സുസ്ഥിരവികസന ലക്ഷ്യനേട്ടത്തിലും കേരളം മുന്നേറുമ്പോള്‍

Web Desk
Posted on December 24, 2018, 10:20 pm

സുസ്ഥിര വികസന ലക്ഷ്യ നേട്ടത്തില്‍ കേരളത്തിന്റെ തനതായ വികസന മാതൃക വീണ്ടും മുന്നേറുമെന്ന് ഈ മാസം 21ന് ഐക്യരാഷ്ട്രസംഘടനയും ഗ്ലോബല്‍ ഗ്രീന്‍ ഗ്രോത്ത് ഇന്‍സ്റ്റിറ്റിയൂട്ടിന്റെയും പിന്തുണയോടെ പ്രസിദ്ധീകരിച്ച ആദ്യ സുസ്ഥിര വികസന ലക്ഷ്യ സൂചിക അടിസ്ഥാന റിപ്പോര്‍ട്ട് സാക്ഷ്യപ്പെടുത്തുന്നു. ഇന്നത്തെ ആവശ്യങ്ങള്‍ നാളത്തെ തലമുറയുടെ ആവശ്യങ്ങള്‍ കാര്‍ന്നു തിന്നുന്നതാകരുതെന്നാണ് സുസ്ഥിര വികസനത്തിന്റെ കാതല്‍. ആഗോള തലത്തില്‍ ദരിദ്രജനതയുടെ ആവശ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുകയും, ഇന്ന് ലഭ്യമായ എല്ലാ ശാസ്ത്ര സാങ്കേതിക വിദ്യകളും ഉപയോഗിക്കേണ്ടത് ഇന്നത്തെയും നാളത്തെയും തലമുറയുടെ ആവശ്യങ്ങള്‍ ഉള്‍ക്കൊണ്ടായിരിക്കണമെന്ന് പരിസ്ഥിതി വികസനം ആഗോള കമ്മീഷന്‍ മുന്നോട്ട് വയ്ക്കുന്നു. 1992ല്‍ ഇന്ത്യയടക്കം 130 രാജ്യങ്ങള്‍ പങ്കെടുത്ത റിയോഡിജനീറോയില്‍ നടന്ന ഭൗമ ഉച്ചകോടിയിലെ മുഖ്യ അജണ്ട സുസ്ഥിര വികസനമായിരുന്നു. ഇരുപതാം നൂറ്റാണ്ടില്‍ മനുഷ്യന്‍ പ്രകൃതിയുടെമേല്‍ നടത്തിയ കടന്നുകയറ്റം ലോകത്തെ ഇത്തരത്തില്‍ ചിന്തിപ്പിക്കുന്നതിന് കാരണമായി മാറി. തുടര്‍ന്ന് 2015ല്‍ ഐക്യരാഷ്ട്ര സംഘടനയുടെ നേതൃത്വത്തില്‍ ദാരിദ്ര്യ നിര്‍മാര്‍ജനം, വിദ്യാഭ്യാസം, ആരോഗ്യം, ലിംഗസമത്വം, ശുദ്ധമായ ഊര്‍ജം, പശ്ചാത്തല വികസനം, സമാധാനം, ഉത്തരവാദിത്വവും ശക്തവുമായ സ്ഥാപനങ്ങള്‍ എന്നിവ ഉണ്ടാക്കിയെടുക്കല്‍ ഉള്‍പ്പെടെ 17 ഇന സുസ്ഥിര വികസന ലക്ഷ്യങ്ങളാണ് വിഭാവനം ചെയ്തത്. സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ ആരംഭിക്കുന്നതിന് മുമ്പ് യു എന്‍ 2000ല്‍ ‘സഹസ്രാബ്ദ വികസനലക്ഷ്യങ്ങള്‍’ രൂപീകരിച്ചിരുന്നു. എട്ട് വികസന ലക്ഷ്യങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുന്നതായിരുന്നു ഇത്. ഈ എട്ട് വികസന ലക്ഷ്യങ്ങളും കേരളമെന്ന സംസ്ഥാനം 2000ത്തില്‍ തന്നെ ഒരു പരിധിവരെ കൈവരിച്ചിരുന്നു. എന്നാല്‍ 2015ല്‍ അവസാനിച്ച സഹസ്രാബ്ദ വികസന ലക്ഷ്യങ്ങള്‍ പോലും പൂര്‍ണ തോതില്‍ കൈവരിക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചിട്ടില്ല. ഈയൊരു സാഹചര്യത്തിലാണ് 2015ല്‍ ഇന്ത്യയും സുസ്ഥിര വികസന ലക്ഷ്യ നേട്ടത്തിനായി തയാറായത്.

നിതി ആയോഗ് തയാറാക്കിയ സുസ്ഥിര വികസന ലക്ഷ്യ റിപ്പോര്‍ട്ട് ഇന്ത്യയില്‍ 2030 ഓടുകൂടി മുഴുവന്‍ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും 17 ഇന സുസ്ഥിര വികസന ലക്ഷ്യം നേടിയെടുക്കുകയെന്ന ഉദ്ദേശത്തോടെയാണ്. ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നതിലൂടെ ഇന്ത്യയുടെ വികസനത്തിന്റെ പുരോഗതി അളക്കുകയും, സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കിടയില്‍ മത്സരം സൃഷ്ടിച്ച് ഭാവിയില്‍ ഓരോ സംസ്ഥാനവും സുസ്ഥിര വികസനത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനും ലക്ഷ്യമുണ്ട്. സമൂഹത്തിന്റെ ക്ഷേമത്തിനായി സാമൂഹിക, സാമ്പത്തിക, പരിസ്ഥിതി വശങ്ങളെ സമന്വയിപ്പിച്ചുകൊണ്ടാണ് ഈ സൂചിക തയാറാക്കിയത്. 17 ഇന ലക്ഷ്യങ്ങളില്‍ സംസ്ഥാന തലത്തില്‍ വിവര ശേഖരണത്തിന്റെ അപര്യാപ്തത മൂലം കാലാവസ്ഥ വ്യതിയാനവും, സമുദ്ര വിഭവങ്ങളുടെ സുസ്ഥിര ഉപയോഗം ഉള്‍പ്പെടെയുള്ള നാല് ലക്ഷ്യങ്ങള്‍ ഒഴിവാക്കിയാണ് ഈ സൂചിക തയാറാക്കിയത്.
നിതി ആയോഗിന്റെ സുസ്ഥിര വികസന ലക്ഷ്യ സൂചികയില്‍ കേരളവും ഹിമാചല്‍ പ്രദേശുമാണ് ഒന്നാം സ്ഥാനത്തെത്തിയത്. ഇരു സംസ്ഥാനങ്ങളും സൂചികയില്‍ 69 പോയിന്റ് നേടി. തമിഴ്‌നാടാണ് (66) തൊട്ടുപിന്നില്‍. ഉത്തര്‍പ്രദേശ് (42), ബിഹാര്‍ (48), അസം (49) എന്നിവയാണ് പട്ടികയില്‍ തൊട്ടുപിന്നിലുള്ള പ്രമുഖ സംസ്ഥാനങ്ങള്‍. ആരോഗ്യം, ജനക്ഷേമം, വിദ്യാഭ്യാസം, ലിംഗസമത്വം എന്നീ രംഗങ്ങളിലാണ് കേരളം ഒന്നാം സ്ഥാനത്ത് എത്തിച്ചേര്‍ന്നത്. ഇതില്‍ ആരോഗ്യം, ജനക്ഷേമം എന്നീ രംഗത്ത് 92 പോയിന്റാണ് കേരളം നേടിയത്. വിദ്യാഭ്യാസ രംഗത്ത് 87ഉം, ലിംഗ സമത്വത്തില്‍ 50 പോയിന്റും കേരളം നേടി. വ്യവസായം, നൂതനാശയം, അടിസ്ഥാന സൗകര്യ വികസനം, എന്നീ രംഗങ്ങളില്‍ 68 പോയിന്റുമായി കേരളം രണ്ടാം സ്ഥാനത്തെത്തി. ദാരിദ്ര്യ നിര്‍മാര്‍ജനം, വിശപ്പുരഹിതം, നീതി നിര്‍വഹണം, ക്രമസമാധാനം, എന്നീ മേഖലകളിലും കേരളം പട്ടികയില്‍ മുന്നിലാണ്. ഭൂരിഭാഗം രംഗങ്ങളിലും ദേശീയ ശരാശരിയേക്കാള്‍ മികച്ചതാണ് കേരളത്തിന്റെ പങ്ക്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളാണ് സുസ്ഥിര വികസന ലക്ഷ്യസൂചികയില്‍ മുന്നിലുള്ളത്.

കേരളം കൈവരിച്ച ഈ നേട്ടത്തിന് പിന്നില്‍ അന്താരാഷ്ട്ര വികസന ലക്ഷ്യങ്ങള്‍ അതേപടി പകര്‍ത്താതെ തനതായ വികസന മാതൃകയിലധിഷ്ഠിതമായ വികസന പദ്ധതി നടപ്പിലാക്കിയതിലൂടെയാണ്. 2015ല്‍ തുടങ്ങിയ സുസ്ഥിര വികസന നേട്ടത്തിലും കേരള സംസ്ഥാനം സദാ ശ്രദ്ധ നല്‍കിയിരുന്നു. കേരളത്തിന്റെ ഇത്തരത്തിലുള്ള വികസന നേട്ടങ്ങള്‍ക്ക് കാരണം കേരളം ഭരിച്ച പുരോഗമന ജനാധിപത്യ സര്‍ക്കാരുകളുടെ ബോധപൂര്‍വ്വമായ ഇടപെടലുകളിലൂടെയാണ്. 1975ല്‍ യു എന്നിന്റെ സാമ്പത്തിക സഹായത്തോടെ തിരുവനന്തപുരം സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് സ്റ്റഡീസിന്റെ നേതൃത്വത്തില്‍ ദാരിദ്ര്യം, തൊഴിലില്ലായ്മ, വികസനനയം കേരളത്തില്‍‘എന്ന വിഷയത്തില്‍ നടത്തിയ പഠനമാണ് കേരളത്തിന് മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് തനതായ ഒരു വികസന മാതൃകയുണ്ടെന്ന് മനസ്സിലാക്കിയത്. ഈ വികസന മാതൃക വികസ്വര രാജ്യങ്ങളോടുപോലും കിടപിടിക്കുന്ന പൊതുജനാരോഗ്യവും, ഉയര്‍ന്ന ജീവിത നിലവാരവുമുള്ള സമൂഹമാണ് കേരളത്തിലുള്ളത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന അവസ്ഥയിലാണ് ഈ നേട്ടം കൈവരിച്ചത്. പ്രമുഖ വികസനസാമ്പത്തികശാസ്ത്രജ്ഞരായ അമര്‍ത്യാസെന്നിന്റെയും ജീന്‍ഡ്രീസിന്റെയും അഭിപ്രായത്തില്‍ ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളും കഴിവുകളും പ്രോത്സാഹിപ്പിക്കാന്‍ ഉതകുന്ന തരത്തിലുള്ള പൊതുപ്രവര്‍ത്തനം സംഘടിപ്പിക്കുവാന്‍ കഴിഞ്ഞാല്‍ വരുമാനം കുറവാണെങ്കിലും ഉയര്‍ന്ന സാമൂഹിക വികസനം നേടിയെടുക്കാന്‍ സാധിക്കും. 2018ലെ നിതി ആയോഗ് പ്രസിദ്ധീകരിച്ച സുസ്ഥിര വികസന ലക്ഷ്യ സൂചിക റിപ്പോര്‍ട്ട് ശരിവയ്ക്കുന്നത് കേരളത്തിന്റെ തനതായ വികസന മാതൃകയ്ക്ക് ഇന്നും കോട്ടം സംഭവിച്ചിട്ടില്ലെന്ന വസ്തുതയാണ്. മാനവിക വികസന സൂചികയില്‍ ദശാബ്ദങ്ങളായി ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന കേരളം സുസ്ഥിര വികസന ലക്ഷ്യ സൂചികയിലും ഒന്നാം സ്ഥാനമാണെന്ന കാര്യത്തില്‍ അതിശയോക്തിയില്ല. കേരളത്തിന്റെ തുടക്കത്തില്‍ ഈ നേട്ടത്തിന് കാരണമായത് പുരോഗമന സര്‍ക്കാരുകള്‍ നടപ്പിലാക്കിയ ഭൂപരിഷ്‌കരണം പോലുള്ള ജനക്ഷേമ പ്രവര്‍ത്തനത്തിലൂടെയാണ്. തുടര്‍ന്ന് 1980കളുടെ മധ്യകാലത്ത് വിദ്യാഭ്യാസ ഉന്നതിക്കായി ജനകീയ സാക്ഷരതാ പ്രസ്ഥാനത്തിന്റെ ഇടപെടലുകള്‍ സാമൂഹികമായ ഉണര്‍വിന് കാരണമായി. തുടര്‍ന്ന് ആഗോളവല്‍ക്കരണ നയങ്ങള്‍ മൂലം കേരള സമൂഹത്തിന്റെ തനതായ വികസന മാതൃകയ്ക്ക് വെല്ലുവിളികള്‍ നേരിട്ട സമയത്ത് കാലഘട്ടത്തിനനുസരിച്ച് പുതുക്കിപണിയുന്നതിന് ശ്രദ്ധ നല്‍കി. മാവേലി സ്റ്റോറുകള്‍ സ്ഥാപിച്ച് മെച്ചപ്പെട്ട ഭക്ഷ്യ പൊതുവിതരണ സംവിധാനം, ഗ്രൂപ് ഫാമിങ്ങിലൂടെ കാര്‍ഷിക രംഗത്ത് അഭിവൃദ്ധി, മെച്ചപ്പെട്ട പൊതുജനാരോഗ്യ പരിപാലനം, പൊതുഗതാഗത സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തല്‍ എന്നിവ ഇവയില്‍ പ്രധാനമാണ്. ഇന്ത്യാ രാജ്യം പോലും സാമ്പത്തിക പരിഷ്‌ക്കാരത്തിന്റെ ദുരിതത്തില്‍ അകപ്പെട്ടിട്ടും കേരളം അതിനെ അതിജീവിച്ചത് ജനകീയാസൂത്രണമെന്ന ബദല്‍ വികസന പദ്ധതിയിലൂടെയാണ്. ഈ വികസന പദ്ധതി പ്രാദേശിക വികസനത്തിന് പ്രാധാന്യം നല്‍കുകയും ജനക്ഷേമം ഉറപ്പുവരുത്തിയുമാണ് കേരളത്തില്‍ നടപ്പിലാക്കിയത്. വികേന്ദ്രീകൃതാസൂത്രണ പ്രക്രിയയില്‍ കുടുംബശ്രീയുടെ പ്രവര്‍ത്തനവും മാതൃകാപരമാണ്. ഉയര്‍ന്ന നിരക്കിലുള്ള വിദ്യാസമ്പന്നരായ സ്ത്രീകളും ഉയര്‍ന്ന സ്ത്രീപുരുഷ അനുപാതവുമുള്ള കേരള സമൂഹത്തിന്റെ ഉന്നമനത്തിനായി ജനകീയ സര്‍ക്കാരുകള്‍ വിവിധ പദ്ധതികള്‍ നടപ്പിലാക്കിയിരുന്നു. കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ വളരെ കാര്യക്ഷമമായി നടപ്പിലാക്കാന്‍ കേരള സംസ്ഥാനം പ്രത്യേകം ശ്രദ്ധ നല്‍കിയിരുന്നു. 73, 74 ഭരണഘടന ഭേദഗതിയിലൂടെ ത്രിതല പഞ്ചായത്ത് ഭരണ സംവിധാനം നിലവില്‍ വരികയും തുടക്കത്തില്‍ 33 ശതമാനവും തുടര്‍ന്ന് 50 ശതമാനവും വനിതാ സംവരണമായ ശക്തമായ പ്രാദേശിക ഭരണകൂടമാണ് കേരളത്തില്‍ നിലവിലുള്ളത്. ഇത്തരത്തിലൂടെയുള്ള നയപരിപാടികളിലൂടെ സാമൂഹിക, സാമ്പത്തിക, പാരിസ്ഥിതിക രംഗത്ത് കേരളത്തിന്റെ വികസനം ബഹുദൂരം മുന്നോട്ട് പോകാന്‍ സാധിച്ചു.

സുസ്ഥിര വികസന ലക്ഷ്യസൂചികയില്‍ കേരളം ഒന്നാം സ്ഥാനം കൈവരിച്ചുവെങ്കിലും ഭാവികേരളം പ്രാധാന്യം നല്‍കേണ്ടത് പാരിസ്ഥിതിക സുസ്ഥിരത, അസമത്വം കുറയ്ക്കുക, ലിംഗ സമത്വം, സാമൂഹ്യ നീതി, വികസന പദ്ധതികളില്‍ ജനപങ്കാളിത്തം ഉറപ്പുവരുത്തുക എന്നിവയിലൂടെ സുസ്ഥിര വികസനത്തിലേക്ക് കുതിക്കാനും, മറ്റു സംസ്ഥാനങ്ങള്‍ കേരള വികസന മാതൃകയെ പഠന വിഷയമാക്കി അതിനനുസരിച്ച് വികസന നയങ്ങള്‍ രൂപീകരിച്ച് നടപ്പിലാക്കിയാല്‍ ഐക്യരാഷ്ട്ര സംഘടനയുടെ സുസ്ഥിര വികസന നേട്ടത്തിലേക്ക് 2030ല്‍ ഇന്ത്യയ്ക്ക് എത്തിച്ചേരാം.