Web Desk

മഡ്ഗാവ്:

January 31, 2021, 10:43 pm

തകര്‍ന്നടിഞ്ഞ് ബ്ലാസ്റ്റേഴ്സ്

Janayugom Online

ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിനു വമ്പന്‍ തോല്‍വി. എടികെ മോഹന്‍ ബഗാനോട് രണ്ടിനെതിരെ മൂന്നു ഗോളുകള്‍‍ക്കാണ് ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടത്. രണ്ട് ഗോളുകള്‍ക്ക് മുന്നില്‍ എത്തിയതിനു ശേഷമാണ് ബ്ലാസ്റ്റേഴ്സ് തോല്‍വിയുടെ പടുകുഴിയിലേക്ക് എടുത്തെറിയപ്പെട്ടത്.കേരള താരങ്ങളുടെ പിഴവുകള്‍ തന്നെയാണ് എടികെ വിജയിക്കാന്‍ കാരണമായത്. എടികെയ്ക്കായി റോയ് കൃഷ്ണ രണ്ട് ഗോള്‍ സ്വന്തമാക്കിയപ്പൊള്‍ മാഴ്‌സലീന്യോ ഒരു ഗോളും നേടി. 14-ാം മിനിറ്റില്‍ ഗാരി ഹൂപ്പറാണ് ബ്ലാസ്റ്റേഴ്‌സിനായി ആദ്യ ഗോള്‍ നേടിക്കൊടുത്തത്.

മൈതാനത്തിന്റെ മധ്യ ഭാഗത്തു നിന്ന് സന്ദീപ് സിങ് നല്‍കിയ പാസ് സ്വീകരിച്ച ഹൂപ്പര്‍, ലോങ് റേഞ്ച് ഷോട്ടിലൂടെ എടികെയുടെ വല കുലുക്കുകയായിരുന്നു. 51-ാം മിനിറ്റില്‍ സഹലെടുത്ത കോര്‍ണറില്‍ നിന്നായിരുന്നു രണ്ടാം ഗോളിന്റെ പിറവി. ബോക്‌സിലേക്ക് വന്ന പന്ത് രാഹുല്‍ ഹെഡറിലൂടെ കോസ്റ്റയ്ക്ക് പാസ് നല്‍കി. എന്നാല്‍ പന്ത് എടികെ ഗോള്‍ കീപ്പര്‍ അരിന്ദം ഭട്ടാചാര്യയുടെ കൈയില്‍ തട്ടി പന്ത് ബോക്‌സില്‍ വീണു. എടികെ താരങ്ങള്‍ പന്ത് ക്ലിയര്‍ ചെയ്യും മുമ്പ് കോസ്റ്റ പന്ത് എടികെയുടെ വലയില്‍ എത്തിച്ചു. തകര്‍ന്നടിഞ്ഞ് നന്ന എടികെ യുടെ ഉയര്‍ത്തെഴുനേല്‍പ്പാണ് പിന്നീട് മൈതാനം സാക്ഷ്യം വഹിച്ചത്. 59-ാം മിനിറ്റില്‍ മാഴ്‌സലീന്യോയിലൂടെ എടികെ ആദ്യ ഗോള്‍ സ്വന്തമാക്കി.

മന്‍വീര്‍ സിങ് ചിപ് ചെയ്ത് നല്‍കിയ പന്ത് ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തെ നിഷ്പ്രഭരാക്കി മാഴ്‌സലീന്യോ വലയിലെത്തിച്ചു. 63-ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സ് ക്യാപ്റ്റന്‍ ജെസ്സല്‍ കാര്‍നെയ്‌റോയുടെ കൈയില്‍ പന്ത് തട്ടിയതിന് എടികെയ്ക്ക് അനുകൂലമായി പെനാല്‍റ്റി ലഭിച്ചു. എടികെയ്ക്ക് മുതലെടുക്കാന്‍ കിട്ടിയ അവസരം ഒട്ടും വിട്ടുകൊടുക്കാതെ റോയ് കൃഷ്ണ ബ്ലാസ്റ്റേഴ്സിന്റെ വലയിലെത്തിച്ചു. ഈ ഗോളോടെ ബ്ലാസ്റ്റേഴിസിനൊപ്പം എത്താന്‍ എടികെയ്ക്ക് സാധിച്ചു. തുടര്‍ന്നു എടികെ ആക്രമണങ്ങള്‍ തുടര്‍ന്നു. 87-ാം മിനിറ്റില്‍ ഹൈ ബോള്‍ ക്ലിയര്‍ ചെയ്യുന്നതില്‍ സന്ദീപ് സിങ്ങിന് സംഭവിച്ച പിഴവാണ് എടികെയുടെ മൂന്നാം ഗോളിന് കാരണമായത്. പന്ത് റാഞ്ചിയ കൃഷ്ണ എടികെയുടെ വിജയ ഗോള്‍ സ്വന്തമാക്കി.

ENGLISH SUMMARY: KERALA BLASTERS FAILURE IN 6TH GAME

YOU MAY ALSO LIKE THIS VIDEO