങ്കിന്റെ നടപടികളും വേഗത്തില്‍ തന്നെയാണ് കൊണ്ടുപോകുന്നത്. പെരുമാറ്റ ചട്ടത്തിന്റെ ഭാഗമായുള്ള കാലതാമസം മാത്രമാണ് ശേഷിക്കുന്നത്. റിസര്‍വ് ബാങ്ക് മുന്നോട്ടുവച്ച 19 വ്യവസ്ഥകളും പൂര്‍ത്തീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങളില്‍ റിസര്‍വ് ബാങ്ക് അധികൃതര്‍ തൃപ്തി പ്രകടിപ്പിച്ചു കഴിഞ്ഞു. ബാങ്ക് അധികൃതരുമായുള്ള ചര്‍ച്ചയിലാണ് കേരള ബാങ്കിനായുള്ള സംസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ചത്. നബാര്‍ഡും കേരള ബാങ്കിനായുള്ള സംസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ തൃപ്തരാണ്. നബാര്‍ഡ് മുന്നോട്ടുവച്ച മൂന്ന് നിര്‍ദ്ദേശങ്ങള്‍ക്കൊപ്പം റിസര്‍വ് ബാങ്കിന്റെ വ്യവസ്ഥകളും സംസ്ഥാന സര്‍ക്കാരുമായി അവര്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. മാര്‍ച്ച് 31 നകം ശേഷിക്കുന്ന റിപ്പോര്‍ട്ടുകള്‍ കൂടി റിസര്‍വ് ബാങ്കിന് കൈമാറും. ഇവയും നേരത്തെ സമര്‍പ്പിച്ചതും അടക്കമുള്ള റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച് അനുമതിക്കാര്യം ഉള്‍െപ്പടെ സംസ്ഥാന സര്‍ക്കാരിനെ രേഖാമൂലം റിസര്‍വ് ബാങ്ക് അറിയിക്കും. തുടര്‍ന്ന് കേരള ബാങ്കിന്റെ രൂപീകരണ നടപടികള്‍ ആരംഭിക്കാനാണ് പദ്ധതിയെന്ന് വകുപ്പ് മന്ത്രി വ്യക്തമാക്കിയിരുന്നു. പുതിയ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ക്ക് ശേഷമാകും ഇത്.
റിസര്‍വ് ബാങ്കിനേക്കാള്‍ നബാര്‍ഡിന്റെ നിര്‍ദ്ദേശങ്ങളെയാണ് സഹകരണ മേഖല തുടക്കത്തില്‍ ആശങ്കയോടെ കണ്ടത്. തങ്ങള്‍ മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങള്‍ ഉപദേശ രൂപേണയുള്ള അഭിപ്രായങ്ങള്‍ മാത്രമാണെന്നും ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് യുക്തമായ നടപടി സ്വീകരിക്കാമെന്നുമാണ് നബാര്‍ഡ് അധികൃതര്‍ കഴിഞ്ഞ ദിവസത്തെ യോഗത്തില്‍ വ്യക്തമാക്കിയത്. 23 ഉപാധികളാണ് മുന്നോട്ട് വച്ചിരുന്നത്. അധികവും കേരള ബാങ്കിന്റെ വരവിന് വഴിയൊരുക്കാന്‍ പ്രയാസമുണ്ടാക്കുന്നവയാണെന്നായിരുന്നു വിലയിരുത്തല്‍. ലയനത്തിനെതിരെ കോടതി ഉത്തരവുകളോ, തല്‍സ്ഥിതി തുടരണമെന്ന നിര്‍ദ്ദേശമോ ഉണ്ടായിരിക്കരുതെന്നാണ് ഒന്നാമതായി പറഞ്ഞിരുന്നത്. ലയനത്തിനായി ഏതൊക്കെ അധികാരികളില്‍ നിന്ന് അനുമതി വാങ്ങേണ്ടതുണ്ടോ, അതെല്ലാം സംസ്ഥാന സഹകരണബാങ്ക് വാങ്ങിയിരിക്കണം; ജില്ലാ ബാങ്കുകള്‍ അവരുടെ ബാങ്കിങ്ങ് ലൈസന്‍സ് ആര്‍ഡിഐയ്ക്ക് തിരിച്ച് നല്‍കണം എന്നിങ്ങനെയായിരുന്നു നബാര്‍ഡ് നിര്‍ദ്ദേശങ്ങള്‍.
ലയനത്തിനു മുമ്പായി എല്ലാ ബാങ്കുകളുടെയും സാമ്പത്തിക സ്ഥിതിയും പ്രതിസന്ധിയും തരണം ചെയ്യാനുള്ള നീക്കിയിരിപ്പിനെക്കുറിച്ച് നബാര്‍ഡ് സൂക്ഷ്മപരിശോധന നടത്തുമെന്നും പറഞ്ഞിരുന്നു. നബാര്‍ഡിന്റെ ഈ നിബന്ധനകളുടെ കാര്യത്തില്‍ ഇനി മറിച്ചൊരാശങ്കയും വേണ്ടെന്നതാണ് പുതിയ സാഹചര്യം.
അതേസമയം, മോഡി സര്‍ക്കാരിന്റെ തലതിരിഞ്ഞ സാമ്പത്തികനയവും കോര്‍പ്പറേറ്റ് പ്രീണനവും മൂലം രാജ്യത്ത് പൊതുമേഖല ബാങ്കുകളുള്‍പ്പെടെ 12 വാണിജ്യ ബാങ്കുകള്‍ നഷ്ടത്തിലായിരിക്കുകയാണ്. ഈ ബാങ്കുകളെല്ലാം പ്രവര്‍ത്തനലാഭത്തിലാണെങ്കിലും അറ്റനഷ്ടത്തിലാണ്. നിഷ്‌ക്രിയ ആസ്തി, തിരിച്ചടവ് മുടങ്ങുന്ന വായ്പകള്‍ എന്നിവമൂലം തുക വകയിരുത്തേണ്ടി വന്ന, നഷ്ടത്തിലായ വാണിജ്യബാങ്കുകള്‍ക്കുമേല്‍ കടുത്ത നിയന്ത്രണമേര്‍പ്പെടുത്താന്‍ ആര്‍ബിഐ നിര്‍ബന്ധിതമാക്കുമോ എന്ന വിഷയം ചില കോണുകളില്‍ നിന്നുയരുന്നുണ്ട്. സംസ്ഥാന സഹകരണ ബാങ്കിന്റെയും സ്ഥിതിയിലും സമാനമായ സാഹചര്യം കണക്കിലെടുക്കണം. കഴിഞ്ഞ മൂന്ന് വര്‍ഷമായി ബാങ്ക് പ്രവര്‍ത്തന ലാഭത്തിലാണ്. നഷ്ടം കുറച്ചുവരാന്‍ കഴിഞ്ഞെന്നുള്ളത് ആശാവഹമാണ്.
കേരള ബാങ്കിന് അനുമതി നല്‍കുന്നതിന് സഹകരണവകുപ്പിന്റെ ഓഡിറ്റ് മാത്രം പരിഗണിച്ചാല്‍ മതിയാകില്ലെന്നാണ് ആര്‍ബിഐ നിലപാടും. റിസര്‍വ്വ് ബാങ്കിന്റെ പാനലില്‍ ഉള്‍പ്പെട്ട ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് കമ്പനി നല്‍കുന്ന സ്റ്റാറ്റ്യൂട്ടറി ഓഡിറ്റ് റിപ്പോര്‍ട്ട് വേണമെന്ന് നിഷ്‌കര്‍ഷിക്കുന്നു. ഇതോടൊപ്പം പാര്‍ലമെന്റ് പാസാക്കാനിരിക്കുന്ന എഫ്ആര്‍ഡിഐ ബില്ലിലെ വ്യവസ്ഥകളെക്കുറിച്ചും ധാരണ ഉണ്ടാകണം എന്നും പറയുന്നു. കേരള ബാങ്ക്, ആര്‍ബിഐയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാവുമെന്നതിനാല്‍ എഫ്ആര്‍ഡിഐ ബില്ലിലെ വ്യവസ്ഥകള്‍ സഹകരണമേഖലയെ പ്രത്യക്ഷത്തില്‍ ബാധിക്കുന്ന സ്ഥിതിയുണ്ടാകരുത്. ഈ ബില്ലിലെ സെയില്‍ ഇന്‍ ക്ലോസ് എന്ന വ്യവസ്ഥ ദോഷകരമാണ്. ബാങ്കിങ് സ്ഥാപനം പ്രതിസന്ധിയിലായാല്‍ നിക്ഷേപതുക ഉപയോഗിച്ച് അത് പരിഹരിക്കാമെന്നതാണ് വ്യവസ്ഥയുടെ അന്തഃസത്ത. നിക്ഷേപത്തെ ഓഹരിയാക്കി മാറ്റാനാകും. റസലൂഷന്‍ കോര്‍പ്പറേഷന്‍ എന്ന പുതിയ സ്ഥാപനമായിരിക്കും പ്രതിസന്ധിയിലായ സ്ഥാപനത്തിന്റെ ഉത്തരവാദിതങ്ങള്‍ നിര്‍വ്വഹിക്കുക. എഫ്ആര്‍ഡിഐബില്‍ നിയമമായി പ്രാബല്യത്തില്‍ വന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ അനുമതി ഇല്ലാതെ റിസര്‍വ്വ് ബാങ്കിന്റെ നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കുകളെ ലിക്വിഡേറ്റ് ചെയ്യാനാകുമെന്നതും ആഴത്തില്‍ പരിശോധിക്കണം. സംസ്ഥാനത്തിന്റെ നിയന്ത്രണമുള്ള ഒരു സഹകരണസ്ഥാപനം ആര്‍ബിഐയുടെ കൈകളിലേക്ക് പരിപൂര്‍ണ്ണമായും മാറരുത്.