June 28, 2022 Tuesday

Latest News

June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022

കേരള ബജറ്റ് 2020–2021: വികസന ഗതിവേഗം, ജനക്ഷേമത്തിന് ഊന്നൽ

By Janayugom Webdesk
February 7, 2020

കേരള വികസനത്തിന് ഗതിവേഗം സൃഷ്ടിച്ച് ജനക്ഷേമത്തിനും സാമൂഹ്യസുരക്ഷയ്ക്കും ഊന്നൽ നൽകി സംസ്ഥാന ബജറ്റ്. പൊതുമേഖലാ സ്ഥാപനങ്ങളെല്ലാം വിൽപ്പനയ്ക്കുവെച്ചതായിരുന്നു ഒരാഴ്ച മുൻപത്തെ കേന്ദ്ര ബജറ്റെങ്കിൽ, വ്യവസായിക മേഖലയുടെ അഭൂതപൂർവ്വമായ വളർച്ചയ്ക്കും സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിനും കൂടുതൽ തുക സംസ്ഥാന ബജറ്റിൽ കേരളം വകയിരുത്തി.സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെ ക്ഷേമം ഉറപ്പാക്കിയും ക്ഷേമ പെൻഷനുകളുടെ തുക വർദ്ധിപ്പിച്ചും, യുവജനങ്ങൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ അവസരം ഒരുക്കിയുമുള്ള വൻകിട, ചെറുകിട സംരംഭക പദ്ധതികളാണ് ബജറ്റിന്റെ മറ്റൊരു പ്രത്യേകത. വരുമാന വര്‍ധനവിന് ജനങ്ങളെ സാരമായി ബാധിക്കാത്ത തരത്തിലുള്ള നികുതി നിര്‍ദ്ദേശങ്ങളും, ചെലവ് ചുരുക്കൽ പദ്ധതികളും ബജറ്റിൽ നിർദ്ദേശിച്ചിട്ടുണ്ട്.എൽഡിഎഫ് സർക്കാരിന്റെ നാലാമത്തെ ബജറ്റാണിത്. കേരളം കൈവരിച്ച സാമൂഹ്യ നേട്ടങ്ങൾ സംരക്ഷിച്ചുകൊണ്ട് വളർച്ചയുടെ കുതിപ്പ് നേടാന്‍ എൽഡിഎഫ് സർക്കാർ നടത്തിയ പരിശ്രമങ്ങളുടെ ഫലം കാണുന്നതിന്റെ നേർചിത്രമാണ് ബജറ്റിൽ പ്രതിഫലിക്കുന്നതെന്ന് 2020–21ലെ ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു. രാജ്യം അഭിമുഖീകരിക്കുന്ന അസാധാരണമായ വെല്ലുവിളികളുടെ പശ്ചാത്തലത്തിലാണ് ബജറ്റ് അവതണം.

ജനാധിപത്യവും സ്വേച്ഛാധിപത്യവും ഇന്ത്യയിൽ മുഖാമുഖം നിൽക്കുകയാണ്. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ഭാഷ മാത്രം സംസാരിക്കുന്ന കേന്ദ്ര ഭരണാധികാരികൾ. അക്രമവും ഹിംസയുമാണ് കർമ്മം എന്നു വിശ്വസിക്കുന്ന അണികൾ. വർഗ്ഗീയവൽക്കരണത്തിന് പൂർണ്ണമായി കീഴ്പ്പെട്ട ഭരണസംവിധാനമാണ് ഇന്നത്തെ ഇന്ത്യയെന്നും ധനമന്ത്രി ആമുഖമായി പറഞ്ഞു. കേരളത്തിന്റെ വികസനമാതൃകയുടെ പുതിയ പതിപ്പ് മതനിരപേക്ഷ, നവോത്ഥാന മൂല്യങ്ങളെ മുറുകെപ്പിടിച്ച് മുന്നോട്ട് കൊണ്ടുപോകുമെന്നും ധനമന്ത്രി പറഞ്ഞു.കേരളത്തിന് അർഹതപ്പെട്ട വായ്പകൾ വെട്ടിക്കുറച്ചും സംസ്ഥാന സർക്കാരിന്റെ ധനമാനേജ്മെന്റ് പ്രശ്നങ്ങളെ പരിഗണിക്കാതെയുള്ള സമീപനമാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചുവരുന്നത്. ജിഎസ്‌ടിയിൽ പ്രതീക്ഷിച്ച നേട്ടം യാഥാർത്ഥ്യമായില്ലെന്നു മാത്രമല്ല, കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപ് ജിഎസ്‌ടി നിരക്കുകൾ കുത്തനെ വെട്ടിക്കുറച്ചതും കേരളത്തിന് തിരിച്ചടിയായി. രാജ്യത്ത് നിലനിൽക്കുന്ന സാമ്പത്തിക മാന്ദ്യവും നികുതി പിരിവിനെ പ്രതികൂലമായി ബാധിച്ചു. അതുകൊണ്ടുതന്നെ ഈ വർഷത്തെ പ്രതീക്ഷിത വരുമാനത്തിൽ 10,113 കോടി രൂപയുടെ കുറവുണ്ടാകുമെന്ന് കരുതുന്നത്.

എന്നാൽ, ഈ ധന പ്രതിസന്ധി സംസ്ഥാനത്ത് ഒരു വികസന സ്തംഭനവും ഉണ്ടാക്കാൻ അനുവദിച്ചിട്ടില്ലെന്നും ധനമന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ മൂലധന ചെലവിൽ 58 ശതമാനത്തിന്റെ വർദ്ധനവാണ് വകയിരുത്തിയിട്ടുള്ളത്. വികസന ചെലവുകൾ വെട്ടിക്കുറയ്ക്കാതെ സംസ്ഥാനത്തിന്റെ സാമ്പത്തിക മേഖല ശക്തിപ്പെടുത്തുന്നതിനായി 1,103 കോടി രൂപയുടെ അധിക വിഭവസമാഹരണം ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. മുൻവർഷങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്തിന്റെ തനത് വരുമാനം ഉയർത്തുതിനുള്ള നിർദ്ദേശങ്ങളും ബജറ്റിലുണ്ട്. ഇതിന്റെ ഫലമായി റവന്യൂ കമ്മി 2019–20ലെ പുതിയ കണക്കായ 2.01 ശതമാനത്തിൽ നിന്നും 1.55 ശതമാനമായി കുറയും. ധനക്കമ്മി മൂന്ന് ശതമാനത്തിൽതന്നെ നിലനിർത്തും. 2020–21ലെ ബജറ്റ് എസ്റ്റിമേറ്റ് പ്രകാരം റവന്യൂവരവ് 1,14,635.90 കോടിയും റവന്യൂ ചെലവ് 1,29,837.37 കോടി രൂപയുമാണ്. റവന്യൂ കമ്മി (-) 15,201.47 കോടിയും. മൂലധന ചെലവ് — തനി (-)12,863.21 കോടിയും വായ്പകളും മുൻകൂറുകളും — തനി (-)1,230.70 കോടിയുമാണ്. പൊതുകടം 24,491.91 കോടിയും പൊതുകണക്ക് തനി — 4,750 കോടിയുമാണ്. ആകെ കമ്മി (-) 53.47 കോടിയും വർഷാരംഭ രൊക്കബാക്കി (-) 317.80 കോടിയും വർഷാന്ത്യ രൊക്ക ബാക്കി (-)371.27 കോടിയുമാണ്.

Eng­lish Sum­ma­ry: Ker­ala bud­get- give impor­tant  for devel­op­ments and welfare
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.