12 September 2024, Thursday
KSFE Galaxy Chits Banner 2

Related news

November 29, 2023
October 27, 2023
October 8, 2023
July 19, 2023
July 11, 2023
July 10, 2023
June 2, 2023
April 6, 2023
April 4, 2023
March 14, 2023

കൊച്ചിയിൽ കൊൽക്കത്തൻ കാർണിവൽ; ബ്ലാസ്റ്റേഴ്സിന് വമ്പൻ തോൽവി

Janayugom Webdesk
കൊച്ചി
October 16, 2022 11:32 pm

ബ്ലാസ്റ്റേഴ്സിന്റെ വല നിറയെ ഗോൾ നിക്ഷേപിച്ച് എടികെ മോഹൻബഗാന് കൊച്ചിയിൽ മിന്നും ജയം. രണ്ടിനെതിരെ അഞ്ച് ഗോളുകൾക്കാണ് കൊൽക്കത്തൻ ടീം ബ്ലാസ്റ്റേഴ്സിനെ പറപ്പിച്ചത്. എടികെയ്ക്കായി ദിമിത്രി പെട്രറ്റോസ് ഹാട്രിക് നേടിയപ്പോൾ കൗകോയും റോഡ്രിഗസും ഓരോ ഗോൾ വീതം നേടി. ബ്ലാസ്റ്റേഴ്സിനായി ആറാം മിനിറ്റിൽ ഇവാൻ കലിയൂഷ്നിയും 81-ാം മിനിട്ടിൽ കെ പി രാഹുലും ഗോൾ നേടി. ആർത്തിരമ്പിയ മഞ്ഞപ്പടയ്ക്ക് മുന്നിൽ മനസാന്നിധ്യം കൈവിടാതെ കളിമെനഞ്ഞ എടികെ അർഹിച്ച വിജയമാണ് നേടിയത്. ഇനി 23ന് ഒഡിഷയ്ക്കെതിരെ അവരുടെ നാട്ടിലാണ് ബ്ലാസ്റ്റേഴ്സിന്റെ കളി. കഴിഞ്ഞ കളിയിൽ ഈസ്റ്റ് ബംഗാളിനെ തകർത്ത ഇവാൻ കലിയൂഷ്നിയെ ആദ്യഇലവനിൽ ഉൾപ്പെടുത്തിയാണ് കോച്ച് ഇവാൻ വുകുമനോവിച്ച് ആദ്യ ഇലവനെ അവതരിപ്പിച്ചത്. ദിമിത്രിയോസിനെ ഏക സ്ട്രൈക്കറായി നിർത്തി മധ്യനിരയിൽ ലൂണയും സഹലും പൂട്ടിയും ജീക്സൺ സിങ്ങും ആദ്യഇലവനിൽ ഇറങ്ങിയപ്പോൾ എടികെയ്ക്കായി മറുവശത്ത് മൂന്ന് സ്ട്രൈക്കർമാരാണ് കളത്തിലിറങ്ങിയത്. മൻവീർ സിങ്ങിനൊപ്പം ദിമിത്രി പെട്രറ്റോസും ലിസ്റ്റർ കോളാസോയും മുന്നേറ്റനിരയിൽ എടികെയ്ക്കായി ഇറങ്ങി. അക്രമണത്തിന് പ്രാധാന്യം നൽകി 3–4‑3 ഫോർമേഷനിലാണ് എടികെ ഇറങ്ങിയത്. 

ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റത്തോടെയാണ് മത്സരം തുടങ്ങിയത്. കിക്കോഫിന് തൊട്ടുപിന്നാലെ മനോഹരമായ രണ്ട് അവസരങ്ങളാണ് ബ്ലാസ്റ്റേഴ്സിനെ തേടിയെത്തിയത്. ബോക്സിന് അകത്ത് നിന്ന് തളികയിൽവച്ച് ഇവാൻ കലിയൂഷ്നി നൽകിയ പന്ത് വെട്ടിയൊഴിഞ്ഞ സഹലിന് പക്ഷെ ഗോളിയെ കബളിപ്പിക്കാനായില്ല. ഗോളെന്നുറപ്പിച്ച അവസരം നഷ്ടപ്പെടുത്തിയതിന്റെ ഞെട്ടൽ മാറും മുമ്പും അടുത്ത അവസരം പൂട്ടിയയും നഷ്ടപ്പെടുത്തി. നിരാശ സന്തോഷത്തിന് വഴിമാറാൻ നിമിഷങ്ങളേ വേണ്ടിയിരുന്നുള്ളു. ആറാം മിനിട്ടിൽ ഇവാൻ കലുഷ്നി എടികെ വല കുലുക്കി. ആദ്യാവസരം നഷ്ടപ്പെടുത്തിയതിന്റെ പ്രായശ്ചിത്തം എന്നപോലെ സഹലിന്റെ കൃത്യതയുള്ള പാസിൽ ഒന്ന് സ്പർശിക്കേണ്ട ജോലി മാത്രമേ കലിയൂഷ്നിക്കുണ്ടായിരുന്നുള്ളു. തടിച്ചുകൂടിയ പതിനായിരങ്ങൾ ഇളകി മറിഞ്ഞ നിമിഷങ്ങൾ. ലീഗിലെ ആദ്യമത്സരത്തിൽ ഇരട്ടഗോളോടെ കളം നിറഞ്ഞ കലിയൂഷ്നി ലീഗിലെ ഗോൾ നേട്ടം മൂന്നാക്കി ഉയർത്തി. ആദ്യഇലവനിൽ അവസരം നൽകിയ ഇവാൻ കലിയൂഷ്നി മുന്നിലെത്തിയതിന്റെ ആത്മവിശ്വാസത്തിൽ പിന്നീട് ബ്ലാസ്റ്റേഴ്സ് കളം നിറഞ്ഞ് കളിക്കുന്ന കാഴ്ചയാണ് സ്റ്റേഡിയം കണ്ടത്. കളിയുടെ 18-ാം മിനിറ്റിലാണ് എടികെയ്ക്ക് ഒരു മുന്നേറ്റം മെനയാൻ സാധിച്ചത്. വീണുകിട്ടിയ കോർണർ പക്ഷെ അവർക്ക് മുതലാക്കാനായില്ല. 26-ാം മിനിറ്റിൽ എടികെയുടെ മറുപടി ഗോൾ. അൽപ്പം ഉൾവലിഞ്ഞ് ആലസ്യത്തിലായി കളിച്ചതിന്റെ ശിക്ഷയായിരുന്നു ആ ഗോൾ. ബോക്സിനുള്ളിൽ പ്രതിരോധനിരക്കാരുടെ അസാന്നിധ്യം മുതലെടുത്ത് ഹുഗോ ബൗമസിന്റെ പാസ് ദിമിത്രി പെട്രറ്റോസ് വലയിലാക്കി. സമനിലപിടിച്ചതോടെ ഉണർന്നുകളിച്ച എടികെ അനവധി അവസരങ്ങളാണ് പിന്നീട് തുറന്നത്. ഖബ്ര അടക്കമുള്ള പ്രതിരോധ നിരയ്ക്ക് ഏറെ തലവേദനകൾ സമ്മാനിച്ച അനവധി മുഹൂർത്തങ്ങൾ എടികെ മെനഞ്ഞെടുത്തു. ഒടുവിൽ 38-ാം മിനിറ്റിൽ ജോണി കൗകോയിലൂടെ സന്ദർശകർ മുന്നിലെത്തി. ബോക്സിലേക്ക് മൻവീർ സിങ് നീട്ടി നൽകിയ പന്ത് ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിനെ സാക്ഷി നിർത്തി കൗകോ വലയിലേക്ക് പായിച്ചു. 

ഒരുഗോളിന്റെ കടവുമായാണ് രണ്ടാം പകുതിയിൽ ഇറങ്ങിയതെങ്കിലും തണുത്തകളിയാണ് ബ്ലാസ്റ്റേഴ്സ് പുറത്തെടുത്തത്. 60-ാം മിനിറ്റിൽ വീണ്ടും ഗോളവസരം. ഇക്കുറി നിർഭാഗ്യം ഗോൾപോസ്റ്റിന്റെ രൂപത്തിൽ ബ്ലാസ്റ്റേഴ്സിനെ ചതിച്ചു. 62-ാം മിനിറ്റിൽ ഒരിക്കൽകൂടി ബ്ലാസ്റ്റേഴ്സിന്റെ വലകുലുങ്ങി. മത്സരത്തിലെ തന്റെ രണ്ടാം ഗോൾ കണ്ടെത്തിയ ദിമിത്രി പെട്രറ്റോസ് എടികെയുടെ ഗോൾ നേട്ടം മൂന്നാക്കി ഉയർത്തി. തീർത്തും നിറംമങ്ങിയാണ് രണ്ടാം പകുതിയിൽ ഉടനീളം ബ്ലാസ്റ്റേഴ്സ് കളിച്ചത്. കാര്യമായ മുന്നേറ്റങ്ങളൊന്നും മെനഞ്ഞെടുക്കാൻ മഞ്ഞപ്പടയ്ക്കായില്ല. മുന്നേറ്റനിരയ്ക്ക് തിളങ്ങാനാകാതെ പോയതാണ് ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായത്. മധ്യനിര ഉണർന്നു കളിച്ചപ്പോൾ പ്രതിരോധനിര കളിമറന്നതും മഞ്ഞപ്പടയ്ക്ക് വിനയായി. കാര്യമായ ആക്രമണങ്ങൾക്ക് നിൽക്കാതെ കിട്ടിയ അവസരങ്ങളിൽ പന്തുമായി മുന്നോട്ട് പോകുകയെന്ന ശൈലിയാണ് എടികെ പിന്തുടർന്നത്. അതിൽ അവർ പൂർണമായും വിജയിച്ചു. 81-ാം മിനിറ്റിൽ കെ പി രാഹുലിലൂടെ ബ്ലാസ്റ്റേഴ്സ് ഒരുഗോൾ കൂടി മടക്കി. രാഹുലിന്റെ ലോങ് റേഞ്ച് ഷോട്ട് മഴനനഞ്ഞ പുല്ലിൽ കുത്തി അതിവേഗം പോസ്റ്റിലേയ്ക്ക് ഒഴുകി. എടികെ ഗോളിയുടെ കണക്കുകൂട്ടലുകൾ പിഴച്ചു. പന്ത് വലയിൽ. സമനില പിടിക്കാനുറച്ച് ബ്ലാസ്റ്റേഴ്സ് അക്രമണം കടുപ്പിച്ചപ്പോൾ വിരസമായ രണ്ടാം പകുതി 80 മിനിറ്റുകൾക്ക് ശേഷം ആവേശമായി. പക്ഷെ വല കുലുക്കിയത് എടികെ ആണെന്ന് മാത്രം. 88-ാം മിനിറ്റിലും ലെന്നി റോഡ്രിഗസിലൂടെ നാലാം ഗോൾ നേടിയ എടികെ 90 മിനിറ്റിന്റെ അധിക സമയത്ത് ദിമിത്രി പെട്രറ്റോസിന്റെ ഹാട്രിക് മികവിൽ ഗോൾ നേട്ടം അഞ്ചാക്കി. 

Eng­lish Summary:kerala blasters lost match
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.