Web Desk

January 16, 2021, 5:41 am

കേന്ദ്രമല്ല ഇത് കേരളം

Janayugom Online

ജയ്സണ്‍ ജോസഫ് . മനോജ് മാധവന്‍ . പി എസ് രശ്‌മി . എന്‍ വി അതുല്യ

കേന്ദ്ര സർക്കാരിന്റെ നിലപാട് സംസ്ഥാനങ്ങളെയും പ്രതിസന്ധിയിലാക്കിയെന്ന് പതിനാലാം നിയമസഭയുടെ ആറാം ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി ഡോ.തോമസ് ഐസക് പറഞ്ഞു. രാജ്യത്തെ മൊത്തം സർക്കാർ ചെലവിന്റെ 60 ശതമാനം സംസ്ഥാന സർക്കാരുകൾ വഴിയാണ് നടക്കുന്നത്. കൊവിഡ് കാലത്ത് ജനങ്ങൾക്ക് സമാശ്വാസം നൽകുന്നതും ചികിത്സ ഉറപ്പുവരുത്തുന്നതും സംസ്ഥാന സർക്കാരുകളുടെ ചുമതലയാണ്. സംസ്ഥാന സർക്കാരുകളുടെ വരുമാനം കൊവിഡ് പ്രതിസന്ധിയിൽ മൂന്നിലൊന്ന് കുറഞ്ഞു. കേന്ദ്രനികുതി വരുമാനം ഇടിഞ്ഞതുകൊണ്ട് ധനകാര്യകമ്മിഷൻ വഴിയുള്ള കേന്ദ്രധനസഹായവും കുറഞ്ഞു.

കേന്ദ്രസർക്കാർ ജിഎസ്‌ടി നഷ്ടപരിഹാരത്തുക വച്ചുതാമസിപ്പിച്ചു. പൂർണമായി നൽകുന്നതിന് ഇപ്പോഴും കേന്ദ്രം തയ്യാറായിട്ടില്ല. സംസ്ഥാന ആഭ്യന്തര വരുമാനത്തിന്റെ രണ്ടു ശതമാനം കൂടുതൽ വായ്പയെടുക്കുന്നതിന് അനുവദിച്ചെങ്കിലും കർക്കശമായ നിബന്ധനകൾമൂലം ഒരു സംസ്ഥാനത്തിനും പൂർണമായി ഇത് ഉപയോഗപ്പെടുത്താനാവില്ല. ഇവയെല്ലാം മൂലം മാന്ദ്യകാലത്ത് ചെലവ് ചുരുക്കുന്നതിന് സംസ്ഥാന സർക്കാരുകൾ നിർബന്ധിതരാകുന്ന സാഹചര്യമാണ് ഉണ്ടായത്. ഇതും പ്രതിസന്ധിയെ രൂക്ഷമാക്കുന്നു.

പതിനഞ്ചാം ധനകാര്യ കമ്മിഷന്റെ പൂർണ റിപ്പോർട്ട് ഇനിയും ലഭ്യമായിട്ടില്ല. കേരളത്തിന്റെ നികുതിവിഹിതം പതിനാലാം ധനകാര്യ കമ്മിഷന്റെ കാലത്ത് 2.34 ശതമാനം ആയിരുന്നത് 2020–21ൽ 1.94 ശതമാനമായി താഴ്ന്നു. ഇനിയുള്ള വർഷങ്ങളിലും ഇതിൽ മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയില്ല. സംസ്ഥാനങ്ങളുടെ വായ്പകളുടെമേൽ നിബന്ധനകൾ അടിച്ചേൽപ്പിക്കാൻ ഫിനാൻസ് കമ്മിഷൻ തയ്യാറാകുമോ എന്ന ആശങ്കയും പ്രബലമാണെന്ന് ധനമന്ത്രി പറഞ്ഞു.

കൂടുതൽ കർക്കശമായ ധനഉത്തരവാദിത്ത നിയമം വേണമെന്നാണ് കേന്ദ്രസർക്കാർ നിലപാട്. ബജറ്റിന് പുറത്തുള്ള വായ്പകളുടെ മേലും നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ നീക്കമുണ്ട്. ഇവയോടെല്ലാമുള്ള പതിനഞ്ചാം ധനകാര്യ കമ്മിഷന്റെ സമീപനം സംസ്ഥാന ധനകാര്യസ്ഥിതിയുടെ മേൽ ഡെമോക്ലിസിന്റെ വാളുപോലെ അനിശ്ചിതാവസ്ഥ സൃഷ്ടിക്കുന്നുണ്ട്.

കിഫ്ബിക്കെതിരായി സംഘടിതമായ നീക്കങ്ങൾ ചില നിക്ഷിപ്ത കേന്ദ്രങ്ങൾ അണിയറയിൽ നടത്തിക്കൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമാണ് 2019–20 ലെ ഫിനാൻസ് അക്കൗണ്ട് റിപ്പോർട്ടിൽ 1999 മുതൽ നിലവിലുണ്ടായിരുന്നതും സഭ രണ്ടു പ്രാവശ്യം ചർച്ച ചെയ്തു പാസാക്കിയതുമായ നിയമത്തെ ഭരണഘടനാവിരുദ്ധമെന്ന് വിശേഷിപ്പിച്ചത്. ഇത്തരം പരാമർശങ്ങൾ കരട് റിപ്പോർട്ടിൽ ഉണ്ടായിരുന്നില്ല. സംസ്ഥാന സർക്കാരിനു വിശദീകരണത്തിന് അവസരം നിഷേധിച്ചത് ഇന്ത്യാ രാജ്യത്ത് നിലവിലുള്ള ഓഡിറ്റ് മാർഗ്ഗനിർദ്ദേശങ്ങൾക്കു വിരുദ്ധമാണ്.

തിരുവിതാംകൂർ ഇന്ത്യൻ യൂണിയനിൽ ലയിച്ച കാലം മുതൽ നമ്മുടെ പൈതൃകമായി നിലനിന്നുവന്ന ട്രഷറി സേവിംഗ്സ് ബാങ്കിനെതിരെയും ഇതേ കോണുകളിൽ നിന്ന് നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഇവയെല്ലാം കേരളം ഒറ്റക്കെട്ടായി പ്രതിരോധിക്കേണ്ടതുണ്ട് .

പ്രവാസികൾക്ക് താങ്ങായി, തണലായി

പുതിയകാല തൊഴിലുകളിലേയ്ക്കുള്ള കേരളത്തിന്റെ പരിവർത്തനത്തിൽ പ്രവാസികൾക്ക് പങ്ക് നിർണ്ണായകമാണ്. വിദേശ പണവരുമാനം സംസ്ഥാന ആ­ഭ്യ­ന്തര വരുമാനത്തിന്റെ 25–30 ശതമാനം വരുന്നുണ്ട്. ഇവരുടെ നൈപുണിയും സമ്പാദ്യവും ലോകപരിചയവും ഉപയോഗപ്പെടുത്താനാണ് സര്‍ക്കാര്‍ ലക്ഷ്യം.

ഗൾഫ് രാജ്യങ്ങളിലെ തൊഴിൽ നിയമങ്ങളിൽ വരുന്ന മാറ്റങ്ങളുടെയും കൊവിഡിന്റെയും പശ്ചാത്തലത്തിൽ ജോലി നഷ്ടപ്പെട്ടു തിരിച്ചുവരുന്നവരെ സംരക്ഷിക്കുന്നതിനും പദ്ധതികളുണ്ട്. ജൂലൈ മാസത്തിൽ എല്ലാ പ­ഞ്ചായത്തുകളും നഗരസഭകളും പ്രവാസി ഓൺലൈൻ സംഗമങ്ങൾ സംഘടിപ്പിക്കും. വിദേശത്തുനിന്നും മടങ്ങിവന്നവരുടെയും മടങ്ങിവരാൻ ഉദ്ദേശിക്കുന്നവരുടെയും പട്ടികയും അവരുടെ ആവശ്യങ്ങളും പ്രാദേശികാടിസ്ഥാനത്തിൽ ക്രോഡീകരിക്കും. അവ ജില്ലാ അടിസ്ഥാനത്തിൽ കർമ്മ പരിപാടിയായി മാറ്റും.

അഭ്യസ്തവിദ്യരുടെ ഡിജിറ്റൽ തൊഴിൽ പദ്ധതി, വായ്പാടിസ്ഥാനത്തിലുള്ള സംരംഭകത്വ വികസന പരിപാടി, സേവനപ്രദാന സംഘങ്ങൾ, വിപണന ശൃംഖല എന്നീ നാല് സ്കീമുകളിൽ മടങ്ങിവരുന്ന പ്രവാസികൾക്കു മുൻഗണന നൽകും. മടങ്ങിവരുന്നവർക്ക് നൈപുണി പരിശീലനം നൽകി വീണ്ടും വിദേശത്തു പോകാനുള്ള സഹായവും ലഭ്യമാക്കും. ഈ ഏകോപിത പ്രവാസി തൊഴിൽ പദ്ധതിക്കു വേണ്ടി 100 കോടി രൂപ അനുവദിച്ചു.

സമാശ്വാസ പ്രവർത്തനങ്ങൾക്കു 30 കോടി രൂപയും അനുവദിച്ചു. തിരിച്ചുവരുന്ന പ്രവാസികളുടെ പുനരധിവാസം ഗൗരവത്തിലെടുക്കാൻ കേന്ദ്രസർക്കാർ ഇതുവരെ തയ്യാറായിട്ടില്ല.

പ്രവാസി ക്ഷേമനിധിയ്ക്ക് ഒമ്പത് കോടി രൂപ വകയിരുത്തി. ക്ഷേമനിധി അംശാദായം വിദേശത്തുള്ളവരുടേത് 350 രൂപയായും പെൻഷൻ 3500 രൂപയായും ഉയർത്തി. നാട്ടിൽ തിരിച്ചെത്തിയവരുടേത് 200 രൂപയായും പെൻഷൻ 3000 രൂപയായും വർദ്ധിപ്പിച്ചു.

പ്രവാസി ഡിവിഡന്റ് സ്കീമിൽ നിക്ഷേപിക്കുന്ന പ്രവാസികൾക്ക് 10 ശതമാനം പലിശ ബജറ്റില്‍ വാഗ്ദാനം ചെയ്തു. ഈ തുക കിഫ്ബി ബോണ്ടുകളിലാണ് നിക്ഷേപിക്കുക. കിഫ്ബി പലി­ശ നിരക്ക് കുറച്ചിട്ടുണ്ടെങ്കിലും അത് നിക്ഷേപകരെ ബാധിക്കില്ല. ക്ഷേമപ്രവർത്തനമെന്ന നിലയിൽ അധികം വേണ്ടിവരുന്ന പലിശച്ചെലവ് സർക്കാർ വഹിക്കും.

പ്രവാസി ചിട്ടിയിൽ 30230 പ്രവാസികൾ ചേർന്നിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. പ്രതിമാസ സല 47 കോടി രൂപയാണ്. കിഫ്ബി ബോണ്ടിൽ 300 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ട്. കോവിഡാനന്തര കാലത്ത് പ്രവാസി ചിട്ടി ഊർജ്ജിതപ്പെടുത്തും.

കെഎസ്ആർടിസി

പെൻഷനും ശമ്പള വിതരണത്തിനുമായി കെഎസ്ആർടിസിക്ക് ആകെ 1800 കോടി നീക്കി വയ്ക്കും. മൂവായിരം ബസുകൾ വാങ്ങാൻ കെഎസ്ആർടിസിക്ക് അൻപത് കോടി അനുവദിക്കും. കെഎസ്ആർടിസി ബസുകൾ സിഎൻജിയിലേക്ക് മാറ്റാൻ സാമ്പത്തിക സഹായമായി 50 കോടി നൽകും. കിഫ്ബിയിൽ നിന്ന് 2016 ലെ ബജറ്റിൽ പ്രഖ്യാപിച്ച 1000 പുതിയ ബസുകളിൽ 300 എണ്ണമേ ഇപ്പോൾ അനുവദിച്ചിട്ടുള്ളൂ. കെഎസ്ആർടിസി സ്വിഫ്റ്റ് കമ്പനി പ്രവർത്തനക്ഷമമായാൽ ബാക്കികൂടി പരിഗണിക്കും. ദീർഘദൂര സർവ്വീസുകൾ കെസ്വിഫ്റ്റ് എന്ന നാലാം മേഖലയായി മാറ്റും. ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും പിടിച്ചിട്ട് വകമാറ്റിയ തുകയും മെഡിക്കൽ ആനുകൂല്യം തുടങ്ങിയവയുടെ കുടിശികകളും കൊടുക്കുന്നതിന് 225 കോടി രൂപയാണ് അനുവദിച്ചത്. ശമ്പളം, പെൻഷൻ, കടം തിരിച്ചടവ് തുടങ്ങിയവയ്ക്ക് 1000 കോടി രൂപ വകയിരുത്തി.

സ്കൂളുകളുടെ പശ്ചാത്തല വികസനത്തിന് വീണ്ടും പരിഗണന

സ്കൂൾ പശ്ചാത്തലസൗകര്യം മെച്ചപ്പെടുത്തുന്നതിന് 120 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. പുതിയ കെട്ടിടങ്ങളിൽ പുതിയ ഫർണിച്ചറിനുവേണ്ടിയുള്ള ഒരു സ്കീമിന് രൂപം നൽകാനും പഴയ ഫർണിച്ചറുകൾ പുതുക്കി ഉപയോഗിക്കാനും എല്ലാ സ്കൂളുകളിലും സൗരോർജ പാനലുകൾ സ്ഥാപിക്കാനും തുക വിനിയോഗിക്കും. ലാബുകൾ നവീകരിക്കാനും സ്ഥലസൗകര്യം ഒട്ടുമില്ലാത്ത സ്കൂളുകളുടെ സ്ഥലവിസ്തൃതി വർധിപ്പിക്കുന്നതിനും കളിസ്ഥലങ്ങൾ മെച്ചപ്പെടുത്തുന്നതിനും തുക വിനിയോഗിക്കും.

വിദ്യാഭ്യാസ നിലവാരമുയർത്തുന്നതിനുവേണ്ടിയുള്ള പ്രവർത്തനങ്ങൾക്കായി 73 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഐടി അധിഷ്ഠിത അധ്യയനത്തിൽ ഊന്നിക്കൊണ്ടുള്ള അധ്യാപക പരിശീലനം, ജില്ലാ ഇംഗ്ലീഷ് വിദ്യാഭ്യാസ കേന്ദ്രം പോലെ പ്രത്യേക വിഷയങ്ങൾക്കുള്ള പരിപാടികൾ, പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കും മേഖലകൾക്കും വേണ്ടിയുള്ള ശ്രദ്ധ പോലുള്ള പരിപാടികൾ, ശ്രുതിപാഠം, ഇന്ത്യൻ ആംഗ്യഭാഷയിൽ പരിശീലനം, തേൻകൂട് പോലുള്ള ഭിന്നശേഷിക്കാർക്കു വേണ്ടിയുള്ള സ്കീമുകൾ, അധ്യയനത്തിൽ മികവു പ്രകടിപ്പിക്കുന്ന കുട്ടികൾക്കുവേണ്ടിയുള്ള പ്രത്യേക പരിപാടികൾ, സെൽഫ് റിഫ്ലക്ഷൻ കിയോസ്കൂൾ, തിങ്ക് ആന്റ് ലേൺ പ്രോജക്ട്, വിവിധതരം സ്കൂൾ ക്ലബ്ബുകൾ തുടങ്ങിയ പാഠ്യാനുബന്ധ പ്രവർത്തനങ്ങൾ, കുട്ടികളുടെ അഭിരുചി തിരിച്ചറിയുന്നതിനുള്ള കെഡാറ്റ് ഓൺലൈൻ അഭിരുചി പരീക്ഷ, കലാകായിക വികസനത്തിനായുള്ള പരിപാടി എന്നീ സ്കീമുകളാണ് തുക ഉപയോഗിച്ച് നടപ്പിലാക്കുന്നത്.

സ്കൂളുകളിലെ ഐടി സൗകര്യങ്ങളുടെ പൂർണവിനിയോഗം ഉറപ്പുവരുത്തുന്നതിന് ചുമതല നല്‍കിയ കൈറ്റിന് 30 കോടി രൂപ ബജറ്റില്‍ വകയിരുത്തി. സ്കൂൾ യൂണിഫോമിന് 105 കോടിയും ഉച്ചഭക്ഷണ വിതരണത്തിന് 526 കോടി രൂപയും സാക്ഷരതാ മിഷന് 18 കോടി രൂപയും അനുവദിച്ചു. വൊക്കേഷണൽ/ഹയർ സെക്കൻഡറി മേഖലയ്ക്ക് 111 കോടി രൂപയും സമഗ്രശിക്ഷാ അഭിയാന്റെ അടങ്കൽ ആയി 240 കോടി രൂപയും പ്രഖ്യാപിച്ചു. ഇതടക്കം സ്കൂൾ വിദ്യാഭ്യാസത്തിന്റെ മൊത്തം അടങ്കൽ 1655 കോടി രൂപയാണ്.

എല്ലാ സ്കൂളുകളിലും ഒരു കൗൺസിലറെയെങ്കിലും നിയോഗിക്കാൻ ഉദ്ദേശിക്കുന്നതായി ധനമന്ത്രി പറഞ്ഞു. സൈക്കോ സോഷ്യൽ സ്കൂൾ കൗൺസിലേഴ്സിന്റെ ഹോണറേറിയം 24000 രൂപയായി ഉയർത്തി. പാചകത്തൊഴിലാളികളുടെ പ്രതിദിന അലവൻസിൽ 50 രൂപയുടെ വർധനവും വരുത്തിയിട്ടുണ്ട്. സർക്കാർ സ്കൂളുകളിലെ പ്രീപ്രൈമറി അധ്യാപകർ/ആയമാരിൽ 10 വർഷത്തിൽ താഴെയുള്ളവരുടെ അലവൻസ് 500 രൂപ വീതവും അതിനു മുകളിലുള്ളവരുടേത് 1000 രൂപ വീതവും വർധിപ്പിച്ചു. കഴക്കൂട്ടത്തെ സൈനിക സ്കൂളിലെ റിട്ടയർമെന്റ് ആനുകൂല്യമടക്കം സിംഹഭാഗം ചെലവ് സംസ്ഥാന സർക്കാരിനുമേൽ കേന്ദ്രം അടിച്ചേൽപ്പിക്കുന്നതാണ് കേന്ദ്രസർക്കാർ നയമെന്ന് മന്ത്രി ബജറ്റ് പ്രസംഗത്തില്‍ വിലയിരുത്തി. കേന്ദ്ര സർക്കാരിന്റെ പല സ്കീമുകളുടെയും തുടർ നടത്തിപ്പ് സംസ്ഥാന സർക്കാരിന്റെ ചുമലിലേയ്ക്ക് മാറ്റുന്ന നയമാണ് ഇപ്പോൾ സ്വീകരിച്ചു വരുന്നത്. കേന്ദ്രാവിഷ്കൃത പദ്ധതികളുടെ സംസ്ഥാനവിഹിതവും കുത്തനെ കൂട്ടിയിട്ടുണ്ട്. ഇത് തികച്ചും പ്രതിഷേധാർഹവും ചെറുക്കേണ്ടതാണെന്നും എന്നാൽ സൈനിക സ്കൂളിന്റെ പ്രാധാന്യം കണക്കിലെടുത്തുകൊണ്ട് ഏകപക്ഷീയമായ തീരുമാനമാണെങ്കിലും പുതിയ ധാരണാപത്രത്തിൽ ഒപ്പിടുമെന്നും മന്ത്രി വ്യക്തമാക്കി.

സ്ത്രീകളെ അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് എത്തിക്കാൻ

കുടുംബ ബാധ്യതകളിൽപ്പെട്ട് ജോലി ഉപേക്ഷിച്ച സ്ത്രീകളെ വീണ്ടും തൊഴിൽ കണ്ടെത്താൻ സഹായിച്ച് സമൂഹത്തിന്റെ മുൻപന്തിയിലേക്ക് എത്തിക്കുവാ‍ൻ സർക്കാർ കൈത്താങ്ങേകുന്നു. പുരുഷന്മാരുടെ തൊഴിലില്ലായ്മ നിരക്ക് കേരളത്തിൽ 5.8 ശതമാനമായിരിക്കുമ്പോൾ സ്ത്രീകളുടേത് 19.1 ശതമാനമാണ്. എത്ര ശ്രമിച്ചാലും ജോലി കിട്ടില്ലായെന്നു വരുമ്പോൾ സ്ത്രീകൾ തൊഴിലന്വേഷണം തന്നെ നിർത്തി തൊഴിൽ സേനയ്ക്ക് പുറത്തു പോകുന്നുവെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. പുരുഷന്മാരുടെ തൊഴിൽ പങ്കാളിത്ത നിരക്ക് 73.5 ശതമാനമായിരിക്കുമ്പോൾ സ്ത്രീകളുടേത് 28.5 ശതമാനം മാത്രമാണ്. കരിയർ ബ്രേക്ക് ചെയ്ത് വീടുകളിലിരിക്കുന്ന സ്ത്രീ പ്രൊഫഷണലുകൾ കേരളത്തിൽ അഞ്ച് ലക്ഷത്തോളം ഉണ്ടെന്നാണ് കണക്കെന്ന് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി തോമസ് ഐസക് വെളിപ്പെടുത്തി.

2021–22ലെ ബജറ്റിന്റെ കാതൽ തൊഴിൽ സൃഷ്ടിയാണെങ്കിൽ ഇതിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കൾ കേരളത്തിലെ സ്ത്രീകളാണ്. തൊഴിൽ പദ്ധതികളുടെ ഫലപ്രദമായ നടത്തിപ്പിന്റെ ഫലമായി സ്ത്രീകളുടെ തൊഴിലില്ലായ്മ ഗണ്യമായി കുറയ്ക്കുന്നതിനും തൊഴിൽ പങ്കാളിത്തം ഉയർത്തുന്നതിനും സാധിക്കുമെന്ന് ബജറ്റ് വിഭാവനം ചെയ്യുന്നു. നൈപുണി വികസനത്തിന്റെ അടിസ്ഥാനത്തിൽ അഞ്ച് വർഷം കൊണ്ട് 20 ലക്ഷം പേർക്ക് തൊഴിൽ സൃഷ്ടിക്കുന്ന പദ്ധതിയിൽ മുഖ്യമായി ലക്ഷ്യമിടുന്നത് ജോലി നിർത്തി വീട്ടിലിരിക്കുന്ന സ്ത്രീകളെയാണ്. ഡിജിറ്റൽ പ്ലാറ്റ്ഫോം വഴിയുള്ള ഈ പദ്ധതിയുടെ ഗുണഭോക്താക്കളിൽ 75 ശതമാനം യുവതികളായിരിക്കും. ഇത്തരത്തിൽ താൽപര്യവും കഴിവുമുള്ള തൊഴിലില്ലാത്തവരോ ഗൃഹസ്ഥരോ ആയ സ്ത്രീകളെ പരിശീലനത്തിന് കണ്ടെത്തുന്നതിനുള്ള ചുമതല കുടുംബശ്രീയ്ക്കായിരിക്കും. ഇതിന് പ്രത്യേകം സബ് — മിഷൻ കുടുംബശ്രീയിൽ ആരംഭിക്കും. ഇതിനായി അഞ്ച് കോടി രൂപ കുടുംബശ്രീയ്ക്ക് അനുവദിച്ചിട്ടുണ്ട്.

വനിതാസംരംഭകത്വ വികസനത്തിനും ഊന്നലുണ്ട്. ഒമ്പത് കെഎസ്ഐഡിസി കിൻഫ്രാ പാർക്കുകളിലും വിമൻ ഫെസിലിറ്റേഴ്സ് സെന്റർ സ്ഥാപിക്കും. കെഎസ്ഐഡിസിയിൽ പ്രത്യേക വിമൻ എന്റർപ്രണർ മിഷൻ ഉണ്ടാകും. സ്ത്രീകളുടെ ഉയരുന്ന തൊഴിൽ പങ്കാളിത്തം സൃഷ്ടിക്കുന്ന ഇരട്ടി ഭാരം ലഘൂകരിക്കാനുള്ള പോംവഴിയും ബജറ്റിൽ മന്ത്രി തോമസ് ഐസക് മുന്നോട്ട് വെയ്ക്കുന്നു. പുരുഷൻമാർകൂടി വീട്ടുപണികളിൽ പങ്കെടുത്തേതീരൂവെന്ന് മന്ത്രി ഓർമ്മിപ്പിച്ചു. അതോടൊപ്പം വീട്ടുപണികളിൽ യന്ത്രവൽക്കരണത്തെ പ്രോത്സാഹിപ്പിക്കണം. ഇതിനായി സ്മാർട്ട് കിച്ചൺ പദ്ധതിയും ബജറ്റിൽ പ്രഖ്യാപിച്ചു. കെഎസ്എഫ്ഇ സ്മാർട്ട് കിച്ചൺ ചിട്ടികൾ ആരംഭിക്കും. യന്ത്രഗാർഹികോപകരണങ്ങളുടെ പാക്കേജുകളുടെ വില തവണകളായി ഏതാനും വർഷംകൊണ്ട് അടച്ചു തീർത്താൽ മതി. പലിശ മൂന്നിലൊന്നു വീതം ഗുണഭോക്താവ്, തദ്ദേശഭരണ സ്ഥാപനം, സർക്കാർ എന്നിവർ പങ്കിട്ടെടുക്കും. കുടുംബശ്രീ വഴിയാണെങ്കിൽ മറ്റ് ഈടുകളുടെ ആവശ്യവുമില്ല. വനിതാമാധ്യമപ്രവർത്തകർക്ക് തലസ്ഥാനത്ത് താമസസൗകര്യമുൾപ്പടെ ഏർപ്പെടുത്തുന്നതിന് പ്രത്യേക പ്രസ് ക്ലബ് രൂപീകരിക്കും.

2021–22ലെ ബജറ്റിൽ വനിതാഅടങ്കൽ പദ്ധതി തുക 1347 കോടി രൂപയാണ്. പദ്ധതി വിഹിതം 6.54 ശതമാനവും. മറ്റു സ്കീമുകളിൽ സ്ത്രീകൾക്കായുള്ള പ്രത്യേക ഘടകംകൂടി കണക്കിലെടുക്കുകയാണെങ്കിൽ മൊത്തം വനിതാ വിഹിതം 19.54 ശതമാനമാണ്.

സ്ത്രീകൾക്കു നേരെയുള്ള അതിക്രമങ്ങളിൽ അഞ്ച് വർഷംകൊണ്ട് 25 ശതമാനം കുറവ് സൃഷ്ടിക്കുവാൻ ലക്ഷ്യമിട്ട് പ്രത്യേക കാമ്പയിൻ. ഇതിനുള്ള മാനദണ്ഡങ്ങൾ പാലിക്കുന്ന തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് പ്രത്യേക അംഗീകാരം നൽകും. എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലും സ്ത്രീകൾക്കെതിരായുള്ള അതിക്രമങ്ങളുടെ മാപ്പിംഗ് നടത്തും. കുടുംബശ്രീ അയൽക്കൂട്ടങ്ങളിലെ അംഗങ്ങളെ ഉപയോഗപ്പെടുത്തി സ്ത്രീകൾക്കെതിരായുള്ള അതിക്രമങ്ങൾ എവിടെവച്ച്, എപ്പോൾ, ആരിൽ നിന്ന് ഉണ്ടായിയെന്നതിനെക്കുറിച്ച് എന്നത് സംബന്ധിച്ച വിവരശേഖരണം നടത്തും. ഇതുസംബന്ധിച്ച പൂരിപ്പിച്ച് നൽകുന്ന ചോദ്യാവലിയുടെ രഹസ്യസ്വഭാവം പൂർണ്ണമായും ഉറപ്പുവരുത്തും. ക്രൈം മാപ്പിന്റെ അടിസ്ഥാനത്തിൽ അതിക്രമങ്ങൾ കുറയ്ക്കുന്നതിനു വേണ്ടിയുള്ള പ്രോജക്ടുകൾ നിർബന്ധമായും വനിതാ ഘടകപദ്ധതിയിൽ ഉൾപ്പെടുത്തണം. പൊതുപ്രോജക്ടുകളിലും സ്ത്രീ പരിഗണന ഉറപ്പുവരുത്തണം. ജാഗ്രതാ സമിതികൾ ശക്തിപ്പെടുത്തുകയും വേണം. ഈ കാമ്പയിനു വേണ്ടി കുടുംബശ്രീക്ക് 20 കോടി രൂപ അധികമായി അനുവദിച്ചു. അതിക്രമങ്ങൾ നേരിടുന്ന സ്ത്രീകൾക്കുള്ള രണ്ട് പ്രധാന പിന്തുണാ സംവിധാനങ്ങളാണ് നിർഭയ ഷോർട്ട്സ്റ്റേ ഹോമുകളും കുടുംബശ്രീയുടെ ആഭിമുഖ്യത്തിലുള്ള സ്നേഹിത ജെൻഡർ ഹെൽപ്പ് ഡെസ്ക്കും. നിർഭയ്ക്ക് 10 കോടി രൂപയും സ്നേഹിത ജെൻഡർ ഹെൽപ്പ് ഡെസ്കിന് ഏഴ് കോടി രൂപയും വകയിരുത്തി.

സ്ത്രീകൾക്കെതിരെയുള്ള അതിക്രമത്തിന് അറുതി വരുത്തേണ്ടത് അനിവാര്യമായ കടമയായി സർക്കാർ ഏറ്റെടുക്കുകയാണെന്ന് മന്ത്രി തോമസ് ഐസക് ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി. സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളിൽ നിന്ന് വിമുക്തമായ ഒരു കേരളത്തിന്റെ സൃഷ്ടിയ്ക്കുവേണ്ടിയാണ് 2021–22ൽ വമ്പിച്ചൊരു കാമ്പയിൻ ആരംഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കുടുംബശ്രീകളിൽ യുവതികൾക്കുവേണ്ടി ഓക്സിലറി യൂണിറ്റുകൾ ആരംഭിക്കുന്ന കാര്യം സർക്കാർ പരിഗണിക്കുന്നുണ്ട്. ഇത് കുടുംബശ്രീയുടെ അംഗത്വത്തിൽ കുതിച്ചുചാട്ടം 2021–22ൽ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സ്ത്രീകളുടെ ഉല്പന്നങ്ങളുടെ അന്താരാഷ്ട്ര വിപണനം ലക്ഷ്യമിട്ടുകൊണ്ട് ഇന്റർനാഷണൽ ട്രേഡ് സെന്റർ സ്ഥാപിക്കും. മാസ്റ്റർപ്ലാൻ പ്രകാരമുള്ള കെട്ടിടങ്ങൾ പണിയുന്നതിന് 25 കോടി രൂപ നേരത്തെ അനുവദിച്ചതിന് പുറമെ മറ്റു പ്രവർത്തനങ്ങൾക്കുവേണ്ടി 15 കോടി രൂപയും ബജറ്റിൽ അനുവദിച്ചു. വനിതാ വികസന കോർപ്പറേഷന് 25 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.

അഞ്ചുവർഷംകൊണ്ട് ഡിജിറ്റൽ പ്ലാറ്റ്ഫോം വഴി 20 ലക്ഷം പേർക്ക് തൊഴിൽ

സംസ്ഥാനത്ത് 20 ലക്ഷം പേർക്ക് അഞ്ചുവർഷംകൊണ്ട് ഡിജിറ്റൽ പ്ലാറ്റ്ഫോം വഴി തൊഴിൽ കൊടുക്കാനുള്ള വിപുലമായ പദ്ധതിക്ക് ബജറ്റിൽ നിർദേശം. ഫെബ്രുവരി മുതൽ ഇതിനുള്ള രജിസ്ട്രേഷൻ ആരംഭിക്കും.

ഡിജിറ്റൽ ജോലി ചെയ്യാൻ സന്നദ്ധരായവരുടെ വിവരങ്ങൾ പ്രത്യേക ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെ സർക്കാർ ലഭ്യമാക്കും. ഈ പ്ലാറ്റ്ഫോമിൽ നിന്ന് ജോലിക്കെടുക്കുന്ന ആളുകൾക്ക് സർക്കാർ വിവിധ ആനൂകൂല്യങ്ങൾ നൽകും. ജോലിക്കാവശ്യമായ കംപ്യൂട്ടർ വാങ്ങാൻ കെഎസ്എഫ്ഇ, കേരള ബാങ്ക് വായ്പ, വർക്ക് സ്റ്റേഷൻ വാടകയ്ക്ക് ലഭ്യമാക്കൽ, പ്രോവിഡന്റ് ഫണ്ടായി തൊഴിലുടമ അടയ്ക്കേണ്ട വിഹിതം സർക്കാർ ലഭ്യമാക്കുക, ആരോഗ്യ ഇൻഷുറൻസ് തുടങ്ങിയവ ഉൾപ്പെടുന്നു.

ഇതിനുവേണ്ടി കേരള ഡെവലപ്പ്മെന്റ് ഇന്നവേഷൻ സ്ട്രാറ്റജി കൗൺസിലിനെ (കെഡിസ്ക്) മുഖ്യമന്ത്രി അധ്യക്ഷനായുള്ള രജിസ്റ്റേർഡ് സൊസൈറ്റിക്കായി പുനഃസംഘടിപ്പിക്കും. ബന്ധപ്പെട്ട മന്ത്രിമാർ, പ്ലാനിംഗ് ബോർഡ് വൈസ് ചെയർമാൻ എന്നിവർ അംഗങ്ങളായിരിക്കും.

സ്കിൽ ട്രെയിനിംഗും ഇന്നവേഷനുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളായ കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ, ഐസിറ്റി അക്കാദമി, ട്രെസ്റ്റ് പാർക്ക്, സ്റ്റാർട്ടപ്പ് മിഷൻ, അസാപ്പ്, കേയ്സ് തുടങ്ങിയവയ്ക്കും യൂണിവേഴ്സിറ്റി വൈസ് ചാൻസലർമാർക്കും പ്രാതിനിധ്യമുണ്ടാകും. ഇതിനുപുറമേ അന്തർദേശീയ‑ദേശീയ പ്രശസ്തിയുള്ള സാങ്കേതിക വ്യവസായ വിദഗ്ധർക്കും കൗൺസിലിൽ അംഗത്വം നൽകും.

സാങ്കേതികവിദ്യ, ഇന്നവേഷൻ, ബിസിനസ് പ്രോസസ് തുടങ്ങിയ മേഖലകളിൽ ദേശീയ അംഗീകാരവും കഴിവും തെളിയിച്ചിട്ടുള്ള ഒരാളെ കെഡിസ്കിന്റെ മെമ്പർ സെക്രട്ടറിയായി നിയമിക്കും. കെഡിസ്കിന്റെ ചുമതല മുഖ്യമായും ഏകോപനവും മോണിറ്ററിംഗുമാണ്. നിലവിലുള്ള സ്ഥാപനങ്ങളുടെ ഇന്നുള്ള മാൻഡേറ്റുകളിലോ ബജറ്റിലോ മാറ്റം വരുന്നതല്ല. ഡിജിറ്റൽ പ്ലാറ്റ്ഫോം തയ്യാറാക്കലും പരിശീലനത്തിനുള്ള മുന്നൊരുക്കവും കമ്പനികളുമായുള്ള ചർച്ചകളും 2021–22ൽത്തന്നെ പൂർത്തിയാക്കും. കെഡിസ്കിന് വിജ്ഞാന സമ്പദ്ഘടനാ ഫണ്ട്എന്ന നിലയിൽ 200 കോടി രൂപ വകയിരുത്തി. മൂന്നു ഗഡുക്കളായി ഈ പണം നൽകും. 2021–22ൽ പ്രൊഫഷണൽ ജോലിയിൽ നിന്ന് ബ്രേക്ക് ചെയ്തിരിക്കുന്ന മൂന്ന് ലക്ഷം പേർക്കെങ്കിലും തൊഴിൽ ഉറപ്പുവരുത്തും.

പിന്നാക്ക സമുദായ ക്ഷേമത്തിന് 101 കോടി

പിന്നാക്ക സമുദായ ക്ഷേമത്തിനുവേണ്ടി 101 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയത്. ന്യൂനപക്ഷ ക്ഷേമത്തിനായി 42 കോടി രൂപയും മുന്നാക്ക സമുദായങ്ങളിലെ പിന്നാക്കക്കാരുടെ ക്ഷേമത്തിനായി 31 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. പരിവർത്തിത ക്രൈസ്തവ കോർപറേഷന് 20 കോടി രൂപയും മൺപാത്ര വികസന കോർപറേഷന് ഒരു കോടി രൂപയും അനുവദിച്ചു. ബാർബർ ഷോപ്പുകളുടെ നവീകരണത്തിന് രണ്ടു കോടി രുപയും ബഡ്ജറ്റിൽ വകയിരുത്തിയതും ബജറ്റിലെ പ്രത്യേകതയാണ്.

എല്ലാ ക്ഷേമ പെൻഷനുകളും മാസം 1600 രൂപയാക്കി

സംസ്ഥാന സർക്കാർ നൽകുന്ന എല്ലാ ക്ഷേമ പെൻഷനുകളും മാസം 1600 രൂപയാക്കി ഉയർത്തി. നിലവിൽ ജനുവരി മുതൽ 1500 രൂപയാണ് ക്ഷേമ പെൻഷൻ നൽകുന്നത്. ഡിസംബറിൽ 1400 രൂപയായിരുന്നു. യുഡിഎഫ് സർക്കാരിന്റെ കാലത്ത് 600 രൂപയായിരുന്ന ക്ഷേമ പെൻഷൻ എൽഡിഎഫ് സർക്കാർ ഘട്ടംഘട്ടമായി വർധിപ്പിച്ചാണ് 1600 രൂപയാക്കുന്നത്.

ഏപ്രിൽ മുതൽ ഈ തുക ലഭിച്ചുതുടങ്ങും. കഴിഞ്ഞ സർക്കാരിന്റെ ഭരണകാലത്ത് 9011 കോടി രൂപ പെൻഷനായി വിതരണം ചെയ്തപ്പോൾ ഈ സർക്കാർ ഇതുവരെ 32034 കോടി രൂപ വിതരണം ചെയ്തുകഴിഞ്ഞതായി മന്ത്രി തോമസ് ഐസക് ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. സാമൂഹ്യസുരക്ഷാ പെൻഷൻ ഗുണഭോക്താക്കളുടെ എണ്ണം 2015–16ൽ 34 ലക്ഷം ആയിരുന്നത് ഇപ്പോൾ 48.6 ലക്ഷമാണ്. ക്ഷേമപെൻഷൻകാരടക്കം മൊത്തം 59.5 ലക്ഷം പേർ. സാമൂഹ്യസുരക്ഷാ പെൻഷൻകാരിൽ 30 ശതമാനം പേർ ഈ സർക്കാരിന്റെ കാലത്ത് ആദ്യമായി പെൻഷൻ വാങ്ങിയവരാണെന്നും ധനമന്ത്രി പറഞ്ഞു.

ശമ്പള പരിഷ്കരണം ഏപ്രിൽ മുതൽ

ജീവനക്കാരുടെ ശമ്പള പരിഷ്കരണം ഏപ്രിൽ മുതൽ നടപ്പാക്കുമെന്ന് ധനമന്ത്രി ടി എം തോമസ് ഐസക് ബജറ്റ് പ്രസംഗത്തിൽ പ്രഖ്യാപിച്ചു.

കമ്മിഷന്റെ റിപ്പോർട്ട് ജനുവരി അവസാനം ലഭിക്കും. ഇതിലെ ശുപാർശകളുടെ അടിസ്ഥാനത്തിൽ ഏപ്രിൽ മാസം മുതൽ ശമ്പളവും പെൻഷനും പരിഷ്കരിച്ചുകൊണ്ട് ഉത്തരവ് ഇറക്കും. കഴിഞ്ഞ ശമ്പള പരിഷ്കരണത്തിലെന്നപോലെ ശമ്പള കുടിശിക മൂന്ന് ഗഡുക്കളായി പിന്നീട് നൽകും.

രണ്ട് ഡിഎ ഗഡുക്കൾ ജീവനക്കാർക്ക് കുടിശികയായുണ്ട്. അടുത്ത ഏപ്രിൽ മുതൽ ഒരു ഗഡു അനുവദിക്കും. രണ്ടാമത്തെ ഗഡു ഒക്ടോബറിലും. കുടിശിക പിഎഫിൽ ലയിപ്പിക്കും. മെഡിസെപ്പ് പദ്ധതി 2021–22 സാമ്പത്തിക വർഷം നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

ഒരാളുപോലും പട്ടിണി കിടക്കരുതെന്ന എൽഡിഎഫ് നയം തുടരും

കേരളത്തിൽ ഒരാളുപോലും പട്ടിണി കിടക്കരുതെന്ന എൽഡിഎഫ് സർക്കാർ നയം തുടരുകതന്നെ ചെയ്യുമെന്ന് ബജറ്റ് ഉറപ്പു നൽകുന്നു. കോവിഡ് ലോക്ഡൗൺ കാലത്ത് ആരംഭിച്ച സൗജന്യ ഭക്ഷ്യ കിറ്റുകളുടെ വിതരണം തുടരും. ഇതിനൊപ്പം സംസ്ഥാനത്തെ അമ്പത് ലക്ഷം കുടുംബങ്ങളിൽ ഭക്ഷ്യ ഭദ്രത ഉറപ്പുവരുത്തുന്നതിനായി നീല, വെള്ള കാർഡുകാരായ 50 ലക്ഷം കുടുംബങ്ങൾക്ക് അധികമായി 10 കിലോ വീതം അരി 15 രൂപ വിലയ്ക്ക് നൽകും.

ഭക്ഷ്യ സബ്സിഡിക്കായി 1,060 കോടി രൂപയും വിപണിയിലെ ഇടപെടലിന് 230 കോടി രൂപയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കുന്നതിന് 40 കോടി രൂപയും സപ്ലൈകോ അടക്കം ഡിപ്പാർട്ട്മെന്റിന്റെ നവീകരണത്തിന് 25 കോടി രൂപയും സിവിൽ സപ്ലൈസ് വകുപ്പിന് വകയിരുത്തി.

കോവിഡു കാലം മുതൽ ഇതുവരെ 5.5 കോടി ഭക്ഷ്യക്കിറ്റുകളാണ് സർക്കാർ വിതരണം ചെയ്തത്. 1.83 ലക്ഷം മെട്രിക് ടൺ അധികം റേഷനരിയും ലഭ്യമാക്കി. സാർവ്വത്രിക പ്രശംസ നേടിയ ഫലപ്രദമായ ഒരു ഇടപെടലായിരുന്നു ഇത്.

2021–22 മുതൽ ഹോട്ടലുകൾ, പലചരക്കുകടകൾ, സൂപ്പർമാർക്കറ്റുകൾ എന്നിവയ്ക്ക് ഔദ്യോഗിക റേറ്റിംഗ് നൽകുന്നതിനുള്ള സ്കീമും പ്രഖ്യാപിച്ചു. ഇത് ഉപഭോക്താക്കൾക്കുള്ള സേവനത്തെ മെച്ചപ്പെടുത്താൻ സഹായിക്കുമെന്നും ബജറ്റ് ചൂണ്ടിക്കാട്ടുന്നു.

തൊഴിലുറപ്പു പദ്ധതിയില്‍ മൂന്നു ലക്ഷം പേര്‍ക്ക് കൂടി തൊഴില്‍

തൊഴിലുറപ്പു പദ്ധതിയില്‍ ചുരുങ്ങിയത് മൂന്നുലക്ഷം പേര്‍ക്കുകൂടി തൊഴില്‍ നല്‍കും. നിലവില്‍ 14 ലക്ഷം പേരാണ് പദ്ധതിയില്‍ തൊഴില്‍ ചെയ്യുന്നത്. ശരാശരി 50 മുതല്‍ 55 വരെ പ്രവൃത്തി ദിനങ്ങളാണ് ലഭ്യമാകുന്നത്. ഈ വര്‍ഷം 75 ദിവസമെങ്കിലും ശരാശരി തൊഴില്‍ ദിനങ്ങള്‍ നല്‍കും. ആകെ 4057 കോടി രൂപയാണ് പദ്ധതിയുടെ അടങ്കല്‍.

തൊഴിലുറപ്പ് തൊഴിലാളികള്‍ക്കുള്ള ക്ഷേമനിധി ഫെബ്രുവരിയില്‍ തുടങ്ങും. വര്‍ഷത്തില്‍ 20 ദിവസമെങ്കിലും പണിയെടുക്കുന്ന എല്ലാവര്‍ക്കും ക്ഷേമനിധിയില്‍ ചേരാം. മറ്റു പെന്‍ഷനുകളില്ലാത്ത എല്ലാ അംഗങ്ങള്‍ക്കും 60 വയസു മുതല്‍ പെന്‍ഷന്‍ നല്‍കും. ഫെസ്റ്റിവല്‍ അലവന്‍സും ക്ഷേമനിധി വഴിയാകും. 75 ദിവസം തൊഴിലെടുത്ത മുഴുവന്‍പേര്‍ക്കും ഫെസ്റ്റിവല്‍ അലവന്‍സിന് അര്‍ഹതയുണ്ടാകും.

നഗരമേഖലയിലേക്കായി കൊണ്ടുവന്ന അയ്യന്‍കാളി തൊഴിലുറപ്പ് പദ്ധതിക്ക് 100 കോടി രൂപ ബജറ്റില്‍ വകയിരുത്തി. അഭ്യസ്തവിദ്യരായ യുവതിയുവാക്കള്‍ക്ക് സ്വകാര്യസംരംഭങ്ങളില്‍ അപ്രന്റീസുകളായി / ഇന്റേണുകളായി അവസരം ലഭിക്കുന്നതിന് അയ്യന്‍കാളി ഇന്റേണ്‍ഷിപ്പ് സ്‌കീം നടപ്പാക്കും. ഇതിനായി 100 കോടി രൂപ വകയിരുത്തി. അയ്യന്‍കാളി തൊഴിലുറപ്പ് പദ്ധതിയുടെ ആകെ അടങ്കല്‍ 200 കോടി രൂപയാണ്.

ബജറ്റിൽ കർഷകരോടുള്ള കരുതൽ

തരിശുരഹിത കേരളം സാധ്യമാക്കാനുള്ള പരിശ്രമങ്ങൾക്ക് ആക്കം കൂട്ടൂന്ന ബജറ്റിൽ കർഷകരോടുള്ള കരുതൽ പ്രകടമാണ്. റ​ബ​റിന്റെ താ​ങ്ങു​വി​ല 170 രൂ​പ​യാ​യി ഉ​യ​ർ​ത്തിയ തീരുമാനം കർഷകർ ഏറെക്കാലമായി കാത്തിരുന്നതായിരുന്നു. വർഷങ്ങളായി തുടരുന്ന വില തകർച്ചയ്ക്കൊപ്പം കോവിഡ് പ്രതിസന്ധിയും റ­ബ­ർ കർഷകരെ സാരമായി ബാധിച്ചിരുന്നു. ലോക്ഡൗണിന് പിന്നാലെ നേരിയ തോതിൽ വില വർധിച്ചിരുന്നെങ്കിലും വീണ്ടും വില കുറയാൻ തുടങ്ങിയത് ആശങ്കയിലുമാക്കി.

കേരളത്തിൽ വർഷങ്ങളായി റബർ ആവർത്തന കൃഷിക്ക് സബ്സിഡി പോലും കേന്ദ്രം നൽകുന്നില്ലെന്ന പരാതികൾ നിലനിൽക്കെ കേരളസർക്കാരിന്റെ പ്രഖ്യാപനം റബർ കർഷകർക്ക് വലിയ ആശ്വാസമാണ് നൽകുന്നത്.

റബ്ബർ അധിഷ്ഠിത ഉല്പന്നങ്ങളുടെ ഹബ്ബ് സ്ഥാപിക്കുന്നതിന് 26 ശതമാനം സർക്കാർ ഓഹരിയുള്ള കേരള റബർ ലിമിറ്റഡ് രൂപീകരിക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കി. 1050 കോടിയാണ് പ്രതീക്ഷിത മുതൽ മുടക്ക്. അമുൽ മാതൃകയിൽ റ­ബർ സംഭരിക്കുന്നതിനുള്ള സ­ഹകരണ സംഘം ഈ കമ്പനിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കും. വെള്ളൂർ ന്യൂസ് പ്രിന്റ് ഫാക്ടറിയുടെ മിച്ച സ്ഥലത്തായിരിക്കും കമ്പനിയെന്നും മന്ത്രി പിന്നീട് വിശദീകരിച്ചു.

ബജറ്റ് പ്രസംഗത്തിൽ കാർഷിക നിയമ ഭേദഗതിയെ ധനമന്ത്രി രൂക്ഷമായി വിമർശിച്ചു. കർഷകരുടെ സമരം ഐതിഹാസികമെന്നും കർഷകരെ കുത്തകകൾക്ക് മുന്നിൽ അടിയറവയ്ക്കുന്നുവെന്നും മന്ത്രി കുറ്റപ്പെടുത്തി.

തരിശു രഹിത കേരളം സാധ്യമാക്കുന്നതിന് ഒരുപ്പൂ ഇരിപ്പൂ ആക്കുന്നതിനും തുടർവിളകളും ഇടവിളകളും കൃഷി ചെയ്യുന്നതിനും പ്രത്യേക പദ്ധതിക­ള്‍ ബജറ്റില്‍ വിഭാവനം ചെയ്യുന്നു. സംഘകൃഷി ഗ്രൂപ്പുകളിലുടെയും അനുബന്ധ പ്രവര്‍ത്തികളിലൂടെയും കാര്‍ഷിക മേഖലയില്‍ രണ്ടുലക്ഷം തൊഴിലവസരങ്ങള്‍ ഉറപ്പാക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

രാജ്യത്തെ ആദ്യത്തെ പൂർണ ബാരിയർ ഫ്രീ സംസ്ഥാനമായി കേരളത്തെ ഉയർത്തും

പാവപ്പെട്ട കുടുംബങ്ങളില്‍ ഏതെങ്കിലും ഭിന്നശേഷിക്കാരുണ്ടെങ്കിൽ അവരുടെ ചികിത്സയ്ക്കും പരിചരണത്തിനും പ്രത്യേക കരുതൽ നൽകാനുള്ള ധനസഹായവും ബജറ്റിൽ പ്രഖ്യാപിച്ചു. ഇവർക്കായി 50 കോടി രൂപയും മാനസികാരോഗ്യ പരിപാടികൾക്ക് 64 കോടി രൂപയും വകയിരുത്തി.

സാമൂഹ്യനീതി, വിദ്യാഭ്യാസം, ആരോഗ്യം, തദ്ദേശഭരണം എന്നീ വകുപ്പുകളിലായി 321 കോടി രൂപയാണ് ഭിന്നശേഷിക്കാർക്കായി നീക്കിവച്ചത്. ഇതിനുപുറമേ തദ്ദേശഭരണ സ്ഥാപനങ്ങൾ 290 കോടി രൂപയെങ്കിലും നീക്കിവയ്ക്കാൻ ബാധ്യസ്ഥരാണ്. അങ്ങനെ മൊത്തം 600 കോടിയിൽപ്പരം രൂപ ഈ മേഖലയിൽ ഏകോപിതമായും കനിവോടെയും ചെലവഴിക്കാനായാൽ ഭിന്നശേഷി സൗഹൃദ സംസ്ഥാനമായി കേരളത്തെ രൂപാന്തരപ്പെടുത്താൻ കഴിയുമെന്നും ബജറ്റിൽ ചൂണ്ടിക്കാട്ടുന്നു.

ഗർഭാവസ്ഥയിൽ തന്നെ വൈകല്യങ്ങളെ തടയുന്നതിനുള്ള രോഗപ്രതിരോധ പ്രവർത്തനങ്ങൾ, ശൈശവാവസ്ഥയിൽ തന്നെ വൈകല്യങ്ങളെ കണ്ടെത്താനുള്ള പരിപാടികൾ, തുടർന്നുള്ള പിന്തുണാ പ്രവർത്തനങ്ങൾ ഇവയ്ക്കെല്ലാമായി അനാമയം സമഗ്ര ഇൻഷുറൻസ് പ്രോഗ്രാം ആരംഭിക്കും. 250 തദ്ദേശഭരണ സ്ഥാപനങ്ങളിൽക്കൂടി ബഡ്സ്കൂളുകൾ ആരംഭിക്കും. ഇപ്പോൾ 342 തദ്ദേശഭരണ സ്ഥാപനങ്ങളിലാണ് ബഡ്സ്കൂളുകൾ ഉള്ളത്. സന്നദ്ധസംഘടനകളും മറ്റും നടത്തുന്ന 290 സ്പെഷ്യൽ സ്കൂളുകൾക്കുള്ള ധനസഹായം 60 കോടി രൂപയായി ഉയർത്തി.

ആദ്യത്തെ പൂർണ ബാരിയർ ഫ്രീ സംസ്ഥാനമായി കേരളത്തെ ഉയർത്തുന്നതിനുള്ള സമയബന്ധിത പരിപാടി തയാറാക്കും. ഇതിനായി ഒൻപത് കോടി രൂപയാണ് ബജറ്റിൽ നീക്കിവച്ചിട്ടുള്ളത്.

വ്യവസായ ഇടനാഴികളുടെ നിര്‍മ്മാണം ഈ വര്‍ഷം

സംസ്ഥാനത്തിന്റെ മുഖച്ഛായ മാറ്റുംവിധമുള്ള മൂന്നു വ്യവസായ ഇടനാഴികളുടെ നിര്‍മാണം ഈ വര്‍ഷം തുടങ്ങും. ഏതാണ്ട് 50,000 കോടി രൂപയാണ് മുതല്‍മുടക്ക് വരുന്നത്. കൊച്ചി – പാലക്കാട് ഹൈടെക് ഇന്‍ഡസ്ട്രിയല്‍ കോറിഡോറിന് ഏതാണ്ട് 10,000 കോടി നിക്ഷേപവും 22,000 പേര്‍ക്ക് നേരിട്ട് ജോലിയും ലഭ്യമാകും. കിഫ്ബിയില്‍ നിന്ന് ഇപ്പോള്‍ 20 കോടി രൂപ വകയിരുത്തി.

മലബാറിന്റെ വികസനം ലക്ഷ്യമിടുന്ന കൊച്ചി – മംഗലാപുരം വ്യവസായ ഇടനാഴിയുടെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാകേണ്ടതുണ്ട്. മൂന്നാമത്തെ ക്യാപ്പിറ്റല്‍ സിറ്റി റീജിയണ്‍ ഡെവലപ്പ്‌മെന്റ് പ്രോഗ്രാമാണ്. വിഴിഞ്ഞം തുറമുഖത്തോടു ബന്ധപ്പെട്ട് തിരുവനന്തപുരം നഗരത്തിനു കിഴക്കു ഭാഗത്തുകൂടെ വിഴിഞ്ഞം മുതല്‍ നാവായിക്കുളം വരെ 78 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ആറുവരി പാത. 25,000 കോടി രൂപയുടെ നിക്ഷേപവും 2.5 ലക്ഷം പ്രത്യക്ഷ തൊഴിലവസരങ്ങളും പ്രതീക്ഷിക്കുന്നു. ക്യാപ്പിറ്റല്‍ സിറ്റി റീജിയണ്‍ ഡെവലപ്പ്‌മെന്റ് കമ്പനിക്ക് സീഡ് മണിയായി 100 കോടി രൂപ വകയിരുത്തി.