ഒരു മത്സരം കൂടി കഴിഞ്ഞാൽ ഐഎസ്എൽ ഗ്രൂപ്പ് മത്സരങ്ങൾക്ക് സമാപനമായി. ആറാം സീസണിലെ കലാശക്കളിക്ക് ഗോവയാണ് വേദിയാകുന്നത്. ഗ്രൂപ്പ് മത്സരങ്ങളിൽ ഒന്നാം സ്ഥാനക്കാരായ ഗോവയ്ക്ക് കലാശക്കളിയുടെ ഭാരം പ്രധാനമാകും. കഴിഞ്ഞ അഞ്ചു സീസണിലും മോശമല്ലാത്ത കളിയിൽക്കൂടി ജനഹൃദയങ്ങളിൽ സ്ഥാനം പിടിച്ച ഗോവൻ ടീമിന്റെ കിരീടമോഹം ഇത്തവണയെങ്കിലും പൂവണിയുമോ എന്നതാണ് പ്രധാന ചർച്ച. തിരമാലകൾ പോലെ ഓടിക്കയറാനും ഗോളടിക്കാനും കഴിയുന്ന ഗോവയുടെ കളിക്കൂട്ടം വിസ്മയം തന്നെയാണ്. കൊടുക്കാനും തിരിച്ചു വാങ്ങാനും അവർ മുന്നിലായിരുന്നു. ഇത്തവണത്തെ പ്രത്യേകത, കൊടുത്തത് കൂടുതലും തിരിച്ചു വാങ്ങിയതിന്റെ എണ്ണം കുറവുമായിരുന്നു. ഇത് ഗുണപരമായ മാറ്റമാണ്.
ഇന്ത്യൻ ഫുട്ബോളിൽ മാറാവ്യാധിയായി നിലനിന്ന ഗോൾ വരൾച്ചക്ക് പരിഹാരം കാണാൻ ഗോവക്കാരുടെ തുടക്കം തുണയായി. കൂട്ടുത്തരവാദിത്വം, പരസ്പര ധാരണ, കൃത്യതയാർന്ന പാസുകൾ, പാതി സന്ദർഭം പോലും ഗോളാക്കി മാറ്റാനുള്ള സൂക്ഷ്മതയാർന്ന ഷോട്ടുകൾ എന്നിവ ഗോവയെ സുശക്തമായ ടീമാക്കി മാറ്റി. പഴയ കാലത്തെ ഗോവൻ ഫുട്ബാൾ ക്ലബ്ബുകളെ ഓർമ്മിപ്പിക്കുന്ന കളിയാണ് ഇന്നും അവർ പിന്തുടരുന്നത്. നാല് വർഷം മുമ്പ് 2015 ലാണ് ഗോവയിൽ ഫൈനൽ നടന്നത്. അന്ന് ചെന്നൈയിൻ എഫ്‌സി ആയിരുന്നു എതിരാളികൾ. കയ്യിൽ കിട്ടിയെന്ന് കരുതിയ കിരീടമാണ് തലനാരിഴക്ക് നഷ്ടമായത്. അന്നത്തെ കളി ഇന്നും ഗോവക്കാരുടെ മനസിൽ മായാത്ത കറുത്ത പൊട്ടാണ്. 90 മിനുട്ട് നേരവും ഒരു ഗോളിന് ജയിച്ചു നിന്നിട്ടും (2–1) ഇഞ്ചുറി ടൈമിൽ (2–3) തോറ്റു. തല കുനിച്ചു പുറത്ത് പോകേണ്ടി വന്ന കഥന കഥയ്ക്ക് പരിഹാരം കാണാനുള്ള അവസരമാണ് ഗോവക്ക് മുന്നിൽ ഇപ്പോൾ വന്നിരിക്കുന്നത്. മാർച്ച് 14 ന് അന്തിമമായി തീരുമാനിക്കും ഇത്തവണത്തെ കിരീടം ആരുടെ കൂടെയെന്ന്. കേരള ബ്ലാസ്റ്റേഴ്സിന്റെ ഗ്രൂപ്പ് മത്സരങ്ങൾ അവസാനിച്ചു. ഏഴാം സ്ഥാനത്താണ് മഞ്ഞപ്പട. ഒരുപാട് പ്രതീക്ഷകളുടെ ഭാരവും പേറിയാണ് കളിക്കളത്തിലെത്തിയത്. കളിക്കാരുടെ പ്രശസ്തിയും പഴയകാല പാരമ്പര്യവും നിലനിർത്തണമെങ്കിൽ കളിയിൽ പോരാട്ട വീര്യം വേണമെന്ന സത്യം തിരിച്ചറിയുന്നത് കനത്ത തോൽവികൾക്ക് ശേഷമാണ്.
പതിനെട്ടാമത് മത്സരം ഒഡിഷയുമായിട്ടായിരുന്നു. എട്ടു ഗോളുകൾ ഭാഗിച്ചെടുത്താണ് സമനിലയിൽ പിരിഞ്ഞത്. 2–4ന് പിന്നിൽ നിന്നിട്ടും രണ്ട് ഗോൾ തിരിച്ചടിച്ചു സമനില പിടിച്ചത് വാശിയോടെ കളിച്ചതു കൊണ്ടാണ്. എന്നാൽ കളിയിൽ ആധിപത്യം പുലർത്താൻ ഒഡിഷക്ക് കഴിഞ്ഞു. കാരണം, കേരള ഡിഫൻസിന്റെ ചോർച്ചയും ഗോളിയുടെ ശ്രദ്ധക്കുറവുമായിരുന്നു. മൂന്ന് ഗോൾ ഉറപ്പിച്ച പന്തുകളാണ് ക്രോസ് ബാർ രക്ഷപ്പെടുത്തിയത്. കേരളത്തിന്റെ വലയിൽ കയറിയ ഗോളിന് ഒഡിഷക്കാർക്ക് നന്ദിയുണ്ടാകുക കേരള ഗോൾ കീപ്പറോടായിരിക്കും. ഗോളിയുടെ അവിവേകമാണ് മഞ്ഞക്കാർഡും എതിരാളികൾക്ക് ഒരു ഫ്രീ കിക്കും ദാനമായി നൽകിയത്. സമർത്ഥരായ ഒഡിഷ ഡിഫൻഡർമാരുടെ വിടവിൽ പന്ത് വലയിലാക്കി. എന്തായാലും സമനിലയിൽ മടക്കയാത്രയായത് ആശ്വാസം തന്നെ. കളി കഴിഞ്ഞു മടക്കയാത്രയായ കേരള ബ്ലാസ്റ്റേഴ്സിന്റെ നായകൻ ഒഗ്ബച്ചേയാണ് ഇതുവരെ ടോപ്പ് സ്കോറർ. 15 ഗോളാണ് നൈജീരിയൻ താരമായ ഒഗ്ബച്ചേ നേടിയെടുത്തത്. തൊട്ടുതാഴെ രണ്ടു കളിക്കാർ കാത്തിരിക്കുന്നത് 14 ഗോളുമായാണ്. ഗോവയുടെ കോറോമെനസും കൊൽക്കത്തയുടെ റോയ് കൃഷ്ണയുമാണ് തൊട്ടുപിന്നിൽ. പക്ഷെ, രണ്ടാം സ്ഥാനക്കാർക്ക് ഇനിയും കളികൾ കാത്തിരിക്കുന്നുണ്ട്.
ഇനിയുള്ള കളികളിൽ അവരാരും ഗോൾ അടിച്ചില്ലെങ്കിൽ ഒഗ്ബച്ചോയ്ക്ക് ഭാഗ്യം തെളിയും. അടുത്ത സീസൺ മുന്നിൽ കണ്ടുകൊണ്ട് ടീമിനെ ഉടച്ചുവാർക്കാൻ ബ്ലാസ്റ്റേഴ്സ് ശ്രമം തുടങ്ങിയെന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. പുതിയ ഗോളിയും ഡിഫന്ററും മിഡ്ഫീൽഡറും ഉൾപ്പെടുമെന്നാണ് കേൾക്കുന്നത്. ഇപ്പോൾ 18 മത്സരങ്ങൾ കഴിയേണ്ടിവന്നു അധികൃതർക്ക് രോഗം മനസിലാക്കാൻ. ആരാധകരുടെ കൊഴിഞ്ഞുപോക്ക് കാണാനുള്ള മാനസികാവസ്ഥ പോലും ഇല്ലാത്തവരാണ് ടീമിന് ചുക്കാൻ പിടിക്കുന്നത്. അവരിൽ പലരും ബിസിനസ് ലെവലിലാണ് കളിയും ടീമിനെയും കാണന്നത്. രണ്ടു വർഷത്തെ കളിവിലക്കും വൻ തുക പിഴയും ശിക്ഷയ്ക്ക് വിധേയരായ മാഞ്ചസ്റ്റർ സിറ്റി കളിയിൽ സ്വന്തം ശക്തി ചോരാതെ മുന്നോട്ട് പോവുകയാണ്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കഴിഞ്ഞ ദിവസം അവർ ലെസ്റ്റർ സിറ്റിയെ ഒരു ഗോളിന് മറികടന്നു. അറുപത്തിരണ്ടാമത്തെ മിനുട്ടിൽ സെർജിയോ അഗ്യുറോ പെനാൽട്ടി നഷ്ടപ്പെടുത്തിയപ്പോൾ നിരാശരായവർക്ക് പകരക്കാരനായെത്തിയ യുവതാരം ഗെബ്രിയൽ ജീ സ്യൂസിന്റെ 82-ാം മിനുട്ടിലെ ഗോളിൽ നിന്നാണ് ആശ്വാസം തിരിച്ചുകിട്ടിയത്.
ഈ മത്സരത്തോടെ സിറ്റി രണ്ടാം സ്ഥാനത്തായി. പോയിന്റ് പട്ടികയിൽ ലിവർ പൂളാണ് ഒന്നാം സ്ഥാനത്ത്. 26 കളിയിൽ 76 പോയിന്റ്, സിറ്റി 27 കളിയിൽ 57 പോയിന്റ്, 27 കളികളിൽ 50 പോയിന്റ് ഉള്ള ലെസ്റ്റർ സിറ്റിയും 44 പോയിന്റുള്ള ചെൽസിയും മൂന്നും നാലും സ്ഥാനത്തുണ്ട്. സിറ്റിക്കെതിരെയുള്ള നടപടി റദ്ദാക്കുന്നതിന് അപ്പീൽ നിലവിലുണ്ട്. അപ്പീൽ തള്ളിയാൽ നോക്കൗട്ട് റൗണ്ടിൽ സിറ്റിക്ക് പൊരുതാം. അല്ലെങ്കിൽ ലീഗിനെ രണ്ടാം സ്ഥാനക്കാർക്ക് പുറത്തേക്കുള്ള വഴി നോക്കാവുന്നതാണ്. അങ്ങിനെ വന്നാൽ അഞ്ചാം സ്ഥാനത്തുള്ള യുണൈറ്റഡിന് നാലിൽ കടക്കാം. ലാ ലിഗയിൽ ബാഴ്സയും റയൽ മാഡ്രിഡും ഒപ്പത്തിനൊപ്പം മുന്നേറുകയാണ്. ബാഴ്സയാണ് ഒന്നാം സ്ഥാനത്ത് ഇപ്പോൾ നിലനിൽക്കുന്നത്. റൊണാൾഡോയുടെ ഒഴിവ് ഒന്നും സംഭവിക്കില്ലെന്ന് കാട്ടിക്കൊടുക്കാനുള്ള സിനദിൻ സിദാന്റെ റയൽപ്പട കൊണ്ടും കൊടുത്തും മൂന്നേറുന്നു. പ്രഗത്ഭനായ സെർജിയോ റാമോസ് നയിക്കുന്ന ടീം കഴിഞ്ഞ ദിവസം അടിതെറ്റി വീണു. പോയിന്റ് പട്ടികയിൽ ഏറെ പിന്നിലുള്ള അപ്രധാന ടീമായ ലവാൻസോയാണ് വമ്പന്മാരെ തൂത്തുവാരിയത്. ഈ മത്സരം റയലിന് പ്രധാനമായിരുന്നു. ജയിച്ചാൽ പട്ടികയിൽ ഒന്നാം സ്ഥാനം. ജയം ഉറപ്പിച്ച് കളിക്കാനിറങ്ങിയവർക്ക് പരാജയത്തിന്റെ കയ്പുനീരുമായി മടങ്ങിപ്പോകേണ്ടിവന്നു. ഒക്ടോബർ മാസത്തിന് ശേഷം റയലിന്റെ ആദ്യ തോൽവിയായിരുന്നു ഇത്. അതിന്റെ ഫലം ഐബറിനെ അഞ്ച് ഗോളിന് തോൽപ്പിച്ച ബാഴ്സ രണ്ട് പോയിന്റ് കൂടുതലായി ഒന്നാം സ്ഥാനത്തായി. റയൽ ജയിച്ചിരുന്നെങ്കിൽ ഒരു പോയിന്റ് കൂടുതൽ നേടി റയൽ മുന്നിലെത്തുമായിരുന്നു. ഈ തോൽവി റയലിന് ആത്മവീര്യം ചോർത്തുന്നതായി. നാളെ ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയെ നേരിടാനുള്ള മനക്കരുത്താണ് ചോർന്ന് പോയത്.
ലയണൽ മെസി x ക്രിസ്റ്റിയാനോ റൊണാൾഡോ
ലോക ഫുട്ബോളിൽ റൊണാൾഡോ, മെസി ദ്വയം ചരിത്രത്തിൽ പുതിയ നേട്ടങ്ങൾ തുന്നിച്ചേർത്ത് കൊണ്ടിരിക്കുകയാണ്. ഗോളടിയന്ത്രം എന്ന പേരിന്റെ പ്രസക്തി മാറിമാറി കൈവശം വയ്ക്കുകയാണ് രണ്ടു പേരും. റൊണാൾഡോയും മെസിയും തമ്മിൽ നാലു വയസ് വ്യത്യാസമുണ്ടെങ്കിലും ഗോൾ നേടുന്ന മത്സരത്തിൽ രണ്ടു പേരും ഒപ്പത്തിനൊപ്പമാണ്. മെസി കളി തുടങ്ങിയത് ബാഴ്‌സലോണയിൽ 715 കളിയിൽ 626 ഗോളുകൾ ക്ലബ്ബിന് വേണ്ടിയായിരുന്നു. സ്വന്തം രാജ്യത്തിന് വേണ്ടി 138 മത്സരങ്ങളാണ് കളിച്ചത്.
അതിൽ 70 ഗോളുകൾ സ്വന്തം പേരിൽ എഴുതിച്ചേർത്തു. ഇതിനിടയിൽ അർജന്റീനയെ 2008 ൽ ഒളിമ്പിക്സ് കിരീടധാരിയാക്കുന്നതിലും ബാഴ്‌സലോണയ്ക്ക് ഫിഫാ കപ്പ് നേട്ടത്തിലും യുവേഫ സൂപ്പർ കപ്പ്, ചാമ്പ്യൻസ് ലീഗ്, കിംഗ്സ് കപ്പ്, സ്പാനീഷ് സൂപ്പർ കപ്പ്, ലാ ലിഗ തുടങ്ങിയ കിരീട നേട്ടത്തിലും പങ്കാളിയായി. മാത്രമല്ല ബാലൺ ഡി ഓർ പുരസക്കാരം ആറ് തവണ സ്വന്തമാക്കി. ഈ കാലയളവിൽ 54 ഹാട്രിക്കുകളും നേടിയെടുത്തു. അമ്പത്തിനാലാം ഹാട്രിക്ക് നേടിയ മത്സരത്തിൽ മെസി എതിർ ടീമിന്റെ നെറ്റിൽ അടിച്ചു കയറ്റിയത് നാല് ഗോളുകളായിരുന്നു. ഇതോടൊപ്പം 1000 ഗോളുകൾക്ക് വഴിയൊരുക്കിക്കൊടുത്തതും മെസി തന്നെ.
ഇറ്റാലിയൻ ലീഗിൽ സ്പാലിനുമായുള്ള മത്സരത്തോടെ പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സ്വന്തം കരിയറിൽ 1000 മത്സരങ്ങൾ പൂർത്തിയാക്കി 725 ഗോളുകൾ റൊണാൾഡോയുടെ പേരിലായി. ആറ് ലീഗ് ചാമ്പ്യൻഷിപ്പും അഞ്ച് ചാമ്പ്യൻസ് ലീഗും നാല് ക്ലബ്ബ് കപ്പും സ്വന്തം മുൻകൈയിൽ നേടിയെടുത്തു. മാത്രമല്ല അഞ്ച് ബാലൺ ഡി ഓറും നാല് യൂറോപ്യൻ ഗോൾഡൻഷൂവും റോണാൾഡോ നേടി. ലോക ഫുട്ബോളിൽ ഇതിഹാസതുല്യരായി നിൽക്കുന്ന ഈ താര ദ്വയങ്ങൾ, ലോകഫുട്ബാളിൽ നൂതന കളി വിരുത് സമ്മാനിച്ചവരുമാണ്. പെനാൽട്ടിയേക്കാൾ ഈസിയായി ഫ്രീ കിക്കെടുക്കാമെന്ന പുത്തൻ സൂത്രം കളിക്കളത്തിൽ പ്രായോഗികമാക്കിയത് മെസിയാണ്. എന്നാൽ ശുന്യതയിൽ ചാടി വായുവിൽ സെക്കന്‍ഡ് നിന്ന് ബൈസൈക്കിൾ കട്ടിലൂടെ ഗോൾ നേടിയത് റൊണാൾഡോ.
ഇവരിൽ ആരാണ് മുന്നിലെന്ന് നിർണ്ണയിക്കുവാൻ സാധിക്കാത്ത നിലയാണ്. ആധുനിക ഫുട്ബോളിൽ പുതിയ കളി രൂപങ്ങളും നവീകരണവും സ്വന്തം പ്രകടനത്തിലൂടെ കോടാനുകോടി ഫുട്ബോൾ ആരാധകരെ ത്രസിപ്പിക്കുന്നവരാണ് മെസിയും റൊണാൾഡോയും. മുമ്പൊരിക്കൽ ഈ പംക്തിയിൽ സൂചിപ്പിച്ച പോലെ ലോകഫുട്ബാളിലെ കിരീടമില്ലാത്ത രണ്ട് രാജാക്കന്മാർ ഒരേ ടീമിൽ കളിക്കളത്തിലെത്തുമെന്ന അപൂർവ്വ സംഭവത്തിന്ന് ശ്രമം തുടങ്ങിയിരിക്കുന്നു. ഇപ്പോൾ ഇതിന് വേണ്ടി രംഗത്തുള്ളത് ഇംഗ്ലീഷ് ഫുട്ബാളിലെ അതികായനായ ഡേവിഡ് ബെക്കാം ആണ്. അമേരിക്കയിലെ ഫുട്ബാൾ ലീഗായ എംഎൽഎസിൽ പുതിയതായി രംഗത്തിറങ്ങുന്ന ഇന്റർ മിയാമി എഫ്‌സിക്ക് വേണ്ടിയാണ് ബെക്കാം വലയെറിഞ്ഞത്. ബെക്കാമിന്റെ വലയിൽ കുരുങ്ങുന്നവരല്ല മെസ്സിയും ക്രിസ്റ്റ്യാനോയും. ലോകം സ്ഥിരമായി ശ്രദ്ധിക്കുന്ന അപൂർവ്വ ദ്വയങ്ങൾ ഏതെങ്കിലും ക്ലബ്ബിന്റെ കുപ്പായക്കീഴിൽ പന്തുതട്ടൽ നടക്കുന്ന കാര്യമല്ല. പണത്തിന്റെ പിന്നാലെ പോകേണ്ടവരല്ല രണ്ടു പേരും. ഭൂലോകത്ത് കോടാനുകോടി ആരാധകരും അറിയപ്പെടുന്ന ലോക ക്ലബ്ബുകളും പിന്നാലെയുള്ളപ്പോൾ ബെക്കാമിന്റെ സ്വപ്നം മരീചികയായി തീരും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.