സംസ്ഥാന ഭാരവാഹികളെ നിയമിച്ചതിനു പിന്നാലെ ബിജിപിയില്‍ വീണ്ടും അതൃപ്തി പുകയുന്നു. ചുമതലകള്‍ ഏറ്റെടുക്കില്ലെന്ന് മുതിര്‍ന്ന നേതാക്കളായ എം ടി രമേശ് , ശോഭാ സുരേന്ദ്രന്‍ എ എന്‍ രാധാകൃഷ്ണന്‍ എന്നിവര്‍ നേതൃത്വത്തെ അറിയിച്ചു. സംഘടനാ ജനറല്‍ സെക്രട്ടറി ബി എല്‍ സന്തോഷിനെയാണ് നേതാക്കള്‍ ഇക്കാര്യം അറിയിച്ചത്.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പ്രഖ്യാപിച്ച സംസ്ഥാന ഭാരവാഹി പട്ടികയില്‍ വീ മുരളീധര പക്ഷത്തിന് മൃഗീയ ആധിപത്യമുണ്ടെന്ന ആക്ഷേപമാണ് പികെ കൃഷ്ണ ദാസ് പക്ഷം ഉന്നയിക്കുന്നത്. അതിനാല്‍ തന്നെ കടുത്ത അതൃപ്തിയാണ് പികെ കൃഷ്ണന്‍ ദാസ് പക്ഷത്തിനുള്ളത്.
കൃഷ്ണദാസ് പക്ഷത്തെ പാടെ ഒഴിവാക്കി വി മുരളീധരനും കെ സുരേന്ദ്രനും പാര്‍ട്ടിയെ പൂര്‍ണമായും പിടിച്ചടക്കിയതില്‍ പാര്‍ടിയില്‍ കലാപം പുകയുന്നതിനിടെയാണ് മുതിര്‍ന്ന നേതാക്കള്‍ സ്ഥാനമേറ്റെടുക്കില്ല എന്ന് പറയുന്നത്. ഭാരവാഹി പട്ടികയില്‍ കൂടിയാലോചന നടന്നില്ലെന്നും നേതാക്കള്‍ അറിയിച്ചു. സംസ്ഥാന വക്താവ് സ്ഥാനം ഏറ്റെടുക്കില്ലെന്ന് എം എസ് കുമാര്‍ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ കഴിഞ്ഞ ദിവസംതന്നെ അറിയിച്ചിരുന്നു.
ജനറല്‍ സെക്രട്ടറിമാരായിരുന്ന കൃഷ്ണദാസ് പക്ഷത്തെ എ എന്‍ രാധാകൃഷ്ണനെയും ശോഭ സുരേന്ദ്രനെയും വൈസ് പ്രസിഡന്റുമാരായി ഒതുക്കികൊണ്ടാണ് പുതിയ നിയമനം. ആര്‍എസ്എസ് നിര്‍ബന്ധിച്ചതിനാല്‍ എം ടി രമേശിനെ മാത്രം ജനറല്‍ സെക്രട്ടറിയായി നിലനിര്‍ത്തി. മുതിര്‍ന്ന നേതാക്കളായ എന്‍ ശിവരാജന്‍, പി എം വേലായുധന്‍, കെ പി ശ്രീശന്‍ എന്നിവരെ ഒഴിവാക്കിയുള്ള ഭാരവാഹി പ്രഖ്യാപനത്തോടെ ബിജെപിയില്‍ വി മുരളീധരന്‍ പക്ഷത്തിന് സമ്പൂര്‍ണ്ണ ആധിപത്യമായി.
എം ഗണേശനെ സംഘടനാ ജനറല്‍ സെക്രട്ടറിയായി നിയമിച്ചതു മാത്രമാണ് ആര്‍എസ്എസിനുള്ള നേട്ടം. പത്ത് വൈസ് പ്രസിഡന്റുമാരില്‍ എ എന്‍ രാധാകൃഷ്ണനും ശോഭ സുരേന്ദ്രനും ആറ് ജനറല്‍ സെക്രട്ടറിമാരില്‍ എം ടി രമേശും പത്ത് സെക്രട്ടറിമാരില്‍ മൂന്നുപേരും മാത്രമാണ് കൃഷ്ണദാസ് പക്ഷത്തിനുള്ളത്. ആറ് മോര്‍ച്ചാ ഭാരവാഹികളെയും നിയമിച്ച് പോഷകസംഘടനകളുടെ പൂര്‍ണ നിയന്ത്രണവും മുരളീധരപക്ഷം കൈക്കലാക്കി. ജനറല്‍ സെക്രട്ടറിമാരായി നിയമിച്ചവരില്‍ ജോര്‍ജ് കുര്യന്‍, സി കൃഷ്ണകുമാര്‍, പി സുധീര്‍ എന്നിവര്‍ക്കു പുറമെ സഹസംഘടനാ ജനറല്‍ സെക്രട്ടറി കെ സുഭാഷും സുരേന്ദ്രന്റെ വിശ്വസ്തനാണ്. ജില്ലാ പ്രസിഡന്റുമാരുടെ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം കൃഷ്ണദാസ്പക്ഷത്തിനായിരുന്നു. സംസ്ഥാന പ്രസിഡന്റിനായുള്ള അഭിപ്രായവോട്ടെടുപ്പിലും ഭൂരിപക്ഷം കിട്ടി. ഇത് അട്ടിമറിച്ചാണ് സുരേന്ദ്രന്‍ സംസ്ഥാന പ്രസിഡന്റായത്.
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.