കെ കെ ജയേഷ്

കോഴിക്കോട് ബ്യൂറോ

January 30, 2021, 8:18 am

തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ തീരുമാനമായെങ്കിലും പ്രശ്നങ്ങൾ അവസാനിക്കാതെ ബിജെപി

Janayugom Online

തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ ബിജെപി സംസ്ഥാന സമിതി യോഗത്തിൽ തീരുമാനമായെങ്കിലും നേതാക്കൾ തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നത് പാർട്ടിയിൽ കീറാമുട്ടിയായി തുടരുന്നു. ശോഭാ സുരേന്ദ്രൻ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ തുടരുകയാണെന്നും തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടിയെ പരാജയപ്പെടുത്താൻ ശ്രമിച്ചെന്നുമുള്ള ആരോപണങ്ങളാണ് ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ അനുകൂലിക്കുന്ന നേതാക്കൾ തൃശ്ശൂരിൽ നടന്ന സംസ്ഥാന സമിതി യോഗത്തിൽ ഉയർത്തിയത്. സംസ്ഥാന സമിതിയിൽ ശോഭ സുരേന്ദ്രൻ പങ്കെടുത്തിരുന്നില്ല. ഇതേ സമയം ഗ്രൂപ്പുവഴക്കുകളിൽ പെട്ടുഴലുന്ന സംസ്ഥാന ബിജെപിയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ബിജെപി അഖിലേന്ത്യാ അധ്യക്ഷൻ ജെ പി നദ്ദ നേരിട്ടെത്തുന്നുണ്ട്. ഫെബ്രുവരി 3,4 തിയ്യതികളിലാണ് നദ്ദ കേരളത്തിലുണ്ടാവുക. മൂന്നിന് തിരുവനന്തപുരത്ത് കോർ കമ്മിറ്റിയോഗത്തിൽ പങ്കെടുക്കുന്ന അദ്ദേഹം പ്രമുഖ വ്യക്തികളുമായും ജനപ്രതിനിധികളുമായുള്ള യോഗത്തിലും പങ്കെടുക്കും. നാലിന് തൃശ്ശൂരിലാണ് നദ്ദയുടെ പരിപാടികൾ. ഇതിന് മുമ്പായി അദ്ദേഹത്തെ ഡൽഹിയിൽ നേരിട്ട് കാണാനാണ് ശോഭാ സുരേന്ദ്രൻ ലക്ഷ്യമിടുന്നത്. പാർട്ടിയിൽ താൻ ഉന്നയിച്ച പ്രശ്നങ്ങൾ പരിഹരിക്കപ്പെടാതെ പാർട്ടിയുമായി സഹകരിക്കില്ലെന്ന നിലപാടിൽ തന്നെയാണ് ശോഭാ സുരേന്ദ്രനുള്ളത്. നേരത്തെ സംസ്ഥാന അധ്യക്ഷനെ മാറ്റണമെന്നാവശ്യപ്പെട്ട് ശോഭാ സുരേന്ദ്രൻ- പി കെ കൃഷ്ണദാസ് വിഭാഗം കേന്ദ്ര നേതൃത്വത്തിന് കത്തയച്ചിരുന്നെങ്കിലും നടപടിയുണ്ടായില്ല. അഖിലേന്ത്യാ അധ്യക്ഷന്റെ വരവോടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്ന് ഇവർ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും ശോഭാ സുരേന്ദ്രന്റേത് അടഞ്ഞ അധ്യായമാണെന്ന് തന്നെയാണ് കെ സുരേന്ദ്രനെ അനുകൂലിക്കുന്നവർ വ്യക്തമാക്കുന്നത്. മുമ്പ് നേതൃത്വത്തോട് ഇടഞ്ഞ ശോഭാ സുരേന്ദ്രൻ താൻ പാർട്ടി വിടുകയാണെന്ന് ജെ പി നദ്ദയോട് വ്യക്തമാക്കിയതാണ്. അത്തരത്തിലുള്ള ഒരു നേതാവിന്റെ വാക്കുകൾ കേൾക്കാൻ അദ്ദേഹം തയ്യാറാവില്ലെന്ന് ഇവർ വ്യക്തമാക്കുന്നു. തെരഞ്ഞെടുപ്പ് പ്രചരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കാനാണ് അദ്ദേഹം കേരളത്തിലെത്തുന്നത്. ശോഭാ സുരേന്ദ്രന് ഏതെങ്കിലും സീറ്റ് നൽകിയേക്കാം. അതിൽ മത്സരിക്കുകയോ മത്സരിക്കാതിരിക്കുകയോ ചെയ്യുന്നത് അവരുടെ താത്പര്യം. അതിൽ കൂടുതൽ യാതൊരു പരിഗണനയും ശോഭയ്ക്ക് ഉണ്ടാവില്ലെന്ന് തന്നെയാണ് സുരേന്ദ്രൻ വിഭാഗം വ്യക്തമാക്കുന്നത്. നാൽപത് മണ്ഡലങ്ങളിലെ സാധ്യതാ പട്ടിക സംസ്ഥാന ബിജെപി ഘടകം കേന്ദ്രത്തിന് സമർപ്പിച്ചിട്ടുണ്ട്. ഇതിൽ ശോഭാ സുരേന്ദ്രൻ ഇടം പിടിച്ചിട്ടില്ല. ഇതോടെയാണ് ശോഭ ഡൽഹിയിൽ നേരിട്ടെത്തി കേന്ദ്ര നേതാക്കളെ കാണാൻ തീരുമാനിച്ചത്.
മധ്യമേഖലയുടെ ചുമതലയുള്ള എം ടി രമേശിനെതിരെയും കെ സുരേന്ദ്രൻ വിഭാഗം ശക്തമായ ആരോപണങ്ങൾ ഉന്നയിക്കുന്നുണ്ട്. മധ്യമേഖലയുടെ ചുമതലയുള്ള എം ടി രമേശ് അവിടുത്തെ പ്രവർത്തനങ്ങൾ നോക്കാതെ കോഴിക്കോട് നോർത്ത് മണ്ഡലം ലക്ഷ്യമിട്ട് കോഴിക്കോട് തന്നെ തുടരുന്നതാണ് സുരേന്ദ്രൻ വിഭാഗം ആയുധമാക്കുന്നത്. കോഴിക്കോട് ജില്ലയിൽ സീറ്റ് ലഭിക്കാനും ഫണ്ട് പിരിവിനുമായാണ് എം ടി രമേശിന്റെ പ്രവർത്തനങ്ങളെന്ന് ഇവർ കുറ്റപ്പെടുത്തുന്നുണ്ട്. കാസർക്കോട് മുതൽ കെ സുരേന്ദ്രൻ നടത്താനിരിക്കുന്ന ജാഥയുടെ ചുമതല എം ടി രമേശിന് നൽകിയിട്ടുണ്ടെങ്കിലും കഴിഞ്ഞ ദിവസം കോഴിക്കോട് നടന്ന ഒരു പ്രതിഷേധം ഉൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് എതിർവിഭാഗം ആരോപണം ഉന്നയിക്കുന്നത്. കോഴിക്കോട് കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്യപ്പെട്ട ഒരു പ്രമുഖ വ്യവസായിയുടെ മാളിന് മുന്നിൽ നടത്തിയ പ്രതിഷേധത്തിന് പിന്നിൽ എം ടി രമേശിന്റെ വലംകൈയ്യായ ഒരു ജനപ്രതിനിധിയാണെന്നാണ് ആക്ഷേപം. മാളിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട് അതിന്റെ പിന്നിൽ താമസിക്കുന്ന നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും വീടുകൾ തകരുകയും ചെയ്തെന്നും ആവശ്യമായ നഷ്ടപരിഹാരം നൽകിയില്ലെന്നും ആരോപിച്ചായിരുന്നു മാർച്ച് നടത്തിയത്. പണം വാങ്ങാൻ വേണ്ടിയാണ് സമരം നടത്തിയതെന്ന കാര്യം ബിജെപി യോഗത്തിൽ വലിയ ചർച്ചയായിരുന്നു.
തദ്ദേശ തെരഞ്ഞെടുപ്പിൽ കോഴിക്കോട് കോർപ്പറേഷനിലെ തെരഞ്ഞെടുപ്പ പ്രചാരണത്തിന് നേതൃത്വം നൽകിയ രമേശ് മറ്റ് സീറ്റുകൾ വേണ്ടെന്നും കോഴിക്കോട് നോർത്ത് തന്നെ ലഭിക്കണമെന്നുമാണ് ആവശ്യം ഉന്നയിക്കുന്നത്. എന്നാൽ മധ്യമേഖലയുടെ ചുമതലയുള്ള എം ടി രമേശ് അവിടെ ഏതെങ്കിലും മണ്ഡലത്തിൽ മത്സരിച്ചാൽ മതിയെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. രമേശ് നോർത്ത് സീറ്റു തന്നെ വേണമെന്ന ആവശ്യം തുടർന്നാൽ ഇവിടെ മത്സരിപ്പിക്കാൻ നിശ്ചയിച്ച പി രഘുനാഥിനെ മറ്റു മണ്ഡലങ്ങളിലേക്ക് മാറ്റേണ്ടിവരും. ഇതോടെ കോഴിക്കോട് ജില്ലയിൽ പാർട്ടിയുടെ തീരുമാനങ്ങളെല്ലാം താളം തെറ്റാനും സാധ്യതയുണ്ട്. യു​വ​മോ​ർ​ച്ച സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പ്ര​ഫു​ൽ​കൃ​ഷ്ണ​ൻ, വി ​കെ സ​ജീ​വ​ൻ, വി വി രാജൻ, കെ പ്രകാശ് ബാബു തുടങ്ങിയ നേതാക്കളെല്ലാം ജില്ലയിൽ മത്സരിക്കാൻ പരിഗണിക്കപ്പെടുന്നുണ്ട്. വിജയസാധ്യത മാത്രമാകണം നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണ്ണയത്തിനുള്ള മാനദണ്ഡമെന്ന് ആർഎസ്എസ് നിർദ്ദേശിച്ചിട്ടുണ്ടെങ്കിലും ശോഭാ സുരേന്ദ്രൻ ഉയർത്തുന്ന പ്രശ്നങ്ങൾക്കൊപ്പം സീറ്റിനായി നേതാക്കൾ ഉയർത്തുന്ന സമ്മർദ്ദവും പാർട്ടിയെ പ്രതിസന്ധിയിലാക്കുകയാണ്.